ഡൗണ്‍ലോഡ്‌ MP3

മദനാതുര ചേതസോഽന്യഹം ഭവദംഘ്രിദ്വയദാസ്യ കാമ്യയ
യമുനാതടസീമ്നി സൈകതീം തരലക്ഷ്യോ ഗിരിജ‍ാം സമാര്‍ച്ചിചന്‍ || 1 ||

ദിവസംതോറും കാമാര്‍ത്തിയാ‍ല്‍ വിവശമായ ചിത്തത്തോടുകൂടിയ ആ ചഞ്ചലാക്ഷിക‍ള്‍ അങ്ങയുടെ കാലണികളെ ശുശ്രൂഷിക്കുന്നതിന്നാഗ്രഹിക്കുകയാ‍ല്‍ യമുനാനദീതീരത്തി‍ല്‍ മണല്‍ക്കൊണ്ടു നിര്‍മ്മിക്കപ്പെട്ട ശ്രീപാര്‍വ്വതിവിഗ്രഹത്തെ വഴിപോലെ പൂജിച്ചുവന്നു.

തവ നാമ കഥാരതാഃസമം സുദൃശഃ പ്രാതരുപാഗതാഃ നദിം
ഉപഹാരശതൈരപുജയന്‍ ദയിതോ നന്ദസുതോ ഭവേദിതി || 2 ||

ആ സുന്ദരിമാര്‍ അങ്ങയുടെ നാമകഥകളി‍ല്‍ അഭിരുചിയോടുകൂടിയവരായി പുലര്‍കാലത്ത് ഒരുമിച്ച് യമുനാനദിയെ പ്രാപിച്ച് “നന്ദാത്മജന്‍ പ്രിയതമനായി വരേണമേ” എന്ന് സങ്കല്പിച്ച് അനവധി പൂജാദ്രവ്യങ്ങളാല്‍ പൂജിച്ചു.

ഇതി മാസമുപാഹിതവ്രതാഃ തരളാക്ഷീരഭിവീക്ഷ്യ താ ഭവാന്‍
കരുണാമൃദുലോ നദീതടം സമയാസീത്തദരുഗ്രഹേച്ഛയാ || 3 ||

ഇങ്ങിനെ ഒരു മാസകാലം വ്രതമനുഷ്ഠിച്ച ആ വനിതാമണികളെ കണ്ടിട്ട് നിന്തിരുവടി കരുണാര്‍ദ്രനായി അവരെ അനുഗ്രഹിക്കേണമെന്ന ആഗ്രഹത്തോടുകൂടി യമുനാനദീതീരത്തില്‍ ചെന്നുചേര്‍ന്നു.

നിയമാവസിതൗ നിജ‍ാംബരം തടസിമന്യവമുച്യ താസ്തദാ
യമുനാജല ഖേലനാകുലാഃ പുരതസ്ത്വാമവലോക്യ ലജ്ജിതാഃ || 4 ||

വ്രതാവസാനത്തില്‍ തങ്ങളുടെ വസ്ത്രങ്ങളെ നദീതീരത്തി‍ല്‍ അഴിച്ചുവെച്ച് അവ‍ര്‍ യമുനയിലെ ജലത്തില്‍ ക്രീഡിക്കുന്നതി‍ല്‍ ഉദ്യുക്തരായി; ആ സമയം മുന്‍ഭാഗത്തായി നിന്തിരുവടിയെ കണ്ടിട്ട് ലജ്ജയോടുകൂടിയവരായിത്തീര്‍ന്നു.

ത്രപയാ നമിതാനനാസ്വഥോ വനിതാ, സ്വംബരജാലമന്തികേ
നിഹിതം പരിഗൃഹ്യ ഭൂരുഹോ വിടപം ത്വം തരസാഽധിരൂഢവാന്‍ || 5 ||

ആ തരുണികള്‍ സങ്കോചത്തോടെ തല താഴ്ത്തിക്കൊണ്ടുനിന്ന സമയം നിന്തിരുവടി സമീപത്തിലായി വെയ്ക്കപ്പെട്ടിരുന്ന വസ്ത്രങ്ങളെ വാരിയെടുത്ത് മരക്കൊമ്പില്‍ വേഗം ചെന്നു കയറി.

ഇഹ താവദുപേത്യ നീയത‍ാം വസനം വഃസുദൃശോ യഥായഥം
ഇതി നര്‍മ്മമൃദുസ്മിതേ ത്വയി ബ്രൂവതി വ്യാമുമുഹേ വധൂജനൈഃ || 6 ||

സുന്ദരിമാരെ! ഇവിടെത്തന്നെ വന്നു നിങ്ങളുടെ വസ്ത്രം അവരവരുടേതു വാങ്ങിക്കൊണ്ടു പൊയ്ക്കൊള്‍വിന്‍ എന്നിങ്ങിനെ നിന്തിരുവടി കളിയായി മന്ദഹസിച്ചു കൊണ്ടു പറഞ്ഞപ്പോള്‍ ഗോപിക‍ള്‍ വളരെ വിഷമിച്ചു.

അയി! ജീവ ചിരം കിശോര ! നസ്തവ ദാസീരവശീകരോഷി കിം?
പ്രദിശ‍ാംബരമംബുജേക്ഷണേത്യു ഉദിതസ്ത്വം സ്മിതമേവ ദത്തവാന്‍ || 7 ||

‘ഹേ ബാല! ദീര്‍ഘായുസ്സായിരിക്കുക! നിന്റെ ഇഷ്ടമനുസരിച്ചു നടക്കുന്നവരായ ഞങ്ങളെ എന്തിനാണ് കുഴക്കുന്നത്? ചെന്താമരാക്ഷ! വസ്ത്രം തന്നേക്കു,’ എന്നിങ്ങിനെ അപേക്ഷിക്കപ്പെട്ട നിന്തിരുവടി ഒന്നു മന്ദഹസിക്കുകമാത്രം ചെയ്തു.

അധിരുഹ്യ തടം കൃതാഞ്ജലീഃ പരിശുദ്ധാഃ സ്വഗതീര്‍ നിരിക്ഷ്യ താഃ
വസനാന്യഖിലാന്യനുഗ്രഹം പുനരേവം ഗിരമപ്യദാ മുദ || 8 ||

കരയ്ക്കുകയറി കൈകുപ്പിക്കൊണ്ട് നിഷ്കളങ്കരായി തന്നെതന്നെ ശരണം പ്രാപിച്ചവരായി നില്ക്കുന്ന അവരെ കണ്ടിട്ടു നിന്തിരുവടി സംതൃപ്തിയോടെ എല്ലാ വസ്ത്രങ്ങളേയും എന്നല്ല അനുഗ്രഹരുപത്തിലുള്ള ഇങ്ങിനെയുള്ള വാക്കിനേയും കൊടുത്തരുളി.

വിദിതം നനു വോ മനീഷിതം വദിതാരസ്ത്വിഹ യോഗ്യമുത്തരം
യമുനാപുളിനേ സചന്ദ്രികാഃ ക്ഷണദാ ഇത്യബലാസ്ത്വകുചിവാന്‍ || 9 ||

ഗോപിക്കളെ! നിങ്ങളുടെ അഭിലാഷം എന്നാല്‍ മനസ്സിലാക്കപ്പെട്ടു. യമുനാനദിയുടെ മനോഹരമായ മണല്‍ത്തിട്ടില്‍വെച്ച് കുളുര്‍നിലാവിണങ്ങിയ രാത്രിക‍ള്‍ ഇതിന്നു ശരിയായ ഉത്തരം പറഞ്ഞുതരുന്നതായിരിക്കും എന്നിങ്ങിനെ നിന്തിരുവടി ആ തരുണികളോട് അരുളിച്ചെയ്തു.

ഉപകര്‍ണ്ണ്യ ഭവന്മുഖച്യുതം മധുനിഷ്യന്ദി വചോ മൃഗിദൃശഃ
പ്രണയാദയി! വീക്ഷ്യ വീക്ഷ്യ തേ വദന‍ാംബ്ജം ശനകൈര്‍ഗൃഹം ഗതാഃ ||10||

ഹേ മോഹന‍ാംഗ ! ഹരിണേക്ഷകളായ ഗോപികള്‍ അങ്ങയുടെ വദനത്തില്‍നിന്നും പൊഴിഞ്ഞ തേനോഴുകുന്ന വാക്യത്തെ കേട്ടിട്ട് പ്രേമാതിശയംമൂലം അങ്ങയുടെ മുഖ‍ാംബുജത്തെ നോക്കി മന്ദം മന്ദം ഭവനങ്ങളിലേക്കു ഗമിച്ചു.

ഇതി നന്വനുഗൃഹ്യ വല്ലവിഃ വിപിനാന്തേഷു പുരേവ സഞ്ചരന്‍
കരുണാ-ശിശിരോ ഹരേ ! ഹര ത്വരയാ മേ സകലാമയാവലിം || 11 ||

അല്ലേ കൃഷ്ണ! ഇങ്ങിനെ ഗോപികളെ അനുഗ്രഹിച്ചിട്ട് പണ്ടെത്തെപ്പോലെ വനപ്രദേശങ്ങളില്‍ സഞ്ചരിക്കുന്നവനായി കാരുണ്യശീതളനായ നിന്തിരുവടി എന്റെ സകലവിധമായ ദുഃഖങ്ങളേയും വേഗത്തില്‍ ഇല്ലാതാക്കേണമേ !

ഗോപിവസ്ത്രാപഹാരവര്‍ണ്ണനം എന്ന അറുപത‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 618
വൃത്തം. വിയോഗിനി.
ലക്ഷണം. വിഷമേ സസജം ഗവുംസമേ സഭരം ലം ഗുരുവും വിയോഗിനി.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.