ഡൗണ്‍ലോഡ്‌ MP3

അയി സബല ! മുരാരേ ! പാണിജാനുപ്രചാരൈഃ
കിമപി ഭവനഭാഗാന്‍ ഭൂഷയന്തൗ ഭവന്തൗ
ചലിത – ചരണകഞ്ജൗ മഞ്ജുമഞ്ജീരശിഞ്ജ-
ശ്രവണകുതുകഭാജൗ ചേരതുശ്ചാരു വേഗാത് || 1 ||

ബലരാമസമേതനായ ഹേ മുരരിപോ ! ഭവാന്മരിരുവരും കയ്യും മുട്ടും കത്തി സഞ്ചരിച്ചുകൊണ്ട് വീട്ടിന്റെ ഓരോ ഭാഗങ്ങളേയും അനിര്‍വ്വചനീയമ‍ാംവണ്ണം അലങ്കരിക്കുന്നവരും ചലിക്കപ്പെട്ട പാദപങ്കജങ്ങളോടുകൂടിയവരും മനോഹരങ്ങളായ തളകളുടെ ശബ്ദം കേള്‍ക്കുന്നതി‍ല്‍ കൗതുകത്തോടുകൂടിയവരുമായിട്ട് വേഗത്തി‍ല്‍ മനോഹരമ‍ാംവിധം സഞ്ചരിച്ചു.

മൃദുമൃദു വിഹസന്തൗ ഉന്മിഷദ്ദന്തവന്തൗ
വദനപ്തിതകേശൗ ദൃശ്യപാദബ്ജദേശൗ
ഭുജഗലിതകരാന്തവ്യാലഗത് കങ്കണാങ്കൗ
മതിമഹരതമുച്ചൈഃ പശ്യത‍ാം വിശ്വനൃണ‍ാം. || 2 ||

മന്ദം മന്ദം മന്ദഹസിക്കുന്നവരും ആ സമയം പ്രകാശിക്കുന്ന ദന്തങ്ങളോടുകൂടിയവരും മുഖത്തു തൂങ്ങിക്കിടക്കുന്ന കറുനിരകളോടുകൂടിയവരും മുട്ടുകുത്തി നടക്കുമ്പോള്‍ സ്പഷ്ടമായി കാണപ്പെടുന്ന സുന്ദരങ്ങളായ ഉള്ളങ്കാലുകളോടുകൂടിയവരും കയ്യില്‍നിന്നയഞ്ഞ കൈപ്പടത്തില്‍ തങ്ങിനില്ക്കുന്ന വളകളെക്കൊണ്ടടയാളപ്പെടുത്തപ്പെട്ടവരുമായ നിങ്ങളിരുവരും കാണികളായ സകലജനങ്ങളുടേയും മനസ്സിനെ ഏറ്റവും കവര്‍ന്നു.

അനുസരതി ജനൗഘേ കൗതുകവ്യാകുലാക്ഷേ
കിമപി കൃതനിനാദം വ്യാഹസന്തൗ ദ്രവന്തൗ
വലിത വദനപദ്മം പൃഷ്ഠതോ ദത്തദൃഷ്ടീ
കിമിവ ന വിദധാഥേ കൗതുകം വാസുദേവ ! || 3 ||

അല്ലയോ വസുദേവസൂനോ! ഗോകുലവാസികളായ ജനങ്ങള്‍ കൗതുകത്താക്‍ പര്‍യ്യാകുലങ്ങളായ കണ്ണുകളോടുകൂടിയവരായി ചിലതു ശബ്ദിച്ചുകൊണ്ട് പിന്നില്‍വരുന്ന അവസരത്തില്‍ പുഞ്ചിരിച്ചുകൊണ്ട് (മുട്ടുകുത്തി) ഓടുന്നവരായിട്ട് പിന്തിരിക്കപ്പെട്ട മുഖകമലത്തോടുകൂടിയവരും പിന്നിലേക്ക് നോക്കുന്നവരുമായി ഏതേതു കൗതുകത്തെ ചെയ്തില്ല !

ദ്രുതഗതിഷു പതന്തൗ ഉത്ഥിതൗ ലിപ്തപങ്കൗ
ദിവി മുനിഭിരപങ്കൈഃ സസ്മിതം വന്ദ്യമാനൗ
ദ്രുതമഥ ജനനീഭ്യ‍ാം സാനുകമ്പം ഗൃഹീതൗ
മുഹുരപി പരിരബ്ധൗ ദ്രാഗ്യുവ‍ാം ചുംബിതൗ ച || 4 ||

നിങ്ങള്‍ രണ്ടുപേരും ഓടുന്നസമയം വീഴുകയും ചളിപുരണ്ട ദേഹത്തോടുകൂടി എഴുന്നേല്ക്കുകയും ആകാശത്തില്‍ അകന്മഷന്മാരായ മുനിവര്‍യ്യന്മാരാ‍ല്‍ മന്ദഹാസത്തോടെ വന്ദിക്കപ്പെടുകയും പിന്നീട് വേഗത്തി‍ല്‍ അമ്മമാരാ‍ല്‍ അലിവോടെ എടുക്കപ്പെട്ട് വീണ്ടും വീണ്ടും ആലിംഗിതരായ അക്ഷണംതന്നെ ചുംബിക്കപ്പെടുകയും ചെയ്തു.

സ്നുതകുചഭരമങ്കേ ധാരയന്തി ഭവന്തം
തരളമതി യശോദാ സ്തന്യദാ ധന്യധന്യാ
കപടപശുപ ! മദ്ധ്യേ മുഗ്ദ്വാഹാസാങ്കുരം തേ
ദശനമുകുലഹൃദ്യം വീക്ഷ്യ വ്യക്ത്രം ജഹര്‍ഷ. || 5 ||

വാത്സല്യാതിശയത്താല്‍ ചഞ്ചലമായ മനസ്സോടും ചുരന്നൊഴുകിയ പോര്‍മുലകളോടുംകൂടി നിന്തിരുവടിയെ മടിയിലിരുത്തി മുലപ്പാലേകിയ യശോദ മഹാഭാഗ്യവതിതന്നെ! അല്ലയോ! കപടവേഷമാര്‍ന്ന ഗോപബാല! മുലകുടിക്കുന്നതിന്നിടയില്‍ മൃദുമന്ദഹാസത്തോടുകൂടിയ ദന്തകുകുളങ്ങളാ‍ല്‍ മനോരമ്യമായ അങ്ങയുടെ ഓമന്മുഖം നോക്കി നോക്കി അവള്‍ അത്യധികം ആനന്ദിച്ചു.

തദനു ചരണചാരീ ദാരകൈഃസാകമാരാത്
നിലയതതിഷു ഖേലന്‍ ബാലചാപല്യശാലീ
ഭവന ശുക വിലാളന്‍ വത്സക‍ാംശ്ചാനുധാവന്‍
കഥമപി കൃതഹാസൈഃ ഗോപകൈര്‍വാരിതോഭൂഃ || 6 ||

അതിന്നുശേഷം, കാല്‍കൊണ്ട് നടന്നുതുടങ്ങിയ നിന്തിരുവടി മറ്റു ബാലന്മാരോടുംകൂടി ബാലചാപല്യത്തോടുകൂടിയവനായി സമീപത്തുള്ള ഗോപഗൃഹങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വീട്ടി‍ല്‍ വളര്‍ത്തുന്ന പൈങ്കിളി, പൂച്ച എന്നിവയേയും കാലിക്കിടാങ്ങളേയും പിന്‍തുടര്‍ണ്ണോടിച്ചെല്ലുമ്പോ‍ള്‍ പുഞ്ചിരിക്കൊള്ളൂന്നവരായ പശുപന്മാരാല്‍ പണിപ്പെട്ട് തടുക്കപ്പെട്ടവനായി ഭവിച്ചുവല്ലോ

ഹലധരസഹിതസ്ത്വം യത്ര യത്രോപയാതഃ
വിവശ പതിത നേത്രഃ തത്രഃ തത്രൈവഃ ഗോപ്യഃ
വിഗലിതഗൃഹകൃത്യഃ വിസ്മൃതാപത്യഭൃത്യാഃ
മുരഹര! മുഹുരത്യന്താകുലാ നിത്യമാസന്‍ || 7 ||

അല്ലയോ മുരാരേ! ബലരാമണൊടൊന്നിച്ച് നിന്തിരുവടി നിന്തിരുവടി എവിടെവിടെ ചെന്നുവോ അവിടങ്ങളിലെല്ല‍ാം ഗോപസ്ത്രീകള്‍ വശംകെട്ട് ഇടറിയ ദൃഷ്ടികളോടും വീഴ്ചചെയ്യപ്പെട്ട വീട്ടുപണികളോടുകൂടിയവരും കിടാങ്ങളേയും ഭൃത്യജനങ്ങളേയും മറന്നവരുമായി ഭവിച്ചു. നാള്‍തോറും ഏറ്റവും പരവശമാരുമായിത്തീര്‍ന്നു.

പ്രതിനവ നവനീതം ഗോപികാദത്തമിച്ഛ‍ന്‍
കലപദമുപഗായന്‍ കോമലം ക്വാപി നൃത്യ‍ന്‍
സദതയുവതി ലോകൈഃ അര്‍പ്പിതം സര്‍പ്പിരശ്ന‍ന്‍
ക്യചന നവവിപക്വം ദുഗ്ദ്ധമപ്യാപിബസ്ത്വം. || 8 ||

നിന്തിരുവടി ഗോപിമാരാല്‍ നല്കപ്പെടുന്ന പുതുവെണ്ണയെ ആഗ്രഹിച്ചു അസ്പഷ്ടമധുരങ്ങളായ പദാവലികളില്‍ പാടുകയും ചിലപ്പോ‍ള്‍ മനോഹരമായി നൃത്തം വെച്ചുകൊണ്ട് ദയാര്‍ദ്രഹൃദയകളായ പശുപകന്യകമാരാ‍ല്‍ നല്‍കപ്പെട്ട നെയ്യ് ഭുജിക്കുകയും ചിലസമയം പുതുതായി കാച്ചിക്കുറുക്കിയ പാല്‍കൂടി കുടിക്കുകയും ചെയ്തില്ലേ.

‘മമ ഖലു ബലിഗേഹേ യാചനം ജാതമാസ്ത‍ാം
ഇഹ പുരനബലാനാമഗ്രതോ നൈവ കുര്‍വ്വേ’
ഇതി വിഹിതമതിഃ കിം ദേവ ! സന്ത്യജ്യ യാച്ഞ‍ാം
ദധിഘ്യതമഹരസ്ത്വം ചാരുണാ ചോരണേന . || 9 ||

“എനിക്കു മഹാബലിയുടെ മന്ദിരത്തില്‍ യാചിക്കേണ്ടിവന്നു; അതങ്ങിനെയിരിക്കട്ടെ, എന്നാല്‍ ഇവിടെ വീണ്ടും പെണ്ണൂങ്ങളുടെ മുമ്പി‍ല്‍ അത് ഒരിക്കലുംതന്നെ ചെയ്യുകയില്ല” ഹേ ഭഗവന്‍ ! അങ്ങ് ഇപ്രകാരം വിചാരിച്ചിട്ടായിരിക്കുമോ യാചനകൃത്യം ഉപേക്ഷിച്ചിട്ട് ചാരുതമായ ചൗര്‍യ്യകര്‍മ്മംകൊണ്ട് തൈരും നെയ്യും കവര്‍ന്നതു.

തവ ദധിഘൃതമോഷേ ഘോഷയോഷാജനാനാ
മഭജത ഹൃദി രോഷോ നാവകാശം ന ശോകഃ
ഹൃദയമപി മുഷിത്വാ ഹര്‍ഷസിന്ധൗ ന്യധാസ്ത്വം
സ മമ ശമയ രോഗാന്‍ വാതഗേഹാധിനാഥ || 10 ||

അങ്ങ് തൈര് നെയ്യ് മുതലായവ മോഷ്ടിച്ചതിനാ‍ല്‍ ഗോപവാടത്തിലുള്ള തരുണികളുടെ ഹൃദയങ്ങളില്‍ കോപത്തിന്ന് സ്ഥാനം ഒട്ടും ഉണ്ടായിരുന്നില്ല; വ്യസനവും ഉണ്ടായില്ല. നിന്തിരുവടി അവരുടെ ഹൃദയങ്ങളെകൂടി കവര്‍ന്ന് സന്തോഷസാഗരത്തി‍ല്‍ മഗ്നമാക്കിച്ചെയ്തുവല്ലോ. അല്ലയോ ഗുരുവായൂരപ്പാ ! അങ്ങിനെയുള്ള നിന്തിരുവടി എന്റെ രോഗത്തിന്ന് ശാന്തിചേര്‍ക്കണമേ.

ശാഖാഗ്രേഥ വിധും വിലോക്യ ഫലമിത്യംബാഞ്ച താതം മുഹുഃ
സമ്പ്രാര്‍ത്ഥ്യാഥ തദാ തദീയ വചസാ പ്രോത്ക്ഷിപ്ത ബാഹൗ ത്വയി
ചിത്രം ദേവ ശശീ സ തേ കരമഗാത് കിം ബ്രൂമഹേ സംപതഃ
ജ്യോതിര്‍മ്മണ്ഡലപൂരിതഖിലവപുഃ പ്രാഗാ വിരാഡ്രൂപത‍ാം. || 11 ||

അനന്തരമൊരുനാ‍ള്‍ മരക്കൊമ്പിന്‍മീതെ ചന്ദ്രബിംബത്തെകണ്ടിട്ട് പഴമാണെന്ന് കരുതി അമ്മയോടും അച്ഛനോടും വീണ്ടും വീണ്ടും അപേക്ഷിച്ചിട്ട് അനന്തരം ആ ചന്ദ്രന്‍ അങ്ങയുടെ തൃക്കയ്യില്‍ വന്നുചേര്‍ന്നു. ഞങ്ങളെന്തുപറയെട്ടെ, നിന്തിരുവടി താഴെവന്നുചേര്‍ന്ന ജ്യോതി‍ര്‍മ്മണ്ഡലത്തിന്റെ പ്രഭാപ്രസരത്താ‍ല്‍ ശരീരം മുഴുവ‍ന്‍ നിറയപ്പെട്ട തേജസ്സോടുകൂടിയവനായി വിരാട് സ്വരുപത്തെ പ്രാപിച്ചു.

കിം കിം ബതേദമിതി സംഭ്രമ ഭാജമേനം
ബ്രഹ്മാര്‍ണ്ണവേ ക്ഷണമമും പരിമജ്ജ്യ താതം
മായ‍ാം പുനസ്തനയമോഹമയീം വിതന്വന്‍
ആനന്ദചിന്മയ ജഗന്മയ പാഹി രോഗാത് . || 12 ||

ആശ്ചര്‍യ്യം ഇതെന്ത്? എന്ത്? എന്നിങ്ങനെ പരിഭ്രമിച്ച ഈ പിതാവിനെ സ്വല്പസമയത്തേക്കു ബ്രഹ്മാനന്ദമാകുന്ന സമുദ്രത്തില്‍ മുക്തിത്താഴ്ത്തി വീണ്ടും പുത്രവാത്സല്യമായിയായ മായയെ പ്രയോഗിച്ചു. ജഗത്സ്വരുപ! ചിദാനന്ദാത്മക! അപ്രകാരമുള്ള നിന്തിരുവടി രോഗത്തില്‍നിന്നു എന്നു രക്ഷിക്കേണമെ.

ബാലലീലവര്‍ണ്ണനം എന്ന നാല്പത്തഞ്ച‍ാം ദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 468
വൃത്തം 1 മുതല്‍ 10 കൂടി മാലിനീ. 11-ശാര്‍ദൂലവിക്രീഡിതം. 12 വസന്തതിലകം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.