സ്വാമി വിവേകാനന്ദന്‍

ഭക്തിയോഗപാഠങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും.

ശരീരം മനസ്സിന്റെ ഒരു സ്ഥൂലതരരൂപംമാത്രമാണ്-മനസ്സ് സൂക്ഷ്മതരമായ അട്ടികളാലും ശരീരം സ്ഥൂലതരമായ അട്ടികളാലും നിര്‍മ്മിതമാണ്. മനുഷ്യന്ന് തന്റെ മനസ്സിന്മേല്‍ പൂര്‍ണ്ണനിയന്ത്രണം സിദ്ധിക്കുന്നതോടെ ശരീരത്തിന്റെമേലും നിയന്ത്രണം ലഭിക്കും. ഓരോ മനസ്സിനും അതതിന്റെ ശരീരം ഉള്ളതുപോലെ, ഓരോ വാക്കിനും അതതിന്റേതായ ഓരോ ആശയം ഉണ്ട്. നാം കോപിക്കുമ്പോള്‍, ഇരട്ടവ്യഞ്ജനങ്ങളിലാണ് സംസാരിക്കുക. ‘പോത്തേ, വിഡ്ഢി’ ഇത്യാദി. നാം വിഷണ്ണചിത്തരാകുമ്പോള്‍ മൃദുവായ സ്വരാക്ഷരങ്ങളിലും-‘ആവൂ, അയ്യോ’ എന്നൊക്കെ, ഇവ ക്ഷണികങ്ങളായ വികാരങ്ങളാണ്. സംശയമില്ല. എന്നാല്‍ പ്രേമം, ശാന്തി, പ്രസാദം, ആനന്ദം, വിശുദ്ധി മുതലായി ശാശ്വതങ്ങളായ വികാരങ്ങളുമുണ്ട്. ഈ വികാരങ്ങള്‍ക്കു എല്ലാ മതങ്ങളിലും അവയ്ക്കുതകുന്ന വാക്കുകളുണ്ട്-മനുഷ്യന്റെ ഉച്ചതമങ്ങളായ വികാരങ്ങളുടെ മൂര്‍ത്തരൂപംമാത്രമാണ് ഈ വാക്കുകള്‍. വിചാരം വാക്കിനെ ഉല്‍പ്പാദിപ്പിച്ചു. ഇനി തിരിച്ച്, ഈ വാക്കുകള്‍ ആ വിചാരങ്ങളെ അല്ലെങ്കില്‍ വികാരങ്ങളെ ഉല്‍പ്പാദിപ്പിക്കാനും പര്യാപ്തങ്ങളാണ്. അതിലാണ് ഈ വാക്കുകളുടെ പ്രയോജനം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലോരോ വാക്കും ഓരോ ആദര്‍ശത്തെ ഉള്‍ക്കൊള്ളുന്നു. വിശുദ്ധങ്ങളും നിഗൂഢശക്തിഗര്‍ഭങ്ങളുമായ ഈ വാക്കിനെപ്പറ്റി നമുക്കറിയാം. എങ്കിലും അവ ഒരു പുസ്തകത്തില്‍ വെറുതെ വായിച്ചതുകൊണ്ടുമാത്രം നമ്മില്‍ ഫലമൊന്നും ഉളവാക്കില്ല. ഫലസിദ്ധിക്ക് അവ ചൈതന്യനിര്‍ഭരമാക്കപ്പെടണം. അതായത് ഈശ്വരചൈതന്യസ്പര്‍ശം ലഭിച്ചവനും ഇപ്പോള്‍ ജീവിക്കുന്നവനുമായ ഒരു പുരുഷനാല്‍ അവ സ്പര്‍ശിക്കപ്പെടണം. ഉപയോഗിക്കപ്പെടണം. അത്തരമൊരുവന്നുമാത്രമേ ഈ ആദ്ധ്യാത്മികസ്രോതസ്സിനെ പ്രവഹിപ്പിക്കാന്‍ കഴിയുകയുള്ളു. ‘കൈവെച്ചനുഗ്രഹിക്കല്‍’ ക്രിസ്തു സഞ്ചരിപ്പിച്ചുവിട്ട ആ ആദ്ധ്യാത്മികസ്രോതസ്സിന്റെ തുടര്‍ച്ചയാണ്. ഈ ആത്മശക്തിപ്രവാഹത്തെ മറ്റൊരുവനിലേക്കു സംക്രമിപ്പിക്കാന്‍ കഴിവുള്ളവനെ ഗുരു എന്നു പറയുന്നു. യേശുവിനെപ്പോലുള്ള മഹാന്മാരായ ഗരുക്കന്മാര്‍ക്ക് വാക്കുകള്‍ ഉപയോഗിക്കേണ്ടതില്ല. എന്നാല്‍ ചില്ലറക്കാരായ ഗുരുക്കന്മാര്‍ ഈ വാക്കുകള്‍മുഖേനെയാണ് ചൈതന്യപ്രവാഹം സംക്രമിപ്പിക്കുന്നത്.

അന്യരുടെ ദോഷങ്ങളെ കാണരുത്. ഒരു മനുഷ്യന്റെ കുറ്റങ്ങളെ വെച്ചുകൊണ്ട് അയാളെ വിധിക്കാന്‍ സാധിക്കില്ല. ഉദാഹരണം ഒരു ഫലവൃക്ഷത്തെപ്പറ്റി, അതിന്റെ ചുവട്ടില്‍ പഴുക്കാതെ വീണുചീഞ്ഞളിഞ്ഞു കിടക്കുന്ന ഫലങ്ങളെ വെച്ചു വിധിക്കുന്നതു ശരിയല്ലല്ലോ. അതുപോലെ, ഒരു മനുഷ്യന്റെ കുറ്റങ്ങള്‍ അയാളുടെ സ്വഭാവമെന്താണെന്നു ശരിയായി കാണിക്കുന്നില്ല. ദുഷ്ടന്മാര്‍ ലോകമൊട്ടുക്കും എല്ലായ്പ്പോഴും ഒരുപോലെയാണെന്നോര്‍മ്മിക്കുക. കള്ളനും കൊലയാളിയും ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും ഒരേതരക്കാരാണ്. അവര്‍ തനിച്ച് ഒരു വര്‍ഗ്ഗവിശേഷമാണ്. സത്തുക്കളിലും വിശുദ്ധന്മാരിലും വീര്യവാന്മാരിലും മാത്രമാണ് നാം വൈചിത്യ്രം കാണുന്നത്. മറ്റുള്ളവരിലെ ദുഷ്ടതയെ ദുഷ്ടതയായി കാണരുത്. ദുഷ്ടതയെന്നത് അജ്ഞാനമാണ്. ദൌര്‍ബ്ബല്യമാണ്, മനുഷ്യരോട് അവര്‍ ദുര്‍ബലരാണെന്നു പറയുന്നതുകൊണ്ടെന്തു വിശേഷം? കുറ്റംപറച്ചിലും വിധ്വംസനവും ഒരു ഗുണവും ചെയ്യില്ല. അതിനേക്കാള്‍ ഉത്കൃഷ്ടമായ വല്ലതും അവര്‍ക്ക് കൊടുക്കുകയാണ് വേണ്ടത്-അവരുടെ ജന്മാവകാശമായ മഹിമയേറിയ സ്വരൂപത്തെപ്പറ്റി അവരോടു പറയുക. കൂടതലാളുകള്‍ ഈശ്വരനിലേക്ക് വരാത്തതെന്തുകൊണ്ട്? വളരെ കുറച്ചാളുകളേ തങ്ങളുെട പഞ്ചേന്ദ്രിയങ്ങള്‍ക്കു പുറത്തു വല്ല സുഖാനുഭവവും കാണുന്നുള്ളു എന്നതാണ് കാരണം. ഭൂരിപക്ഷത്തിന്, ആന്തരലോകത്ത്, അവരുടെ കണ്ണുകൊണ്ട് കാണാനോ കാതുകൊണ്ടു കേള്‍ക്കാനോ കഴിയുന്നില്ല.

ഇനി നമുക്ക് പ്രേമത്തിലൂടെയുള്ള ഈശ്വരാരാധനയിലേക്കു കടക്കാം. ‘പള്ളിയില്‍ ജനിക്കുന്നതു നല്ലതാണ്. പക്ഷേ, അവിടെ മരിക്കുന്നതു ചീത്ത’ എന്നു പറയപ്പെട്ടിട്ടുണ്ട്. ഇളം പ്രായത്തിലുള്ള വൃക്ഷത്തിനു ചുറ്റം കെട്ടിയ വേലി ഒരു താങ്ങും രക്ഷയുമാണ്. എന്നാല്‍ വേലി യഥാസമയം മാറ്റാത്തപക്ഷം അതിന്റെ വളര്‍ച്ചയും ബലവും പ്രതിബന്ധിക്കപ്പെടും. ചടങ്ങിന്‍പടിക്കുള്ള ആരാധന, മുമ്പുപറഞ്ഞതുപോലെ, ഒരാവശ്യമായ ഘട്ടമാണ്. എന്നാല്‍, ക്രമേണ നാം അതിന്റെ ആവശ്യം കടന്നു കുറേക്കൂടി ഉയര്‍ന്ന ഒരു തലത്തിലെത്തുന്നു. ഈശ്വരപ്രേമം പരിപക്വമായാല്‍പ്പിന്നെ നാം ഈശ്വരന്റെ ഗുണങ്ങളെപ്പറ്റി-അവിടുന്നു സര്‍വ്വശക്തനാണ്. സര്‍വ്വവ്യാപിയാണ് ഇത്യാദി ഗംഭീരവിശേഷണങ്ങളിലൂടെ-ചിന്തിക്കാറില്ല. ഈശ്വരനില്‍നിന്ന് നമുക്ക് ഒന്നും ആവശ്യമില്ല. അതിനാല്‍ ഈ ഗുണങ്ങളെ ഗണിക്കാനും നാം കൂട്ടാക്കുന്നില്ല. ഈശ്വന്റെ പ്രേമമൊന്നേ നമുക്കാവശ്യമുള്ളു. എന്നാലും ‘ഈശ്വരനില്‍ മനുഷ്യധര്‍മ്മാരോപണം’ പിന്നെയും നമ്മെ പിന്തുടരുന്നു. നമുക്കു നമ്മുടെ മനുഷ്യതയില്‍നിന്നു വിട്ടകലാന്‍ വയ്യ. നമ്മുടെ ശരീരബോധത്തിനു വെളിയില്‍ ചാടാന്‍വയ്യ. അതുകൊണ്ട് നാം അന്യോന്യം സ്നേഹിക്കുംവിധം ഈശ്വരനേയും സ്നേഹിക്കണം.

മനുഷ്യസ്നേഹത്തില്‍ അഞ്ചുപടികളുണ്ട്.

  1. ഏറ്റവും താഴത്തേത് സര്‍വ്വസമാനമായത്, ‘ശാന്തം, നാം നമ്മുടെ സംരക്ഷണം ഭക്ഷണം, മുതലായ ആവശ്യങ്ങള്‍ക്കെല്ലാം നമ്മുടെ പിതാവിനെ ആശ്രയിക്കുംപോലുള്ളത്.
  2. സേവിക്കണം എന്ന ആവശ്യത്തോടു കൂടിയ സ്നേഹം (ദാസ്യം.) മനുഷ്യന്‍ ഈശ്വരനെ തന്റെ യജമാനനെന്നുള്ള നിലയില്‍ സേവിക്കാനാഗ്രഹിക്കുന്നു-സേവനതൃഷ്ണ മറ്റെല്ലാ വികാരങ്ങളേയും അഭിഭവിച്ചു നില്‍ക്കുന്നു. യജമാനന്‍ നല്ലവനോ ചീത്തയോ ദയാലുവോ നിര്‍ദ്ദയനോ എന്നൊന്നും നാം നോക്കുന്നില്ല.
  3. സുഹൃത്തിന്റെ സഖ്യം, തുല്യനിലയിലുള്ളവരുടെ, സഖാക്കളുടെ കളിച്ചങ്ങാതിമാരുടെ, സ്നേഹം, മനുഷ്യന്‍ ഈശ്വരനെ തന്റെ സഖാവായി ഭാവന ചെയ്യുന്നു.
  4. മാതൃവാത്സല്യം. ഈശ്വരനെ തന്റെ ശിശുവായി കരുതുന്നു. ഭാരതത്തില്‍ ഇതു മുമ്പു പറയപ്പെട്ടവയെക്കാള്‍ ഉല്‍കൃഷ്ടതരമായ സ്നേഹമായി ഗണിക്കപ്പെടുന്നു. എന്തെന്നാല്‍ അതില്‍ ഭയത്തിന്റെ തരിമ്പുമില്ല.
  5. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രേമം, പ്രേമത്തിനുവേണ്ടിയുള്ള പ്രേമം (മധുരം) ഈശ്വരന്‍ അന്യൂനമായ പ്രേമഭാജനം, ‘നാലു കണ്ണുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നു. രണ്ടാത്മാക്കളില്‍ ഒരു ഭാവഭേദം ഉണ്ടായിത്തുടങ്ങുന്നു. ഈ രണ്ടാത്മാക്കള്‍ക്കും മദ്ധ്യേ പ്രേമം കടന്നുകൂടി അവയെ ഒന്നാക്കുന്നു. എന്നിങ്ങനെ ചമല്‍കാരത്തോടെ ഇതിനെ പ്രതിപാദിച്ചിരിക്കുന്നു.

മനുഷ്യന് ഈ ഒടുവില്‍ പറഞ്ഞ ഉള്‍കൃഷ്ടതമപ്രേമം ഉണ്ടാകുന്നതോടെ അയാളുടെ സകലതൃഷ്ണകളും മായുന്നു. ചടങ്ങുകളും സിദ്ധാന്തങ്ങളും പള്ളികളും പൊഴിഞ്ഞുപോകുന്നു. മാത്രമല്ല, മുക്തിക്കുള്ള ആഗ്രഹംപോലും (സകല മതങ്ങളുടെയും അന്ത്യവും ലക്ഷ്യവും ജനനമരണാദികളില്‍നിന്നുള്ള മുക്തിയാണല്ലോ) ഉപേക്ഷിക്കപ്പെടുന്നു. ഉച്ചതമമായ പ്രേമം ലിംഗഭേദമില്ലാത്തതാണ്. എന്തെന്നാല്‍, പരിപൂര്‍ണ്ണമായ ഐക്യമാണ് അതില്‍ പ്രകടമാകുന്നത്-ലിംഗഭേദം ശാരീരികമായ വ്യത്യാസത്തെ കുറിയ്ക്കുന്നതാണല്ലോ. അതിനാല്‍ ഈ ഐക്യം ആത്മാവിലേ സാദ്ധ്യമാകൂ. നമുക്കു ശരീരബോധം എത്ര കുറയുന്നുവോ അത്രയ്ക്കു ഉല്‍കൃഷ്ടതരമാകും നമ്മുടെ പ്രേമവും, ഒടുവില്‍ കായികമായ സകലചിന്തകളും വിസ്മരിക്കപ്പെടുകയും രണ്ടാത്മാക്കളും ഒന്നാവുകയും ചെയ്യുന്നു. നാം എല്ലായ്പോഴും പ്രേമത്തെ പ്രേമിക്കുന്നു. ഈ പ്രേമം ബാഹ്യരൂപങ്ങളില്‍ക്കൂടി തുളച്ചുകയറി അവയ്ക്കപ്പുറം കാണുന്നു. ‘പ്രേമിക്കുന്നവന്‍ ഒരു എത്യോപ്പിന്റെ ലലാടത്തിലും ഹെലന്റെ സൌന്ദര്യം കാണുന്നു* എന്നു പറയപ്പെട്ടിട്ടുണ്ട്. ഏത്യോപ്യന്‍ ഒരു സൂചനമാത്രം. ആ സൂചനയെ പ്രേമി തന്റെ പ്രേമംകൊണ്ടു പൊതിയുന്നു. മുത്തുച്ചിപ്പി തന്റെ ഉള്ളില്‍ കടന്നുകൂടുന്ന മണല്‍ത്തരിയെ സ്വശരീരത്തിലെ ദ്രാവകംകൊണ്ടു പൊതിഞ്ഞു മനോഹരമുത്താക്കുംപോലെ, മനുഷ്യന്‍ എപ്പോഴും പ്രേമിക്കുന്നത് അവന്റെ ഉത്കൃഷ്ടതമമായ ആദര്‍ശത്തെത്തന്നെയാണുതാനും. ഉല്‍കൃഷ്ടതമമായ ആദര്‍ശം എപ്പോഴും സ്വാര്‍ത്ഥരഹിതമാണ്. അതിനാല്‍ മനുഷ്യന്‍ പ്രേമത്തെത്തന്നെ പ്രേമിക്കുന്നു. ഈശ്വരന്‍ പ്രേമമത്രേ. അതിനാല്‍ നാം ഈശ്വരനെ പ്രേമിക്കുന്നു-അഥവാ പ്രേമത്തെ പ്രേമിക്കുന്നു. നാം പ്രേമത്തെ കാണുകമാത്രം ചെയ്യുന്നു. പ്രേമം പ്രകാശിപ്പിക്കാവതല്ല. ‘വെണ്ണതിന്നുന്ന ഊമയ്ക്കു’ വെണ്ണ എങ്ങനെയുള്ളതാണെന്നു നിങ്ങളെ പറഞ്ഞറിയിക്കാന്‍ കഴിയില്ല. വെണ്ണ വെണ്ണയാണ്. അതിന്റെ ധര്‍മ്മങ്ങള്‍ അതു രുചിച്ചിട്ടില്ലാത്തവരെ പറഞ്ഞു ധരിപ്പിക്കാന്‍ വയ്യ. പ്രേമത്തിനുവേണ്ടിയുള്ള പ്രേമം അതാസ്വദിച്ചിട്ടില്ലാത്തവരെ പറഞ്ഞു ധരിപ്പിക്കാന്‍ വയ്യ.

പ്രേമത്തെ ഒരു ത്രികോണപ്രതീകംകൊണ്ട് ചിത്രീകരിക്കാം. ഒന്നാമത്തെ കോണ്‍, പ്രേമം ഒരിക്കലും അര്‍ത്ഥിയല്ലെന്നുള്ളതാണ്. അതൊരിക്കലും ഇങ്ങോട്ടൊന്നും ആവശ്യപ്പെടുന്നില്ല. രണ്ടാമത്തേത്, പ്രേമത്തിന് ഭയബോധമില്ലെന്നുള്ളതാണ്. ഉച്ചമായ മൂന്നാമത്തെ കോണ്‍, പ്രേമം. പ്രേമത്തിനുവേണ്ടിമാത്രം എന്നുള്ളതത്രേ. പ്രേമശക്തിയുടെ പ്രവര്‍ത്തനം ഹേതുവായി ഇന്ദ്രിയങ്ങള്‍ സംസ്കരിക്കപ്പെടുന്നു. ഉപര്യുപരി സൂക്ഷ്മതരങ്ങളാകുന്നു. മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ പൂര്‍ണ്ണതയുറ്റ സ്നേഹം വളരെ വിരളമത്രേ. എന്തെന്നാല്‍ മനുഷ്യസ്നേഹം മിക്കപ്പോഴും അന്യോന്യാശ്രിതമാണ്. ഈശ്വരന്റെ പ്രേമമോ ഒരു നിരന്തരപ്രവാഹമാണ്. അതിനു കെടുതിയോ ഭംഗമോ വരുത്താന്‍ യാതൊന്നിനും കഴിവില്ല. മനുഷ്യന്‍ ഈശ്വരനെ, യാചകഭാവം വെടിഞ്ഞ്, യാതൊന്നും തിരിച്ചാവശ്യപ്പെടാതെ, തന്റെ അത്യുന്നതാദര്‍ശമായി സ്നേഹിക്കുമ്പോഴത്രേ, പ്രേമം അതിന്റെ വികസനത്തിന്റെ പരകോടിയിലെത്തുന്നതും ജഗത്തിലെ ഒരു അധൃഷ്യശക്തിയാകുന്നതും. ഈ അവസ്ഥയിലെത്തുവാന്‍ ഒരു നീണ്ട കാലം വേണ്ടിവരും. നമ്മുടെ പ്രകൃതിയ്ക്കടുത്ത സ്ഥലത്തുനിന്നുതന്നെ നാം തുടങ്ങണം. ചിലര്‍ സേവനത്തിനുള്ള പ്രവണതയോടെ ജനിച്ചിരിക്കുന്നു. മറ്റു ചിലര്‍ സ്നേഹത്തില്‍ മാതാക്കളായിട്ടും. എങ്ങനെയായാലും ഫലം ഈശ്വരന്റെ കയ്യിലാണ്. പ്രകൃതിസഹജമായ പ്രവണതകളുടെ ആനുകൂല്യം നാം ഉപയോഗപ്പെടുത്തണം.

ലോകത്തിനു നന്മ ചെയ്യുന്നതിനെപ്പറ്റി

നിങ്ങളുടെ മതംകൊണ്ടു ലോകത്തിനെന്തു ഗുണമുണ്ട് എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. സമുദായത്തെ സത്യത്തിന്റെ ഒരു ഉരകല്ലാക്കിയിരിക്കയാണ്. ഇതു വളരെ യുക്തിവിരുദ്ധമായ ഒരു നിലപാടാണ്. സമുദായം നമുക്കു കടന്നുപോകേണ്ട ഒരവസ്ഥാവിശേഷംമാത്രമാണ്. ഒരു ശാസ്ത്രീയകണ്ടുപിടുത്തത്തിന്റെ നന്മയോ ഉപയോഗമോ ഒരു ശിശുവിന് അതിലുണ്ടാകുന്ന ഉപയോഗത്തെ ആസ്പദമാക്കി മതിക്കുന്നതിനൊപ്പമാണത്. അതു കേവലം ബീഭത്സംതന്നെ. ഈ സമുദായഘട്ടം ചിരസ്ഥായിയായിരുന്നെങ്കില്‍ ആയതു ശിശു എന്നും ശിശുവായിരുന്നാലത്തെപ്പോലെയാകും. പൂര്‍ണ്ണതയിലെത്തിയ മനുഷ്യശിശു ഉണ്ടായിരിക്കയില്ല-ആ പ്രയോഗംതന്നെ പരസ്പരവിരുദ്ധമാണ്. അതുപോലെ, പൂര്‍ണ്ണത പ്രാപിച്ച സമുദായവും ഉണ്ടാവില്ല. മനുഷ്യന്‍ അത്തരം പ്രാരംഭഘട്ടങ്ങള്‍ക്കുപരി വളരണം. വളരുകയും ചെയ്യും. നമ്മുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ സമുദായം നല്ലതാണ്. എന്നാല്‍ അതു നമ്മുടെ ലക്ഷ്യമാവാന്‍ വയ്യ. അതു നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. കപടനാട്യങ്ങളും കൈതവപ്രയോഗങ്ങളും നിറഞ്ഞ ഇപ്പോഴത്തെ ഈ ‘വാണിജ്യനാഗരികത’ നശിക്കേണ്ടതാണ്- എല്ലാം ഒരു കെട്ടു കാഴ്ചപ്രദര്‍ശനം. ലോകത്തിനാവശ്യം വ്യക്തികളിലൂടെയുള്ള വിചാരശക്തിയാണ്. എന്റെ ഗുരു പറഞ്ഞിരുന്നു, ‘നിങ്ങള്‍ നിങ്ങളുടെ സ്വന്തം പദ്മം വികസിപ്പിച്ചുകൊണ്ടുവരാന്‍ യത്നം ചെയ്യാത്തതെന്ത്? അപ്പോള്‍ വണ്ടുകള്‍ താനേ അവിടെ എത്തിക്കൊള്ളും’ എന്ന്. ലോകത്തിന് ഈശ്വരപ്രേമത്താല്‍ ഉന്മത്തരായവരെ ആവശ്യമുണ്ട്. നിങ്ങള്‍ ആദ്യം നിങ്ങളില്‍ത്തന്നെ വിശ്വസിക്കണം. പിന്നീട് ഈശ്വരനില്‍ വിശ്വാസമുണ്ടാകും. ലോകചരിത്രം ആത്മവിശ്വാസമുള്ള, അഗാധമായ ചാരിത്രവും സ്വഭാവശുദ്ധിയുമുള്ള അര ഡസന്‍ ആളുകളുടെ ചരിത്രമാണ്. മൂന്നു കാര്യം നമുക്കു അവശ്യം വേണ്ടിയിരിക്കുന്നു. സഹതപിക്കുന്ന ഹൃദയം, ആശയാവിഷ്കരണത്തിനുള്ള മസ്തിഷ്കം, പ്രവര്‍ത്തിക്കാനുള്ള കൈകള്‍. ആദ്യം നാം ലോകത്തില്‍നിന്നൊഴിഞ്ഞുപോയി, (പരിശീലനംകൊണ്ട്) നമ്മെ ഉത്തമോപകരണങ്ങളാക്കണം. നിങ്ങളെ ഒരു ശക്തികൂടമാക്കുക. ആദ്യമായി, ലോകത്തിന്റെ കഷ്ടതയില്‍ മനസ്സലിയട്ടെ. സകലമനുഷ്യരും കര്‍മ്മസന്നദ്ധരായിരിക്കെ, ആര്‍ദ്രചിത്തനായ മനുഷ്യനെവിടെ? ഒരു ഇഗ്നേഷ്യസ് ലയോളയെ ജനിപ്പിച്ചമാതിരിയുള്ള ഹൃദയവികാരമെവിടെ? നിങ്ങളുടെ പ്രേമവും വിനയവും പരീക്ഷയ്ക്കു വിധേയമാക്കുക. അസൂയാലുവായ മനുഷ്യന്‍ വിനയവാനോ സ്നേഹവാനോ അല്ല. അസൂയ ഒരു ഭയങ്കര-ബീഭത്സപാപമാണ്. അത് എത്രയും അജ്ഞാതമായി മനുഷ്യന്റെ ഹൃദയത്തില്‍ കടന്നുകൂടുന്നു. സ്വയം അന്വേഷിക്കുക, നിങ്ങളുടെ മനസ്സില്‍ അസൂയയുടെയോ വിദ്വേഷത്തിന്റെയോ പ്രതികരണമുണ്ടാകുന്നുണ്ടോ എന്ന്. ലോകത്തിലേക്കു വമിക്കപ്പെടുന്ന ടണ്‍കണക്കിനു വിദ്വേഷവും വൈരസ്യവും മൂലം സത്പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിഫലീകരിക്കപ്പെടുന്നുണ്ട്. നിങ്ങള്‍ പവിത്രനാണെങ്കില്‍,വീര്യമുള്ളവനാണെങ്കില്‍, നിങ്ങള്‍ ഒറ്റയ്ക്കു ലോകത്തിനു മുഴുവനും സമനാകുന്നു.

സത്പ്രവര്‍ത്തനത്തിനുള്ള അടുത്ത വ്യവസ്ഥയായ, ചിന്താവിചക്ഷണമായ മസ്തിഷ്കം ഒരു വരണ്ട സഹാറയെന്നേ കരുതേണ്ടു. അതിന്റെ പിന്നില്‍ വികാരസാന്ദ്രതയില്ലെങ്കില്‍, അതിനു തനിച്ച് ഒന്നും ചെയ്യാനാവില്ല. ആദ്യം, ഒരിക്കലും പരാജയപ്പെട്ടിട്ടില്ലാത്ത പ്രേമമാര്‍ജ്ജിക്കുക. അനന്തരം മസ്തിഷ്കം കര്‍മ്മപദ്ധതികള്‍ ചിന്തിച്ചുണ്ടാക്കുകയും കൈകള്‍ ധര്‍മ്മമാചരിക്കുകയും ചെയ്യും. ഋഷിമാര്‍ ഈശ്വരനെ ധ്യാനിക്കുന്നവരും ഈശ്വരദര്‍ശനം സിദ്ധിച്ചിട്ടുള്ളവരുമാണ്. ‘ഹൃദയശുദ്ധിയുള്ളവര്‍ ഈശ്വരനെ കാണും’. എല്ലാ മഹാപുരുഷന്മാരും ഈശ്വരനെ കണ്ടിട്ടുള്ളതായി പ്രഖ്യാപിക്കുന്നു. ആയിരമായിരം വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഉണ്ടായതാണ് ഈ ദര്‍ശനസിദ്ധി. അപ്പുറം വര്‍ത്തിക്കുന്ന ഏകത്വം സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ നമുക്കു ചെയ്യാവുന്നത് ആ മഹനീയ കരടുചിത്രം പൂരിപ്പിക്കുക മാത്രമത്രേ.