കദാചന വ്രജശിശുഭിഃസമം ഭവാന്‍
വനാശനേ വിഹിതമതിഃ പ്രഗേതരാം
സമാവൃതേ ബഹുതരവത്സമണ്ഡലൈഃ
സതേമനൈര്‍ നിരഗമദീശ ! ജേമനൈഃ || 1 ||
അല്ലേ സര്‍വ്വശക്ത! ഒരിക്കല്‍ നിന്തിരുവടി ഗോപകുമാരരൊരുമിച്ച് വനഭോജനത്തില്‍ താല്പര്‍യ്യമുള്ളവനായിട്ട് പലതരത്തിലുള്ള പശുക്കിടാങ്ങളാല്‍ ചുഴപ്പെട്ടാവനായി ഉപദംശങ്ങളോടുകൂടിയ ഭക്ഷണദ്രവ്യങ്ങളോടുകൂടി അതിരാവിലെ യാത്രയായി.
വിനിര്യതസ്തവ ചരണാംബുജദ്വയാത്
ഉദഞ്ചിതം ത്രിഭുവന പാവനം രജഃ
മഹര്‍ഷയഃ പുലകധരൈഃ കളേബരൈഃ
ഉദുഹിരേ ധൃതഭവദീക്ഷണോത്സവാഃ || 2 ||
ഓടിക്കളിച്ചുകൊണ്ടു നടന്നുപോകുന്നതും അങ്ങയുടെ രണ്ടു പാദപങ്കജങ്ങളില്‍ നിന്നും ഉയര്‍ന്നുപൊങ്ങുന്നതും മൂന്നുലോകങ്ങളേയും പരിപാവനമാക്കിചെയ്യുന്നതുമായ പാദധൂളിയെ മഹര്‍ഷിമാര്‍ അങ്ങയുടെ ദര്‍ശനമാകുന്ന ഉത്സവത്തെ അനുഭവി ക്കുന്നവരായി കോള്‍മയിര്‍ക്കൊള്ളുന്ന ശരീരങ്ങളാല്‍ ഉല്‍കൃഷ്ടമാംവിധം വഹിച്ചു.
പ്രചാരയത്യവിരലശാദ്വലേ തലേ
പശൂന്‍ വിഭോ ! ഭവതി സമം കുമാരകൈഃ
അഘാസുരോ ന്യരുഝദഘായ വര്‍ത്തനീഃ
ഭയാനകഃസപദി ശയാനകാകൃതിഃ || 3 ||
ഭഗവാനേ! നിന്തിരുവടി ഗോപബാലന്മാരോടുംകൂടി പച്ചപ്പുല്ല് സമൃദ്ധമായി വളര്‍ന്നിരുന്ന വനപ്രദേശത്ത് പശുകിടാങ്ങളെ മേച്ചുകൊണ്ടിരിക്കുമ്പോള്‍ ഭയങ്കരമായ പെരുമ്പാമ്പിന്റെ വേഷം ധരിച്ച അഘന്‍ എന്ന അസുരന്‍ പാപംതീരുന്നതിന്നു വേണ്ടി (ഉപദ്രവിക്കുവാനായി) പെട്ടെന്ന് നിങ്ങളുടെ വഴിയേ തടഞ്ഞു.
മഹാചലപ്രതിമതനോര്‍ ഗുഹാനിഭ –
പ്രസാരിത പ്രഥിത മുഖസ്യ കാനനേ
മുഖോദരം വിഹരാ കൗതുകാത് ഗതാഃ
മുകാരാകാഃകിമപി വിദുരഗേ ത്വയി || 4 ||
നിന്തിരുവടി കുറച്ചകലെയായി സഞ്ചരിക്കുന്നസമയം വന്മലയ്ക്കൊത്ത ശരീരത്തോടുകുടിയവനും ഗുഹയ്ക്ക് തുല്യമായ് പിളക്കപ്പെട്ട വിസ്തൃതമായ മുഖത്തോടുകൂടിയവനും ആയ അവന്റെ മുഖാന്തഭാഗത്തില്‍ , ഗോപബാലകന്മാര്‍ കാട്ടില്‍ കളിക്കുന്നതിലുള്ള ആസക്തിനിമിത്തം പ്രവേശിച്ചു.
പ്രമാദതഃ പ്രവിശതി പന്നഗോദരം
ക്വഥത്തനൗ പശുപകുലേ സവാത്സകേ
വിദന്നിദം ത്വമപി വിവേശിഥ പ്രഭോ !
സുഹൃജ്ജനം വിസരണമാശു രക്ഷിതും || 5 ||
കാലിക്കീടാങ്ങളോടുകൂടിയ ഗോപബാലന്മാര്‍ അബദ്ധത്തില്‍ പെരുമ്പാമ്പിന്റെ വയറ്റിന്നകത്തു പ്രവേശിച്ച് ശരീരം ദഹിച്ചുതുടങ്ങിയ സമയം സര്‍വ്വേശ്വര! അങ്ങ് ഇതിനെ അറിയുമെങ്കിലും മറ്റൊരു രക്ഷയുമില്ലാത്ത മിത്രങ്ങളെ രക്ഷിക്കുന്നതിന്നയ്ക്കൊണ്ട് താമസംകൂടാതെ നിന്തിരുവടിയും ഉള്ളിലേക്കു കടന്നു.
ഗളോദരേ വിപുലിതവര്‍ഷ്മണാ ത്വയാ
മഹോരഗേ ലുഠതി നിരുദ്ധമാരുതേ
ദ്രുതം ഭവാന്‍ വിദലിത കണ്ഠമണ്ഡലോ
വിമോചയന്‍ പശുപപശൂന്‍ വിനിര്യയൗ || 6 ||
കണ്ഠാന്തര്‍ഭാഗത്തില്‍ സ്വശരീരത്തെ വളര്‍ത്തിയ നിന്തിരുവടിയാല്‍ പെരുമ്പാമ്പ് തടുക്കപ്പെട്ട ശ്വാസഗതിയോടുകൂടിയവനായി കിടന്നു പിടയുമ്പോള്‍ നിന്തിരുവടി വേഗം തടിച്ചിരുന്ന അതിന്റെ കഴുത്തു പിളര്‍ന്നിട്ട് ഗോപബാലകരേയും പശുക്കുട്ടികളേയും മോചിപ്പിക്കുന്നവനായി പുറത്തുവന്നു.
ക്ഷണം ദിവി ത്വദുപഗാമാര്‍ത്ഥമാസ്ഥിതം
മഹാസുരപ്രഭവമഹോ ! മഹോ മഹത്
നിനിര്‍ഗ്ഗതേ ത്വയി തു നിലീനമഞ്ജസാ
നഭസ്ഥലേ നനൃതുരഥോ ജഗുഃസുരാഃ || 7 ||
അങ്ങയെ പ്രാപിക്കുന്നതിന്നുവേണ്ടി (ഭവാന്‍ പുറത്തേയ്ക്കു വരുന്നതിനുവേണ്ടി) സ്വല്പനേരത്തേക്ക് വിയന്മാര്‍ഗ്ഗത്തില്‍ സ്ഥിതിചെയ്തിരുന്ന അതിമഹാത്തായിരിക്കുന്ന തേജസ്സ് അങ്ങ് പുറത്തേക്ക് വന്നപ്പോള്‍ പ്രത്യക്ഷമായി അങ്ങയില്‍ ലയിച്ചു. അതിന്നുശേഷം ആകാശത്തില്‍ ദേവന്മാര്‍ നര്‍ത്തനം ചെയ്യുകയും പാടുകയും ചെയ്തു.
സ വിസ്മയൈഃ കമലവാദിഭിഃസുരൈഃ
അനുദ്രുതസ്തദനു ഗതഃ കുമാരകൈഃ
ദിനേ പുനസ്തരുണദശാമുപേയുഷി
സ്വകൈര്‍ ഭവാനതനുത ഭോജനോത്സവം || 8 ||
അനന്തരം നിന്തിരുവടി ആശ്ചര്‍യ്യഭരിതന്മാരായ ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരാല്‍ അനുഗമിക്കപ്പെട്ടവനായി കൂട്ടുകാരായ ബാലകന്മാരൊരുമിച്ചു ചെന്ന് പിന്നെ പകല്‍ യൗവന (മദ്ധ്യാഹ്ന) ദശയെ പ്രാപിച്ചുസമയം ഭോജനോസ്തവത്തെ ചെയ്തു.
വിഷാണികാമപി മുരളീം നിതംബകേ
നിവേശയന്‍ കഹലധരഃ കരാംബുജേ
പ്രഹാസയന്‍ കഥവചനൈഃകുമാരകാന്‍
ബുഭോജിഥ ത്രിദശഗണൈര്‍മുദ നുതഃ || 9 ||
കൊമ്പും, ഓടക്കുഴലും അരക്കെട്ടില്‍ തിരുകി കരപങ്കജത്തില്‍ കുബളം ധരിച്ച് നര്‍മ്മലാപങ്ങളാല്‍ കുട്ടികളെ ചിരിപ്പിച്ചുകൊണ്ട് സന്തോഷത്തോടുകൂടി ദേവഗണ ങ്ങളാല്‍ സ്തുതിക്കപ്പെട്ടവനായി നിന്തിരുവടി ഭോജനം കഴിച്ചു.
സുംഖാശനം ത്വിഹ തവ ഗോപമണ്ഡലേ
മഖാശനാത് പ്രിയമിവ ദേവമണ്ഡലേ
ഇതി സ്തുതസ്ത്രീദശവരൈര്‍ ജഗത്പതേ |
മരുത്പുരീനിലയ ! ഗദാത് പ്രപാഹി മാം || 10 ||
ഹേ ജഗദീശ! ഗുരുവായൂര്‍ പുരേശ! ഇവിടെ ഗോപന്മാര്‍ക്കിടയില്‍ അങ്ങയുടെ സുഖമായ ഭക്ഷണമാകട്ടെ ദേവന്മാരുടെ കൂട്ടത്തിലിരുന്നുകൊണ്ട് ഹവിസ്സ് ഭക്ഷിക്കുന്നതിനേക്കാള്‍ അധികം പ്രിയമാണെന്നു തോന്നുന്നു എന്നിങ്ങിനെ ദേവന്മാര്‍ സ്തുതിക്കപ്പെട്ട നിന്തിരുവടി എന്നെ രോഗത്തില്‍നിന്നും കാത്തരുളിയാലും
അഘാസുരവധവര്‍ണ്നനം എന്ന അമ്പത്തൊന്നാംദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 528
വൃത്തം. അതിരുചിരം.
ലക്ഷണം ചതുര്‍യതിര്‍ഹ്യതിരുചിരം ജഭസ്ജഗം (നാലില്‍ യതി ജഭസജഗുരു)
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.