ഹേ രാമ! ശ്രദ്ധയോടുകൂടി കേള്‍ക്കൂ. മഹാനായ ഉദ്ദാളകന്റെ ദിവ്യമായ ചരിത്രത്തെ ഞാന്‍ പറയ‍ാം. ഒരു വലിയ തപസ്വി ആയിരുന്നു ഉദ്ദാളമഹര്‍ഷി. അദ്ദേഹം ഗാന്ധമാദനപര്‍വ്വതത്തിന്റെ താഴ്വരയിലാണ് വലരെ കാലം താമസിച്ചുവന്നത്. അദ്ദേഹം ആദികാലത്ത് അല്പപ്രജ്ഞനും അവിവേകിയുമായിരുന്നെങ്കിലും വളരെക്കാലം കഠിനമായ തപസ്സും തീവ്രമായ തത്വവിചാരവും ചെയ്തുവന്നതിനാല്‍ കാലം കൊണ്ടു വിവേകിയും ജ്ഞാതജ്ഞേയനുമായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ വിചാരസമ്പ്രാദായത്തെപ്പറയ‍ാം.

ഏതൊരു തത്വത്തിലാണ് എന്റെ ചിത്തത്തെ ലയിപ്പിയ്ക്കേണ്ടതു്? ഏതില്‍ ലയിപ്പിച്ചാലാണ് വിശ്രാന്തനായിതീരുന്നത് ഇത് ചെയ്തു കഴിഞ്ഞു; ഇനി അതു ചെയ്യണം എന്നിങ്ങനെയുള്ള കര്‍ത്തവ്യതാഭ്രാന്തിയും മററുമുള്ളേടത്തോളം കാലം ചിത്തവിശ്രാന്തിയെന്നതുണ്ടാവാന്‍ പോകുന്നില്ല. അതിനാല്‍ അങ്ങനെയുള്ള ഭാവങ്ങളൊന്നുമില്ലാത്ത ഒന്നിലായിരിയ്ക്കണം ചിത്തത്തെ ലയിപ്പിയ്ക്കുന്നത്. എങ്കിലേ ഉപശമവും വിശ്രാന്തിയും കിട്ടാന്‍പോകുന്നുള്ളു. അല്പം പോലും സങ്കല്പമില്ലാതെ നിര്‍വ്വികല്പമായ പരമഭാവത്തില്‍ ലയിച്ചുകൊണ്ട് എന്നാണ് കല്ലെന്നപോലെ നിശ്ചലനായിരിയ്ക്കാന്‍ കഴിയുന്നത് !എന്നിങ്ങനെ പലതും വിചാരിച്ചു കൊണ്ടുള്ള ബ്രാഹ്മണന്‍ ധ്യാനമഭ്യസിയ്ക്കന്‍ തുടങ്ങി.

വളരെ ദിവസ്സം ധ്യാനത്തെ പരിശീലിച്ചു നോക്കിയെങ്കിലും ചിത്തത്തിനു വിശ്രാന്തിയോ നിവൃതിയോ ഒന്നും തന്നെ ലഭിച്ചില്ല. വാനരനെന്നപോലെ ചപലമായിരിയ്ക്കുന്ന മനസ്സ് അതിന്റെ പൂര്‍വ്വപരിചയമായ വിഷയപദാര്‍ത്ഥഭാവനനയെ വിട്ട് ഒരു നിമിഷമെങ്കിലും സ്വസ്തയെ പ്രാപിച്ചില്ല. അതിനാല്‍ ധ്യേയത്തെ ഭവിയ്ക്കാന്‍പോലും കഴിഞ്ഞില്ല. ആ നിലയുള്ളപ്പോള്‍ ധ്യാനമെന്നു പറഞ്ഞാലും വിഷയഭാവന തന്നെയാണല്ലോ ഒരാള്‍ക്കുള്ളത്. വിഷയഭാവനകൊണ്ട് ദു:ഖമല്ലാതെ സുഖമുണ്ടാകാനും വയ്യ . അതു തന്നെയാണ് ഉദ്ദാളമുനിയ്ക്കനുഭവപെട്ടതും ചിലപ്പോള്‍ അകത്തുള്ള വാസനാസ്വരൂപങ്ങളായ വിഷയങ്ങളെയാണ് ധ്യാനദൃഷ്ടില്‍ കാണുന്നതെങ്കില്‍ മററു ചിലപ്പോള്‍ ബാഹ്യവിഷയങ്ങളെക്കാണ‍ാം. മറ്റു ചിലപ്പോള്‍ അന്ധകാരത്തെ മാത്രവും വേറെ ചിലപ്പോള്‍ ആകാശത്തെയും കാണ‍ാം. ഏതായാലും ധ്യേയവസ്തുവിനെ കാണലോ അറിയലോ ഇല്ല. അതു കാരണത്താല്‍ വിശ്രാന്തിയുമില്ല. ഇങ്ങിനെവളരെ ദിവസങ്ങളോളം വിഷമിച്ചു ഉദ്ദാളമഹര്‍ഷി.

ഓരോ ദിവസം ചെല്ലുംതോറും നിരാശയും വ്യാകുലതയും വര്‍ദ്ധിച്ചുവന്നു. അതിന്റെ ഫലമായി ഒരുദിവസം എന്തുവന്നാലും വരട്ടെയെന്ന ഉദ്ദേശത്തോടുകൂടി പര്‍വ്വതപാര്‍ശ്വത്തില്‍ ഭയങ്കരവനത്തിന്റെ മദ്ധ്യത്തിലുള്ള ഒരു ഗുഹയില്‍ പ്രവേശിച്ചു. ഇലകളെകൊണ്ട് ആസനമുണ്ടാക്കി അതില്‍ മാന്‍തോല്‍ വിരിച്ച് വടക്കുതിരിഞ്ഞ് പത്മാസനസ്ഥനായി നീണ്ടു നിവര്‍ന്നിരുന്നു. ചിത്തത്തെ വാസനകളില്‍നിന്നു വേര്‍പെടുത്തി. വാസനാപ്രവാഹത്തെ ഫലപ്രദമ‍ാംവണ്ണം തട‍ഞ്ഞു. അനന്തരം ഞാനെന്ന തത്വമേതാണെന്നു വിചാരം കൊണ്ടുപരിശോധിയ്ക്കാന്‍ തുടങ്ങി. സ്ഥൂല സുക്ഷങ്ങളായശരീരങ്ങളിലും അവയുടെ ഘടകങ്ങളിലും മുഴുവന്‍ പരിശോധിച്ചു. അവയിലൊന്നിലും പ്രസ്തുത ശബ്ദത്തിന്റെ സത്തയെകാണാന്‍ കഴിഞ്ഞില്ല. മാത്രമല്ല, അവയെല്ല‍ാം കേവലം ജഡങ്ങളും തന്റെസാനിദ്ധ്യംകൊണ്ടുമാത്രം ചേഷ്ടിക്കുന്നവയുമാണെന്നും ബോധ്യമായി. അപ്പോള്‍ താന്‍ എല്ലാവിധ ജഡവസ്തുക്കളില്‍ നിന്നതീനവും ചൈതന്യമാത്രവുമാണന്നും അറിയാന്‍ കഴിഞ്ഞു. പ്രസ്തുത ചൈതന്യം ഏകവും അദ്വിതീയവും സത്താമാത്രവും സര്‍വ്വത്തിനും ആധാരവും അണുവില്‍വെച്ചു അണുവും, മഹത്തില്‍വെച്ചു മഹത്തുമാണെന്നും ബോദ്ധ്യമായി. അതൊന്നൊഴിച്ചു മറ്റെല്ല‍ാം അസത്യവും അതുമാത്രം സത്യമെന്നും അറിയാന്‍ കഴിഞ്ഞു. ആ അദ്വൈതചൈതന്യമാകുന്ന തനിയ്ക്ക് സുഖദു:ഖങ്ങളോ, പുണ്യപാപങ്ങളോ,കര്‍ത്തവ്യാകര്‍ത്തവ്യങ്ങളോ ഒന്നുമില്ലെന്നും സാക്ഷാല്‍ അമൃതസ്വരൂപമാണെന്നും വ്യക്തമായറിഞ്ഞു.

മനസ്സ് ഒന്നു മാത്രമാണ് എല്ലാവിധദു:ഖങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ഏകമായ ഹേതു. വാസനാപ്രചോദനംകൊണ്ടു ശബ്ദാദി വിഷയങ്ങളില്‍ ഭ്രമിച്ചു ശ്രവണാദി ഇന്ദ്രിയങ്ങളായി തീര്‍ന്നു. തത്തദ്വിഷയങ്ങളെ ഗ്രഹിച്ചും സുഖദു:ഖങ്ങള്‍കൊണ്ടും രാഗദ്വേഷങ്ങള്‍കൊണ്ടും ബന്ധിയ്ക്കപ്പെടുന്നതും മനസ്സാണ്. എട്ടുകാലി നൂലുകൊണ്ട് വലകെട്ടി താന്‍ തന്നെ ബദ്ധനായിതീരുന്നതുപോലെ മനസ്സു സ്വയം അനര്‍ത്ഥത്തെ ഉണ്ടാക്കി തന്നെത്താന്‍ ബദ്ധനായിതീരുകയാണ്. ഏതെങ്കിലും ഒരിന്ദ്രിയം അതിന്റെ വിഷയത്തില്‍ ആസക്തമായാല്‍ത്തന്നെ ആ വ്യക്തി നശിക്കുന്നുവെന്നതിനു തെളിവാണ് മാന്‍, ആന, പാറ്റ, മത്സ്യം, വണ്ട് എന്നീ അഞ്ചു ജീവികള്‍. ശബ്ദത്തിലുള്ള ആസക്തികൊണ്ട് ശ്രവണേന്ദ്രിയം മാനിനെ കൊല്ലുന്നു. സ്പര്‍ശത്തിലുള്ള ആഗ്രഹം കൊണ്ട് ത്വഗീന്ദ്രിയം ആനയെയും രൂപശക്തികൊണ്ടു ദൃഗീന്ദ്രിയം പാറ്റയെയും കൊല്ലുന്നു. അന്നലാലസത്വംകൊണ്ടുരസന മത്സ്യത്തെ നശിപ്പിയ്ക്കുന്നു. ഗന്ധാസക്തി വണ്ടിനെയും കൊല്ലുന്നു. ഇങ്ങിനെ ഓരോ ഇന്ദ്രിയം ഓരോജീവിയെയും കൊല്ലുന്നസ്ഥിതിയ്ക്കു പ്രസ്തുത അഞ്ചിന്ദ്രിയങ്ങളും കൂടിചേര്‍ന്ന മനുഷ്യന്റെ സ്ഥിതി പറയാനുണ്ടോ? അതിനാല്‍ പ്രസ്തുതപഞ്ചേന്ദ്രിയങ്ങളെയും അവയ്ക്കവലംബമായ മനസ്സിനെയും അവശ്യം അടക്കുക തന്നെവേണം. അവയെ ബലാല്‍അടക്കാതെ അവയ്ക്ക് വിധേയനായി ഇരിയ്ക്കുന്ന ഒരാളുടെ അവസ്ഥ ദയനീയമാണ്. തീര്‍ച്ചയായും നാശമാണ് ഫലം, അതിനാല്‍ എത്രസാഹസപ്പെട്ടും എന്തുചെയ്തും അവയെ ഒതുക്കി കീഴൊതുക്കുകതന്നെ വേണം.

എന്നിങ്ങനെ വിചാരം ചെയ്ത മനസ്സിനെയും ഇന്ദ്രിയങ്ങളെയും അടക്കി പ്രണവത്തെ ഉപവസിയ്ക്കാന്‍ തുടങ്ങി.പ്രണവോച്ചാരണം ചെയ‍്തപ്പോള്‍ സംവിത്തു മുഴുവന്‍ തന്മയാകരമായി ഊര്‍ദ്ധ്വഗതിയെ ചെയ്തു. ഇന്ദ്രിങ്ങളും മനസ്സും അടങ്ങിയിരുന്നതിനാല്‍ സംവിത്തിന്റെ ഒരംശവും ഒന്നിലേയ്ക്കും ചോര്‍ന്നുപോയില്ലെന്നര്‍ത്ഥം. ഒന്നാമത്തെ മാത്രയില്‍ത്തന്നെ സകലവിക്ഷേപങ്ങളും അകന്നു ചിത്തം ശുദ്ധമായി. രണ്ടാമത്തെ മാത്രയില്‍ ശരീരബോധം,പ്രപഞ്ചബോധമെന്നിവയും അടങ്ങി. മൂന്നാമത്തെമാത്രയില്‍ ലയം, മൗഢ്യം, നിദ്ര തുടങ്ങിയ ചിത്തത്തിന്റെ ദോഷങ്ങളും നീങ്ങി. അര്‍ദ്ധമാത്രയിലെത്തിയപ്പോള്‍ ഇരുട്ടും പ്രകാശവും മാറിമാറികാണാന്‍ തുടങ്ങി. അവയെയും നിരസിച്ചപ്പോള്‍ ചിത്തം ചേത്യഭാവത്തെ മുഴുവന്‍വിട്ട് ഇന്നതെന്നുപറയാന്‍ കഴിയാത്ത സംവില്‍ഭാവമാകുന്ന സ്വരൂപാവസ്ഥയെ പ്രാപിച്ചു. ആത്യന്തികവും അമൃതായമാനവുമായ വിശ്രാന്തിയില്‍ ലയിച്ചു. സകലവിധവികല്പങ്ങളും നീങ്ങി. കേവലം നിര്‍വ്വികല്പമാകുന്ന പരമാവസ്ഥയില്‍ എത്തിചേര്‍ന്നു. തിരയടങ്ങിയ കടല്‍പോലെ അത്യന്തനിര്‍വ്വികല്‍പവും അനന്താനന്ദസ്വരൂപവും പരമാവസ്ഥയില്‍ സുകൃതിയായ ഉദ്ദാളകബ്രാഹ്മണന്‍ ആറുമാസക്കാലം യാതൊരു ചലനവുമില്ലാതെ സ്ഥിതിചെയ്തു. സിദ്ധികള്‍ പലതും അദ്ദേഹത്തെ ആശ്രയിച്ചുവെങ്കിലും ഒന്നിനെയും അംഗീകരിച്ചില്ല.

ആറുമാസം കഴിഞ്ഞു സാമാധിയില്‍ നിന്നുണര്‍ന്നപ്പോള്‍ സിദ്ധന്മാരും ദേവന്മാരും അദ്ദേഹത്തിന്റെ ചുറ്റുപാടും നില്ക്കുന്നതായി കണ്ടു. കണ്‍മിഴിച്ച ഉദ്ദാളകനെ അവര്‍ സാഷ്ട‍ാംഗം നമസ്കരിച്ചു. അനന്തരം തങ്ങളുടെ വാഹനത്തില്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു വരണമെന്നപേക്ഷിച്ചു. സ്വര്‍ഗ്ഗത്തോളം സുഖസമൃദ്ധികളുള്ള മറ്റൊരു പ്രദേശം എവിടെയുമില്ല. അതിനാല്‍ മഹാനായ അങ്ങു സ്വര്‍ഗ്ഗത്തില്‍ വന്നു സുഖിക്കണമെന്നപേക്ഷിച്ചു. ഉദ്ദാളകന്‍ അവരുടെ അപേക്ഷയെ കൈകൊള്‍കയോ തിരസ്കരിയ്ക്കുകയോ രണ്ടും ചെയ്തില്ല. അവരോടൊരു മറുപടിയും പറഞ്ഞില്ല. തന്റെ അതിഥികളാണ് അവരെന്നനിലക്ക് എല്ലാവരെയും സല്‍ക്കരിച്ചു. അനന്തരം പൊയ്ക്കൊള്ളുവാന്‍ പറയുകയും ചെയ‍്തു. അദ്ദേഹത്തെവീണ്ടും അലട്ടുന്നത് ആപല്‍ക്കരമാകുമെന്നുകരുതിയ ദേവന്മാര്‍ അദ്ദേഹത്തോടു യാത്ര പറഞ്ഞു പോകുകയും ചെയ്തു.

പിന്നെയും വളരെക്കാലം ഭൂമിയില്‍ ശരീരത്തോടുകൂടിയിരുന്നു ഉദ്ദാളകബ്രാഹ്മണന്‍. ചേത്യമില്ലാത്ത ചിത്തായി സത്താസാമാന്യരൂപനായികൊണ്ടാണ് പിന്നീടദ്ദേഹം കഴിഞ്ഞുവന്നത്. നാരദാദി ഋഷികളും ബ്രഹ്മവിഷ്ണ്വാദികളും ഏതൊരവസ്ഥയില്‍ കഴിഞ്ഞുകൂടുന്നുവോ, ആ സത്താസാമാന്യമാകുന്ന അവസ്ഥയില്‍ത്തന്നെ അദ്ദേഹവും കഴിഞ്ഞുവന്നു. പലപ്പോഴും സമാധിയില്‍മുഴുകും. ചിലപ്പോള്‍ രണ്ടോ നാലോ ദിവസവും മറ്റുചിലപ്പോള്‍ അഞ്ചോ ആറോ മാസമോ വേറെചിലപ്പോള്‍ കൊല്ലങ്ങള്‍ കൂടിയും സമാധിയില്‍ മുഴുകിതന്നെ കഴിഞ്ഞുകൂടും. അങ്ങനെ ചിരകാലം കഴിഞ്ഞശേഷം ഇനി ശരീരത്തെ വിട്ടു വിദേഹകൈവല്യത്തെ പ്രാപിയ്ക്കുമെന്ന ഉദ്ദേശത്തോടുകൂടി സേച്ഛാനുസാരേണ ശരീരത്തെ വിട്ടു പരമപദത്തെ പ്രാപിക്കുകയും ചെയ‍്തു.

അതുകൊണ്ടു ഹേ രാഘവാ! നീയും ഇതുപോലെ ആത്മാവിനെ ആത്മാവുകൊണ്ട് വിചാരം ചെയ്ത് ആത്മാവില്‍വിശ്രാന്തിയെ പ്രാപിക്കാന്‍ ശ്രമിക്കൂ. ദൃശ്യം മുഴുവന്‍ ലയിക്കുമ്പോള്‍മാത്രമേ ഒരാള്‍ നിര്‍വ്വാണത്തെ പ്രാപിക്കലുള്ളു. അതിനാല്‍ പൂര്‍ണ്ണമായ ദൃശ്യക്ഷയം കൈവരുന്നതുവരേയും ഒരു നിമിഷവും വിടാതെ നിരന്തരം വിചാരം ചെയ്യുക തന്നെവേണം. ശാസ്ത്രവും ഗുരുവും ചിത്തവും വിചാരത്തിനുള്ള ഉപകരണങ്ങളാണ്. അവ മൂന്നുകൊണ്ടും വിചാരം ചെയ്യണം. വൈരാഗ്യം, ശാസ്ത്രജ്ഞാനം, ഗുരൂപദേശം, യമനിയമാദിളുടെ അഭ്യാസം എന്നിങ്ങനെയുള്ള സുദൃഢമായ മുമുക്ഷുതാജീവിയ്ക്കും വേണ്ടത്ര ശുദ്ധിയും കൂര്‍മ്മതയുമുള്ള ബുദ്ധിയുണ്ടെങ്കില്‍ അതൊന്നുകൊണ്ടുതന്നെ ഒരാള്‍ക്കു പരമപദത്തെ പ്രാപിയ്ക്കുകയും ചെയ്യ‍ാം.

ഇത്രയും കേട്ട ശ്രീരാമചന്ദ്രന്‍ ചോദിക്കുകയാണ് , ഒരാള്‍ ജ്ഞാതജ്ഞേയനും ജ്ഞാനിയും ആത്മരാമനുമാണെങ്കിലും പ്രാരാബ്ധവിശേഷം ഹേതുവായിട്ടോ, ലോകസംഗ്രഹത്തിനുവേണ്ടിയോ വ്യവഹാരിയായിരിക്കുന്നു, മറ്റൊരാള്‍ ഏകാന്തത്തില്‍ എപ്പോഴും സമാദിനിഷ്ഠനായും കഴിയുന്നു. എന്നു വന്നാല്‍ അവരില്‍ ആരാണ് ശ്രേഷ്ഠന്‍ എന്ന്. വസിഷ്ഠമഹര്‍ഷി അതിനു മറുപടി പറയുകയാണ്.

ഹേ രഘുനായകാ! ഗുണാത്മകമായ ഈ പ്രപഞ്ചം അനാത്മകവും കേവലം കല്പനാമാത്രവും അതിനാല്‍ മൂന്നുകാലത്തുമില്ലാത്തതുമെന്നു ബോദ്ധ്യംവന്നു പ്രപഞ്ചവുമായി തനിയ്ക്കു യാതൊരു സംബന്ധവുമില്ലാതായിത്തീരുമ്പോള്‍ ഉള്ളിലുള്ള കുളിര്‍മ്മയുടെ പേരാണ് സമാധി. അങ്ങനെയുള്ള കുളിര്‍മ്മയാകുന്ന അമൃതാനുഭൂതിയില്‍ മുഴുകിയ ഒരാള്‍ വ്യവഹരിച്ചാലും സമാധിനിഷ്ഠയെ ചെയ്താലും രണ്ടും തുല്ല്യം തന്നെ. ഒരാള്‍ വിജനത്തില്‍ സമാധിഷ്ഠനും ഒരാള്‍ ജനമദ്ധ്യത്തില്‍ വ്യവഹാരിയുമായാലും രണ്ടാളുടെയും അനുഭവം ഒന്നാകയാല്‍ രണ്ടാളും സുഖികള്‍ തന്നെ. ചിത്തം കുളിര്‍ത്തു സാമ്യഭാവം കൊണ്ട് അമൃതാനുഭൂതിയുണ്ടായിതീരുകയെന്നത് എത്രയോ കാലത്തെ കഠിനമായ തപസ്സിന്റെ ഫലമാണ്. അങ്ങനെയുള്ള തപസ്സ് വര്‍ത്തമാനജീവിതത്തില്‍ ചെയ്തിട്ടില്ലെങ്കില്‍ പൂര്‍വ്വജന്മത്തില്‍ ചെയ്തിട്ടുണ്ടന്നര്‍ത്ഥമാണ്. അതിനാല്‍ ജനമദ്ധ്യത്തില്‍ വ്യവഹാരിയായിരിയ്ക്കുന്ന ഒരാള്‍ പ്രബുദ്ധനാണെങ്കില്‍ ആ പ്രബുദ്ധത വെറുതെ വന്നു ചേര്‍ന്നതല്ല. അതുകൊണ്ട് വ്യവഹാരിയായാലും സമാധിനിഷിഠനായാലും പ്രബുദ്ധനാണെങ്കില്‍ അനുഭവം തന്നെ. ആ സ്ഥിതിയ്ക്കു രണ്ടുപേരും സുഖികളും തുല്ല്യന്മാരും തന്നെ.

പ്രബുദ്ധനു വാസനകളുണ്ടാവില്ല. നിര്‍വ്വാസനനായിതീര്‍ന്നവന്‍ എന്തുചെയ്താലും ചെയ്തില്ലെങ്കിലും ഒരുപോലെത്തന്നെ. ചെയ്യുന്നതു കൊണ്ട് ബന്ധമോ, ചെയ്യാത്തതുകൊണ്ട് കര്‍ത്തവ്യഭംഗമോ രണ്ടും ഉണ്ടാകാന്‍പോകുന്നില്ല. ആസക്തമായ മനസ്സ് ഒന്നും ചെയ്യുന്നില്ലെങ്കിലും ബദ്ധമാണ്. നിസ്സംഗമാണ് ചിത്തമെങ്കില്‍ പലതും ചെയ്താലും ചെയ്യാത്ത ഫലമേ ഉള്ളതാനും അതിനാല്‍ മനസ്സിനെ നിസ്സംഗവും നിശ്ചലവുമാക്കിതീര്‍ക്കുകയാണ് വേണ്ടത്. ധ്യാനം കൊണ്ടു വളരെ വേഗത്തില്‍ വസ്തു പ്രാപ്തിയുണ്ടാകും. നിശ്ചലമായ മനസ്സിനെയാണ് ധ്യാനദൃഷ്ടിയെന്നു പറയുന്നത്. മനസ്സു കേവലം ചലിയ്ക്കാതായി കഴിഞ്ഞാല്‍ അതുതന്നെയാണ് ശാന്തിയും കൈവല്യവും. വാസനകളാണ് മനസ്സിനെ എപ്പോഴും ചലിപ്പിയ്ക്കുന്നത്. അതിനാല്‍ മനസ്സു നിശ്ചലമാവാന്‍ വാസനാപ്രവാഹമടങ്ങുകതന്നെ വേണം. വാസനാപ്രവാഹമടങ്ങി മനസ്സു നിശ്ചലമായി കഴിഞ്ഞാല്‍ പരമപ്രദപ്രാപ്തി വിദൂരത്തല്ലതാനും. മനസ്സടങ്ങി അഹങ്കാരദോഷം നീങ്ങിയാല്‍ പിന്നെ ഗൃഹത്തിലോ വനത്തിലോ എവിടെയിരുന്നാലും കൊള്ള‍ാം.വിഷയസംഗമോ അതു ഹേതുവായിട്ടുള്ള ബന്ധമോ ഉണ്ടാവാന്‍ പോകുന്നില്ല.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.