ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 12

ദിവി സൂര്യസഹസ്രസ്യ
ഭവേത് യുഗപദുത്ഥിതാ
യദി ഭാഃ സദൃശീ സാ സ്യാത്
ഭാസസ്തസ്യ മഹാത്മനഃ

ആകാശത്തില്‍ ആയിരം സൂര്യന്മാര്‍ ഒരേ സമയത്ത് ഉദിച്ചാലുണ്ടാവുന്ന കാന്തി ആ വിശ്വരൂപന്‍റെ കാന്തിക്കു തുല്യമായി ഭവിച്ചേക്കാം.

അല്ലയോ രാജാവേ, ഭഗവദ്സ്വരൂപത്തിന്‍റെ ഉജ്ജ്വലമായ കാന്തിയെപ്പറ്റി ഞാന്‍ എങ്ങനെയാണു വര്‍ണ്ണിക്കുക? മഹാപ്രളയകാലത്ത് പ്രപഞ്ചത്തിനെ ഭസ്മീകരിക്കുന്നതിനായി പന്ത്രണ്ട് ആദിത്യന്മാര്‍ ഒന്നിച്ചുദിച്ചാലും അതിന്‍റെ ആകെയുള്ള കാന്തി ഭഗവദ്‍രൂപത്തിന്‍റെ കാന്തിയോട് തുലനംചെയ്യാനാവില്ല. ലോകത്തുള്ള മിന്നല്‍പിണരുകളെല്ലാം ഒന്നായിട്ട്, പ്രളയകാലത്തുദിക്കുന്ന ആദിത്യന്മാരുമായും പ്രളയാഗ്നിയുമായും കൂടിക്കലര്‍ന്നാലും ആ പ്രഭാപൂരം വിരാട് രൂപത്തില്‍നിന്നു നിര്‍ഗ്ഗളിക്കുന്ന ഭാസുരമായ ജോതിസ്സിന്‍റെ മുന്നില്‍ വിളറിപ്പോകും. തന്നെയുമല്ല, ആ തേജസ്സിന്‍റെ വിശുദ്ധി മറ്റൊന്നിനും ലഭിക്കുകയുമില്ല. ശ്രീഹരിയുടെ മാഹാത്മ്യം അത്രയേറെയുണ്ട്. ആ പ്രകാശധോരണി വ്യാസമുനിയുടെ കാരുണ്യംകൊണ്ട് എനിക്കു കാണുവാന്‍ കഴിഞ്ഞു.