അമൃതാനന്ദമയി അമ്മ

പണ്ടൊക്കെ ആദ്ധ്യാത്മിക സംസ്കാരത്തിനായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ ഭൗതിക സംസ്കാരം എല്ലാം കീഴടക്കിയിരിക്കുന്നു. ​ഇനി ഒരു തിരിച്ചു പോക്ക് സാദ്ധ്യമല്ലാത്ത വണ്ണം ഇവിടെ ഉപഭോഗസംസ്കാരം വേരുറച്ചു കഴിഞ്ഞു. നമ്മുടെ പൂര്‍വസംസ്കാരത്തിന്റെ ഇരട്ടി ശക്തിയാണിതിന്.

ഭൗതികസംസ്കാരത്തെ പിഴുതെറിഞ്ഞ് പഴയ ജീവിതരീതി കൊണ്ടു വരാമെന്ന് ഇനി ചിന്തിച്ചിട്ട് കാര്യമില്ല. ആ ശ്രമം നിരാശയ്ക്കേ കാരണമാകൂ. ലോകം ആകെ മാറിയിരിക്കുന്നു. ഈ അവസ്ഥയില്‍ ഉന്നതമായ ജീവിത മൂല്യങ്ങള്‍ പകര്‍ന്നു തന്ന നമ്മുടെ ശരിയായ സംസ്കാരം നശിക്കാതെ എങ്ങനെ മുന്നോട്ടുപോകാന്‍ കഴിയും എന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്.

ഇപ്പോള്‍ മിക്കവാറും എല്ലാ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും ജോലിയുണ്ട്. രണ്ടുപേരുടെയും വരുമാനമില്ലാതെ കുടുംബം നയിച്ചുകൊണ്ടുപോകാന്‍ വിഷമമാണ് എന്നാണ് മക്കള്‍ പറയാറുള്ളത്. ചെലവുകള്‍ എത്ര വര്‍ദ്ധിച്ചു. കുട്ടികളുടെ വിദ്യാഭ്യാസമാണ് മാതാപിതാക്കളെ ഏറെ വിഷമിപ്പിക്കുന്നത്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ സ്വകാര്യ സ്കൂളുകളില്‍ ചേര്‍ക്കുന്നു. അവിടെ പ്രവേശനത്തിനും മറ്റാവശ്യങ്ങള്‍ക്കും പണം വളരെയധികം വേണം. പേരും പെരുമയും ലഭിക്കാന്‍ സ്വകാര്യസ്കൂളുകള്‍ ചിട്ടയോടെ കുട്ടികളെ പഠിപ്പിക്കുന്നു. അറിവോ സ്വഭാവശുദ്ധിയോ അല്ല, പരീക്ഷയ്ക്ക് കിട്ടുന്ന മാര്‍ക്ക് മാത്രമാണ് അവിടെ വിദ്യാര്‍ത്ഥിയുടെ വിജയത്തിന്റെ മാനദണ്ഡം എന്ന് മക്കള്‍ മറക്കുന്നു.

നമ്മുടെ കുഞ്ഞുങ്ങള്‍ എത്രമാത്രം ടെന്‍ഷനാണ് അനുഭവിക്കുന്നത്? നിങ്ങളൊക്കെ പുതിയ വാഹനം വാങ്ങിയാല്‍ കുറച്ചു നാള്‍ അതു പതുക്കെപ്പതുക്കെയേ ഓടിക്കാറുള്ളൂ. പുതിയ ബസ്സും കാറും ക്രമത്തിലധികം സ്പീഡില്‍ ഓടിക്കരുത് എന്ന് അവയുടെ നിര്‍മ്മാതാക്കള്‍ നിഷ്കര്‍ഷിക്കാറുണ്ട്. ഇല്ലങ്കില്‍ എഞ്ചിന്‍ വേഗം കേടാകും. അതുപോലെ, കുഞ്ഞുമനസ്സിന്, കൂടുതല്‍ ടെന്‍ഷന്‍ നല്കുന്നതിലൂടെ അവരുടെ ആരോഗ്യവും മനസ്സും മുരടിക്കും. പഠനത്തിന്റെ പേരില്‍ എത്രമാത്രം ഭാരമാണ് നമ്മള്‍ കുട്ടികളുടെ ശിരസ്സില്‍ കയറ്റിവയ്ക്കുന്നത്? കൂട്ടുകാരോടൊപ്പം കളിച്ച് ചിരിച്ചു നടക്കുന്ന പ്രായത്തില്‍, കിളിയെ കൂട്ടില്‍ അടയ്ക്കുന്നതുപോലെ അവരെ ക്ലാസ്സ് മുറിയില്‍ ബന്ധിക്കുന്നു. നഴ്സറി മുതല്‍ ഒന്നാം റാങ്കിനുള്ള ‌ശ്രമമാണ്. അതിന്റെ ദുരിതം മുഴുവന്‍ കുട്ടികള്‍ക്ക് നമ്മള്‍ നല്കുന്നു. പഠിക്കുന്നതിന്റെ ലക്ഷൃം ഡോക്ടറാകണം,എഞ്ചിനിയറാകണം എന്നതാണ്. ഒന്നാം ക്ലാസ്സുമുതല്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത് ​ഇതിനു വേണ്ടി മാത്രമാണ്. ജീവിതത്തിന്റെ ലക്ഷൃം എന്തെന്നു പഠിക്കുവാനോ, അതനുസരിച്ച് ജീവിക്കുവാനോ അച്ഛനമ്മമാര്‍ കുട്ടികളെ ഉപദേശിച്ച് കാണാറില്ല.

വിദ്യാഭ്യാസം എന്തിനുവേണ്ടിയാണെന്ന് മക്കള്‍ ആലോചിക്കണം. ആധുനിക വിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി, ഉയര്‍ന്ന ജോലികള്‍ കരസ്ഥമാക്കണം എന്നത് ശരിയാണ്. അമ്മയ്ക്ക് അതിനോട് എതിര്‍പ്പുമില്ല. ഉന്നതജോലിയിലൂടെ ഏറെ ധനം സമ്പാദിച്ചാല്‍ മക്കള്‍ക്ക് മനഃസമാധാനം നേടാന്‍ കഴിയുന്നുണ്ടോ? ഇന്നത്തെ വിദ്യാഭ്യാസത്തില്‍ മനുഷ്യന്‍ തന്റെ ലക്ഷൃമയികാണുന്നത് പണവും അധികാരവും മാത്രമാണ്. എന്നാല്‍ ജീവിതത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും അടിത്തറ മനസ്സിന്റെ ഉന്നതിയാണ്. നമ്മുടെ മനസ്സിന്റെ സംസ്കാരം ഉയരണം. ആദ്ധ്യാത്മിക വിദ്യയിലൂടെ മാത്രമേ ഉത്തമ സംസ്കാരം നേടുവാന്‍ കഴിയൂ. അതുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത സംസ്കാരം കൂടി പകര്‍ന്നു നല്കണം. ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ രാമനു പകരം രാവണനെ ആയിരിക്കും നമ്മള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. പുല്ലു വളര്‍ന്നുനില്‍ക്കുന്നിടത്തുകൂടി പത്തു പ്രാവശ്യം നടന്നാല്‍ അവിടെ വഴിതെളിഞ്ഞു കിട്ടും. എന്നാല്‍ പാറപ്പുറത്തുക്കൂടി എത്രപ്രാവശ്യം നടന്നാലും കാല്‍പ്പാടുതെളിയില്ല. അതുപോലെ ഇളം മനസ്സില്‍ നാം പകര്‍ന്ന മുല്യങ്ങള്‍ പെട്ടെന്ന് ഉറച്ചുകിട്ടും.

വലുതാവുമ്പോള്‍ അതവന് മാര്‍ഗദര്‍ശിയായിത്തീരും. ചെളി,ചുടുന്നതിനുമുമ്പ് അതില്‍ ഏതുരൂപവും മെനഞ്ഞെടുക്കാം. ചുട്ടുകഴിഞ്ഞാല്‍ പിന്നീട് രൂപം മാറുവാന്‍ കഴിയില്ല. അതുപോലെ ഭൗതികതയുടെ ചൂടേറ്റ് മനസ്സുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് നല്ലമൂല്യങ്ങള്‍ പകര്‍ന്ന് കൊടുക്കണം ഇന്ന് അതിനുള്ള സാഹജര്യങ്ങള്‍ കുറവായാണ് ആരും കാണുന്നത്.

തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഓടുന്നതിന് ഇടയില്‍ നിങ്ങളുടെ കുട്ടിക്കുവേണ്ടി കുറച്ചു സമയംനീക്കി വെക്കുക. സ്കൂളിലെ പഠനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ കൂടെ ആ ഇളം മനസ്സില്‍ നല്ല സംസ്കാരം കൂടി നല്കുക. സമൂഹം ആദരിക്കുന്ന, സമൂഹത്തെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഇളം തലമുറയാണ് നമുക്ക് വേണ്ടത്. അതിനുള്ള തുടക്കം നിങ്ങളുടെ ശ്രമങ്ങളില്‍ നിന്ന് വേണം.

കടപ്പാട്: മാതൃഭുമി