ഗീര്‍വ്വാണൈരത്ഥ്യമാനോ ദശമുഖനിധനം കോസലേഷ്വൃശ്യശൃംഗേ
പുത്രീയാമിഷ്ടിമിഷ്ട്വാ ദദുഷി ദശരഥക്ഷ്മാഭൃതേ പായസാഗ്ര്യം |
തദ്ഭുക്ത്യാ തത്പുരന്ധ്രീഷ്വപി തിസൃഷു സമം ജാതഗര്‍ഭാസു ജാതോ
രാമസ്ത്വം ലക്ഷ്മണേന സ്വയമഥ ഭരതേനാപി ശത്രുഘ്നനാമ്നാ ||1||
അനന്തരം നിന്തിരുവടി ദേവന്മാരാല്‍ രാവണന്റെ വധത്തെ പ്രാര്‍ത്ഥിക്കപ്പെട്ടവനായി കോസലം എന്നു പറയപ്പെടുന്ന അയോദ്ധ്യയില്‍ ഋശ്യശൃംഗമഹഷി പുത്രകാമേഷ്ടിയെന്ന യാഗത്തെചെയ്തു ദശരഥചക്രവര്‍ത്തിയ്ക്കാക്കൊണ്ട് ഉത്തമമായ പായസത്തെ നല്‍കിയസമയം അതിനെ ഭക്ഷിച്ചതിനാല്‍ ഒരേ കാലത്തില്‍ ഗര്‍ഭം ധരിച്ച ആ മുന്നു രാജപത്നിമാരിലും സ്വയം ശ്രീരാമാനായി ഭരതനോടും ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരോടുകൂടി അവതരിച്ചു.
കോദണ്ഡീ കൗശികസ്യ ക്രതുവരമവിതും ലക്ഷ്മണേനാനുയാതോ
യാതോഭൂസ്താതവാചാ മുനികഥിതമനുദ്വന്ദ്വശാന്താധ്വഖേദ: |
നൃണാം ത്രാണായ ബാണൈര്‍മുനിവചനബലാത്താടകാം പാടയിത്വാ
ലബ്ധ്വാസ്മാദസ്ത്രജാലം മുനിവനമഗമോ ദേവ സിദ്ധാശ്രമാഖ്യം || 2 ||
ഹേ ഭഗവന്‍! അച്ഛന്റെ നിയോഗമനുസരിച്ച് വിശ്വാമിത്രന്റെ ശ്രേഷ്ഠമായ യാഗത്തെ രക്ഷിക്കുന്നതിന്നുവേണ്ടി കോദഡപാണിയായി ലക്ഷ്മണനാല്‍ അനുഗമിക്കപ്പെട്ടവനായി നിന്തിരുവടി യാത്രയായി; മഹര്‍ഷിയാല്‍ ഉപദേശിക്കപ്പെട്ട (ബല, അതിബല) എന്ന രണ്ടു മന്ത്രങ്ങളാല്‍ മാര്‍ഗ്ഗഖേദമകറ്റപ്പെട്ടവനായി ജനങ്ങളുടെ രക്ഷയ്ക്കായി വിശ്വാമിത്രന്റെ വാക്കനുസരിച്ച് താടക എന്ന രാക്ഷസിയെ ബാണങ്ങള്‍കൊണ്ടു വധിച്ചു ഈ മഹര്‍ഷിയില്‍നിന്നു തന്നെ ദിവ്യാസ്ത്രങ്ങളെല്ലാം കരസ്ഥമാക്കിയ സിദ്ധാശ്രമം എന്ന തപോവനത്തില്‍ പ്രവേശിച്ചു.
മാരീചം ദ്രാവയിത്വാ മഖശിരസി ശരൈരന്യരക്ഷാംസി നിഘ്നന്‍
കല്യാം കുര്‍വന്നഹല്യാം പഥി പദരജസാ പ്രാപ്യ വൈദേഹഗേഹം |
ഭിന്ദാനശ്ചാന്ദ്രചൂഡം ധനുരവനിസുതാമിന്ദിരാമേവ ലബ്ധ്വാ
രാജ്യം പ്രാതിഷ്ഠഥാസ്ത്വം ത്രിഭിരപി ച സമം ഭ്രാതൃവീരൈസ്സദാരൈ: ||3||
നിന്തിരുവടി യാഗാരംഭത്തില്‍ ബാണങ്ങളാല്‍ മാരീചനെ ഓടിച്ചിട്ട് മറ്റുള്ള രാക്ഷസന്മാരേയും നിഗ്രഹിച്ച് വഴിക്കുവെച്ച് പാദരേണുക്കളാല്‍ അഹല്യയെ പരിശുദ്ധയാക്കി ജനകരാജരാജധാനിയില്‍ ചെന്ന് ശിവന്റെ പള്ളിവില്ലിനെ മുറിച്ച് സാക്ഷാല്‍ ശ്രീദേവിയെ സീതാദേവിയെ ലഭിച്ച് ഭാര്യമാരോടുകൂടിയ ആ മൂന്നു വീരന്മാരായ് സഹോദരന്മാരോടുകൂടി സ്വരാജ്യത്തിലേക്ക് പുറപ്പെട്ടു.
ആരുന്ധാനേ രുഷാന്ധേ ഭൃഗുകുല തിലകേ സംക്രമയ്യ സ്വതേജോ
യാതേ യാതോസ്യയോധ്യാം സുഖമിഹ നിവസന്‍ കാന്തയാ കാന്തമൂര്‍ത്തേ |
ശത്രുഘ്നേനൈകദാഥോ ഗതവതി ഭരതേ മാതുലസ്യാധിവാസം
താതാരബ്ധോഭിഷേകസ്തവ കില വിഹത: കേകയാധീശപുത്ര്യാ || 4 ||
ഭൃഗുവംശാലങ്കാരമായ ശ്രീ പരശുരാമന്‍ കോപാന്ധനായി വഴിയില്‍വെച്ച് തടുത്ത് തന്റെ തേജസ്സിനെ അങ്ങയില്‍ സംക്രമിപ്പിച്ചിട്ട് തിരികെ പൊയപ്പോള്‍ നിന്തിരുവടി അയോദ്ധ്യയെ പ്രാപിച്ചു. സുന്ദരസ്വരുപിയായ ഭഗവന്‍! നിന്തിരുവടി ഇവിടെ സ്വപത്നിയോടുകൂടി സുഖമായി വസിച്ചുവരവേ ഒരിക്കല്‍ ഭരതന്‍ ശത്രുഘ്നനോടുകൂടി അമ്മാമന്റെ ഗൃഹത്തിലേക്കു പോയ സമയം അച്ഛനാല്‍ ആരംഭിയ്ക്കപ്പെട്ട നിന്തിരുവടിയുടെ അഭിഷേകം കൈകേയിയാല്‍ മുടക്കപ്പെട്ടുവല്ലോ.
താതോക്ത്യാ യാതുകാമോ വനമനുജവധൂസംയുതശ്ചാപധാര:
പൗരാനാരുധ്യ മാര്‍ഗേ ഗുഹനിലയഗതസ്ത്വം ജടാചീരധാരീ |
നാവാ സന്തീര്യ ഗംഗാമധിപദവി പുനസ്തം ഭരദ്വാജമാരാ-
ന്നത്വാ തദ്വാക്യഹേതോരതിസുഖമവസശ്ചിത്രകൂടേ ഗിരീന്ദ്രേ || 5 ||
അച്ഛന്റെ ആജ്ഞയനുസരിച്ച് ധനുഷ്പാണിയായി അനുജനോടും പത്നിയോടുമൊരുമിച്ച് വനത്തിലേക്കു പുറപ്പെട്ട നിന്തിരുവടി വഴിയില്‍വെച്ച് പൗരന്മാരെ മടക്കിയയച്ച് ഗുഹരാജധാനിയെ കടന്ന് അനന്തരം വഴിയരികില്‍ ആ ഭരദ്വാജമഹര്‍ഷിയെ നമസ്മരിച്ച് അദ്ദേഹത്തിന്റെ വാക്യമനുസരിച്ച് ചിത്രകൂടമെന്ന പര്‍വ്വതത്തില്‍ പരമസുഖത്തില്‍ പാര്‍ത്തുവന്നു.
ശ്രുത്വാ പുത്രാര്‍ത്തിഖിന്നം ഖലു ഭരതമുഖാത് സ്വര്‍ഗ്ഗയാതം സ്വതാതം
തപ്തോ ദത്വാംബു തസ്മൈ നിദധിഥ ഭരതേ പാദുകാം മേദിനീം ച
അത്രിം നത്വാഥ ഗത്വാ വനമതിവിപുലം ദണ്ഡകം ചണ്ഡകായം
ഹത്വാ ദൈത്യം വിരാധം സുഗതിമകലയശ്ചാരു ഭോ:ശ്ശാരഭംഗിം || 6 ||
നിന്തിരുവടി ഭരതനില്‍നിന്നും തന്റെ പിതാവിനെ പുത്രന്റെ വിരഹത്താലുണ്ടായ വേദനയാല്‍ സ്വര്‍ഗ്ഗം പ്രാപിച്ചവനായി കേട്ട് ദുഃഖിതനായി അദ്ദേഹത്തിന്നായി ഉദകം നല്കി ഭരതനില്‍ പാദുകയേയും രാജ്യത്തേയും ഏല്പിച്ചു; അനന്തരം അത്രിമഹര്‍ഷിയെ വണങ്ങി ഏറ്റവും വലിയതായ ദണ്ഡകാരണ്യത്തിലെത്തി ഭീമകായനായ വിരാധനെന്ന അസുരനെ വധിച്ചു ഹേ ഭഗവന്‍! ശരഭങ്ഗന്റെ സദ്ഗതിയെ സന്തോഷത്തോടുകൂടി ദര്‍ശിച്ചു.
നത്വാഗസ്ത്യം സമസ്താശരനികരസപത്രാകൃതിം താപസേഭ്യ:
പ്രത്യശ്രൗഷീ: പ്രിയൈഷീ തദനു ച മുനിനാ വൈഷ്ണവേ ദിവ്യചാപേ |
ബ്രഹ്മാസ്ത്രേ ചാപി ദത്തേ പഥി പിതൃസുഹൃദം വീക്ഷ്യ ഭൂയോ ജടായും
മോദാത് ഗോദാതടാന്തേ പരിരമസി പുരാ പഞ്ചവട്യാം വധൂട്യാ || 7 ||
അതില്പിന്നെ നിന്തിരുവടി താപസന്മാര്‍ക്ക് പ്രിയത്തെ ചെയ്യുന്ന തിലത്സുകനായി രാക്ഷസവംശത്തിന്റെ ഉന്മൂലനാശത്തെ പ്രതിജ്ഞചെയ്തു. അനന്തരം അഗസ്ത്യമഹര്‍ഷിയെ നമസ്കരിച്ച് ആ മുനിയാല്‍ വൈഷ്ണവമെന്ന ദിവ്യചാപവും ബ്രഹ്മാസ്ത്രവും മറ്റു ദിവ്യാസ്ത്രങ്ങളും നല്ക്കപ്പെട്ടശേഷം പിന്നീടു വഴിയില്‍ അച്ഛന്റെ സുഹൃത്തായ ജടായുവിനെ കണ്ട് സന്തോഷത്തോടെ ഗോദവരീതീരത്തിലുള്ള പഞ്ചവടിയില്‍ ഭാമിനിയോടുകൂടി പണ്ട് പരമസുഖത്തോടെ വിഹരിച്ചുവല്ലോ.
പ്രാപ്തായാ: ശൂര്‍പ്പണഖ്യാ മദനചലധൃതേരര്‍ത്ഥനൈര്‍ന്നിസ്സഹാത്മാ
താം സൗമിത്രൗ വിസൃജ്യ പ്രബലതമരുഷാ തേന നിര്‍ല്ലുനനാസാം |
ദൃഷ്ട്വൈനാം രുഷ്ടചിത്തം ഖരമഭിപതിതം ദൂഷണം ച ത്രിമൂര്‍ദ്ധം
വ്യാഹിംസീരാശരാനപ്യയുതസമധികാംസ്തത്ക്ഷണാദക്ഷതോഷ്മാ || 8 ||
ക്ഷയിക്കാത്ത പരാക്രമത്തോടുകൂടിയ നിന്തിരുവടി കാമംകൊണ്ടു മനസ്സിളകിയവളായി അവിടെ വന്നുചേര്‍ന്ന ശൂര്‍പ്പണഖയുടെ പ്രാര്‍ത്ഥനകളാല്‍ ക്ഷമ നശിച്ച് അവളെ ലക്ഷ്മണന്റെ സമീപത്തിലെയ്ക്കു പറഞ്ഞയച്ചിട്ട് വര്‍ദ്ധിച്ച കോപത്തോടുകൂടിയ ആ ലക്ഷ്മണനാല്‍ ഛേദിക്കപ്പെട്ട നാസികയോടുകൂടിയ അവളെ കണ്ട് കോപാക്രാന്തനായി അവിടെ വന്നെത്തിയ ഖരന്‍, ദൂഷണനന്‍, ത്രീശരസ്സ് എന്നിവരേയും പതിനായിരത്തിലധികം അസുരന്മാരേയും ഒരു നൊടിയ്ക്കിടയില്‍ കൊന്നൊടുക്കി.
സോദര്യാപ്രോക്തവാര്‍ത്താവിവശദശമുഖാദിഷ്ടമാരീചമായാ-
സാരംഗം സാരസാക്ഷ്യാ സ്പൃഹിതമനുഗത: പ്രാവധീര്‍ബാണഘാതം |
തന്മായാക്രന്ദനിര്യാപിതഭവദനുജാം രാവണസ്താമഹാര്‍ഷീ-
ത്തേനാര്‍ത്തോപി ത്വമന്ത: കിമപി മുദമധാസ്തദ്വധോപായലാഭാത് || 9 ||
സഹോദരിയാല്‍ പറഞ്ഞറിയപ്പെട്ട വര്‍ത്തമാനങ്ങള്‍ കേട്ട് പരവശനായ രാവണനാല്‍ നിയോടിച്ചയക്കപ്പെട്ട മാരീചനാകുന്ന മായമൃഗം സീതാദേവിയാല്‍ ആഗ്രഹിക്കപ്പെട്ടതായി അതിനെ പിന്തുടര്‍ന്നു ബാണം പ്രയോഗിച്ച് വധിച്ചു; ആ മായവിയുടെ കപടമായ കരച്ചില്‍ കേട്ട് അങ്ങയുടെ സഹോദരനെ പറഞ്ഞയച്ച ആ സീതാദേവിയെ രാവണന്‍ കട്ടുകൊണ്ടുപോയി; അതിനാല്‍ നിന്തിരുവടി ദുഃഖാര്‍ത്തനായി എന്നാലും അവനെ കൊല്ലുന്നതിന്നു ഒരു കാരണം ലഭിച്ചതിനാല്‍ മനസ്സുകൊണ്ടു അതിനായി സന്തോഷിച്ചു.
ഭൂയസ്തന്വീം വിചിന്വന്നഹൃത ദശമുഖസ്ത്വദ്വധൂം മദ്വധേനേ-
ത്യുക്ത്വാ യാതേ ജടായൗ ദിവമഥ സുഹൃദ: പ്രാതനോ: പ്രേതകാര്യം |
ഗൃഹ്ണാനം തം കബന്ധം ജഘനിഥ ശബരീം പ്രേക്ഷ്യ പമ്പാതടേ ത്വം
സമ്പ്രാപ്തോ വാതസൂനും ഭൃശമുദിതമനാ: പാഹി വാതാലയേശ || 10 ||
പിന്നീടു നിന്തിരുവടി ആ പെണ്‍കൊടിയേയും തിരഞ്ഞു നടക്കുമ്പോള്‍ “രാവണന്‍ എന്നെ നിഗ്രഹിച്ച് അങ്ങയുടെ പത്നിയേയും കൊണ്ടുപോയി” എന്നിങ്ങനെ പറഞ്ഞുകൊണ്ട് ജടായു പരലോകം പ്രാപിച്ചപ്പോള്‍ സുഹൃത്തായ ആ പക്ഷിയുടെ സംസ്കാരകര്‍മ്മങ്ങള്‍ ചെയ്തു; അനന്തരം വഴിയില്‍ തടുത്തു പിടികൂടിയ ആ കബന്ധനെ നിഗ്രഹിച്ചു; പമ്പാനദീതീരത്തില്‍ ശബരിയെ ദര്‍ശിച്ച് ഹനൂമാനോടു സമ്മേളിച്ച് ഏറ്റവും സന്തുഷ്ടചിത്തനായിത്തീര്‍ന്ന ഹേ ഗുരുവായൂരപ്പ! നിന്തിരുവടി എന്നെ കാത്തരുളേണമേ.
ശ്രീരാമചരിതവര്‍ണ്ണനം എന്ന മുപ്പത്തിനാലാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 354.
വൃത്തം : സ്രഗ്ദ്ധരാ.
ലക്ഷണം. ഏഴേഴായ് മൂന്നുഖഢം മരഭനയയയം സ്രഗ്ദ്ധരാവൃത്തമാകും.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.