ഡൗണ്‍ലോഡ്‌ MP3

ഏകദാ ദധിവിമാഥകാരിണീം
മാതരം അമുപസേദിവാന്‍ ഭവാന്‍
സ്തന്യലോലുപതയാ നിവാരയന്‍
അങ്കമേത്യ പപിവാന്‍ പയോധരൗ || 1 ||

ഒരിക്കല്‍ നിന്തിരുവടി തയി‍ര്‍ കടഞ്ഞുകൊണ്ടിരുന്ന അമ്മയുടെ അടുത്തു ചെന്നിട്ട് മുലപ്പാ‍ല്‍ കുടിപ്പാനുള്ള ആഗ്രഹം നിമിത്തം ത‌യി‍ര്‍ കലക്കുന്നതിനെ തടഞ്ഞും കൊണ്ട് മടിയില്‍ കടന്നുകൂടി മുലകുടിപ്പാ‍ന്‍ തുടങ്ങി.

അര്‍ദ്ധപീതകുചകുഡ്മളേ ത്വയി
സ്നിഗ്ദ്ധഹാസമധുരാനന‍ാംബുജേ
ദുഗ്ദ്ധമീശ ! ദഹനേ പരിസ്രുതം
ധര്‍ത്തുമാശു ജനനീ ജഗാമ തേ || 2 ||

അല്ലയോ ഭഗവന്‍! സ്നേഹരസത്തോടുകൂടിയ മന്ദസ്മിതത്താ‍ല്‍ സുന്ദരതരമായ മുഖകമലത്തോടുകൂടിയ നിന്തിരുവടി താമരമൊട്ടുകള്‍ക്കൊത്ത സ്തനങ്ങ‍ള്‍ പകുതികുടിച്ചുകഴിയുമ്പോഴെക്കും അങ്ങയുടെ മാതാവ് തീയ്യിലേക്കു തിളച്ചൊഴുകിയ പാലിനെ ആറ്റി ഒതുക്കുവാന്‍ ബദ്ധപ്പെട്ടു ചെന്നു.

സാമിപീത രസഭംഗ സംഗത
ക്രോധഭാര പരിഭൂത ചേതസാ
മന്ഥദണ്ഡമുപഗൃഹ്യ പാടിതം
ഹന്ത ദേവ ! ദധിഭാജനം ത്വയാ .. || 3 ||

അല്ലയോ ജ്യോതിസ്വരുപ ! മുലകുടി മുഴുവനാക്കുന്നതിന്നുമുമ്പ് ആ രസത്തിന്നു സംഭവിച്ച ഭംഗകൊണ്ടുണ്ടായ കോപഭാരത്താല്‍ ആവിഷ്ടചിത്തനായ നിന്തിരുവടിയാ‍ല്‍ കടകോ‍ല്‍ എടുത്ത് തൈര്‍ക്കലം ഉടക്കപ്പെട്ടുവല്ലോ.

ഉച്ചലദ്ധ്വനിതമുച്ചകൈസ്തദാ
സന്നിശമ്യ ജനനീ സമാദ്രുതാ
ത്വദ്യശോവിസരവദ്ദദര്‍ശ സാ
സദ്യ ഏവ ദധി വിസ്തൃതം ക്ഷിതൗ .. || 4 ||

അപ്പോള്‍ മാതാവായ ആ യശോദ ഉച്ചത്തി‍ല്‍ ഉയര്‍ന്ന ശബ്ദം കേട്ടിട്ട് ഓടിവന്ന സമയം അങ്ങയുടെ സാന്ദ്രമായ കീര്‍ത്തി വ്യാപിച്ചു കിടക്കുമ്പോലെ തല്‍ക്ഷണം നിലത്ത് പരന്നൊഴുകിക്കിടക്കുന്ന തൈര്‍മാത്രം കണ്ടു.

വേദമാര്‍ഗ്ഗപരിമാര്‍ഗ്ഗിതം രുഷാ
ത്വാമവീക്ഷ്യ പരിമാര്‍ഗ്ഗയന്ത്യസൗ
സന്ദദര്‍ശ സുകൃതിന്യുലൂഖലേ
ദീയമാനനവനീതമോതവേ… || 5 ||

പുണ്യവതിയായ ഇവള്‍ വേദമാര്‍ഗ്ഗങ്ങളിലൂടെ അന്വേഷിക്കപ്പെട്ടവനായ അങ്ങയെ കാണായ്‍കയാല്‍ കോപത്തോടെ തിരഞ്ഞുകോണ്ടിരുന്ന സമയം ഉരലിന്മേല്‍ പൂച്ചയ്ക്ക് വെണ്ണ കൊടുത്തുകൊണ്ടിരിക്കുന്നവനായി നിന്തിരുവടിയെ കണ്ടു.

ത്വ‍ാം പ്രഗൃഹ്യ ബത ! ഭീതിഭാവനാ –
ഭാസുരനന – സരോജമാശു സാ
രോഷരുഷിതമുഖി സഖീപുരോ
ബന്ധനായ രശനാമുപാദദേ. || 6 ||

കോപരസം വ്യാപിച്ചിരുന്ന മുഖത്തോടുകൂടിയ അവ‍ള്‍ ഭയത്തിന്റെ നാട്യം നിമിത്തം പ്രത്യേകം ശോഭയോടുകൂടിയ മുഖപങ്കജത്തെ വഹിക്കുന്ന അങ്ങയെ വേഗത്തില്‍ കടന്നുപിടിച്ച് സഖികളുടെ മുമ്പില്‍വെച്ച് കെട്ടിയിടുന്നതിന്നായി കയറെടുത്തു.

ബന്ധുമിച്ഛതി യമേവ സജ്ജന –
സ്തം ഭവന്തമയി ! ബന്ധുമിച്ഛതി
സാ നിയുജ്യ രശനാഗുണാന്‍ ബഹൂന്‍
ദ്വ്യംഗുലോനമഖിലം കിലൈക്ഷത. || 7 ||

അല്ലയോ ഭഗവന്‍ ! സജ്ജനം യാതൊരുവനെ ബന്ധുവായി (ലഭിക്കേണമെന്ന്) ആഗ്രഹിക്കുന്നുവോ അപ്രകാരമുള്ള നിന്തിരുവടിയെ അവള്‍ ബന്ധിപ്പാ‍ന്‍ ആഗ്രഹിച്ചുകൊണ്ട് അനേകം ചരടുകളെ കെട്ടിയിട്ടും അതെല്ല‍ാം രണ്ടുവിരല്ക്ക് നീളം പോരാത്തതായി കണ്ടുവത്രെ.

വിസ്മിതോത്സ്മിത സഖീജനേക്ഷിത‍ാം
സ്വിന്നസന്ന വപുഷം നിരീക്ഷ്യ ത‍ാം
നിത്യമുക്തവപുരപ്യഹോ ഹരേ !
ബന്ധമേവ കൃപയാന്വമന്യഥാഃ .. || 8 ||

സംസാരദുഃഖനാശകനായ ഹേ ഭഗവന്‍! നിന്തിരുവടി ആശ്ചര്‍യ്യഭരിതരായി പുഞ്ചിരിക്കൊള്ളുന്ന സഖീജനങ്ങളാല്‍ വീക്ഷീക്കപ്പെട്ട വിയര്‍ത്തു തളര്‍ന്ന ദേഹത്തോടുകൂടിയ ആ അമ്മയെ നോക്കിയിട്ട് ഒരിക്കലും ബന്ധമില്ലാത്ത ശരീരത്തോടുകൂടിയവനായിരുന്നിട്ടും ബന്ധനത്തെതന്ന സമ്മതിച്ചുവല്ലോ.

‘സ്ഥീയത‍ാം ചിരമുലൂഖലേ ഖലേതി
ആഗതാ ഭവനമേവ സാ യദാ,
പ്രാഗുലൂഖലബിലാന്തരേ തദാ
സര്‍പ്പിരര്‍തമദന്നവാസ്ഥിഥാഃ || 9 ||

‘അല്ലേ ദുഃസ്വഭാവി ! ഉരലില്‍തന്നെ വളരെ നേര‍ാം ഇരിക്കുക,’ എന്നു പറഞ്ഞ അവള്‍ വീട്ടിന്നുള്ളിലേക്കു കടന്നുചെന്ന ഉടനെ അങ്ങ് മുമ്പ് ഉരല്‍ക്കുഴിക്കുള്ളി‍ല്‍ ഒളിച്ചുവെച്ചിരുന്ന വെണ്ണയും തിന്നൂംകൊണ്ട് അവിടെ സുഖമായി കൂടി.

യദ്യപാശസുഗമോ വിഭോ ! ഭവാന്‍ ,
സംയതഃ കിമു സപാശയാഽനയാ’
ഏവമാദി ദിവിജൈരഭിഷ്ടുതോ
വാതനാഥ ! പരിപാഹി മ‍ാം ഗദാത് .. || 10 ||

ഹേ സര്‍വ്വശക്ത! നിന്തിരുവടി (സംസാര) പാശമില്ലാത്തവരാല്‍ ഏളുപ്പത്തി‍ല്‍ പ്രാപിക്കപ്പെടാവുനാണെങ്കില്‍ പാശത്തോടുകൂടിയ ഇവളാ‍ല്‍ എങ്ങിനെ ബന്ധിക്കപ്പെട്ടു? എന്നിങ്ങിനെ തുടങ്ങി ദേവന്മാരാല്‍ സ്തുതിക്കപ്പെട്ട നിന്തിരുവടി അല്ലയോ ഗുരുവായൂരപ്പ’ എന്നെ രോഗത്തീള്‍നിന്നു രക്ഷിക്കേണമേ.

ഉലൂഖലബന്ധവര്‍ണ്ണനം എന്ന നാല്പത്തിഏഴ‍ാംദശകം സമാപ്തം.

ആദിതഃ ശ്ലോകാഃ 488
വൃത്തം രഥോദ്ധതാ.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.