കദാപി ജന്മാര്‍ക്ഷദിനേ തവ പ്രഭോ !
നിമന്ത്രിത-ജ്ഞതിവധൂ മഹീസുരാഃ
മഹാനസസ്ത്വാം സവിധേ നിധായ സാ
മഹാനസാദൗ വവൃതേ വ്രജേശ്വരീ || 1 ||
അല്ലയോ പ്രഭോ ! ഒരിക്കല്‍ അങ്ങയുടെ ജന്മദിനത്തില്‍ ക്ഷണിയ്ക്കപ്പെട്ട ബന്ധുക്കള്‍ , സ്ത്രീകള്‍ , വിപ്രേന്ദ്രന്മാര്‍ ഇവരോടുകൂടിയ ആ വ്രജനായികയായ യശോദ അങ്ങയെ വലിയൊരു ശകടത്തിന്റെ സമീപത്തില്‍ കിടത്തി അടുക്കള മുതലായ സ്ഥലങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
തതോ ഭവത്ത്രാണ-നിയുക്തബാലക-
പ്രഭീതിസംക്രന്ദന- സങ്കുലാരവൈഃ
വിമിശ്രമശ്രാവി ഭവത്സമീപതഃ
പരിസ്പുടദ്ദാരുചടച്ചടാരവഃ || 2 ||
അതില്‍പിന്നെ അങ്ങയുടെ സമീപത്തില്‍നിന്നു നാലുഭാഗത്തുനിന്നു പൊട്ടുന്ന മരങ്ങളുടെ ചടചടാ ശബ്ദം, അങ്ങയെ നോക്കിക്കൊള്ളൂവാന്‍ നിയുക്തരായിരിക്കുന്ന ബാലകന്മാരുടെ ഭയന്നുകൊണ്ടുള്ള ആര്‍ത്തനാദങ്ങളാല്‍ വ്യകുലമായ ശബ്ദത്തോടുകൂടി ഇടകലര്‍ന്ന് കേള്‍ക്കപ്പെട്ടു.
തതസ്തദാകര്‍ണ്ണന സംഭ്രമ ശ്രമ –
പ്രകമ്പി വക്ഷോജഭരാ വ്രജാംഗനാഃ
ഭവന്തമന്തര്‍ദ്ദദൃശുഃ സമന്തതോഃ
വിനിഷ്പതദ്ദാരുണദാരുമദ്ധ്യഗം || 3 ||
അനന്തരം അതുകേട്ട് പരിഭ്രമിച്ചോടുകയാല്‍ കിതച്ചു തുളൂമ്പുന്ന കുചഭാരത്തോടുകൂടിയ ഗോപനാരികള്‍; ചുറ്റും പൊട്ടിച്ചിതറിവിഴുന്ന ഭയങ്കരങ്ങളായ മരക്കഷണങ്ങളുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന അങ്ങയെ ഗൃഹത്തിന്നുള്ളില്‍ ദര്‍ശിച്ചു.
‘ശിശോരഹോ ! കിം കിമഭൂദിതി ദ്രുതം
പ്രധാവ്യ നന്ദഃ പശുപാശ്ച ഭൂസുരാഃ
ഭവന്തമാലോക്യ യശോദയാ ധൃതം
സമാസ്വസന്നശ്രൂജാലര്‍ദ്രലോചനാഃ || 4 ||
നന്ദഗോപനും പശുപന്മാരും വിപ്രന്മാരും ‘അയ്യോ! ശിശുവിന്നു എന്തു പറ്റി, എന്തു പറ്റി’ എന്ന് (ചോദിച്ചുകൊണ്ട്) വേഗത്തില്‍ ഓടിവന്നു യശോദയാല്‍ എടുക്കപ്പെട്ടിരുന്ന അങ്ങയെ നോക്കിയിട്ട് കണ്ണീര്‍നിറഞ്ഞ നേത്രങ്ങളോടുകൂടിയവളായി വഴിപോലേ ആശ്വസിച്ചു.
കസ്കോ നു കൗതസ്കുത ഏഷ വിസ്മയോ,
വിശങ്കടം യച്ഛകടം വിപാടിതം;
ന കാരണം കിഞ്ചിദിഹേതി തേ സ്ഥിതാഃ
സ്വനാസികാദത്തകരാസ്ത്വദീക്ഷകാഃ || 5 ||
‘ഇതു എന്തുതന്നെയാണ്? ആശ്ചര്‍യ്യകരംതന്നെ! ഇതെവിടെനിന്നുണ്ടായി? യതൊന്നിനാലാണ് വിശാലമായ ഈ വണ്ടി ഉടച്ചുതകര്‍ക്കപ്പെട്ടതു ? ഇതിന്നു കാരണം യാതൊന്നുമില്ലല്ലോ ? എന്നിങ്ങിനെ അവര്‍ അങ്ങയെ നോക്കുന്നവരായി തങ്ങളുടെ മൂക്കിന്മേല്‍ വിരല്‍വെച്ചുകൊണ്ട് നിന്നു.
‘കുമാരകസ്യാസ്യ പയോധരാര്‍ത്ഥിനഃ
പ്രരോദനേ ലോലപദാംബുജാഹതം,
മയാ മയാ ദൃഷ്ടമനോ വിപര്യഗാ ’
ദിതീശ ! തേ പാലകബാലകാ ജഗുഃ || 6 ||
‘ഈ കുട്ടി മുലകുടിപ്പാനാഗ്രഹിച്ചു കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ ശകടം, കുടയുന്ന കാല്‍കൊണ്ട് ചവിട്ടപ്പെട്ട് മറിഞ്ഞുവീഴുന്നതു എന്നാല്‍ കാണപ്പെട്ടു; എന്നാല്‍ കാണപ്പെട്ടു, എന്നിങ്ങനെ, ഹേ ഭഗവന്‍ ! അങ്ങയെ കാത്തുകൊണ്ടിരുന്ന ബാലന്മാര്‍ പ്രസ്ഥാപിച്ചു.
‘ഭിയാ തദാ കിശ്ചിദജാനതാമിദം
കുമാരകാണാമതിദുര്‍ഘടം വചഃ ’
ഭവത്പ്രഭാവാവിദുരൈരിതീരിതം,
മനാഗിവാശങ്ക്യത ദൃഷ്ടപൂതനൈഃ || 7 ||
ശകടം മറിഞ്ഞുവീണസമയം ഭയംനിമിത്തം യാതൊന്നുംതന്നെ തിരിച്ചറിയാത്തവരായ കുട്ടികളുടെ ഇപ്രകാരമുള്ള വാക്ക് തീരെ യോജിപ്പില്ലാത്തതാണ് എന്ന് അങ്ങയുടെ മാഹാത്മ്യം അറിയാത്തവരാല്‍ അഭിപ്രായപ്പെടപ്പെട്ടു.പൂതനയെക്കണ്ടവരാല്‍ അല്പമൊന്നു ശങ്കിക്കപ്പെട്ടു.
‘പ്രവാലതാമ്രം കിമിദം പദം ക്ഷതം ?
സരോജരമ്യൗ നു കരൗ വിരോജിതൗ ?
ഇതി പ്രസര്‍പ്പത്കരുണാതരംഗിതാഃ
ത്വദംഗമാപസ്പ്യശുരംഗനാജനാഃ || 8 ||
സ്ത്രീജനങ്ങള്‍ തളിര്‍പോലെ ചുവന്നിരിക്കുന്നതായ ഈ കാല്‍ വൃണപ്പെട്ടുവോ, ചെന്താമരപോലെ കമനീയങ്ങളായ കൈകളില്‍ മുറിപെട്ടുവോ’ എന്നിങ്ങിനെ പറഞ്ഞുകൊണ്ട് കരൂനാതരംഗിതമാനസകളായി അങ്ങയുടെ ഓരോ അംഗത്തേയും തൊട്ടുതലോടി.
‘അയേ ! സുതം ദേഹി ജഗത്പതേഃ കൃപാ –
തരംഗപാതാത് പരിപാതമദ്യ മേ ’
ഇതി സ്മ സംഗൃഹ്യ പിതാ ത്വദംഗകം
മുഹുര്‍മ്മുഹുഃ ശ്ലിഷ്യതി ജാതകണ്ടകഃ || 9 ||
‘ഹേ ഗോപികളേ! ജഗദീശരന്റെ കാരുണ്യപൂരം പതിയുകനിമിത്തം ഇപ്പോള്‍ രക്ഷിക്കപ്പെട്ടിരിക്കുന്ന കുമാരനെ എന്റെ വക്കല്‍ തരിക,” എന്നിങ്ങിനെ പിതാവ് വാരിയെടുത്ത് പുളകംകൊണ്ടവനായി അങ്ങയുടെ സുകുമാരശരീരത്തെ വീണ്ടും വീണ്ടൂം ആലിംഗാനം ചെയ്തു.
അനോനിലീനഃ കില ഹന്തുമാഗതഃ
സുരാരിരേവം ഭവതാ വിഹിംസിതഃ;
രജോപി നോ ദൃഷ്ടമമുഷ്യ, തത് കഥം ?
സ ശുദ്ധസത്ത്വേ ത്വയി ലീനവാന്‍ ധ്രുവം || 10 ||
ശകടത്തില്‍ മറഞ്ഞിരിക്കുന്നവനായി അങ്ങയെ വധിക്കുവാന്‍ വന്ന അസുരനൊരുവന്‍ ഇപ്രകാരം ഭവാനാല്‍ കൊല്ലപ്പെട്ടു; ഇവന്റെ പൊടിപോലും കാണപ്പെട്ടില്ല; അത് എങ്ങിനെ ? അവന്‍ പരിശുദ്ധമൂര്‍ത്തിയായ അങ്ങയില്‍ ലയിച്ചുപോയി തീര്‍ച്ചതന്നെ.
പ്രപൂജിതൈസ്തത്ര തതോ ദിജാതിഭിര്‍
വിശേഷതോ ലംഭിതമംഗലാശിഷഃ
വ്രജം നിജൈര്‍ബാല്യരസൈര്‍വിമോഹയന്‍
മരുത്പുരാധീശ ! രുജാം ജഹീഹി മേ . || 11 ||
അനന്തരം അവിടെ ഏറ്റവും പൂജിക്കപ്പെട്ടവരായ ബ്രഹ്മജ്ഞന്മാരായ ബ്രാഹ്മണരാല്‍ സവിശേഷം പ്രാപിപ്പിക്കപ്പെട്ട മംഗളാശിസ്സുകളോടുകൂടിയവനായിട്ട് സ്വതസ്സിദ്ധമായ ബാലക്രീഡകളാല്‍ ഗോകുലത്തെ മോഹിപ്പിക്കുന്നവനായ നിന്തിരുവടി അല്ലേ വാതാലയേശ ! എന്റെ ദുഃഖത്തെ ദൂരികരിക്കേണമേ.
ശകടാസുരനിഗ്രഹവര്‍ണ്ണനം എന്ന നാല്പത്തിരണ്ടാം ദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 436
വൃത്തം വംശസ്ഥം. ലക്ഷണം ജതങ്ങള്‍ വംശസ്ഥമതാം ജരങ്ങളും
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.