യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 636 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

തദേവം സ്വപ്ന ഏവായം ജാഗ്രദ്ഭാവമുപാഗത:
സര്‍വേ വയമിഹ സ്വപ്നപുരുഷാസ്തവ സുവ്രത (6.2/151/9)

മുനി തുടര്‍ന്നു: അങ്ങനെ ഉറങ്ങിക്കിടന്നിരുന്ന രണ്ടു ദേഹങ്ങളും അഗ്നിയില്‍ എരിഞ്ഞു പോയെങ്കിലും അവ ബോധം മാത്രമായി തുടര്‍ന്നും സ്പന്ദിച്ചുകൊണ്ടിരുന്നു. ഓജസ്സും ദേഹത്തോടൊപ്പം നശിച്ചുപോയിരുന്നു. ദേഹം ഓജസ്സിന്റേതായതിനാല്‍ പുറത്തുപോവാനുള്ള വഴി അങ്ങേയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആ രണ്ടു ദേഹങ്ങളും കണ്ടുപിടിക്കാതെ അങ്ങ് ഈ ലോകത്ത് നിലകൊള്ളുന്നു.

“അങ്ങനെ നമ്മുടെ സ്വപ്നം ജാഗ്രദായി സാക്ഷാത്ക്കരിക്കപ്പെട്ടു. നാമെല്ലാം ഇവിടെ നിലകൊള്ളൂന്നത് അങ്ങയുടെ സ്വപ്നവസ്തുക്കളായി മാത്രമാണ്.” അതുപോലെ അങ്ങ് ഞങ്ങളുടെ സ്വപ്നവസ്തുക്കളാണ്.

ഇതെല്ലാം സംഭവിക്കുന്നത് ശുദ്ധബോധമെന്ന ചിദാകാശത്തിലാണ്. അതാണ്‌ എല്ലായിടത്തും എല്ലായ്പ്പോഴും നിലനില്‍ക്കുന്നത്. നീ പണ്ടും ഒരു സ്വപ്നവസ്തുവായിരുന്നു. എന്നാല്‍ നീയീജാഗ്രദ് ലോകത്തെ സങ്കല്‍പ്പിക്കുക മൂലം ബന്ധുമിത്രാദികളെല്ലാമുള്ള ഒരു ഗൃഹസ്ഥനായിത്തീര്‍ന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നിപ്പോള്‍ മനസ്സിലായല്ലോ?

മുനി പറഞ്ഞു: ഇതാണ് സ്വപനത്തിന്റെ സ്വഭാവമെങ്കില്‍ അതിനെ ഞാന്‍ സത്യമായി കണക്കാക്കുന്നു.

മറ്റേ മുനി പറഞ്ഞു: സത്യവസ്തുവിനു ജീവനാവാം എങ്കില്‍ മറ്റു പലതിനും സത്യമാവാന്‍ കഴിയുമല്ലോ? ആദ്യവസ്തുവിന്റെ സത്യാവസ്ഥയെപ്പറ്റിത്തന്നെ ഉറപ്പില്ലാത്തപ്പോള്‍ അതെത്തുടര്‍ന്നു വരുന്നതിന്റെ സത്യാവസ്ഥ എങ്ങനെ നിശ്ചയിക്കാനാകും? വാസ്തവത്തില്‍ ആദ്യസൃഷ്ടിതന്നെ സ്വപ്നം പോലെയാണല്ലോ? എന്നാല്‍ ഇതെല്ലാം മായക്കാഴ്ചകളാണ് എന്നറിയുക.

അല്ലയോ വ്യാധന്റെ ഗുരുവായ മഹാത്മന്‍, ഭൂമി മുതലായ യാതൊന്നും ഇല്ലെങ്കില്‍പ്പോലും മായക്കാഴ്ചയില്‍ ഭൂമി, മുതലായ എല്ലാമുണ്ടെന്നു തോന്നുകയാണ്. വാസ്തവത്തില്‍ നാം രണ്ടും മിഥ്യയാണ്. ഇപ്പോഴത്തെ സ്വപ്നത്തില്‍ നേരത്തേ കണ്ടിട്ടുള്ള വസ്തുക്കളാണുള്ളത്. മുന്‍പേ കണ്ടിട്ടുള്ളതുപോലുള്ള ആകാശത്തിലാണ് സ്വപ്നത്തിലെന്നപോലത്തെ സൃഷ്ടി സംഭവിക്കുന്നത്. എന്തുകൊണ്ടാണ് ‘സ്വപ്നം സത്യമാണെന്ന് തോന്നുന്നു’ എന്ന് അങ്ങ് സംശയത്തോടെ, മടിച്ചുമടിച്ച് പറയുന്നത്? ഈ ലോകത്തെ സത്യമെന്ന മട്ടില്‍ അനുഭവിക്കുമ്പോള്‍ എങ്ങനെയാണ് അതിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള സംശയം ഉള്ളിലുദിക്കുന്നത്?

മഹര്‍ഷി വ്യാധനോടു പറഞ്ഞു: പെട്ടെന്ന് ഞാന്‍ മഹര്‍ഷി പറഞ്ഞതിനിടയ്ക്ക് കയറി ചോദിച്ചു: അങ്ങെന്തിനാണ് എന്നെ ‘വ്യാധന്റെ ഗുരു’ എന്ന് സംബോധന ചെയ്തത്? അതെങ്ങനെ ശരിയാകും ?

മുനി പറഞ്ഞു: ഞാന്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് പറഞ്ഞു തരാം. ഞാന്‍ ഏറെനാളായി തപസ്സനുഷ്ടിക്കുന്നു. അങ്ങാണെങ്കില്‍ ധര്‍മ്മിഷ്ഠനുമാണ്. അതിനാല്‍ സത്യമറിയുമ്പോള്‍ അങ്ങേയ്ക്ക് സന്തോഷമാവും. നാം രണ്ടുപേരും ഇവിടെ തുടര്‍ന്നും ഉണ്ടാവും. ഞാന്‍ അങ്ങയെ പിരിയുകയില്ല. ഏറെക്കാലം കഴിയുമ്പോള്‍ വലിയൊരു ക്ഷാമം ഉണ്ടാവും അതില്‍ അങ്ങയുടെ ബന്ധുമിത്രാദികള്‍ എല്ലാവരും നശിക്കും. ദുഷ്ടരാജാക്കന്മാര്‍ പരസ്പരം പോരടിച്ചു സ്വയം നശിക്കുക മാത്രമല്ല മറ്റുള്ളവരെക്കൂടി അവര്‍ നാശത്തിലേയ്ക്ക് നയിക്കും. എന്നും നമുക്ക് ആകുലതകള്‍ ഒന്നും അനുഭവിക്കേണ്ടി വരികയില്ല. കാരണം നാം സത്യജ്ഞാനികളാണല്ലോ. നമുക്ക് ഒന്നിനോടും ആസക്തിയുമില്ല. എല്ലാറ്റില്‍ നിന്നും നാം പൂര്‍ണ്ണ സ്വതന്ത്രരാണ്.

കാലക്രമത്തില്‍ നല്ലൊരു കാടിവിടെ തഴച്ചു വളരും. അത് സ്വര്‍ഗ്ഗത്തിലെ നന്ദനോദ്യാനങ്ങളെപ്പോലെ കമനീയമായിരിക്കും.