എനിക്ക് പൊക്കം നന്നേ കുറവ്. പലപ്പോഴും ഞാന്‍ പല സ്ഥലങ്ങളില്‍ നിന്നും അതു കൊണ്ട് ഒഴിഞ്ഞുമാറുകയാണ് പതിവ്.

ലാല്‍ബഹദൂര്‍ ശാസ്ത്രി താഷ്ക്കെന്റില്‍ പോയ സന്ദര്‍ഭം. അവിടെവച്ച് അയൂബ്ഖാനുമായി (പാകിസ്ഥാന്‍) ഒരു ചര്‍ച്ചയുണ്ട്.

ശാസ്ത്രിക്ക് പൊക്കം കുറവാണ്. അയൂബ്ഖാനാകട്ടെ നല്ല ഉയരമുള്ളയാളും. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഒരു പത്രപ്രവര്‍ത്തകന്‍ ശാസ്ത്രിയോട് തമാശയില്‍ പറഞ്ഞു,

“സര്‍,അയൂബ്ഖാന്‍ വളരെ ഉയരമുള്ള യാളാണ്… അദ്ദേഹത്തിന്റെ സമീപം താങ്കള്‍ വളരെ ചെറുതായി പോകും.”

ഉടന്‍ തന്നെ പുഞ്ചിരിയോടെ ശാസ്ത്രി പറഞ്ഞു, “അതു ശരിതന്നെ. പക്ഷേ ഒരു ഗുണമുണ്ട്. ഞങ്ങളുടെ സംഭാഷണവേളയില്‍ എനിക്ക് സദാ തല ഉയര്‍ത്തിപ്പിടിക്കാനാകും. അദ്ദേഹത്തിനാകട്ടെ തല കുനിച്ചേ എന്നോട് സംസാരിക്കാനാകൂ. എനിക്ക് ഒരിക്കലും തലകുനിക്കേണ്ടി വരിലല്ലോ.”

ഏതൊരു കുറവും നല്ലതായി കാണാന്‍ നാം ശീലിക്കണം. അപ്പോള്‍ ആ കുറവു തന്നെ നമ്മുടെ ഉയര്‍ച്ചയിലേക്കുള്ള ചവിട്ടു പടിയാകും. അവനവന്റെ കുറവുകളെ ഓര്‍ത്ത് ദുഃഖിച്ചിരുന്നാല്‍ നമുക്ക് ഒരിക്കലും മുന്നേറാനാകില്ല.

കുറവില്ലാത്തവര്‍ ആരുമില്ല. കുറവിനെ അവഗണിച്ച് മുന്നേറണം. അതാണ് മഹത്തുക്കള്‍ പഠിപ്പിക്കുന്ന വഴി. ശരിയായ കുറവ് ആത്മനിന്ദയാണ്. ആത്മവിശ്വാസമുള്ളവന് ഒന്നിന്റേയും കുറവ് ഒരിക്കലും അനുഭവപ്പെടില്ല. കവി, കുഞ്ഞുണ്ണിമാഷ് പാടാറുണ്ട് “ഈ പൊക്കമില്ലാത്തതാണ് എന്റെ പൊക്കം.”

കടപ്പാട്: നാം മുന്നോട്ട്