ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 35

ശ്രീ ഭഗവാന്‍ ഉവാചഃ

അസംശയം മഹാബാഹോ
മനോ ദുര്‍നിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ

അല്ലയോ മഹാബാഹോ, ചഞ്ചലമായ മനസ്സിനെ നിഗ്രഹിക്കുകയെന്നുള്ളത് വളരെ പ്രയാസമാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല. എങ്കിലും കൗന്തേയി അഭ്യാസംകൊണ്ടും വിഷയങ്ങളിലുള്ള വൈരാഗ്യംകൊണ്ടും നിരോധിക്കാവുന്നതാണ്.

അപ്പോള്‍ ഭഗവാന്‍ അരുള്‍ ചെയ്തു: അല്ലയോ അര്‍ജ്ജുന, നീ പറയുന്നത് തികച്ചും പരമാര്‍ത്ഥമാണ്. ചാഞ്ചല്യം മനസ്സിന്റെ സഹജ സ്വഭാവമാണ്. എന്നാല്‍ വൈരാഗ്യത്തെ അവലംബമാക്കിക്കൊണ്ട് യോഗാനുഷ്ഠാനത്തിന്റെ പാതയില്‍ക്കൂടി മുന്നോട്ടുപോയാല്‍ കാലക്രമേണ മനസ്സിനെ സുസ്ഥിരമാക്കാന്‍ കഴിയും. എന്തുകൊണ്ടെന്നാല്‍ മനസ്സിന് ഏതിനോടെങ്കിലും പ്രീതിതോന്നിയാല്‍ അതിനോട് അതിരറ്റ താല്‍പര്യം കാണിക്കുന്ന ഒരു വിശേഷ ഗുണമുണ്ട്. അതുകൊണ്ട് മനസ്സിനെ ആത്മാനന്ദം അനുഭവിക്കുന്നതിനുള്ള ഒരഭിരുചി നീ ഉണ്ടാക്കിക്കൊടുക്കണം.