യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 639 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
അവശ്യം ഭവിതവ്യോഽര്‍ത്ഥോ ന കദാചന കേനചിത്
വിദ്യാതുമന്യഥാ ശക്യസ്തന്ന ക്ഷരതി യത്നത: (6.2/155/53)
മുനി തുടര്‍ന്നു: ഭഗവാന്‍ അപ്രത്യക്ഷനായിക്കഴിഞ്ഞും നിന്റെ തപശ്ചര്യകള്‍ തുടരും. നിന്റെ ദേഹം അപ്പോഴെയ്ക്ക് വെരുമൊരസ്ഥിപഞ്ജരം മാത്രമായിത്തീര്‍ന്നിരിക്കും. എന്നാല്‍ ഭഗവാന്റെ വരപ്രസാദത്തിനാല്‍ ആ ദേഹത്തൊരപൂര്‍വ്വ കാന്തി വിളയാടുന്നതാണ്. നീയെന്നെ നമസ്കരിക്കുന്നതോടെ നിന്റെ ശരീരം ദിവ്യതയെ പ്രാപിക്കും.
അപ്പോള്‍ അത് ഗരുഡനേക്കാള്‍ വേഗതയില്‍ പറക്കാന്‍ തുടങ്ങും. അത് ക്രമാനുഗതമായി വികസ്വരമായി ആകാശവസ്തുക്കളെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയിലാവും. ഇങ്ങനെ വികാസംപ്രാപിക്കുന്ന ദേഹത്തില്‍, സമുദ്രത്തിലെ തിരകളെന്നപോലെ എണ്ണമറ്റ വിശ്വങ്ങളെ നിനക്ക് കാണാകും. ആദിയിലെപ്പോലെ ഈ വിശ്വങ്ങള്‍ അനന്തബോധത്തില്‍ ഉണ്ടായതാണ്. എങ്കിലും ആ സമയത്ത് അവ നിന്റെ ദൃഷ്ടിപഥത്തിന്റെ പരിധിയില്‍ നിനക്ക് കാണാനാകും.
അവ അജ്ഞാനിയ്ക്ക് എത്രമാത്രം അസത്തും വൈവിദ്ധ്യവുമാണോ അപ്രകാരം ജ്ഞാനിക്കവ സത്തും അവിഭാജ്യവുമാണെന്ന് നിനക്ക് അറിയാനാകും. അങ്ങനെ ഉയര്‍ന്നും താഴ്ന്നും, വിക്ഷേപമായും ആവരണമാര്‍ന്നും എണ്ണമറ്റ ലോകങ്ങള്‍ ഉണ്ടായിമറയുന്നത് കണ്ടു കണ്ടു നീ ഏറെക്കാലം ചിലവഴിക്കും. അപ്പോള്‍ നിന്നില്‍ അനന്തമായ ധിഷണയുടെ പ്രാഭാവഗരിമയെപ്പറ്റി അതിയായ മതിപ്പുണ്ടാകും.
താമസിയാതെ നിന്നില്‍ ദേഹബോധമുണ്ടായി നീയിങ്ങനെ ആലോചിക്കാന്‍ തുടങ്ങും. ‘എന്താണീ ദേഹമിങ്ങനെ സ്ഥൂലവും ഭാരിച്ചതുമായി നിലകൊള്ളുന്നത്?’ അതിന്റെ വ്യാപ്തം അളവറ്റതാണിപ്പോള്‍. കാരണം അത് ആകാശം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇനി ഞാനെന്താണ് ചെയ്യേണ്ടതെന്ന് എനിക്കൊരു നിശ്ചയവുമില്ല.
എനിക്ക് തോന്നുന്നത് അജ്ഞാനത്തിനും ഈ ലോകമെന്ന വിക്ഷേപത്തിനും അളവില്ല എന്നാണ്. ബ്രഹ്മജ്ഞാനമില്ലാതെ അതിനെ അറിയാന്‍ ആവില്ല. ഞാനീ ദേഹത്തെ ഉപേക്ഷിക്കട്ടെ. ഇതുകൊണ്ടിനി എന്താണ് പ്രയോജനം?
എന്റെയീ ദേഹം വളരെ സ്ഥൂലവും ആധാരരഹിതവുമാണ്. ഇതിന്റെ സഹായത്തോടെ എനിയ്ക്ക് മഹാപുരുഷന്മാരുമായുള്ള സത്സംഗം പോലും കിട്ടുകയില്ലല്ലോ.’ ഇങ്ങനെ പറഞ്ഞ് നീ നിന്റെ ദേഹത്തെ ത്യജിക്കും. നിന്റെ ജീവന്‍ പ്രാണശക്തി മാത്രം കൈമുതലായിട്ട് വായുവിനേക്കാള്‍ അതിസൂക്ഷ്മദേഹമായിത്തീരും.
ജീവനാല്‍ ഉപേക്ഷിക്കപ്പെട്ട ദേഹം ഒന്നു ചുരുങ്ങിയെങ്കിലും അത് ഭൂമിയെ തകര്‍ത്തലച്ചു വീഴും. എന്നാല്‍ കാളീദേവി ആ ദേഹത്തെ ആഹരിച്ച് ഭൂമിയെ പവിത്രമാക്കി നിലനിര്‍ത്തും. ഇതാണ് നിന്നെ കാത്തിരിക്കുന്ന ഭാവി.
വ്യാധന്‍ ചോദിച്ചു: ഭഗവന്‍, ഞാന്‍ അനുഭവിക്കെണ്ടുന്ന ആധികള്‍ എത്ര കഷ്ടതരം! അതുകൊണ്ട് പ്രയോജനമൊന്നും ഇല്ല താനും. എന്നാലീ വിധിയെ മാറ്റിമറിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടോ?
മുനി പറഞ്ഞു: “അനിവാര്യതയെ ചെറുക്കാന്‍ ആര്‍ക്കും ഒരുകാലത്തും സാധിക്കുകയില്ല. അത് മാറ്റാന്‍ എത്ര പരിശ്രമങ്ങള്‍ക്കും ആവില്ല.” വലത്തേ കയ്യ് വലത്തേതും ഇടത്തെ കയ്യ് ഇടത്തേതും തന്നെയാണ്. അതിനെയാര്‍ക്കും മാറ്റാന്‍ സാധിക്കില്ല. ഒരുവന്റെ കാലും തലയും തമ്മില്‍ മാറ്റി വയ്ക്കാനും കഴിയില്ല. എന്തൊക്കെയാണോ, അതങ്ങനെതന്നെ നിലകൊള്ളുന്നു.
ജ്യോതിഷത്തിനു ഭാവിയെ പ്രവചിക്കുവാനേ കഴിയൂ. അതിന് ഭാവിയെ മാറ്റിമറിക്കാന്‍, അനിവാര്യമായതിനെ തടയാന്‍ ആവില്ല. എന്നാല്‍ ആത്മജ്നാനനിഷ്ഠരായ യോഗികള്‍ ഈ ലോകത്ത് ദീര്‍ഘനിദ്രയിലെന്നപോലെയാണ് കഴിയുന്നത്. അവര്‍ പൂര്‍വ്വ കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്നു. അവരുടെ അന്തര്‍ബോധത്തെ കലുഷമാക്കാന്‍ അനുഭവങ്ങളെ അവര്‍ അനുവദിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ദേഹം അഗ്നിയില്‍ എരിഞ്ഞാലും ഇതില്‍ മാറ്റമില്ല. അവര്‍ കര്‍മ്മത്തെ വെന്നവരത്രേ.