പണ്ടു കോസലരാജ്യത്ത് ഗാധിയെന്നുപേരായി ഒരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ ആരോടും ഒന്നും പറയാതെ ഏതോ ഒരു കാര്യത്തെ ഉദ്ദേശിച്ചുകൊണ്ട് കാട്ടിലേയ്ക്ക് പോയി. വിജനമായ വനാന്തര്‍ഭാഗത്തു ചെന്നു് ഒരു വലിയ പൊയ്കയില്‍ കഴുത്തുവരെ വെള്ളത്തിലിറങ്ങി നിന്നുകൊണ്ട് കഠിനമായ തപം ചെയ്തു. ആ സമയത്ത് ഭഗവാന്‍ ശ്രീനാരായണന്‍ ഒരു ദിവസം അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് സമാധിയില്‍നിന്നുണര്‍ത്തി അനുഗ്രഹിച്ച് ആവശ്യമുള്ള വരം വരിച്ചു കൊള്ളുവാന്‍ പറഞ്ഞു. ഗാധിബ്രാഹ്മണന്‍ ജലത്തില്‍നിന്നു കരയ്ക്കുകയറി ഭഗവാനെ പ്രദക്ഷിണം വച്ച് നമസ്കരിച്ച് ഭക്തിശ്രദ്ധകളോടെ സ്തുതിച്ചു. അനന്തരം തനിക്ക് മായയെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്. സാധിപ്പിച്ചു തന്നാല്‍ വേണ്ടില്ലെന്നപേക്ഷിക്കുകയും ചെയ്തു. അധികം താമസിയാതെത്തന്നെ മായയെ നേരില്‍ കാണാനിടയാകും. പിന്നെ സ്വീകരിക്കുന്നെങ്കില്‍ സ്വീകരിച്ചോളൂ; അല്ല തള്ളുന്നെങ്കില്‍ തള്ളിക്കോളൂ എന്ന് അരുളിചെയ്തു ഭഗവാന്‍ അന്തര്‍ദ്ധാനവും ചെയ്തു. ഭഗവാന്‍ പോയി മറഞ്ഞശേഷം ഗാധി സ്വന്തം ആശ്രമത്തിലേയ്ക്കു മടങ്ങി തന്റെ നിത്യകൃത്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തു.

പിന്നെയും കുറച്ചുദിവസം കൂടി ആ വനാന്തര്‍ഭാഗത്തുള്ള തന്റെ പര്‍ണ്ണശാലയില്‍ തന്നെ താമസിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം അടുത്തുള്ള മനോഹരമായ പൊയ്കയിലേക്ക് കുളിക്കാന്‍പോയി. വെള്ളത്തിലിറങ്ങി മുങ്ങിയതോടെ താന്‍പതിവായി ജപിച്ചുവരാറുള്ള മന്ത്രം വിസ്മരിക്കപ്പെട്ടു. മാത്രമല്ല തന്നെ കൂടിയും മറന്നു. തന്റെ ഗൃഹത്തില്‍ താന്‍ മരണശയ്യയില്‍ കിടക്കുന്നതായും ബന്ധുജനങ്ങളും ഭാര്യാമക്കളും അമ്മയുമൊക്കെ തന്റെചുറ്റുപാടുമായി നിന്നു വ്യസനിച്ചു കരയുന്നതും കണ്ടു. അധികം താമസിക്കാതെ താന്‍ മരിച്ചു. അതോടെ തന്റെ ഭാര്യയും അമ്മയും അസഹ്യമായ വ്യസനം കൊണ്ടു വാവിട്ടു നിലവിളിച്ചു. അനന്തരം ശവശരീരത്തെ എടുത്ത് ശ്മശാനത്തില്‍ കൊണ്ടുപോയി അഗ്നിയില്‍ സംസ്കരിക്കുകയും ചെയ്തു. പിന്നെ പ്രസിദ്ധമായ പ്ലണദേശത്തെ നാട്ടിന്‍പുറത്തുള്ള പറച്ചേരിയില്‍ ഒരു ചണ്ഡാളസ്ത്രീയുടെ ഗര്‍ഭോദരത്തില്‍ കിടക്കുന്ന കറുത്തുവികൃതമായ ഒരുകുഞ്ഞായിട്ടു തന്നെ കാണാന്‍തുടങ്ങി ഗാധി. കാലം കൊണ്ട് ഗര്‍ഭിണിയായ ആ ചണ്ഡാളസ്ത്രീ പ്രസവിച്ചു. താന്‍ ശിശുവായിവളരാനും തുടങ്ങി. ക്രമേണ പതിനാറുവയസ്സുകഴിഞ്ഞു; യൌവനത്തില്‍ എത്തിചേര്‍ന്നു. കറുത്തിരുണ്ട് തടിച്ച് ഒരു അഞ്ജനപര്‍വ്വതംപോലുള്ള ശരീരമായി തീര്‍ന്നു താന്‍. തനിക്കു അനുരൂപിണിയായ ഒരു ചണ്ഡാളകന്യകയെ വിവാഹവും കഴിച്ചു. അവളോടുകൂടി കാട്ടിലും വള്ളിക്കുടിലുകളിലും ഗുഹാന്തര്‍ഭാഗങ്ങളിലും മറ്റും ചുറ്റിനടന്നും നായാട്ടുചെയ്തും മററും ദിവസങ്ങള്‍ കഴിച്ചു. കാലംകൊണ്ട് അവളില്‍ തനിക്കു നാലഞ്ചു പുത്രന്മാരുണ്ടായി. അതോടെ യൌവനം കുറച്ചൊന്നു ക്ഷയിച്ചു. വിഷയഭോഗങ്ങളിലുള്ള ആശയും ചുരുങ്ങി. ശരീരം തന്നെ ഒന്നു തളര്‍ന്നു. ആ സമയത്തു സ്വഗൃഹത്തില്‍നിന്നല്പം ദൂരത്തായി കാട്ടിനുള്ളില്‍ രു പര്‍ണ്ണശാല കെട്ടി അതില്‍ ഒറ്റക്ക് താമസമായി. അങ്ങിനെയിരിക്കെ അവിചാരിതമായി തന്റെ ഭാര്യും കുട്ടികളുമെല്ല‍ാം മരിച്ചു പോയി. വ്യസനം സഹിക്കാന്‍ കഴിയാതെയായി. അതിനാല്‍ കുണ്ഠിതത്തോടുകൂടി രാജ്യംവിട്ട് എങ്ങേട്ടേയ്ക്കെന്നില്ലാതെ പോവാന്‍ തുടങ്ങി.നടന്നു നടന്നു ഒരു ദിവസം കീരദേശത്ത് എത്തിചേര്‍ന്നു. പുരോഭാഗത്തുതന്നെ നഗരമുഖ്യന്‍മാരായ ആളുകളും പൌരജനങ്ങളും അരമനയിലെ മന്ത്രിമുഖ്യന്‍മാരുമെല്ല‍ാം തിങ്ങികൂടിനില്‍ക്കുന്നുണ്ട്. അവരുടെ ഇടയില്‍ അലങ്കരിയ്ക്കപെട്ട ഒരു വലിയ കൊമ്പനാനയും ഉള്ളതായി കണ്ടു. എന്തോ ആഘോഷം നടക്കാന്‍ പോവുന്നുണ്ടന്നു കരുതി വിവരമൊന്നുമറിയാതെ ചണ്ഡാളഗാധിയും അതു നോക്കികൊണ്ടുനിന്നു.

ആന ജനങ്ങളുടെ ഇടയില്‍കൂടെ നടന്ന് ഓരോരുത്തരേയും നോക്കി നോക്കി അവസാനം ചണ്ഡാളഗാധിയെ തന്റെ തുമ്പിക്കൈകൊണ്ടടുത്തു പുറത്തുകയറ്റി ഇരുത്തി. അതുകണ്ടപ്പോള്‍ ജനങ്ങളൊക്കെ ആര്‍ത്തുവിളിക്കുകയും വാദ്യഘോഷങ്ങള്‍മുഴക്കുകയും ചെയ്തു. രാജാവു മരിച്ചുപോയ ആ രാജ്യത്തേക്കു അനന്തരരാജാവിനെ തിരഞ്ഞെടുക്കുകയായിരുന്നു ആന ചെയ്തത് . അതൊന്നും അദ്ദേഹം മനസ്സിലാക്കിയിട്ടുമില്ല. അല്പസമയം ആനയുടെ പുറത്തിരുന്നപ്പോഴേക്ക് ആളുകള്‍ നാലു ഭാഗവും വന്നു നിറഞ്ഞു. തന്നെ ആന പുറത്തുനിന്നിറക്കി. പല്ലക്കില്‍ കയറ്റി അരമനയിലേക്ക് കൊണ്ടുപോയി. അതോടെ മഹാരാജാവെന്ന ശബ്ദം സര്‍വ്വത്ര ഉയര്‍ന്നുവരികയും ജനങ്ങള്‍ തന്നെ ഭക്തിബഹുമാനങ്ങളോടെ ആദരിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്തുതുടങ്ങി. അന്തപുരസ്ത്രീകള്‍ വളരെ വേഗത്തില്‍ പുതിയ മഹാരാജാവിനെ അലങ്കരിച്ചു മോടിപിടിപ്പിച്ചു. മന്ത്രിമാരും നഗരമുഖ്യന്മാരും മഹാരാജാവിനെ മുഖം കാണിച്ചു സ്വയം പരിചയപ്പെടുകയും ചെയ്തു. രാജ്യത്തിലെ സംഗതികളൊക്കെ സ്വയം മനസിലാക്കിയ മഹാരാജാവ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ അവിടെ സുരക്ഷിതമായൊരു ഭരണം സ്ഥാപിച്ചു. എല്ലാരാജഭോഗങ്ങളെ അനുഭവിച്ചും രാജ്യം ഭരിച്ചും കൊണ്ട് എട്ടുകൊല്ലകാലം അങ്ങനെ കഴിഞ്ഞു. അപ്പോഴാണൊരു പ്രത്യേക സംഭവമുണ്ടായത്.

ഒരു ദിവസം മഹാരാജാവു് വസ്ത്രാലങ്കാരങ്ങളൊന്നുമില്ലാതെ ഏകവസ്ത്രനായി അരമനയുടെ പുറത്ത് ഒറ്റയ്ക്കു കാറ്റുകൊള്ളാന്‍വേണ്ടി വന്നുനിന്നതായിരുന്നു. ആ സമയത്ത് ഒരു സംഘം ചണ്ഡാളന്മാര്‍ അവിടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടു നിന്നിരുന്നു, മഹാരാജാവു് അവരെ നോക്കിരസിച്ചുകൊണ്ടു കുറച്ചു നേരമങ്ങനെ നിന്നു. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്നു വൃദ്ധനും രക്താക്ഷനുമായ ഒരുചണ്ഡാളന്‍ മഹാരാജാവിനെ നോക്കി “അല്ലേ കാഞ്ജകാ! നീ ഞങ്ങളെയൊക്കെ വിട്ട് ഇത്രകാലം എവിടെപ്പോയി? ഭാഗ്യം കൊണ്ട് ഇപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞുവല്ലോ” എന്നുപറഞ്ഞു മഹാരാജാവതിനു മറുപടിയൊന്നും പറയാതെ പോവുകയും ചെയ്തു. എങ്കിലും ഈ സംഭവം ജനലില്‍ക്കൂടി അന്ത:പുരസ്ത്രീകള്‍ കണ്ടു. തങ്ങളുടെ രാജാവു ചണ്ടാളനാണെന്നവര്‍ക്കു ബോദ്ധ്യമായി. ക്ഷണനേരംകൊണ്ട് ഈ വാര്‍ത്ത നാടുമുഴുവന്‍ പരന്നു, ജനങ്ങള്‍മുഴുവന്‍ വല്ലാതെ വ്യസനിച്ചു. എട്ടു കൊല്ലം ചണ്ഡാളനോടുകൂടി കഴിയുകയാണല്ലോ ചെയ്തത്, ഒരു പ്രായശ്ചിത്തം കൊണ്ടും അതിനു പരിഹാരമാകാന്‍ പോകുന്നില്ല എന്നു തീര്‍ച്ചപ്പെടുത്തി ആ നഗരവാസികള്‍ മിക്കവാറും അഗ്നി പ്രവേശം ചെയ്തു മരിച്ചു. അതു കണ്ട രാജാവു് താന്‍ ഹേതുവായി ഇത്രയും ജനങ്ങള്‍ക്ക് അത്യാഹിതം വന്നുവല്ലോ എന്നു വിചാരിച്ചു വ്യസനിച്ചു താനും അഗ്നിപ്രവേശം ചെയ്തു. തീ തട്ടി ചുട്ടപ്പോള്‍ വീണ്ടും ബോധമുണ്ടായി. ഗാധി ബ്രാഹ്മണന്‍ വെള്ളത്തില്‍ നിന്നും കരയ്ക്കു കയറുകയും ചെയ്തു.

അത്ഭുതകരവും അസാധാരണവുമായ ഭ്രാന്തിയാല്‍ ആവിഷ്ടനായ ഗാധിബ്രാഹ്മണന്‍ കരയ്ക്കു കയറി. ചിത്തത്തിന്റെ വിഭ്രാന്തിയെയോര്‍ത്ത് ആശ്ചര്യപരവശനായി. കാട്ടില്‍ അലഞ്ഞു കൊണ്ടിരിക്കുന്ന നരിയെപ്പോലെയാണ് മനസ്സ് ഈ സംസാരക്കാട്ടില്‍ എല്ലായിടത്തും എപ്പോഴും അലഞ്ഞുകൊണ്ടിരിക്കും, അതാണു മനസ്സിന്റെ സ്വഭാവം, എന്നൊക്കെ വിചാരിച്ച് കുളികഴിച്ച് ആശ്രമത്തിലേക്ക് മടങ്ങുകയും ചെയ്തു. വിശേഷസംഭവങ്ങളൊന്നും കൂടാതെ നാലു ദിവസം കഴിഞ്ഞു. ഒരു ദിവസം വൈകുന്നേരം ഒരു ബ്രാഹ്മണന്‍ അതിഥിയായി ഗാധിയുടെ ആശ്രമത്തില്‍ വന്നു കയറി. കുശലപ്രശ്നം ചെയ്ത് അദ്ദേഹത്തെ വേണ്ടപോലെ ഉപചരിയ്ക്കുകയും ചെയ്തു. ആഹാരം കഴിച്ചു രാത്രി കിടക്കുമ്പോള്‍ രണ്ടുപേരും പല കഥകളേയും പറഞ്ഞുകൊണ്ടിരിക്കേ ഗാധിബ്രാഹ്മണന്‍ അതിഥിയോട് അദ്ദേഹത്തിന്റെ ശരീരത്തിനിത്ര തട്ടാനെന്താണു് കാരണമെന്നന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഉത്തരപ്രദേശത്തു ‘കീര’മെന്നു പ്രസിദ്ധമായൊരു രാജ്യമുണ്ട്. അവിടെ കുറച്ചു ദിവസം താമസിയ്ക്കാനിടയായി. അവിടെ എട്ടുകൊല്ലക്കാലം ഒരു ശ്വപകന്‍ രാജ്യം ഭരിക്കാനിടയായി. അതു ജനങ്ങളറിയാനിടവന്നപ്പോള്‍ എല്ലാവരും വളരെ ദു:ഖിച്ചു. അസംഖ്യം ആളുകള്‍ പ്രസ്തുത ധര്‍മ്മഭ്രംശത്തിനു പ്രായശ്ചിത്തമില്ലെന്നു കരുതി അഗ്നിയില്‍ തങ്ങളുടെ ശരീരത്തെ ആഹൂതിചെയ്തു പരഗതിയട‍ഞ്ഞു. അതുകണ്ടു ശ്വപചരാജാവും പശ്ചാത്താപത്താല്‍ അഗ്നി പ്രവേശം ചെയ്തു മരിച്ചു. അതാണിവിടെ ജനങ്ങള്‍ കുറവായിട്ടിരിക്കുന്നതെന്നു് ആ നാട്ടുകാര്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ ധര്‍മ്മഭ്രഷ്ടരായ ആളുകളോടുകൂടി വളരെ ദിവസം ഒന്നിച്ചു കഴിഞ്ഞതിനാല്‍ താനും ധര്‍മ്മഭ്രഷ്ടനായല്ലോ എന്നു പരിതപിച്ച് അതിന്റെ പ്രായശ്ചിത്തമായി പ്രയാഗയില്‍വന്നു സ്നാനം ചെയ്ത് ഒരു ചന്ദ്രായനവ്രതം അനുഷ്ടിച്ചുവരുന്നവരാണ്. അതാണിത്ര ക്ഷീണം.

അതു കേട്ടപ്പോള്‍ ഗാധി ബ്രാഹ്മണനൊന്നു കൂടി ആശ്ചര്യപ്പെട്ടു. തന്റെ ചരിത്രമാണല്ലോ ഇദ്ദേഹം പറയുന്നതെന്നിങ്ങനെ അദ്ദേഹം അത്ഭുത പരവശനായി. ഏതായാലും അദ്ദേഹത്തോട് ഒന്നും പറഞ്ഞില്ല. പിറ്റേന്നു പ്രഭാതത്തില്‍ അതിഥി യാത്രയും പറഞ്ഞു പോയപ്പോള്‍ ഗാധി പ്രസ്തുത പ്രദേശങ്ങളെ നേരില്‍കാണാനുള്ള കൌതുകത്തോടുകൂടി പുറപ്പെട്ടു. ആദ്യംതന്നെ ഹൂണരാജ്യത്തെ പറച്ചേരിയിലേക്കാണു പോയത്. തനിയ്ക്ക് ധാരാളം പരിചയം തോന്നുന്ന ആ കുഗ്രാമത്തെയും പരിസരത്തെയും അനന്തരം താന്‍ താമസിച്ചു വന്ന തന്റെ ഗൃഹത്തെയും പരിചയപ്പെട്ട ആളുകളെയും തന്റെ തന്നെ കുടുംബ‍ാംഗങ്ങളേയും എന്നുവേണ്ട, വെള്ളത്തില്‍വെച്ച് അനുഭവിച്ച സ്വപ്നത്തില്‍ കണ്ട വസ്തുക്കളേയും ആളുകളേയുമെല്ല‍ാം അദ്ദേഹമിവിടെകണ്ടു. ഇതില്‍പരം അത്ഭുതത്തിന് ഇനിയെന്താണു വേണ്ടത് ? ഭഗവാന്‍ മായയെ അധികം താമസിയാതെ കാണുമെന്നനുഗ്രഹിച്ചിരുന്ന കഥ അപ്പോഴാണോര്‍മ്മവന്നത്. ഭഗവാന്മായയുടെ വൈഭവത്തെത്തന്നെയാണു് താന്‍ കണ്ടതെന്നു അദ്ദേഹത്തിനു ബോധ്യമായി.

അനന്തരം കീര രാജ്യത്തുകൂടെ പോവാന്‍വേണ്ടി അവിടേയ്ക്ക് യാത്രയായി അന്വേഷിച്ചറിഞ്ഞു  ചില ദിവസങ്ങളെക്കൊണ്ടു കീരരാജ്യത്തെത്തിചേര്‍ന്നു. താന്‍ താമസിച്ച അരമനയെയും പരിചയപ്പെട്ട ആളുകളെയും പദാര്‍ത്ഥങ്ങളെയുമെല്ല‍ാം അവിടെയും കണ്ടു. ജനങ്ങളോട് അന്വേഷിച്ചതില്‍ താന്‍ അനുഭവിച്ച അനുഭവങ്ങളെത്തന്നെ അവരെല്ലാവരും പറയുകയും ചെയ്തു. എങ്ങനെ ഈ രൂപത്തിലെല്ല‍ാം സംഭവിച്ചുവെന്ന് എത്രയൊക്ക ആലോചിച്ചിട്ടും ഗാധിബ്രാഹ്മണന് അരിയാന്‍കഴിഞ്ഞില്ല. സ്വപ്നത്തില്‍ എന്തൊക്കെയോ അസംഭാവ്യങ്ങളായ അനുഭവങ്ങളെ കണ്ടേയ്ക്ക‍ാം. എന്നാല്‍ അതു സത്യമാകുന്നതെങ്ങനെ? അതാണദ്ദേഹത്തിനാശ്ചര്യം. താന്‍ വെറും രണ്ടുനാഴിക സമയംകൊണ്ടനുഭവിച്ച അനുഭവങ്ങളാണ്. എന്നാല്‍ കുറേ കൊല്ലങ്ങളിലേയുമാണ്. കുറേകൊല്ലങ്ങളിലെ അനുഭവങ്ങള്‍ ഒന്നിച്ച് ഒരു ചെറിയ സമയം കൊണ്ടനുഭവിക്കുകയെന്നതു സ്വപ്നത്തിലായാലും കുറേവിഷമമുള്ളതു തന്നെ. എങ്കിലും സ്വപ്നമായതുകൊണ്ട് എന്തും സംഭവിച്ചേക്കാമെന്ന് വിശ്വസിച്ചാലും അവ തത്തല്‍കാലദേശങ്ങളില്‍ സത്യമായി പതിഞ്ഞു കിടക്കുന്നതെങ്ങനെ? ഇതായി ബ്രാഹ്മണന്റെ വിചാരം. എത്രയൊക്കെ വിചാരിച്ചിട്ടും അതിന്റെ പരമാര്‍ത്ഥ സ്ഥിതിയൊന്നും അറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ എങ്ങനെയെങ്കിലും അതറിഞ്ഞേപററൂ എന്നു തീര്‍ച്ചപ്പെടുത്തി അദ്ദേഹം വീണ്ടും തപസ്സിനു പേയി. ഗഹനമായ വനാന്തര്‍ഭാഗത്തുള്ള വിചനമായ ഗുഹയിലിരുന്നു മനോബുദ്ധീന്ദ്രിയങ്ങളെഅടക്കി കഠിനമായ തപസ്സാചരിയ്ക്കാന്‍ തുടങ്ങി. അങ്ങനെ കുറേ കാലം കഴിഞ്ഞപ്പോള്‍ വീണ്ടും കരുണാമയനും വിജ്ഞാനമൂര്‍ത്തിയുമായ ഭഗവാന്‍ ശ്രീനാരായണന്‍ പ്രത്യക്ഷപ്പെട്ടു് അദ്ദേഹത്തിനു ദര്‍ശനം കൊടുത്തു. സന്തുഷ്ടനും ഭക്തി പരവശനുമായ ബ്രാഹ്മണന്‍ ഭഗവാനെ സ്തുതിച്ചു നമസ്കരിച്ചു.
ഇതിനുമുമ്പ് ആവശ്യപ്പെട്ടപ്രകാരം മായാദര്‍ശനം സാധിച്ചില്ലേ? ഇനി ഇപ്പോഴെന്താണു വേണ്ടതെന്നു ചോദിച്ചു ഭഗവാന്‍. മായാനുഭവങ്ങള്‍ അസത്യങ്ങളാണല്ലോ.അവ സ്വപ്നദൃശ്യങ്ങളായി അനുഭവിച്ചു. എന്നാല്‍ അവതന്നെ സത്യമായി സംഭവിച്ചതായും കണ്ടു. അതെങ്ങനെയാണെന്നറിഞ്ഞില്ല. അതറിയുകയാണ് വേണ്ടതെന്നാവശ്യപ്പെട്ടു ഗാധിബ്രാഹ്മണന്‍. ഭഗവാന്‍ ചിരിച്ചു കൊണ്ടരുളിചെയ്തു. മായതന്നെ അസത്യമാണെന്നു ബോധ്യപ്പെട്ട സ്ഥിതിയ്ക്ക് അതിലെ സത്യവും അസത്യവുമെല്ല‍ാം കേവലം ഇല്ലാത്തതല്ലാതെ ഉള്ളതാവുന്നതെങ്ങിനെ? ജ്ഞാനമില്ലാതിരിക്കും കാലത്തോളം ഭ്രമം അനിവാര്യമാണ്. ഭ്രമംകൊണ്ടു പരമാര്‍ത്ഥത്തെ മറന്നു മായയ്ക്കു വശഗനായിരിക്കുന്ന ഒരാള്‍ക്കു സത്യത്തെ അറിയാന്‍ കഴിയാതെ വന്നാല്‍ അത്ഭുതവുമല്ല. കാണപ്പെടുന്ന പ്രപഞ്ചംമുഴുവന്‍ തന്റെ ചിത്തത്തിലാണ് നില്ക്കുന്നവെന്ന് ആദ്യം ബോധിപ്പിയ്ക്കണം. പൃഥ്വിവാദിഭൂതങ്ങളെയും മറ്റനന്തകോടി പദാര്‍ത്ഥങ്ങളെയും എപ്പോഴും പ്രദര്‍ശിപ്പിച്ചുകോണ്ടിരിക്കുന്ന ഒരാളുടെ ചിത്തം കുറച്ചു സമയം ചണ്ഡാളത്വത്തെ കാണിച്ചുവെന്നാലതിനെന്താണത്ഭുതം! അങ്ങനെതന്നെ വെള്ളത്തിനുള്ളില്‍വച്ചനുഭവിച്ച അനുഭങ്ങളെല്ല‍ാം വെറും തോന്നല്‍മാത്രമായിരുന്നു. പരമാര്‍ത്ഥമല്ല എന്നു വിശ്വസിച്ചതുപോലെ അതിഥി ബ്രാഹ്മണന്‍ വന്നുവെന്നും അദ്ദേഹത്തിന്റെ വാക്കിനെ ആസ്പദിച്ചും ഹൂണരാജ്യത്തും കീരരാജ്യത്തും പോയിനോക്കിയെന്നുള്ളതും തോന്നലാണന്നു വിശ്വസിയ്ക്കാന്‍ കഴിയാത്തതാണാശ്ചര്യം! അതും തോന്നല്‍ തന്നെ. ആദ്യത്തെതോന്നല്‍ സ്വപ്നത്തിലായിരുന്നെങ്കില്‍ രണ്ടാമത്തേതു ജാഗ്രത്തിലാണന്നുമാത്രമേ വ്യത്യാസമുള്ളു. ജാഗ്രത്തും സ്വപ്നവും ബുദ്ധിയുടെ രണ്ടു വൃത്തികള്‍ അല്ലെങ്കില്‍ മായയുടെ രണ്ട് രൂപങ്ങള്‍ മാത്രമാണ്. സ്വപ്നത്തില്‍ കാണുന്ന തന്റെ അനുഭവങ്ങള്‍ തനിയ്ക്കെന്ന പോലെ താന്‍ കാണുന്ന മറ്റുള്ളവര്‍ക്കും സത്യമാണല്ലോ.അതുപോലെത്തന്നെ ജാഗ്രത്തിലും. രണ്ടും ചിത്തത്തിലാണു് നടക്കുന്നതു്. ജ്ഞാനമുണ്ടാവുമ്പാള്‍ അതൊക്കെ ബോദ്ധ്യമാവും. കുറെക്കാലം ഏകാന്തമായ ഒരുസ്ഥലത്തിരുന്നു തപസ്സു ചെയ്താല്‍ ജ്ഞാനമുണ്ടാവുകയും. എന്നൊക്കെ അരുളിചെയ‍്തു ഭഗവാന്‍ അന്തര്‍ദ്ധാനവും ചെയ‍്തു.

അതിനാല്‍ ഹേ രാമാ! ചിത്തത്തിന്റെ വൃത്തിവിശേഷങ്ങളല്ലാതെ മറ്റൊന്നുമല്ല സംസാരം. വാസനകളാണ് വൃത്തിയ്ക്കു ഹേതു , വാസനയും വൃത്തിയും കേവലം നീങ്ങുമ്പാള്‍ ചിത്തംതന്നെ ഇല്ലാതാവും. അപ്പോള്‍ അദ്വൈതമായ പരതത്വത്തില്‍ നിത്യ വിശ്രാന്തിയും കിട്ടും. അതിനാല്‍ വൃത്തികളെയും വാസനകളെയും അതുവഴി ചിത്തത്തേയും അടക്കാന്‍ ശ്രമിക്കൂ.വസിഷ്ഠമഹര്‍ഷി പറയുകയാണ് :ഹേ രാമചന്ദ്ര ! ഏര്രവും വിഷമസ്വരൂപിണിയായ ഈ മാമ പരമാത്മാവില്‍ സ്ഥിതി ചെയ്യുന്നു. മനസ്സിനെ വേണ്ട പോലെ അടക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അല്പ ബുദ്ധികള്‍ക്ക് ഏറ്റവും ആപല്കാരിണിയാണ് പ്രസ്തുത മായ. തന്റെ ചിത്തത്തിനെ വേണ്ട പോലെ അടക്കലല്ലാതെ ഭയങ്കരമായ സംസാരത്തില്‍നിന്നു രക്ഷപ്പെടാന്‍ മറ്റ് യാതൊരു മാര്‍ഗ്ഗങ്ങളുമില്ല . കഴിഞ്ഞതിനെ ഓര്‍മ്മിയ്ക്കാതെയും വരാന്‍പോവുന്നതിനെ സങ്കല്പിക്കാതെയും വര്‍ത്തമാനാനുഭങ്ങളെ നിസ്സംഗനായനുഭവിച്ചു നിശ്ചിന്തനായികഴിയുന്നവനു കാലം കൊണ്ടു മനസ്സ് അടങ്ങി ശാന്തമാവും. അപ്പോള്‍ സംസാരമുക്തിയും കൈവരും. ചിത്തത്തോടു കൂടാത്ത ചേതനത്തെയാണ് പ്രത്യേകചേതനമെന്നു പറയുന്നത്. അതില്‍ മനസ്സിന്റെ വികാസമാല്ലെന്നതിനാല്‍ അവിദ്യാമലവുമില്ല. മനസ്സ് കേവലം ഇല്ലാതായി തീര്‍ന്നിട്ടുള്ള അവസ്ഥ ഏതായാലും അതു സത്യാവസ്ഥയാണ്.അത്യന്തമംഗളകരവും പരമാത്മാനുഭൂതിയോടുകൂടിയതുമാണ് ആ അവസ്ഥ.

അദ്ധ്യാത്മശാസ്ത്രത്തിലും സജ്ജനാചാരത്തിലും സല്‍സംഗത്തിലും ചിത്തത്തെ രമിപ്പിക്കാനും ലയിപ്പിക്കാനും തുടങ്ങണം ആദ്യത്തില്‍. അവയില്‍ രമിക്കാന്‍ തുടങ്ങിയ ചിത്തം പിന്നെ മറ്റു വിഷയങ്ങളിലേക്ക് ഓടിപ്പോവാതാവും. സ്വീകരിയ്ക്കുക, ഉപേക്ഷിയ്ക്കുക തുടങ്ങി ദ്വന്ദ്വമയങ്ങളായ കര്‍മ്മങ്ങളെയോ അനുഭവങ്ങളെയോ ചെയ്യുകയും അനുഭവിയ്ക്കുകയും ചെയ്താല്‍ കൂടി അവയിലൊന്നും ചിന്തയോ ആശയോ കര്‍ത്തൃത്വബുദ്ധിയോ കൂടാതെ കേവലം സംവിന്മാത്രനായിരിയ്ക്കണം. ഞാന്‍, എന്റെ എന്ന രണ്ടു ഭാവങ്ങളാണ് നാമരൂപങ്ങളെ നിലനിര്‍ത്തുന്നത്. അതിനാല്‍ പ്രസ്തുത രണ്ടു ഭാവങ്ങളെ പൊന്താന്‍പോലും സമ്മതിക്കരുതു്. വിവേകിയായ ഒരാള്‍ അഹന്താമമതകളെ അല്പംപോലും മാനിക്കുന്നില്ല.അവയെ ഹഠാല്‍ അകറ്റുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്ന ഒരാള്‍ക്ക് കാലംകൊണ്ടു ദൃശ്യമലങ്ങള്‍ നീങ്ങും. ദൃശ്യങ്ങളുള്ളേടത്തോളം കാലം ദു:ഖത്തെയല്ലാതെ ആരും സുഖത്തെ പ്രാപിക്കുന്നില്ല.

അഹന്താമമതകള്‍, രാഗദ്വേഷങ്ങള്‍,സുഖദു:ഖങ്ങള്‍ തുടങ്ങിയ ദ്വന്ദ്വങ്ങളെല്ല‍ാം നാമരൂപങ്ങളെ കെട്ടി നിര്‍ത്തുന്ന കയറുകളാണ് . അവയെ നിസ്സന്ദേഹം മുറിച്ചുകളയുകതന്നെ വേണം. എങ്കില്‍ മാത്രമേ ദൃശ്യമാലിന്യങ്ഹളില്ലാതെ എപ്പോഴും സംവിന്മാത്രനായിരിയ്ക്കാന്‍ സാധിയ്കൂ. സംവിന്മാത്രത്വം നിലനിര്‍ത്തുകതന്നെ വേണം. ഞാന്‍,നീ തുടങ്ങിയ ഭേദഭാവങ്ങള്‍ മുഴുവന്‍ നീങ്ങികേവലം സംവിന്മാത്രനായിരിയ്ക്കുന്ന ഒരാളുടെ സംസാരഹേതുവായ മോഹങ്ങളെല്ല‍ാം നശിക്കും. ഒരാളുടെ സംസാരഹേതുവായ മോഹങ്ങളെല്ല‍ാം നശിയ്ക്കും.പദാര്‍ത്ഥ ഭാവനകൊണ്ടാണ് ചിത്തം തടിയ്ക്കുന്നത്. ചിത്തത്തിനു സ്ഥൌല്യം സംഭവിച്ചു കഴിഞ്ഞാല്‍ ആത്മജനം അകന്നുപോകാതിരിയ്ക്കാന്‍ വയ്യ. അങ്ങിനെ സംഭവിയ്ക്കുമ്പോഴാണ് നാമരൂപഭാവനകള്‍ക്കു ദാര്‍ഢ്യമുണ്ടായിത്തീരുന്നത്. അനാത്മ വസ്തുക്കളില്‍ ആത്മഭാവനകൊണ്ടും ശരീരാഭിമാനം കൊണ്ടും പുത്രദാരാദികളിലുള്ള ആസ്ഥനകൊണ്ടുമാണ് ചിത്തം തടിയ്ക്കുന്നത്. അങ്ങിനെ സംഭവിയ്ക്കാതിരിയ്ക്കാന്‍ എപ്പോഴും ശ്രദ്ധിയ്ക്കണം. കൂടാതെ ആധിവ്യാധികളെകൊണ്ടും അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന സംസാരവിഷയങ്ങള്‍ നല്ലവയാണന്ന തോന്നല്‍കൊണ്ടും ചിത്തം സ്ഥൂലമായി തീരും. ചിന്മാത്രത്വം വിട്ടും ചിത്തം സ്ഥൂലമാവാതിരിയ്ക്കാന്‍ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിയ്ക്കണം. അതിനാല്‍ ഉദ്ദാളമുനിയെന്ന പോലെ, ഹേ രാഘവാ പഞ്ചഭൂതങ്ങളെപ്പോലും അറിയാത്തനിലയില്‍ എപ്പോഴും ഇരിയ്ക്കാന്‍ ശ്രമിയ്ക്കൂ.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.