ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 12

ചതുര്‍ വര്‍ണ്ണ്യം മയാ സൃഷ്ടം
ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മാം
വിദ്ധ്യകര്‍ത്താരമവ്യയം

ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന നാലു വര്‍ണ്ണങ്ങള്‍ ഗുണങ്ങളുടെയും കര്‍മ്മങ്ങളുടെയും വിഭാഗത്തെ അനുസരിച്ച് എന്നാല്‍ സൃഷ്ടിക്കപ്പെട്ടു. ഞാന്‍ അതിന്റെ കര്‍ത്താവാണെങ്കിലും പരമാര്‍ത്ഥത്തില്‍ എന്നെ അകര്‍ത്താവായും വ്യയമില്ലാത്തവനായും അറിഞ്ഞാലും.

സത്ത്വാദിഗുണങ്ങളുടേയും വിഭാഗത്തോടുകൂടിയതാണ് ബ്രാഹ്മണന്‍, ക്ഷത്രിയന്‍,വൈശ്യന്‍, ശൂദ്രന്‍ എന്നീ നാലു വര്‍ണ്ണങ്ങള്‍. അവയെ ഞാന്‍ സൃഷ്ടിച്ചു എന്നറിയുക. അതോടൊപ്പം പ്രകൃതിഗുണങ്ങളുടെ സ്വഭാവാനുസൃതമായ കര്‍മ്മങ്ങളും ഞാന്‍ ഏര്‍പ്പെടുത്തുകയുണ്ടായി. മനുഷ്യര്‍ എല്ലാവരും മൗലികമായ തത്വങ്ങളില്‍ ഒരുപോലെയാണ്. എന്നാല്‍ അവരുടെ പ്രകൃതിഗുണങ്ങളുടേയും കര്‍മ്മങ്ങളുടെയും അടിസ്ഥാനത്തില്‍ അവര്‍ നാലു വര്‍ണ്ണങ്ങളായി തരംതിരിക്കപ്പെടുന്നു. ഇക്കാരണത്താല്‍ അല്ലയോ ധനുര്‍ദ്ധരാ, ഞാന്‍ ചാതുര്‍വര്‍ണ്ണത്തിന്റെ അകര്‍ത്താവാണെന്നും അറിയുക.