അമൃതാനന്ദമയി അമ്മ

മക്കളേ,

നിങ്ങളില്‍ ഓരോരുത്തരിലും അനന്തമായ ശക്തി ഉള്‍ക്കൊള്ളുന്നുണ്ട്. ആ ശക്തിയെ വികസിപ്പിച്ച് പൂര്‍ണത നേടാനുള്ള ശ്രമമാണ് ഓരോ മനുഷ്യന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ആധ്യാത്മിക ജീവിതത്തെക്കുറിച്ച് മാത്രമല്ല ഈ തത്ത്വം യോജിക്കുന്നത്. ചില യോഗികളെക്കുറിച്ച് കേട്ടിട്ടില്ലേ? ഏകാന്തമായ സ്ഥലത്ത് ധ്യാനിക്കുമ്പോള്‍ ദിവസങ്ങളോളം അവര്‍ ആഹാരം കഴിക്കാറില്ല. ചിലര്‍ ജലപാനം കൂടി ഉപേക്ഷിക്കും. മറ്റു ചിലര്‍ ചില ഇലകള്‍ മാത്രം കഴിക്കും. ശാരീരിക ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണം, ജലം, വായു എന്നിവ ആന്തരിക പ്രകൃതിയില്‍നിന്ന് സ്വീകരിക്കാന്‍ കഴിവുള്ള മഹായോഗികളാണ് അത്തരക്കാര്‍.

ഒരു യോഗിയുടെ കഥ ഈ തത്ത്വം ശരിവെക്കുന്നതാണ്. ബാല്യകാലം മുതല്‍ വനത്തിലെ ഒരാശ്രമത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ആശ്രമത്തിലെ സന്ന്യാസിമാരെ മാത്രമേ കണ്ടിട്ടുള്ളൂ. പുറംലോകവുമായി ഒരു ബന്ധവുമില്ല. ആശ്രമാധിപനായ ഗുരു തന്റെ ശിഷ്യനെ തത്ത്വശാസ്ത്രവും യോഗസാധനകളുമൊക്കെ പഠിപ്പിച്ചു. ശിഷ്യര്‍ പ്രഗല്ഭനും പ്രശസ്തനും ആയിത്തീരണം എന്നായിരുന്നു ഗുരുവിന്റെ ആഗ്രഹം. പ്രായോഗിക ജീവിതത്തെപ്പറ്റിയോ കുടുംബ ജീവിതത്തെക്കുറിച്ചോ ഈ യുവസന്ന്യാസിക്ക് യാതൊരു ജ്ഞാനവും ഇല്ലായിരുന്നു. പ്രാമാണിക പുസ്തകങ്ങള്‍ മുഴുവന്‍ അദ്ദേഹം പഠിച്ച് കഴിഞ്ഞിരുന്നു. ആശ്രമത്തിന് പുറത്തുള്ള ഗ്രാമത്തിലെ സാധാരണ ജനങ്ങളെ കാണുവാനോ അവരുമായി അടുക്കുവാനോ ബാല്യം മുതല്‍ ഈ യുവയോഗിക്ക് സാഹചര്യം ഇല്ലായിരുന്നു. ഇത് മനസ്സിലാക്കിയ ഗുരു, യുവയോഗിയോട് സമീപ ഗ്രാമത്തില്‍ പോയി ഭിക്ഷ കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെ യുവസന്ന്യാസി ആശ്രമത്തില്‍ നിന്ന് ആദ്യമായി ഗ്രാമത്തിലെത്തി. അവിടെ യുവസന്ന്യാസി വളരെ വ്യത്യസ്തരായ മനുഷ്യരെ കണ്ടുമുട്ടി. അവരുടെ സംസാരരീതിപോലും സന്ന്യാസിക്ക് പുതുമയുള്ളതായിരുന്നു.

ഗുരുവിന്റെ നിര്‍ദേശമനുസരിച്ച് അദ്ദേഹം ആദ്യം കണ്ട വീടിന്റെ വാതില്‍ക്കല്‍ച്ചെന്ന് ഭിക്ഷ യാചിച്ചു. വളരെ സുന്ദരിയായ ഒരു യുവതിയാണ് വാതില്‍ തുറന്നത്. ഈ യുവതിയെ കണ്ട സന്ന്യാസി അത്ഭുതപ്പെട്ടുപോയി. തന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു മനുഷ്യജീവിയെ, സ്ത്രീ രൂപത്തെ അദ്ദേഹം കണ്ടിട്ടില്ലായിരുന്നു. സാധാരണ സന്ന്യാസിമാരില്‍ കാണാത്ത ഭാവമാറ്റം ഈ യുവസന്ന്യാസിയില്‍ കണ്ട യുവതിയും ആകെ അമ്പരന്നു. അല്പം ഭയന്ന അവള്‍ വീട്ടിനുള്ളിലേക്ക് തിരിച്ചു നടക്കാന്‍ ഒരുങ്ങി. അപ്പോള്‍ യുവസന്ന്യാസി അവളോട് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. കുറെ കാര്യങ്ങള്‍ അറിയാനുണ്ട് എന്ന് പറഞ്ഞ് തുടരെ ചോദ്യങ്ങള്‍ ചോദിച്ചു.

”പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായ ശരീര പ്രകൃതി അവള്‍ക്ക് എങ്ങനെ ലഭിച്ചു, ഈ രൂപവും ഭാവവും നിനക്ക് എങ്ങനെ ഉണ്ടായി” എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ഇതിനൊക്കെ ശരിയായ മറുപടി പറയാന്‍ വിഷമിച്ച യുവതി അവളുടെ മാതാവിനെ വിളിച്ചു. ”ഇതിനെല്ല‍ാം എന്റെ മാതാവ് നിങ്ങളോട് മറുപടി പറയും.” കുടുംബജീവിതത്തെക്കുറിച്ചും മനുഷ്യശരീര പ്രകൃതിയെക്കുറിച്ചുമുള്ള സന്ന്യാസിയുടെ അജ്ഞത ആ മാതാവിന് പെട്ടെന്ന് മനസ്സിലായി. ”മാതാവെന്ന നിലയിലാണ് സ്ത്രീയുടെ പ്രഥമസ്ഥാനം. കുട്ടികളും കുട്ടികളുടെ കുട്ടികളുമായി ഈ പ്രകൃതിയില്‍ ജീവിക്കാനുള്ള ശരീര പ്രകൃതിയാണ് സ്ത്രീക്ക് നല്‍കിയിരിക്കുന്നത്. അതിനുള്ള അളവറ്റ കഴിവുകള്‍ സ്ത്രീയില്‍ നിക്ഷേപിച്ചിട്ടുണ്ട്.” ആ മാതാവിന്റെ വാക്കുകള്‍ ശ്രദ്ധയോടെ യുവസന്ന്യാസി കേട്ടു.

ദൈവം സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത് ചില പ്രത്യേക കഴിവുകളോടെയാണ്. വംശവര്‍ധന പ്രഥമ കര്‍ത്തവ്യമാണ് എങ്കിലും കരുണയാണ് ഏറ്റവും കൂടുതല്‍ അവരില്‍ നിറച്ചിട്ടുള്ളത്. ഗര്‍ഭാശയത്തില്‍ കിടക്കുന്ന കുട്ടിക്കുള്ള പോഷകങ്ങളും ധാതുക്കളും പൊക്കിള്‍ കൊടിയിലൂടെയാണ് കുഞ്ഞിന് ലഭിക്കുന്നത്. ഗര്‍ഭകാലം മുതല്‍ ഈശ്വരന്‍ സ്ത്രീയുടെ ശരീരത്തെ സജ്ജീകരിക്കുന്നു.
ഇത്തരം അറിവ് ആദ്യമായി ലഭിക്കുന്ന യുവസന്ന്യാസിയെപ്പോലെയാണ് പലരും.

മാതാവിന്റെ ശരീരത്തിനുള്ളില്‍ വളരുമ്പോള്‍ തനിക്ക് വേണ്ടതെല്ല‍ാം ലഭിച്ചിരുന്നു എന്ന അറിവ് ഇക്കാലത്ത് പലര്‍ക്കുമില്ല. ശാസ്ത്രം പഠിച്ചവര്‍ പോലും ഈ സത്യം ബോധപൂര്‍വം മറക്കുന്നു. ജനിക്കുമ്പോള്‍ തന്റെ മാതാവ് എന്ന വ്യക്തിയില്‍ തനിക്ക് ഭാവിയിലേക്ക് വേണ്ടിയിരുന്ന പോഷണവസ്തു ജഗദീശ്വരന്‍ കരുതിവെച്ചിരുന്നു എന്ന സത്യം മക്കള്‍ മറക്കരുത്. ആധ്യാത്മികവും ശാരീരികവും മാനസികവുമായ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ട ശക്തി ജഗദീശ്വരന്‍ നമുക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നു. ഗര്‍ഭസ്ഥശിശുവിന് മാതാവിലൂടെ പകര്‍ന്ന് നല്‍കുന്ന ആ കഴിവുകള്‍ പിന്നീട് പ്രകൃതിയിലൂടെ മക്കള്‍ക്ക് ലഭിക്കുന്നു. അനന്തമായ ആ ശക്തിസ്രോതസ്സില്‍നിന്ന് ഈ കഴിവുകള്‍ എങ്ങനെ സ്വീകരിക്കാന്‍ കഴിയും എന്നാണ് മക്കള്‍ പഠിക്കേണ്ടത്. അതിനുള്ള ശ്രമം നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ ഈശ്വരാനുഗ്രഹം വര്‍ധിക്കും. മക്കള്‍ക്ക് നന്മ വരട്ടെ.

അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി