ഉദ്ഗച്ഛതസ്തവ കരാദമൃതം ഹരത്സു
ദൈത്യേഷു താനശരണാനനുനീയ ദേവാന്‍ |
സദ്യസ്തിരോദധിഥ ദേവ ഭവത്പ്രഭാവാ-
ദുദ്യത്സ്വയൂഥ്യകലഹാ ദിതിജാ ബഭൂവു: || 1 ||
ജലത്തിന്നുള്ളില്‍നിന്ന് പൊങ്ങിവരുന്നവനായ നിന്തിരുവടിയുടെ കൈയില്‍നിന്ന് ദാനവന്മാര്‍ അമൃതം തട്ടിയെടുക്കവേ മറ്റൊരു ശരണമില്ലാത്ത ദേവന്മാരെ സമാശ്വസിപ്പിച്ചിട്ട് പൊടുന്നവെ നിന്തിരുവടി അവിടെനിന്നു മറഞ്ഞു. ഹേ ഭഗവന്‍! നിന്തിരുവടിയുടെ മായശക്തികൊണ്ട് ദൈത്യന്മാര്‍ തങ്ങളുടെ കൂട്ടത്തില്‍തന്നെ അന്യോന്യം കലഹിച്ചുകൊണ്ടിരുന്നു.
ശ്യാമാം രുചാപി വയസാപി തനും തദാനീം
പ്രാപ്തോസി തുംഗകുചമണ്ഡലഭംഗുരാം ത്വം |
പീയൂഷകുംഭകലഹം പരിമുച്യ സര്‍വ്വേ
തൃഷ്ണാകുലാ: പ്രതിയയുസ്ത്വദുരോജകുംഭേ || 2 ||
ആ തക്കത്തില്‍ നിന്തിരുവടി ശരീരകാന്തികൊണ്ടും വയസ്സുകൊണ്ടും ശ്യാമവും (1. ശ്യമളനിറവും 2. യൗവനയുക്തവും ) വൃത്തമൊത്തുരുണ്ടുയര്‍ന്ന സ്തനഭാരത്താല്‍ അല്പം നമ്രവുമായ മോഹനശരീരത്തെ കൈകൊണ്ടു; അസുരന്മാരെല്ലാവരും അമൃതകുംഭംകൊണ്ടുണ്ടായ ശണ്ഠയെ ഉപേക്ഷിച്ച് അങ്ങയുടെ കുചകുംഭത്തില്‍ ഏറ്റവും ആസക്തിയോടുകൂടിയവരായി അങ്ങയുടെ സമീപത്തിലേക്കു ഓടിയെത്തി.
കാ ത്വം മൃഗാക്ഷി വിഭജസ്വ സുധാമിമാമി-
ത്യാരൂഢരാഗവിവശാനഭിയാചതോമൂന്‍ |
വിശ്വസ്യതേ മയി കഥം കുലടാസ്മി ദൈത്യാ
ഇത്യാലപന്നപി സുവിശ്വസിതാനതാനീ: || 3 ||
“കേഴമാന്‍കണ്ണാളേ! നീ ആരാണ്! ഈ അമൃതം ഞങ്ങള്‍ക്കു പങ്കിട്ടുതരിക’ എന്നിങ്ങനെ വര്‍ദ്ധിച്ച രാഗംകൊണ്ടു പരവശരായി യാചിക്കുന്ന ഈ അസുരന്മാരോട് നിന്തിരുവടി “ഹേ ദാനവന്മാരെ ! ഞാന്‍ ഒരു വേശ്യയാണ്; എന്നില്‍ നിങ്ങളെങ്ങിനെ വിശ്വസിക്കും?” എന്നിങ്ങനെ പറഞ്ഞുകൊണ്ടുതന്നെ അവരെ ഏറ്റവും വിശ്വാസമുള്ള വരാക്കിത്തീര്‍ത്തു.
മോദാത് സുധാകലശമേഷു ദദത്സു സാ ത്വം
ദുശ്ചേഷ്ടിതം മമ സഹധ്വമിതി ബ്രുവാണാ |
പംക്തിപ്രഭേദവിനിവേശിതദേവദൈത്യാ
ലീലാവിലാസഗതിഭി: സമദാ: സുധാം താം || 4 ||
ഇവര്‍ സന്തോഷംകൊണ്ട് അമൃതകലശത്തെ അങ്ങയെ ഏല്പിച്ചപ്പോള്‍ മോഹിനിവേഷം ധരിച്ചിരുന്ന നിന്തിരുവടി “എന്റെ തെറ്റിനെ നിങ്ങള്‍ സഹിക്കണം” എന്നിങ്ങിനെ പറഞ്ഞുകൊണ്ട് വെവ്വേറെ വരികളില്‍ ദേവന്മാരേയും അസുരന്മാരേയും വേര്‍ത്തിരിച്ചിരുത്തി ലീലാവിലാസങ്ങള്‍കൊണ്ട് മനോഹരമായി നടന്നുകൊണ്ട് ആ അമൃതത്തെ വിളമ്പിക്കൊടുത്തു.
അസ്മാസ്വിയം പ്രണയിനീത്യസുരേഷു തേഷു
ജോഷം സ്ഥിതേഷ്വഥ സമാപ്യ സുധാം സുരേഷു |
ത്വം ഭക്തലോകവശഗോ നിജരൂപമേത്യ
സ്വര്‍ഭനുമര്‍ദ്ധപരിപീതസുധം വ്യലാവീ: || 5 ||
അനന്തരം ആ അസുരന്മാര്‍ ഇവള്‍ നമ്മില്‍ പ്രണയമുള്ളവളാണ് എന്നുറച്ചു ഒന്നും മിണ്ടാതിരിക്കവേ ഭക്തന്മാര്‍ക്കധീനനായ നിന്തിരുവടി അമൃതത്തെ ദേവന്മാരില്‍ അവസാനിപ്പിച്ചിട്ട് സ്വന്തം രൂപത്തെ പ്രാപിച്ച് പകുതി കുടിക്കപ്പെട്ട അമൃതത്തോടുകൂടിയ രാഹുവിനെ തലയറുത്തിട്ടു.
ത്വത്ത: സുധാഹരണയോഗ്യഫലം പരേഷു
ദത്വാ ഗതേ ത്വയി സുരൈ: ഖലു തേ വ്യഗൃഹ്ണന്‍ |
ഘോരേഥ മൂര്ഛതി രണേ ബലിദൈത്യമായാ-
വ്യാമോഹിതേ സുരഗണേ ത്വമിഹാവിരാസീ: || 6 ||
നിന്തിരുവടിയില്‍നിന്ന് അമൃതം തട്ടിപ്പറിച്ചുതിന്നു തക്കതായ ഫലത്തെ എതിര്‍പക്ഷക്കാരായ അസുരന്മാര്‍ക്ക് നല്കിയിട്ട് നിന്തിരുവടി മറഞ്ഞപ്പോള്‍ ആ അസുരന്മാര്‍ ദേവന്മാരോടുകൂടിതന്നെ പോര്‍ചെയ്തു. അനന്തരം ആ കടുത്ത യുദ്ധം ഏറ്റവും വളര്‍ന്നപ്പോള്‍ ദേവന്മാരെല്ലാവരും ബലിയെന്ന അസുരന്റെ മായയാല്‍ മോഹിതരായിത്തീര്‍ന്ന സമയം നിന്തിരുവടി ഇവര്‍ക്കിടയില്‍ പ്രത്യക്ഷനായി.
ത്വം കാലനേമിമഥ മാലിമുഖാന്‍ ജഘന്ഥ
ശക്രോ ജഘാന ബലിജംഭവലാന്‍ സപാകാന്‍ |
ശുഷ്കാര്‍ദ്രദുഷ്കരവധേ നമുചൗ ച ലൂനേ
ഫേനേന നാരദഗിരാ ന്യരുണോ രണം ത്വം || 7 ||
അനന്തരം നിന്തിരുവടി കാലനേമിയെന്ന അസുരനേയും മാലി മുതലായവരേയും വധിച്ചു; ഇന്ദ്രന്‍ പാകാസുരനോടുകൂടിയ ബലി, ജംഭന്‍, വലന്‍ എന്നിവരെ കൊന്നു; ഉണങ്ങിയതോ നനഞ്ഞതോ ആയ യാതൊന്നുകൊണ്ടു കൊല്ലുവാന്‍ കഴിയാത്തവനായ നമുചിയെന്നവനും നുരകൊണ്ട് വധിക്കപ്പെട്ടപ്പോള്‍ നാരദമഹര്‍ഷിയുടെ വാക്യമനുസരിച്ച് നിന്തിരുവടി യുദ്ധത്തെ നിര്‍ത്തി.
യോഷാവപുര്‍ദനുജമോഹനമാഹിതം തേ
ശ്രുത്വാ വിലോകനകുതൂഹലവാന്‍ മഹേശ: |
ഭൂതൈസ്സമം ഗിരിജയാ ച ഗത: പദം തേ
സ്തുത്വാബ്രവീദഭിമതം ത്വമഥോ തിരോധാ: || 8 ||
അസുരന്മാരെ മോഹിപ്പിക്കുവാന്‍വേണ്ടി സ്വീകരിക്കപ്പെട്ടതായ അങ്ങയുടെ സ്ത്രീരൂപത്തെപ്പറ്റി കേട്ടിട്ട് ശ്രീ പരമേശ്വരന്‍ അതു കാണ്മാനുള്ള കൗതുകത്തോടുകൂടി ഭൂതഗണങ്ങളോടും ശ്രീപാര്‍വ്വതിയോടും ഒരുമിച്ച് അങ്ങയുടെ ആവാസസ്ഥാനമായ വൈകുണ്ഠത്തില്‍ചെന്ന് അങ്ങയെ സ്തുതിച്ചുകൊണ്ട് തന്റെ അഭിലാഷത്തെ അറിയിച്ചു; അനന്തരം നിന്തിരുവടി അവിടെ നിന്നു മറഞ്ഞു.
ആരാമസീമനി ച കന്ദുകഘാതലീലാ-
ലോലായമാനനയനാം കമനീം മനോജ്ഞാം |
ത്വാമേഷ വീക്ഷ്യ വിഗലദ്വസനാം മനോഭൂ-
വേഗാദനംഗരിപുരംഗ സമാലിലിംഗ || 9 ||
ഉടനെത്തന്നെ ഉദ്യാനഭൂമിയില്‍ പന്തടിച്ചു കളിക്കവേ ഇളകിക്കൊണ്ടിരിക്കുന്ന കണ്ണുകളോടുകൂടിയവളും അതിമനോഹരിയായ പെണ്‍കൊടിയുമായ നിന്തിരുവടിയെ അഴിഞ്ഞ വസ്ത്രത്തോടുകൂടിയവളായി കണ്ടിട്ട് കാമവൈരിയായ ഈ ശങ്കരന്‍ കാമപരവശ്യംകൊണ്ട് അങ്ങയെ ബലാല്‍ക്കരാമായി പിടിച്ചു മുറുകെ പുണര്‍ന്നു.
ഭൂയോപി വിദ്രുതവതീമുപധാവ്യ ദേവോ
വീര്യപ്രമോക്ഷവികസത്പരമാര്‍ത്ഥബോധ: |
ത്വന്മാനിതസ്തവ മഹത്ത്വമുവാച ദേവ്യൈ
തത്താദൃശസ്ത്വമവ വാതനികേതനാഥ || 10 ||
മഹാദേവന്‍ വീണ്ടും പിടിയില്‍നിന്നു വിടുര്‍ത്തി ഓടിക്കളഞ്ഞ്വളായ അവളെ പിന്തുടര്‍ന്ന ഓടിയിട്ട് വീര്യനിസ്സരണത്തിന്നുശേഷം പ്രകാശിച്ച പരമാര്‍ത്ഥ ജ്ഞാനത്തോടുകൂടിയവനും നിന്തിരുവടിയാല്‍ ആദരിക്കപ്പെട്ടവനുമായിട്ട് അങ്ങയുടെ മാഹാത്മ്യത്തേ ശ്രീപാര്‍വതിക്ക് ഉപദേശിച്ചു. അല്ലേ ഗുരുവായൂരപ്പ ! അപ്രകാരമിരിക്കുന്ന നിന്തിരുവടി എന്നെ രക്ഷിച്ചരുളേണമേ.
വിഷ്ണുമായാപ്രാദുര്‍ഭാവവര്‍ണ്ണനവും ദേവാസുരയുദ്ധവര്‍ണ്ണനവും, മഹേശ്വരധൈര്യച്യുതിവര്‍ണ്ണനവും എന്ന ഇരുപത്തൊമ്പതാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 304.
വൃത്തം: വസന്തതിലകം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.