നീതസ്സുഗ്രീവമൈത്രീം തദനു ഹനുമതാ ദുന്ദുഭേ: കായമുച്ചൈ:
ക്ഷിപ്ത്വാംഗുഷ്ഠേന ഭൂയോ ലുലുവിഥ യുഗപത് പത്രിണാ സപ്ത സാലാന്‍ |
ഹത്വാ സുഗ്രീവഘാതോദ്യതമതുലബലം ബാലിനം വ്യാജവൃത്ത്യാ
വര്‍ഷാവേലാമനൈഷീര്‍വ്വിരഹതരലിതസ്ത്വം മതംഗാശ്രമാന്തേ || 1 ||
അതിന്നുശേഷം ഹനൂമാനാല്‍ സുഗ്രീവനോടുകൂടി സഖ്യം പ്രാപിപ്പിക്കപ്പെട്ട നിന്തിരുവടി ദുന്ദുഭിയെന്ന അസുരന്റെ അസ്ഥികൂടത്തെ കാല്‍ പെരുവിരല്‍കൊണ്ട് ഊക്കോടെ എടുത്തെറിഞ്ഞിട്ട് അനന്തരം ഒരു ബാണം കൊണ്ട് ഏഴു സാലങ്ങളേയും ഒരുമിച്ചു മുറിച്ചു; സുഗ്രിവനെ കൊല്ലുവാനൊരുങ്ങിയ എതിരില്ലാത്ത ബലത്തോടുകൂടിയ ബാലിയെ മറഞ്ഞുനിന്നു നിഗ്രഹിച്ചിട്ട് നിന്തിരുവടി ഭാര്യവിയോഗത്താല്‍ ഏറ്റവും കലങ്ങിയ മനസ്സോടുകൂടിയവനായി മതംഗമഹര്‍ഷിയുടെ ആശ്രമപ്രദേശത്ത് മഴക്കാലം കഴിച്ചുകൂട്ടി.
സുഗ്രീവേണാനുജോക്ത്യാ സഭയമഭിയതാ വ്യൂഹിതാം വാഹിനീം താ-
മൃക്ഷാണാം വീക്ഷ്യ ദിക്ഷു ദ്രുതമഥ ദയിതാമാര്‍ഗണായാവനമ്രാം |
സന്ദേശം ചാംഗുലീയം പവനസുതകരേ പ്രാദിശോ മോദശാലീ
മാര്‍ഗ്ഗേ മാര്‍ഗ്ഗേ മമാര്‍ഗ്ഗേ കപിഭിരപി തദാ ത്വത്പ്രിയാ സപ്രയാസൈ: || 2 ||
അതിന്നുശേഷം അനുജനായ ലക്ഷ്മണന്റെ വാക്കനുസരിച്ച് പ്രതിജ്ഞയെ ലംഘിച്ചതുകൊണ്ടുള്ള ഭയത്തോടെ അടുത്തു വന്നുചേര്‍ന്ന സുഗ്രീവനാല്‍ പ്രിയതമയായ സീതയെ അന്വേഷിക്കുന്നതിന്നുവേണ്ടി നാനാദിക്കുകളില്‍നിന്നും വേഗത്തില്‍ വരുത്തി അണിനിരത്തപ്പെട്ടതായ ആ വാനരസൈന്യത്തെ വണങ്ങിനില്ക്കുന്നതായി കണ്ട് ഏറ്റവും സന്തോഷത്തോടുകൂടിയവനായ നിന്തിരുവടി ഹനൂമാന്റെ കയ്യില്‍ സീതാദേവിയ്ക്കുള്ള സന്ദേശത്തേയും അടയാളമായി മോതിരത്തേയും കൊടുത്തേല്പിച്ചു; അപ്പോള്‍ വാനരന്മാരാല്‍ വളരെ പണിപ്പെട്ട് ഓരോ മാര്‍ഗത്തിലും അങ്ങയുടെ പ്രിയപത്നി അന്വേഷിക്കപ്പെട്ടു.
ത്വദ്വാര്‍ത്താകര്‍ണ്ണനോദ്യദ്ഗരുദുരുജവസമ്പാതിസമ്പാതിവാക്യ-
പ്രോത്തീര്‍ണ്ണാര്‍ണ്ണോധിരന്തര്‍ന്നഗരി ജനകജാം വീക്ഷ്യ ദത്വാംഗുലീയം
പ്രക്ഷുദ്യോദ്യാനമക്ഷക്ഷപണചണരണ: സോഢബന്ധോ ദശാസ്യം
ദൃഷ്ട്വാ പ്ലുഷ്ട്വാ ച ലങ്കാം ഝടിതി സ ഹനുമാന്‍ മൗലിരത്നം ദദൗ തേ || 3||
ആ ഹനുമാന്‍ നിന്തിരുവടിയുടെ വൃത്താന്തം കേട്ടതുകൊണ്ടു മുളച്ചുവന്ന ചിരകുകള്‍കൊണ്ട് അതിവേഗത്തില്‍ പറന്നുതുടങ്ങിയ സമ്പാതിയുടെ വാക്കിനാല്‍ സമുദ്രം ചാടിക്കടന്ന് ലങ്കാപുരിക്കുള്ളില്‍ സീതാദേവിയെ കണ്ട് അടയാളമോതിരം കൊടുത്ത് ഉദ്യാനത്തെ തകര്‍ത്തു രാവണപുത്രനായ അക്ഷകുമാരന്റെ വധം കൊണ്ടുണ്ടായ പ്രശസ്തമായ യുദ്ധത്തോടുകൂടിയവനായി ബ്രഹ്മാസ്ത്രബന്ധനം സഹിച്ച് രാവണനെ കണ്ട് ലങ്കാനഗരത്തെ ദഹിപ്പിക്കകയുംചെയ്ത് വേഗത്തില്‍ നിന്തിരുവടിക്കു ചൂഡാമണിയെ കൊണ്ടുവന്നുതന്നു.
ത്വം സുഗ്രീവാംഗദാദിപ്രബലകപിചമൂചക്രവിക്രാന്തഭൂമീ-
ചക്രോഭിക്രമ്യ പാരേജലധി നിശിചരേന്ദ്രാനുജാശ്രീയമാണ: |
തത്പ്രോക്താം ശത്രുവാര്‍ത്തം രഹസി നിശമയന്‍ പ്രാര്‍ത്ഥനാപാര്‍ത്ഥരോഷ-
പ്രാസ്താഗ്നേയാസ്ത്രതേജസ്ത്രസദുദധിഗിരാ ലബ്ധവാന്‍ മദ്ധ്യമാര്‍ഗ്ഗം || 4 ||
നിന്തിരുവടി സുഗ്രീവന്‍ അംഗദന്‍ മുതലായ പ്രബലന്മാരായ വാനരന്മാരുടെ സൈന്യസമൂഹങ്ങളാല്‍ വ്യാപിക്കപ്പെട്ട ഭൂവിഭാഗത്തോടുകൂടിയവനായിട്ട് നേരില്‍ പുറപ്പെട്ടുചെന്ന് സമുദ്രക്കരയില്‍വെച്ച് രാക്ഷസാധിപന്റെ അനുജനായ വിഭീഷണനാല്‍ ആശ്രയിക്കപ്പെട്ടാവനായി സ്വകാര്യമായി അവനാല്‍ പറഞ്ഞറിയിക്കപ്പെട്ട ശത്രുവിന്റെ വിവരങ്ങളെ മനസ്സിലാക്കിക്കൊണ്ട് തന്റെ അപേക്ഷയെ നിരസിച്ചതിനാലുണ്ടായ കോപത്താല്‍ പ്രയോഗിക്കപ്പെട്ട ആഗ്നേയാസ്ത്രത്തിന്റെ തേജസ്സിനാല്‍ ഭീതനായ സമുദ്രരാജാവിന്റെ വാക്കുകൊണ്ട് സമുദ്രമദ്ധ്യത്തില്‍ക്കൂടിയുള്ള വഴിയെ സമ്പാദിച്ചു.
കീശൈരാശാന്തരോപാഹൃതഗിരിനികരൈ: സ്സേതുമാധാപ്യ യാതോ
യാതൂന്യാമര്‍ദ്ദ്യ ദംഷ്ട്രാനഖശിഖരിശിലാസാലശസ്ത്രൈ: സ്വസൈന്യൈ: |
വ്യാകുര്വന്‍ സാനുജസ്ത്വം സമരഭുവി പരം വിക്രമം ശക്രജേത്രാ
വേഗാന്നാഗാസ്ത്രബദ്ധ: പതഗപതിഗരുന്മാരുതൈര്‍മ്മോചിതോഭൂ: || 5 ||
വാനരന്മാരാല്‍ പല ദിക്കുകളില്‍നിന്നും കൊണ്ടുവരപ്പെട്ട പര്‍വ്വതക്കൂട്ടങ്ങളാല്‍ ചിറകെട്ടിച്ച് ലങ്കയില്‍ പ്രവേശിച്ച് ദംഷ്ട്രകള്‍ നഖങ്ങള്‍ പര്‍വ്വതങ്ങള്‍ പാറകള്‍ വൃക്ഷങ്ങള്‍ എന്നി ആയുധങ്ങളോടുകൂടിയ തന്റെ സൈന്യങ്ങളെക്കൊണ്ട് രാക്ഷസന്മാരെ മര്‍ദ്ദിച്ച് യുദ്ധഭൂമിയില്‍ വര്‍ദ്ധിച്ച പരാക്രമത്തെ പ്രകടിപ്പിക്കുന്നവനായി അനുജനോടുകൂടിയ നിന്തിരുവടി ഇന്ദ്രജിത്തിനാല്‍ നാഗാസ്ത്രംകൊണ്ടു ബന്ധിക്കപ്പെട്ട് ഉടനെതന്നെ പക്ഷീന്ദ്രനായ ഗരുഡന്റെ ചിറകുകളില്‍നിന്നു പുറപ്പെട്ട കാറ്റുകൊണ്ട് മോചിപ്പിക്കപ്പെടുകയും ചെയ്തു.
സൗമിത്രിസ്ത്വത്ര ശക്തിപ്രഹൃതിഗളദസുര്‍വ്വതജാനീതശൈല-
ഘ്രാണാത് പ്രാണാനുപേതോ വ്യകൃണുത കുസൃതിശ്ലാഘിനം മേഘനാദം|
മായാക്ഷോഭേഷു വൈഭീഷണവചനഹൃതസ്തമ്ഭന: കുംഭകര്‍ണ്ണം
സമ്പ്രാപ്തം കമ്പിതോര്വീതലമഖിലചമൂഭക്ഷിണം വ്യക്ഷിണോസ്ത്വം || 6 ||
അവിടെ യുദ്ധത്തിന്നിടയില്‍ ലക്ഷ്മണനാകട്ടേ രാവണന്റെ ശക്തിയേറ്റ് ഗതപ്രാണനായി ഹനുമാനാല്‍ കൊണ്ടുവരപ്പെട്ട ഓഷധിപര്‍വ്വതത്തിന്റെ ആഘ്രാണം നിമിത്തം വീണ്ടും ജീവന്‍ ലഭിച്ച് മായബലത്തെ പുകഴ്ത്തി പറഞ്ഞുകൊണ്ടിരുന്ന ഇന്ദ്രജിത്തിനെ വധിച്ചു; നിന്തിരുവടി രാക്ഷസമായയാല്‍ ക്ഷോഭങ്ങളുണ്ടാവുമ്പോഴെല്ലാം വിഭീഷണന്റെ വാക്കിനാല്‍ നശിപ്പിക്കപ്പെട്ട മോഹത്തോടുകൂടിയവനായി ഭൂമിയെ കുലുക്കി ക്കൊണ്ടുവന്നെതിരിട്ടവനും സൈന്യങ്ങളെയെല്ലാം ഭക്ഷിക്കുന്നവനുമായ കുംഭകര്‍ണ്ണനെ വധിചു.
ഗൃഹ്ണന്‍ ജംഭാരിസംപ്രേഷിതരഥകവചൗ രാവണേനാഭിയുദ്ധ്യന്‍
ബ്രഹ്മാസ്ത്രേണാസ്യ ഭിന്ദനന്‍ ഗലതതിമബലാമഗ്നിശുദ്ധാം പ്രഗൃഹ്ണനന്‍
ദേവശ്രേണീവരോജ്ജീവിതസമരമൃതൈരക്ഷതൈ: ഋക്ഷസംഘൈര്‍ –
ലംങ്കാഭര്‍ത്രാ ച സാകം നിജനഗരമഗാ: സപ്രിയ: പുഷ്പകേണ || 7 ||
നിന്തിരുവടി ദേവേന്ദ്രന്‍ അയച്ചുതരുന്ന തേരിനേയും കവചത്തേയും സ്വീകരിച്ച് രാവണനോടു നേരിട്ടു പൊരുതി ബ്രഹ്മാസ്ത്രംകൊണ്ട് അവന്റെ പത്തുതലകളേയും അറുത്ത് അഗ്നിയില്‍ പ്രവേശിച്ച് പരിശുദ്ധയായ സീതാദേവിയെ പരിഗ്രഹിച്ച് യുദ്ധത്തില്‍ മരിച്ചിരുന്നവരും ദേവന്മാരുടെ വരപ്രസാദംകൊണ്ടു ജീവിപ്പിക്കപ്പെട്ടവരും ദേഹത്തില്‍ യാതൊരുവിധ വ്രണവുമില്ലാത്തവരുമായ വാനരസൈന്യങ്ങളോടും ലങ്കാധിപനായ വിഭീഷണനോടും പ്രിയതമയോടുകൂടി പുഷ്പകവിമാനത്തില്‍ തന്റെ രാജ്യത്തിലേക്ക് യാത്രയായി.
പ്രീതോ ദിവ്യാഭിഷേകൈരയുതസമധികാന്‍ വത്സരാനന്‍ പര്യരംസീര്‍
മൈഥില്യാം പാപവാചാ ശിവ! ശിവ! കില താം ഗര്‍ഭിണീമഭ്യഹാസീ: |
ശത്രുഘ്നേനാര്‍ദ്ദയിത്വാ ലവണനിശിചരം പ്രാര്‍ദ്ദയ: ശൂദ്രപാശം
താവദ്വാല്മീകിഗേഹേ കൃതവസതിരുപാസൂത സീതാ സുതൗ തേ || 8 ||
നിന്തിരുവടി ദിവ്യങ്ങളായ അഭിഷേകങ്ങളാല്‍ സന്തുഷ്ടനായി പരിനായിരത്തിലധികം സംവത്സരക്കാലം സുഖമായി വാണു. സീതാദേവിയെ പറ്റിയുള്ള ലോകാപവാദംകൊണ്ട് ഗര്‍ഭിണിയായ ആ ദേവിയെ ഉപേക്ഷിച്ചുവത്രെ! കഷ്ടം ! കഷ്ടം ! ശത്രുഘ്നനെക്കൊണ്ട് ലവണാസുരനെ നിഗ്രഹിച്ചു ശൂദ്രനായ ജംബുകനെ വധിച്ചു. ആ സമയം വാല്മീകിയുടെ ആശ്രമത്തില്‍ പാര്‍ത്തുവന്നിരുന്ന സീതാദേവി അങ്ങയുടെ രണ്ടു പുത്രന്മാരെ പ്രസവിച്ചു.
വാല്മീകേസ്ത്വത്സുതോദ്ഗാപിതമധുരകൃതേരാജ്ഞയാ യജ്ഞവാടേ
സീതാം ത്വയ്യാപ്തുകാമേ ക്ഷിതിമവിശദസൗ ത്വം ച കാലാര്‍ത്ഥിതോഭൂ:|
ഹേതോ: സൗമിത്രിഘാതീ സ്വയമഥ സരയൂമഗ്നനിശ്ശേഷഭൃത്യൈ:
സാകം നാകം പ്രയാതോ നിജപദമഗമോ ദേവ വൈകുണ്ഠമാദ്യം || 9 ||
യാത്രശാലയില്‍ അങ്ങയുടെ പുത്രന്മാരെക്കൊണ്ടു രാമയണമാകുന്ന മധുരകൃതിയെ ഗാനം ചെയ്യിച്ച വാല്മീകി മാമുനിയുടെ ആജ്ഞയനുസരിച്ച് നിന്തിരുവടി സീതയേ കൈക്കൊള്ളുവാനാഗ്രഹിച്ച സമയം ആ ദേവി ഭൂമിയില്‍ പ്രവേശിച്ചു; നിന്തിരുവടിയും ധര്‍മ്മദേവനാല്‍ പ്രാര്‍ത്ഥിക്കപ്പെട്ടു കാരണവശാല്‍ ലക്ഷ്മണനേയും തിരസ്കരിച്ചവനായി അനന്തരം തന്നെത്താന്‍ സരയൂ നദിയില്‍ മുഴുകിയ ആശ്രിതജനങ്ങളോടുകൂടി സ്വര്‍ഗ്ഗത്തിലേക്കു ഗമിച്ചു; അല്ലേ ഭഗവാനേ ! നിന്തിരുവടി സൃഷ്ടിക്കുമുമ്പില്‍ ഉള്ളതും സ്വന്തം സ്ഥാനവുമായ വൈകുണ്ഠത്തെ പ്രാപിച്ചു.
സോയം മര്‍ത്ത്യവതാരസ്തവ ഖലു നിയതം മര്‍ത്ത്യശിക്ഷാര്‍ഥമേവം
വിശ്ലേഷാര്‍ത്തിര്‍ന്നിരാഗസ്ത്യജനമപി ഭവേത് കാമധാമ്മാതിസക്ത്യാ |
നോ ചേത് സ്വാത്മാനുഭൂതേ: ക്വ നു തവ മനസോ വിക്രിയാ ചക്രപാണേ
സ ത്വം സത്ത്വൈകമൂര്‍ത്തേ പവനപുരപതേ വ്യാധുനു വ്യാധിതാപാന്‍ ||10||
കാമം, ധര്‍മ്മം എന്നിവയിലുള്ള ആസക്തിനിമിത്തം വിരഹ ദുഃഖവും നിരപരാധികളുടെ പരിത്യാഗവും നിശ്ചയമായി ഭവിക്കും എന്നിങ്ങിനെ മനുഷരെ ഉപദേശിക്കുവാന്‍വേണ്ടി മാത്രമാണ് നിന്തിരുവടിയുടെ ഈ മനുഷ്യാവതാരം; അല്ലെങ്കില്‍ ആത്മാരാമനായ നിന്തിരുവടിയുടെ മനസ്സിന്നു വികാരം എങ്ങിനെ സംഭവിച്ചു; ചക്രായുധത്തെ ധരിച്ചിരിക്കുന്നവനും ശുദ്ധസത്വസ്വരുപിയൂമായ ഗുരുവായൂരപ്പ! അപ്രകാരമുള്ള നിന്തിരുവടി രോഗപീഡകളെ അകറ്റേണമേ.
ശ്രീരാമചരിതവര്‍ണ്ണനം എന്ന മുപ്പത്തഞ്ചാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 364.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.