ധ്യാനയോഗം എന്ന ആറാം അദ്ധ്യായം കഴിഞ്ഞു.

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 36

അസംയതാത്മനാ യോഗോ
ദുഷ്പ്രാപ ഇതി മേ മതിഃ
വശ്യാത്മനാ തു യതതാ
ശക്യോ ഽവാപ്തുമുപായതഃ

അഭ്യാസവൈരാഗ്യങ്ങളെക്കൊണ്ട് മനസ്സിനെ അടക്കാന്‍ കഴിയാത്തവന് യോഗം പ്രാപിക്കാന്‍ വളരെ പ്രയാസമാകുന്നു. എന്നാല്‍ അഭ്യാസവും വൈരാഗ്യവും കൊണ്ട് മനസ്സിനെ വശത്താക്കിയ ആള്‍ക്ക് മുന്‍പറഞ്ഞ ഉപായംകൊണ്ട് യോഗം പ്രാപിക്കാന്‍ കഴിയുന്നതാണ്.

വിരക്തി കൈവിന്നിട്ടില്ലാത്തവരും യോഗം അനുഷ്ഠിക്കാന്‍ കഴിയാത്തവരുമായ ആളുകള്‍ക്ക് മിക്കവാറും മനസ്സിനെ നിയന്ത്രിക്കാന്‍ സാധ്യമല്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ യമനിയമാദികള്‍ അനുഷ്ഠിക്കാതെയും വൈരാഗ്യം എന്താണെന്നു ചിന്തിക്കുകപോലും ചെയ്യാതെയും ഐന്ദ്രിയവിഷയങ്ങളാകുന്ന കയത്തില്‍ മുങ്ങിക്കിടക്കുകയും ആത്മനിയന്ത്രണത്തിന്റെ ഊന്നുവടി ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ നിനക്ക് എങ്ങനെ മനസ്സിനെ നിശ്ചലമാക്കാന്‍ കഴിയും? അതുകൊണ്ട് മനസ്സിനെ നിയന്ത്രിക്കാനുള്ള ഉപായം സ്വീകരിക്കുക. എന്നിട്ടും മനസ്സ് സുസ്ഥിരമാകാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം. യോഗത്തിന്റെ വഴികളെല്ലാം നിരര്‍ത്ഥകങ്ങളാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? എങ്കില്‍ അത് തികച്ചും അബദ്ധമായ തോന്നലാണ്. നിനക്ക് പരമാവധി പറയാന്‍ കഴിയുന്നത് യോഗാനുഷ്ഠാനംകൊണ്ടു യോഗബലം സമ്പാദിക്കാന്‍ കഴിയുമെങ്കില്‍ നിന്റെ മനസ്സ് എങ്ങനെ ചഞ്ചലമാകും? യോഗബലംകൊണ്ട് എല്ലാ മഹത്തത്ത്വങ്ങളേയും മറ്റുള്ളവരേയും നിന്റെ കാല്‍ക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശക്തി നിനക്കു ലഭിക്കുകയില്ലേ?

അപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു:

ഭഗവാന്‍ അങ്ങ് പറയുന്നത് സത്യമാണ്. യോഗത്തിന്റെ ബലം മനസ്സിന്റെ ബലവുമായി തുലനം ചെയ്യുക സാദ്ധ്യമല്ല. ഇതുവരെ ഈ യോഗം എന്താണെന്നും അത് എങ്ങനെയാണ് അനുഷ്ഠിക്കേണ്ടതെന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് മനസ്സിനെ നിയന്ത്രിക്കുവാന്‍ പ്രയാസമാണെന്നു ഞാന്‍ കരുതി. അല്ലയോ പുരുഷോത്തമാ അങ്ങയുടെ കൃപകൊണ്ട് അപ്പോള്‍ മാത്രമാണ് യോഗത്തെപ്പറ്റിയുള്ള ബോധം എന്റെ ജീവിത്തില്‍ ആദ്യമായി ഉണ്ടാകുന്നത്.