ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 15-16(1)

ഇനിയും അക്ഷരത്തെപ്പറ്റി നിനക്കു വിശദമാക്കിത്തരാം. അക്ഷരപുരുഷന്‍ എന്നറിയപ്പെടുന്ന മറ്റെ പുരുഷന്‍, മഹാമേരുപര്‍വ്വതം മറ്റ് പര്‍വ്വതങ്ങളുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നതുപോലെയാണ്. പ്രപഞ്ചത്തിന്‍റെ വിവിധവിഭാഗങ്ങളായ ഭൂമി, പാതാളം, സ്വര്‍ഗ്ഗം എന്നിവയുമായി ബന്ധപ്പെടാതെ ഉദാസീനമായി ഒരേ നിലയ്ക്കുനില്‍ക്കുന്ന ഈ പര്‍വ്വതം പോലെ, അക്ഷരപുരുഷന്‍ യഥാര്‍ത്ഥജ്ഞാനത്തിന്‍റേയും വിപരീതജ്ഞാനത്തിന്‍റേയും മദ്ധ്യത്തില്‍ നില്‍ക്കുന്നുവെങ്കിലും അവയുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ല. യഥാര്‍ത്ഥജ്ഞാനം കൊണ്ട് ബ്രഹ്മാവുമായുള്ള ഐക്യാവസ്ഥയോ, വിപരീതജ്ഞാനംകൊണ്ട് ദ്വൈതാവസ്ഥയോ അവന് ഉണ്ടാകുന്നില്ല. ഇവ രണ്ടിന്‍റേയും മദ്ധ്യത്തിലുള്ള അറിവിന്‍റെ അഭാവവസ്ഥയാണ് അവ ഉള്ളിന്‍റെ യഥാര്‍ത്ഥ സ്വഭാവം. കളിമണ്ണ് കുഴച്ച് ഒരു പിണ്ഡമാക്കിക്കഴിയുമ്പോള്‍ അതു ഭൂമിയല്ലാതായിത്തീരുന്നു. എന്നാല്‍ അതു കുടത്തിന്‍റെയോ കലത്തിന്‍റെയോ രൂപം പ്രാപിച്ചിട്ടുമില്ല. ഈ മണ്‍പിണ്ഡംപോലെ അക്ഷരപുരുഷന്‍ മദ്ധ്യാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. അല്ലയോ പാര്‍ത്ഥ, വരള്‍ച്ചകൊണ്ട് ജലമോ തിരമാലകളോ ഇല്ലാതെ രൂപഭാവരഹിതമായിരിക്കുന്ന സാഗരം പോലെയാണ് ഈ മദ്ധ്യമപുരുഷന്‍റെ അവസ്ഥ. അത് ജാഗ്രത്തിന്‍റെയും സ്വപ്നത്തിന്‍റെയും മദ്ധ്യത്തിലുള്ള തന്ദ്രിയാവസ്ഥപോലെയാണ്. സമ്പൂര്‍ണ്ണവിശ്വാഭാസം അപ്രത്യക്ഷമാവുകയും ആത്മബോധപ്രകാരം ഉദയം ചെയ്യാതിരിക്കുകയും ചെയ്യുന്ന അജ്ഞാനാവസ്ഥയെയാണ് അക്ഷരപുരുഷന്‍ എന്നു വിളിക്കുന്നത്. ഈ അവസ്ഥയില്‍ കലാശൂന്യമായ ചന്ദ്രന്‍റെ അമാവാസിദിനംപോലെ അറിവിന്‍റെ അഭാവം പൂര്‍ണ്ണമായിരിക്കും.

പക്വമായ ഫലത്തിന്‍റെ ഉള്ളിലുള്ള ബീജത്തില്‍ വൃക്ഷത്തിന്‍റെ ജീവന്‍ ഒതുങ്ങിയിരിക്കുന്നു. അതുപോലെ ദേഹാദിഉപാധികളെയെല്ലാം ഉപേക്ഷിച്ചുകഴിഞ്ഞശേഷം ജീവാത്മാവ് ഉപഹിതസ്ഥിതിയിലേക്ക് ലയിക്കുന്നു. ഈ അവസ്ഥയ്ക്കാണ് അവ്യക്തം എന്നു പറയുന്നത്. ഘനസുഷുപ്തിയില്‍ സമ്പൂര്‍ണ്ണമായ അജ്ഞാനമാണുള്ളത്. ഇതിനു ബീജഭാവാവസ്ഥ എന്നു പറയുന്നു. ജാഗ്രതയും സ്വപ്നവും ബീജഫലഭാവാവസ്ഥയെന്ന് അറിയപ്പെടുന്നു. വേദാന്തശാസ്തത്തില്‍ ബീജഭാവമെന്ന് അറിയപ്പെടുന്നതാണ് അക്ഷരപുരുഷന്‍റെ വാസഗേഹം. ഇത് വിപരീതജ്ഞാനത്തെ ഉളവാക്കുകയും അത് ജാഗ്രത് സ്വപ്നാവസ്ഥകള്‍ക്ക് ഉത്തരവാദിയായിത്തീരുകയും അവയില്‍നിന്ന് അനേക ബുദ്ധിതരംഗങ്ങള്‍ ആവിര്‍ഭവിക്കുകയും ചെയ്യുന്നു. അല്ലയോ അര്‍ജ്ജുനാ, ആ അവസ്ഥയില്‍ ജീവധര്‍മ്മവും അനന്തവിശ്വവും സൃഷ്ടിക്കപ്പെടുകയും ഈ സൃഷ്ടികള്‍ പ്രളയകാലത്ത് ഇല്ലാതായിത്തീരുകയും ചെയ്യുന്നു. ചേതനയു‌ടെ ഈ അവസ്ഥയ്ക്കാണ് അക്ഷരപുരുഷന്‍ എന്നു പറയുന്നത്.

ക്ഷരപുരുഷനാകട്ടെ അവനാല്‍തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ജാഗ്രത്തും സ്വപ്നവുമായ അവസ്ഥയില്‍ കര്‍മ്മനിരതനാകുന്നു. ഈ രണ്ടവസ്ഥകളും ഘനസുഷുപ്തി എന്നറിയപ്പെടുന്ന പൂര്‍ണ്ണമായ അജ്ഞാനാവസ്ഥയില്‍നിന്ന് ആവിര്‍ഭവിക്കുന്നതാണ്. അജ്ഞാനനിദ്രാവസ്ഥയ്ക്കും ബ്രഹ്മസ്ഥിതിക്കും തമ്മില്‍ ഒരു പോരായ്മ മാത്രമേയുള്ളു. നിദ്രാവസ്ഥയില്‍നിന്ന് ചേതന, ജാഗ്രത്ത്, സ്വപ്നം എന്നീ അവസ്ഥകളിലേക്ക് മടങ്ങുന്നു. അപ്രകാരമല്ലായിരുന്നെങ്കില്‍ സുഷുപ്തിയുടെ ഈ അവസ്ഥയ്ക്ക് ബ്രഹ്മാവസ്ഥയെന്നുതന്നെ പറയാന്‍ കഴിയുമായിരുന്നു. ഏതുവിധമായാലും ഘനസുഷുപ്തിയാകുന്ന ആകാശത്തിലെ രണ്ടു കാര്‍മേഘങ്ങളാണ് പ്രകൃതിയും പുരുഷനും. ക്ഷേത്രവും ക്ഷേത്രജ്ഞനും സ്വപ്നാവസ്ഥയില്‍ കാണുന്ന മിഥ്യാഭാവങ്ങളുമാണ്.

ചുരുക്കിപറഞ്ഞാല്‍ കീഴോട്ടു വളരുന്ന ശിഖരങ്ങളോടുകൂടിയ സംസാരവൃക്ഷത്തിന്‍റെ മൂലകാരണം അക്ഷരപുരുഷനാണ്. ഇപ്രകാരം നിഷ്ണാതമായ ഒന്നിനെ എന്തുകൊണ്ടാണ് പുരുഷന്‍ എന്നുവിളിക്കുന്നത്? അവന്‍ മായാനഗരത്തില്‍ ഉറങ്ങുന്നതുകൊണ്ട് ആ ഉറക്കത്തിന്‍റെ സ്ഥിതി വിപരീതജ്ഞാനത്തിന്‍റെ ചുഴികളാകുന്ന വികാരങ്ങള്‍ക്ക് പ്രതികൂലമാണ്. ഈ സ്ഥിതി സ്വയം മാറുകയില്ല; ജ്ഞാനംകൊണ്ടല്ലാതെ ഇതിനെ ഇല്ലാതാക്കാനും സാധ്യമാല്ല. ഇക്കാരണത്തില്‍ വേദാന്തസിദ്ധാന്തത്തില്‍ ഇത് അക്ഷരപുരുക്ഷന്‍ എന്നറിയപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മായയയുമായുള്ള സംബന്ധംകൊണ്ട് ജീവജാലങ്ങളുടെ സൃഷ്ടിക്ക് കാരണഭൂതനായിത്തീരുന്ന അക്ഷരപുരുഷന്‍ ചൈതന്യമല്ലാതെ മറ്റൊന്നല്ല.