ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും
ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ
വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ നാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.
കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ അഷ്ടമസ്കന്ധത്തില്‍ പതിനെട്ടു മുതല്‍ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ നാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്, ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. അവിടെയാണ് ഓണത്തിന്റെ മാഹാത്മ്യം.
ശ്രീമഹാഭാഗവതത്തിലെ കഥാസന്ദര്‍ഭമനുസരിച്ച് മഹാബലി ചക്രവര്‍ത്തിയെ വാമനമൂര്‍ത്തി പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. വാമനനായി അവതരിച്ച സാക്ഷാല്‍ വിഷ്ണുഭഗവാന്‍ കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്, മഹാബലിയെ പിതാമഹനായ ഭക്തപ്രഹ്ലാദനോടും മറ്റു അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തില്‍ സകല സുഖത്തോടുംകൂടി വസിക്കാന്‍ അനുവദിച്ചുവെന്നും മറ്റെല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു ഭഗവാന്‍ മഹാവിഷ്ണു സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്നും ശ്രീമഹാഭാഗവതം ഉദ്ഘോഷിക്കുന്നു.
ഇനി നമുക്ക് പുരാണകഥയിലേക്ക് കടക്കാം. കഥ കുറച്ചു പുറകില്‍നിന്നും തുടങ്ങാം.
കശ്യപമഹര്‍ഷിക്ക് ദിതി എന്നും അദിതി എന്നും പേരായി രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു. ദിതിയുടെ പുത്രന്മാര്‍ അസുരന്മാരും അദിതിയുടെ പുത്രന്മാര്‍ ദേവന്മാരും ആയിരുന്നു.
അതിസമര്‍ത്ഥനും ശക്തനും ഗുരുഭക്തനും ആയ മഹാബലിയാണ് അസുരചക്രവര്‍ത്തി. മഹാബലി സ്വര്‍ഗ്ഗമുള്‍പ്പെടെ വിശ്വം മുഴുവന്‍ കീഴടക്കി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട ദേവന്മാര്‍ ദുഃഖിതരായി തീര്‍ന്നു. ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് മഹാമേരുവിലുള്ള ബ്രഹ്മസഭയെ അഭയം പ്രാപിച്ചു. അവര്‍ ബ്രഹ്മദേവന്റെ ഉപദേശപ്രകാരം ഭഗവാന്‍ ശ്രീഹരിയുടെ തത്ത്വം പാടിസ്തുതിച്ചു. ഭഗവാന്‍ ശ്രീഹരി ദേവസമൂഹത്തിനുമുമ്പില്‍ പ്രത്യക്ഷനായി. അസുരന്മാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണെന്നും കാലാനുകൂല്യം ഉണ്ടാകുന്നതുവരെ അവരോട് സന്ധിചെയ്യണമെന്നും ഉപദേശിച്ചു. അസുരന്മാരുടെ സഹായത്തോടുകൂടി സ്വര്‍ണ്ണവര്‍ണ്ണമായ മന്ദരപര്‍വ്വതത്തെ കടക്കോലായിട്ടും സര്‍പ്പരാജാവായ വാസുകിയെ കയറായും സങ്കല്‍പ്പിച്ച് പാലാഴിമഥനം ചെയ്തു അമൃത് നേടി ഫലം അനുഭവിക്കാന്‍ ഭഗവാന്‍ ഉപദേശിച്ചു. സമുദ്രമഥനം ചെയ്യുമ്പോള്‍ ആദ്യം വിഷവും പിന്നെ മനോഹരമായ പദാര്‍ഥങ്ങളും ഉദ്ഭവിക്കുമെങ്കിലും അതിലൊന്നും ലോഭമോ ക്രോധമോ കൂടാതെ ആത്യന്തികമായ അമൃതലാഭത്തിനായി പരിശ്രമിക്കണം.
അനന്തരം ദേവന്മാര്‍ ഇന്ദ്രന്റെ നേതൃത്വത്തില്‍ മഹാബലി ചക്രവര്‍ത്തിയെ ചെന്നുകണ്ട് പൂര്‍വ്വവൈരം വെടിഞ്ഞു മിത്രങ്ങളായി ഭവിച്ചിട്ട് അമൃതമഥനം ചെയ്യാന്‍ തയ്യാറായി. തുടര്‍ന്ന് ഭഗവാന്‍ ശ്രീഹരിയുടെ സഹായത്താല്‍ നടത്തിയ മഥനത്തില്‍നിന്ന് ഉദ്ഭവിച്ച ഹാലാഹലം എന്ന വിഷം ഭഗവാന്‍ പരമശിവന്‍ ഭക്ഷിച്ചു ലോകരക്ഷചെയ്തു.
മഥനത്തില്‍നിന്ന് പിന്നീട് പുറപ്പെട്ട കാമധേനുവിനെ ഋഷികളും ഉച്ഛൈശ്രവസ്സ് എന്ന കുതിരയെ മഹാബലിയും ഐരാവതം എന്ന ശുഭ്രനിറമുള്ള ഗജാധിപനെ ഇന്ദ്രനും കൌത്സുഭം എന്ന പദ്മരാഗരത്നത്തെ മഹാവിഷ്ണുവും സ്വീകരിച്ചു. തുടര്‍ന്ന് പാരിജാത വൃക്ഷവും അപ്സരസ്ത്രീകളും പാലാഴിയില്‍ നിന്നും പുറപ്പെട്ടു. തുടര്‍ന്ന് ഉദ്ഭവിച്ച സുന്ദരിയായ ശ്രീദേവി താമരദളമാല ചാര്‍ത്തി ആത്മാരാമാനായി വിരാജിച്ച ശ്രീമഹാവിഷ്ണുവിനെ വരിച്ചു.
സമുദ്രമഥനത്തില്‍നിന്നും പിന്നീടുണ്ടായ വാരുണീദേവി എന്ന മദ്യത്തിന്റെ അധിഷ്ഠാന ദേവതയെ അസുരന്മാര്‍ ഗ്രഹിച്ചു. തുടര്‍ന്ന് കയ്യില്‍ അമൃതകുംഭവുമായി മഹാവിഷ്ണുവിന്റെ എഅംശാവതാരമായ ധന്വന്തരി അവതരിച്ചു. ധന്വന്തരിയില്‍ നിന്നും അമൃതകുംഭം അപഹരിച്ചു അസുരന്മാര്‍ കടന്നുകളഞ്ഞു. അവര്‍ണ്ണനീയമായ സൌന്ദര്യമുള്ള ഒരു സ്ത്രീരൂപം സ്വയമേവ സ്വീകരിച്ച് ഭഗവാന്‍ വിഷ്ണു അമൃതകുംഭം അസുരന്മാരില്‍നിന്നും കൈക്കലാക്കി ദേവന്മാര്‍ക്ക് അമൃത് വിളമ്പി. അങ്ങനെ അമൃതപാനം സാധിച്ചതുകൊണ്ട് ദേവന്മാരുടെ ജരാനരകള്‍ നീങ്ങി, ശക്തരായി.
പാലാഴിമഥനത്തിനു വേണ്ടുംവണ്ണം കഷ്ടതകള്‍ അനുഭവിച്ചതല്ലാതെ അമൃതഭാഗം ലഭിക്കാഞ്ഞതുകൊണ്ട് അസുരന്മാര്‍ ദേവന്മാരോട് യുദ്ധത്തിനു തയ്യാറായി. മായയെ സൃഷ്ടിച്ച് സ്വയം മറഞ്ഞും ദേവസൈന്യങ്ങളുടെ നടുവില്‍ പര്‍വ്വതങ്ങളെ സൃഷ്ടിച്ചും അഗ്നി പടര്‍ത്തിയും മഹാബലിയും അസുരസേനയും ദേവസേനയെ ദഹിപ്പിച്ചു. ആ സമയത്ത് ഭഗവാന്‍ ശ്രീഹരി ദേവസേനയില്‍ പ്രവേശിച്ചപ്പോള്‍ അസുരന്മാരുടെ തന്ത്രപ്രയോഗം നിമിത്തം കാണപ്പെട്ടതായ മായാവികാരങ്ങള്‍ നിശ്ശേഷം നശിച്ചു. തദനന്തരം ഇന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ച് മഹാബലിയെ പരവശനാക്കി.
തുടര്‍ന്ന് ശ്രീനാരദമുനിയുടെ വാക്കിനെ ബഹുമാനിച്ച് കോപമടക്കി ദേവന്മാര്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയി. അവശേഷിച്ച അസുരന്മാര്‍ മൃതപ്രജ്ഞനായ മഹാബലിയും എടുത്തുകൊണ്ട് ഗുരുവായ ശുക്രമഹര്‍ഷിയെ സമീപിച്ചു. ശുക്രമഹര്‍ഷി തന്റെ മൃതസഞ്ജീവനി എന്ന വിദ്യകൊണ്ട്, കൈകാല്‍ മുതലായ അവയവങ്ങളും കണ്ഠവും മുറിഞ്ഞുവേറിട്ടു പോകാതിരുന്നവരെയെല്ലാം ജീവിപ്പിച്ചു. ശുക്രമഹര്‍ഷി സ്പര്‍ശിച്ച മാത്രയില്‍ത്തന്നെ മഹാബലിയുടെ ഇന്ദ്രിയങ്ങള്‍ക്ക് ബലവും ബുദ്ധിക്ക് ഉണര്‍വ്വും സിദ്ധിച്ചു. യുദ്ധത്തില്‍ തോറ്റുപോയെങ്കിലും മഹാബലി ചക്രവര്‍ത്തി ഖേദിച്ചില്ല. കാരണം ഓരോരോ കാലങ്ങളില്‍ എല്ലാവര്‍ക്കും അവരുടെ കാലാനുസരണം കീര്‍ത്തി, ജയം, പരാജയം, മരണം എന്നിവ സംഭവിക്കുമെന്ന് തീര്‍ച്ചയാണല്ലോ.
ചക്രവര്‍ത്തിയുടെ ശക്തി വര്‍ദ്ധിപ്പിച്ച് സ്വര്‍ഗ്ഗത്തെ കീഴടക്കാനാഗ്രഹിച്ച അസുരകുലം മഹാബലിയെ മഹാഭിഷേകവിധിപ്രകാരം അഭിഷേകം ചെയ്തശേഷം വിശ്വജിത്ത് എന്നുപേരായ യാഗംകൊണ്ട് യജിപ്പിച്ചു. അങ്ങനെ യാഗത്തിലൂടെ മഹാബലിക്ക് യുദ്ധത്തിനു ആവശ്യമായ സര്‍വ്വസാമഗ്രികളും സമ്പാദിച്ചുകൊടുത്ത് സ്തുതിവചനം ചെയ്ത് അനുഗ്രഹിച്ചു. അനന്തരം ശക്തരായ അസുരസേനയോടുകൂടി മഹാബലി ദേവന്മാരുടെ ഐശ്വര്യം നിറഞ്ഞ സ്വര്‍ഗ്ഗം പിടിച്ചടക്കാനെത്തി. ഇന്ദ്രിയശക്തി, മനശ്ശക്തി, ദേഹശ്ശക്തി, പ്രഭാവം എന്നിങ്ങനെയുള്ള ഗുണങ്ങളോടുകൂടിയ മഹാബലിയെ എതിര്‍ക്കാന്‍ ദേവന്മാര്‍ക്ക് കഴിയില്ലെന്നറിയാവുന്ന ദേവഗുരു ബൃഹസ്പതിയുടെ ഉപദേശാനുസരണം ദേവന്മാര്‍ സ്വര്‍ഗ്ഗം ഉപേക്ഷിച്ച് വേഷംമാറി സഞ്ചരിച്ചു കാലം കഴിച്ചു.
അനന്തരം മഹാബലി സ്വര്‍ഗ്ഗത്തില്‍ വസിച്ച് മൂന്നുലോകത്തെയും അടക്കിവാണു. യുദ്ധത്തിലൂടെ സ്വാധീനപ്പെടുത്തിയ ഈ ഇന്ദ്രപദം സ്ഥിരപ്പെടുത്തുവാനായി ശുക്രമഹര്‍ഷി മഹാബലിയെ നൂറ് അശ്വമേധംകൊണ്ട് യജിപ്പിച്ചു. അങ്ങനെ മഹാബലി ചക്രവര്‍ത്തി അഭിവൃദ്ധിയോടും കീര്‍ത്തിയോടും കൂടി വിരാജിച്ചു.
ഇത്തരത്തില്‍ ദേവന്മാരുടെ ദുരവസ്ഥയില്‍ മനംനൊന്ത ദേവമാതാവായ അദിതി, കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വൃതം അനുഷ്ഠിച്ച് ഭഗവാന്‍ വിഷ്ണുവിനെ പ്രസാദിപ്പിച്ചു. ശക്തരും ഗുരുഭക്തരുമായ അസുരന്മാര്‍ മഹാബലിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും അതിനാല്‍ അവരോടു പക്ഷപാതം കാണിച്ചു ദേവന്മാരെ സഹായിക്കാന്‍ കഴിയില്ലെന്നും ഭഗവാന്‍ പറഞ്ഞു. എന്നിരുന്നാലും ഭഗവാനോട് വരം ചോദിച്ച സ്ഥിതിക്ക് അത് നടപ്പാക്കാതിരിക്കാനും വയ്യല്ലോ. അതിനാല്‍ ഭഗവാന്‍ തന്നെ അദിതിയുടെ മകനായി, ദേവേന്ദ്രന്റെ അനുജനായി, അവതരിച്ചു. അതാണ് വാമനാവതാരം. ഭഗവാന്‍ ദേവേന്ദ്രന്റെ സഹോദരനാവുമ്പോള്‍ ദേവേന്ദ്രനെ സഹായിക്കുക എന്നത് സഹോദരധര്‍മ്മം ആണല്ലോ.
ഭിക്ഷ തേടുന്ന സുന്ദരനായ തേജസ്വിയായ ഒരു കൊച്ചു ബ്രാഹ്മണകുമാരനായിരുന്നു ആ വാമനരൂപം. സൂര്യതേജസ്സിനെപ്പോലും മങ്ങലേല്‍പ്പിക്കുന്നവണ്ണം ആ ബ്രഹ്മതേജസ്സ് വെട്ടിത്തിളങ്ങി. ആ കുമാരന്‍ ബലിചക്രവര്‍ത്തിയുടെ യജ്ഞശാലയിലേക്ക് യാത്രയായി.
നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തുന്നത്. അനേകം ധര്‍മ്മകര്‍മ്മങ്ങളും ദാനകര്‍മ്മങ്ങളുമൊക്കെ നടക്കുന്ന ആ യാഗസ്ഥലത്തേക്ക് വാമനഭഗവാന്‍ കടന്നുചെന്നു. ഭഗവാന്റെ തേജസ്സുകണ്ട് ഋഷികളും ശിഷ്യന്മാരുമെല്ലാം അവരറിയാതെതന്നെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്തു. മഹാബലി വാമനകുമാരന്റെ കാല്‍ കഴുകി ജലം തീര്‍ത്ഥമെന്നോളം ശിരസ്സില്‍ തളിച്ചു.
മഹാബലി ചക്രവര്‍ത്തി പറഞ്ഞു: “യജ്ഞം വിജയകരമായി അവസാനിച്ച ഈ ദിവസം ഇവിടെ എഴുന്നള്ളിയ അങ്ങ് നമ്മുടെ അതിഥിയാണ്. താങ്കള്‍ക്ക് വേണ്ടതെല്ലാം ദാനമായി ആവശ്യപ്പെട്ടാലും. നാം എന്തും നല്‍ക്കാന്‍ തയ്യാറാണ്. പശുവോ ഭൂമിയോ സ്വര്‍ണ്ണമോ കൊട്ടാരമോ ആനയോ കുതിരയോ രഥമോ വിവാഹം കഴിക്കാന്‍ കന്യകമാരെയോ എല്ലാമെല്ലാം തരാന്‍ നാം ഒരുക്കമാണ്.”
വാമനന്‍ പറഞ്ഞു: “സര്‍വ്വോത്തമനായ കീര്‍ത്തിമാനായ പരമഭക്തനായ പ്രഹ്ലാദന്റെ കുലത്തില്‍ തന്നെയാണ് അങ്ങും ജനിച്ചത്. ഈ കുലത്തിലെ എല്ലാവരും ദാനവീരന്മാര്‍ ആയിരുന്നു. അങ്ങനെയുള്ള അങ്ങയോടു കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല. വാമനനായ എനിക്ക് മൂന്നടി മണ്ണ് മാത്രം മതി.”
അതുകേട്ട മഹാബലി പ്രതിവചിച്ചു: “ഒരിക്കല്‍ മഹാബലി ചക്രവര്‍ത്തിയോടു യാചിച്ചവന് രണ്ടാമത് മറ്റാരോടെങ്കിലും യാചിക്കേണ്ടിവരുന്നത് എനിക്ക് ക്ഷീണമാണ്. അതിനാല്‍ ജീവിക്കാനാവശ്യമായ അത്രയും കൂടി സ്വീകരിക്കൂ.”
വാമനഭിക്ഷു ഉപദേശ രൂപേണ മറുപടി പറഞ്ഞു: “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും.”
“യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ലാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല. അര്‍ത്ഥപ്രാപ്തിയിലും വിഷയസുഖാനുഭവത്തിലും തൃപ്തിവരായ്മയാണ് ജനനമരണരൂപമായ സംസാരബന്ധനത്തിന് കാരണമെന്നും യാദൃച്ഛാലാഭത്താല്‍ സംതൃപ്തി വരുന്നവന്‍ സംസാരബന്ധനത്തില്‍ നിന്നും മുക്തനായി വരുമെന്നും പറയുന്നു. മൂന്നടി മണ്ണുകൊണ്ട് ഞാന്‍ ചാരിതാര്‍ത്ഥനാണ്. ആവശ്യത്തിന് മാത്രമേ ധനമുണ്ടായിരിക്കാവൂ. അതാണ് സുഖകാരണം. അധികരിക്കുമ്പോള്‍ ചിന്താഭീതി തുടങ്ങിയവ മൂലം സുഖമില്ലായ്മ ഭവിക്കും.”
“എന്നാല്‍ അങ്ങനെയാകട്ടെ” എന്നു പറഞ്ഞു വാമനന് ഭൂമി ദാനം ചെയ്യാനൊരുങ്ങിയ മഹാബലിയെ കുലഗുരുവായ ശുക്രാചാര്യന്‍ തടഞ്ഞുകൊണ്ട് പറഞ്ഞു:
“ഈ വന്നിരിക്കുന്നത് സാക്ഷാല്‍ വിഷ്ണുഭഗവാനാണ്. ദേവകാര്യസാധ്യത്തിനായി, അങ്ങേയ്ക്ക് കഷ്ടത്തിനായി, അങ്ങയുടെ സ്ഥാനത്തെയും ഐശ്വര്യത്തെയും സമ്പത്തിനെയും പ്രതാപത്തെയും കീര്‍ത്തിയെയും അപഹരിച്ചു ദേവേന്ദ്രന് കൊടുക്കും. മഹാരാജാവേ, വാക്കിലാണ് സത്യമിരിക്കുന്നതെങ്കില്‍ , ദേഹമുണ്ടെങ്കിലേ വാക്കുള്ളൂ. അതിനാല്‍ , സത്യപാലനാര്‍ത്ഥം ദേഹത്തെ വേണ്ടിവന്നാല്‍ അനൃതം കൊണ്ട് രക്ഷിക്കണം. സ്ത്രീകളെ വശീകരിക്കാനും വിനോദത്തിനും വിവാഹം നടക്കാനും വിശപ്പുതീര്‍ക്കാനും മരണത്തില്‍ നിന്നും രക്ഷപ്പെടാനും അനൃതം നിന്ദിതമല്ല. അതിനാല്‍ അങ്ങ് ഈ ദാനത്തില്‍ നിന്നും പിന്മാറണം.”
ഗുരുവിന്റെ മുന്നറിയിപ്പ് കേട്ടിട്ടും കുലുങ്ങാതെ ധര്‍മ്മിഷ്ഠനായ മഹാബലി ചക്രവര്‍ത്തി പ്രതിവചിച്ചു: “അസത്യത്തെക്കാള്‍ വലിയ അധര്‍മ്മം മറ്റൊന്നില്ല. അതിനാല്‍ അസത്യതല്‍പരരായ മനുഷ്യനെയൊഴികെ സകലതിനെയും വഹിക്കാന്‍ സമര്‍ത്ഥയാണെന്ന് ഭൂമിദേവിയും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അസത്യം പറഞ്ഞ് വഞ്ചിക്കുന്നതിനെ ഞാന്‍ മരണത്തെക്കാള്‍ ഭയക്കുന്നു. മരണാനന്തരം ധനാദികള്‍ വിട്ടുപിരിയണമെന്നു നിശ്ചയമാകയാല്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ധനാദിസര്‍വ്വത്തെയും ഉപേക്ഷിക്കുന്നതല്ലേ നല്ലത്? സംശയം കൂടാതെ കൊടുക്കുന്നത് തന്നെയാണ് സാധുധര്‍മ്മം. സുഖഭോഗങ്ങളെ കാലം അപഹരിക്കും, എന്നാല്‍ യശസ്സ് എന്നും നിലനില്‍ക്കും.”
ഈ വാക്കുകള്‍ കേട്ട് ക്രുദ്ധനായ ശുക്രാചാര്യന്‍ മഹാബലിയെ ശപിച്ചു. “കുലാചാര്യനായ നമ്മുടെ വാക്കുകളെ ധിക്കരിക്കുന്ന നീ ക്ഷണം കൊണ്ടുതന്നെ ഐശ്വര്യഭ്രഷ്ടനാകട്ടെ.”എന്നിട്ടും ബലി സത്യത്തില്‍നിന്നും ഒട്ടും വ്യതിചലിച്ചില്ല. വാമനമൂര്‍ത്തിയെ പീഠത്തിലിരുത്തി പൂജിച്ച്, ദാനസങ്കല്‍പം ചെയ്ത് ജലം ഒഴിച്ച് ഭൂമി ദാനം ചെയ്തു.
മഹാബലി ചക്രവര്‍ത്തി ഭൂമി ദാനം ചെയ്തതോടെ വാമനഭഗവാന്‍ വിരാട് രൂപം ധരിച്ച് ഒരു കാല്‍ കൊണ്ട് ഭൂമിയും മറ്റേതുകൊണ്ടു സ്വര്‍ഗ്ഗവും വ്യാപിച്ച് സകലതും തന്റെ കാല്‍ക്കീഴിലാക്കി. ഇതുകണ്ട് ക്രുദ്ധരായി വാമനവടുവിനെ എതിര്‍ക്കാനായി തുനിഞ്ഞ അനുയായികളെ വിലക്കികൊണ്ട് മഹാബലി പറഞ്ഞു.
“ഇതിനു മുന്‍പ് യാതൊരുവന്‍ നമ്മുടെ അഭിവൃദ്ധിയ്ക്കും ദേവന്മാരുടെ ക്ഷയത്തിനും സങ്കല്‍പ്പിച്ചു, ആ ഭഗവാന്‍ തന്നെ ഇപ്പോള്‍ നമ്മുടെ ക്ഷയത്തിനും ദേവന്മാരുടെ അഭിവൃദ്ധിയ്ക്കുമായി സങ്കല്‍പ്പിച്ചിരിക്കുന്നു. ഈശ്വരസ്വരൂപമായ കാലത്തെ ജനം, സൈന്യം, മന്ത്രിമാര്‍ , ശക്തി, മന്ത്രം, ഔഷധം എന്നിവകൊണ്ടൊന്നും തടുക്കാനാവില്ല. ഇനിയും അനുകൂലകാലം വരുമ്പോള്‍ നമ്മള്‍ ദേവന്മാരെ ജയിക്കും. അതുകൊണ്ട് നമ്മുടെ അഭിവൃദ്ധിക്കാലം കാത്തിരിക്കുവിന്‍.”
കേവലം രണ്ട് അടി കൊണ്ടു മഹാബലിയുടെ സാമ്രാജ്യമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു തന്റേതാക്കി മാറ്റിയ വാമനമൂര്‍ത്തി, മൂന്നാമത്തെ അടി വയ്ക്കാന്‍ സ്ഥലം ചോദിച്ചു.
മഹാബലി ഭക്തിപുരസ്സരം പ്രതിവചിച്ചു: “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”
ഈ സമയം ഭക്തനും മഹാബലിയുടെ പിതാമഹനുമായ പ്രഹ്ലാദന്‍ അവിടെയെത്തി. പ്രസന്നമായ മനസോടുകൂടി പ്രഹ്ലാദന്‍ പറഞ്ഞു.
“ഹേ ഭഗവാന്‍, അങ്ങ് ബലിയുടെ യാതൊരു സ്വത്തിനെയും അപഹരിച്ചിട്ടില്ല. സമൃദ്ധമായ ഇന്ദ്രപട്ടം അങ്ങ് ബലിക്ക് നല്‍കി. അതിനെ ഇപ്പോള്‍ മടക്കി വാങ്ങി. അതുതന്നെയാണ് മംഗളകരം. ബ്രഹ്മാവിനോ ശ്രീപരമേശ്വരനോ ലക്ഷ്മീദേവിക്കുപോലുമോ ലഭിച്ചിട്ടില്ലാത്ത ചരണകമലദര്‍ശനം നല്‍കി അങ്ങ് ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോള്‍ , വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് അങ്ങ് പൂര്‍ണ്ണമായി അനുഗ്രഹിച്ചു. മനസ്സിനെ അടക്കി ആത്മതത്ത്വം അറിഞ്ഞ പുരുഷനുപോലും ഐശ്വര്യം നിമിത്തം മോഹം ജനിക്കും.”
തദവസരത്തില്‍ മഹാബലിയുടെ ഭാര്യ വിന്ധ്യാവലി വാമനനെ നമസ്കരിച്ചിട്ട് പറഞ്ഞു: “മായയാല്‍ മോഹിതരായിട്ട് തങ്ങളാണ് കര്‍ത്താവ് എന്ന് കരുതുന്ന കുബുദ്ധികള്‍ , സര്‍വ്വേശ്വരനായ അങ്ങേയ്ക്ക് എന്തു സമര്‍പ്പിക്കുവാനാണ്? സ്വന്തമായി വല്ലതുമുണ്ടെങ്കിലല്ലേ സമര്‍പ്പിക്കാന്‍ സാധിക്കൂ. ഒന്നുമില്ലാത്തവര്‍ എല്ലാറ്റിനും സ്വാമിയായ അങ്ങേയ്ക്ക് ഓരോന്നും സമര്‍പ്പിക്കുന്നു എന്ന് വാദിക്കുന്നത് കേവലം മോഹവലയം തന്നെ.”
ഭഗവാന്‍ പറഞ്ഞു: “ഞാന്‍ യാതൊരുവനെ അനുഗ്രഹിക്കാന്‍ വിചാരിക്കുന്നുവോ, അവന്റെ ഐശ്വരത്തെ ആദ്യം അപഹരിക്കും. സര്‍വ്വാനര്‍ത്ഥകാരണമായ അര്‍ത്ഥത്തെ അപഹരിച്ചാല്‍ മാത്രമേ അവന്‍ അടക്കവും വണക്കവുമുള്ളവനായി മാറൂ. അതിനാല്‍ സത്യാന്വേഷിക്ക് അര്‍ത്ഥാപഹരണം അനുഗ്രഹമാണ്.”
“അസുലഭമായ മനുഷ്യജന്മം സിദ്ധിച്ചാല്‍ ഗര്‍വ്വില്ലാതെയിരിക്കണം. ജന്മം, കര്‍മ്മം, വയസ്സ്, സൗന്ദര്യം, വിദ്യ, ഐശ്വര്യം, ധനം എന്നിവയില്‍ ഗര്‍വ്വം ഭാവിക്കാതിരിക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാകണം. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത എന്റെ മായയെ ബലി ജയിച്ചിരിക്കുന്നു. സര്‍വ്വ ഐശ്വര്യത്തെയും ഞാന്‍ അപഹരിച്ചിട്ടും എല്ലാം പോയല്ലോ എന്ന ഖേദം അവനില്ല. ഇവന്റെ ധനം മുഴുവന്‍ ക്ഷയിച്ചു. ഇന്ദ്രപദവി നഷ്ടപ്പെട്ടു. വാക്കുകൊണ്ട് നിന്ദിക്കപ്പെട്ടു. ശുക്രാചാര്യന്‍ ശപിച്ചു. എന്തുചെയ്തിട്ടും സുസ്ഥിരചിത്തനായിരിക്കുന്ന ബലി സത്യത്തെയും ധര്‍മ്മത്തെയും ഉപേക്ഷിക്കുന്നില്ല.”
“ദേവന്മാര്‍ക്കും ലഭിക്കാന്‍ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ചിരിക്കുന്ന സുതലത്തില്‍ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാല്‍ മനസ്സില്‍ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരില്‍നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രന്‍ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാന്‍ സുതലത്തിന്റെ പടിക്കല്‍ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാന്‍ അറിയുക.”
അനന്തരം ഭഗവാന്‍ പ്രഹ്ലാദനോട് പറഞ്ഞു: “പ്രഹ്ലാദ, താങ്കള്‍ക്കു മംഗളം ഭവിക്കട്ടെ. സുതലമെന്ന സ്ഥാനത്തേയ്ക്ക് പോകൂ. അവിടെ സ്വപൗത്രനായ മഹാബലിയോടുകൂടി സന്തോഷിക്കൂ. സുതലദ്വാരത്തില്‍ കയ്യില്‍ ഗദയും ധരിച്ചു ഞാന്‍ നില്‍ക്കുന്നത് നീ നിത്യവും കാണും. എന്റെ സ്വരൂപദര്‍ശനം നിമിത്തമായുണ്ടായ പരമാനന്ദത്താല്‍ നിന്റെ സംസാരകാരണമായ കര്‍മ്മബന്ധം നിശ്ശേഷം നശിക്കും.”
മഹാബലിയും പ്രഹ്ലാദനും ഭഗവാനെ പ്രദക്ഷിണം ചെയ്തു നമസ്കരിച്ചു അനുവാദം വാങ്ങി അനുചരന്‍മാരോടൊപ്പം സുതലത്തില്‍ പ്രവേശിച്ചു.
അങ്ങനെ ഭഗവാന്‍ ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗവും തിരിച്ചു നല്‍കി. മഹാബലിക്കു സ്വര്‍ഗത്തേക്കാള്‍ സുന്ദരവും സുഖകരവുമായ സുതലവും നല്‍കി. അവിടെ ഭഗവാന്‍തന്നെ അവരെ കാത്തുരക്ഷിച്ചു കാവല്‍ നിന്നു. ആത്മാഭിമാനം ഉപേക്ഷിച്ച ഭക്തനായ മഹാബലിയെ ഭഗവാന്‍ ഇപ്പോഴും സേവചെയ്യുന്നു.
താന്‍ ഭൂമിയുടെയും സ്വര്ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു. ഒന്നും തന്റെതല്ലാത്ത ഈ ഭൂമിയില്‍ ഒരു വസ്തു ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതെങ്ങനെ?
ആദ്യം ഭഗവാന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും ബലിക്ക് നഷ്ടമാക്കി. ഈ ശരീരം സ്വന്തമാണ് എന്ന ചിന്തയാല്‍ ബലി മൂന്നാമത്തെ അടിയായി അതും ദാനം ചെയ്തു. അതായത് എന്തൊക്കെ ദാനം ചെയ്താലും അഭിമാനം ബാക്കി വരുന്നു.
ഒരു വസ്തു ഉപേക്ഷിച്ചാലും “ഞാന്‍ ഉപേക്ഷിച്ചു” എന്ന അഭിമാനം ഉപേക്ഷിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. ത്യാഗത്തില്‍പോലും അഭിമാനിക്കുന്നവരാണ് നമ്മള്‍ . ഭഗവാന്റെ ചരണസ്പര്‍ശത്താല്‍ ബലിയുടെ അഭിമാനബോധം പോലും ഉപേക്ഷിക്കപ്പെട്ട് മനസ്സ് ഭഗവാനില്‍ ലയിച്ചു.
അഭിമാനം ത്യജിക്കുന്നവന്റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ, ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.
കുലാചാര്യന്‍ ശപിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ സ്വധര്‍മ്മാനുഷ്ഠാനത്തില്‍ ഉറച്ചു നിന്ന മഹാബലി, തന്റെ രാജ്യവും സ്വത്തും കൈവിട്ടിട്ടും മാനഹാനി സംഭവിച്ചിട്ടും ധര്‍മ്മം കൈവിട്ടില്ല. വാമനമൂര്‍ത്തിയുടെ പരീക്ഷണങ്ങളെ സമചിത്തനായി ധാര്‍മ്മികതയോടെ നേരിട്ട് മഹാബലി ആത്യന്തിക വിജയം കൈവരിച്ചു. സ്വധര്‍മ്മം അനുഷ്ഠിച്ച മഹാബലിക്ക് ശ്രേയസ് അഥവാ മോക്ഷാനുഭവം സിദ്ധിച്ചു. മഹാബലി എല്ലാ ഭൗതികക്ലേശങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മുക്തനായി, എപ്പോഴും ഭഗവാന്റെ കൃപയില്‍ മുഴുകി സ്ഥിതപ്രജ്ഞനായി സുതല സ്ഥാനത്ത് ജീവിച്ചു.
മഹാബലി ചക്രവര്‍ത്തിയുടെ ജീവിത സന്ദേശമായ സത്യധര്‍മ്മനിഷ്ഠ നമുക്കും വളര്‍ത്താം, എല്ലാവര്‍ക്കും ശ്രേയസ് ഉണ്ടാകട്ടെ.
“ശ്രീ മഹാഭാഗവതം മൂലകൃതി – മലയാള വ്യാഖ്യാന സഹിതം”, സ്വാമി തേജോമയാനന്ദ (ചിന്മയമിഷന്‍) രചിച്ച “ശ്രീമദ് ഭാഗവതപ്രവചനം” എന്നീ ഗ്രന്ഥങ്ങള്‍ ആധാരമാക്കി എഴുതിയത്.
കുറിപ്പ്:
ഓരോരുത്തരുടെയും മാനസിക നിലയനുസരിച്ച് ഓരോ വീക്ഷണകോണില്‍ നിന്നും നോക്കിയാല്‍ ഇത്രയും സുന്ദരവും അര്‍ത്ഥവത്തുമായ ഈ ഭാഗവതകഥയില്‍ വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നവരും ഉണ്ടാകാം. ചില ഉദാഹരണങ്ങള്‍:
ഈ മഹാബലികഥയെ ഇക്കാലത്തെ കോര്‍പ്പറേറ്റ് മാനേജ്മെന്റ്റ് തത്ത്വമായും കാണാം. സീനിയര്‍ മാനേജ്മെന്റിന് അല്ലെങ്കില്‍ ബോസ്സിന് ഇഷ്ടമില്ലാത്ത ടീം അംഗങ്ങളെ സ്ഥലം മാറ്റുക അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്മെന്‍റ് മാറ്റുക, അവര്‍ കഴിവുള്ളവരാണെങ്കില്‍ ‘transfer with promotion’ എങ്കിലും കൊടുത്തു ദൂരേയ്ക്ക് മാറ്റുക എന്നതുപോലെ തോന്നും. അങ്ങനെ പ്രശ്നത്തിന് ഇടക്കാലാശ്വാസം ആവുമല്ലോ!
മറ്റൊരു കോണില്‍ നിന്ന് നോക്കിയാല്‍, സുതലദ്വാരത്തില്‍ ഭഗവാന്‍ കാവല്‍ നില്‍ക്കുന്നത്, മഹാബലിയും കൂട്ടരും വീണ്ടും പുറത്തിറങ്ങി വന്നു ശല്യം ചെയ്യാതിരിക്കാനും ആവാം, വീട്ടുതടങ്കല്‍. അങ്ങനെ ദേവന്മാര്‍ക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാകാതെ രക്ഷിക്കാം. ശിക്ഷണനടപടിയെ മധുരത്തില്‍ പൊതിഞ്ഞു രക്ഷാനടപടിയായി അവതരിപ്പിക്കാം.
അതായത്, നമ്മുടെ ഓരോരുത്തരുടെയും മനോനിലയും കാല്പനികതയും അനുസരിച്ച് ഏതുരീതിയില്‍ വേണമെങ്കിലും പുരാണകഥകളെ വ്യാഖ്യാനിക്കാം. എങ്ങനെ കുതന്ത്രത്തില്‍ ചിന്തിച്ചാലും, കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്, അതാണ് പുരാങ്ങളുടെയൊക്കെ സദുദ്ദേശ്യവും.
ഇതുവരെ 18 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





'' നമ്മുടെ മനോനിലയും കാല്പനികതയും ഒക്കെയനുസരിച്ചു ഏതുരീതിയിലും പുരാണങ്ങളെ വ്യാഖ്യാനിക്കാം. എന്തു തന്നെ ചെയ്താലും കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്, അതാണ് പുരാങ്ങളുടെയൊക്കെ സദുദ്ദേശ്യവും എന്നുതോന്നുന്നു……''
അതൊക്കെ പാടാണ് മാഷേ, ഇടയ്ക്ക് എവിടെയെങ്കിലും വായിക്കും….. പിന്നെ അതില്പ്പിടിച്ച് സകലതിനെയും തെറി പറയും…. അല്ലാതെ ഈ പറയുന്നതിലോക്കെ എന്തോന്ന് സത്യം??
സത്യമോകെ അങ്ങ് പടിഞ്ഞാരല്ലേ??
ഇങ്ങനെയൊരു പോസ്റ്റിനു ആദ്യമായി എന്റെ അഭിനന്ദനം.
ഒരു പോസ്റ്റിനു മറുപടിയായി ഞാന്‍ ഇതിന്റെ ചുരുക്കരൂപം എഴുതിയിരുന്നു. എല്ലാവര്ക്കും ഓണം വേണം എന്നാല്‍ അവിടെയും ഒരു ജാതി സ്പര്‍ധ വളര്‍ത്തി കാര്യം കാണണം.
Karuthedam said…
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ പൊട്ടിച്ചു കൂട്ടുകാരന് വേണ്ടി ഓണം ത്യജിച്ച മഹാത്മന് പ്രണാമം.
മാണിക്യം ചേച്ചിയുടെ ഈ അഭിപ്രായത്തില്‍
"മാനുഷ്യരെല്ലാരുമൊന്നുപോലെ ആവണമെന്നു കരുതിയ ആ നല്ല അസുരനേയും ഇല്ലാതാക്കാന്‍ വന്നതു ദേവഗണം തന്നെ അപ്പോള്‍ നന്മ എവിടെ ആരുടെ ഒപ്പം ?"
ചെറിയൊരു വിയോചിപ്പ്.
അസുരന്മാരിലും നല്ലവരുണ്ടായിരുന്നു അതിന്റെ ഉദാഹരണങള്‍ ആണ് പ്രഹ്ലാദനും വിഭീഷണനും മഹാബലിയും ഒക്കെ. വിഷ്ണു ഭക്തനായ പ്രഹ്ലാദന്റെ പൌത്രനാണ് മഹാബലി. യഥാര്‍ത്ഥത്തില്‍ മഹാബലിയും വിഷ്ണു ഭക്തനായിരുന്നു. തന്റെ ഭക്തന് ദര്‍ശനവും മോക്ഷവുമാണ് വാമന രൂപത്തില്‍ വന്ന മഹാവിഷ്ണു സാധ്യമാക്കിയത്.
ഒരു സംശയവും വേണ്ട നന്മ നല്ല പ്രവൃത്തി ചെയ്യുന്നവരുടെ കൂടെ തന്നെയാണ്.
പ്രിയ ശ്രീ…
വളരെ നല്ല ഒരു സംരംഭം അധികമാരും ശ്രദ്ധിക്കാതെ പോകുന്നുണ്ടോ എന്ന് മാത്രമേ സംശയമുള്ളു…
ഭഗവാന്‍ നല്ലത് വരുത്തട്ടെ…
നവവല്സരാശംസകള്‍…. അതോടൊപ്പം മുന്‍കൂര്‍ തിരുവോണാശംസകളും…
ദേവന്മാര്‍ എന്നൊക്കെ പണ്ട് പറഞ്ഞത് കുറച്ചു ആത്മീയതയും അതിനൊപ്പം സുഖലോലുപതയും ഉണ്ടായിരുന്ന മനുഷ്യ കൂട്ടായ്മയെ ആണെന്ന് തോന്നുന്നു. സുഖലോലുപതയ്ക്ക് കോട്ടം തട്ടുമ്പോള്‍, അല്ലെങ്കില്‍ അങ്ങനെ സംശയം ഉണ്ടാവുമ്പോള്‍, ഭീരുക്കളായ ദേവന്മാര്‍ ആരുടെയെങ്കിലും കാലുപിടിച്ചു അവരുടെ സുഖ സൗകര്യങ്ങള്‍ സംരക്ഷിക്കുന്നു എന്നും പറയാം.
അതെന്തായാലും നന്മയുടെ വഴിയില്‍ ചരിക്കുന്നവരുടെ മനസ്സിന് എപ്പോഴും സുതലം എന്ന ഒരു നല്ല തലം ഉണ്ടെന്നും, ആ മനസ്സിനെ ഒരു ചിന്തയും അലട്ടില്ല എന്നും, പരിപൂര്‍ണ്ണ ശാന്തി അനുഭവപ്പെടും എന്നുമുള്ള ഒരു തത്ത്വചിന്ത ഈ കഥയില്‍ കൂടി പങ്കുവയ്ക്കപ്പെടുന്നു.
പ്രിയപ്പെട്ട ശ്രീ
മഹാബലിയെ ചവിട്ടി താഴ്ത്തി കൊന്നു കളയുകയായിരുന്നു എന്ന് പഠിക്കുന്ന നമ്മുടെ പുത്തന്‍ തലമുറയ്ക്ക് നേര്‍വഴി കാണിക്കാന്‍ താങ്കളുടെ ഉദ്യമം സഹായിക്കും എന്നതില്‍ വളരെ സന്തോഷം തോന്നുന്നു. താങ്കള്‍ക്ക് ദീര്‍ഘയുസ്സുണ്ടാവാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം എന്റെ ഒരു എളിയ സംശയം ദൂരീകരിക്കാന്‍ സഹായവും അഭ്യര്‍ത്തിക്കുന്നു . “കേരളം പരശുരാമ സൃഷ്ടി ആണ് എന്ന് ഒരു ഐതീഹ്യം ഉണ്ടല്ലോ, മഹാബലി കേരളം ഭരിച്ചിരുന്ന മഹാനായ അസുര രാജാവാണെന്നും. അദ്ദേഹത്തിന് സുതലം പ്രധാനം ചെയ്യുന്നത് വാമനനും.
മത്സ്യ കൂരമ വരാഹസ്ച്ച
നരസിംഹസ്ച്ച വാമന
രാമോ രാമസ്ച്ച രാമ
ശ്രീ കൃഷ്ണ കല്കിര്‍ ജനാര്ധന എന്നിങ്ങനെയാണ് അവതാരങ്ങളുടെ ക്രമം എന്നും കേട്ടിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ പരശു രാമനും മുന്പെയാണ് വാമന അവതാരം. അങ്ങനെയെങ്കില്‍ പരശു രാമ സൃഷ്ടിയായ കേരളം എങ്ങിനെയാണ് മഹാബലി ഭരിക്കുക? എന്ത് കൊണ്ടായിരിക്കാം ഓണം കേരളത്തില്‍ മാത്രം ആഘോഷിക്കപ്പെടുന്നത്? സത്യത്തില്‍ എല്ലാ ഹിന്ദുക്കളും ആഘോഷിക്കെണ്ടതല്ലേ? മേല്‍പറഞ്ഞത് എന്റെ കേട്ടറിവുകള്‍ മാത്രമാണ് ആയതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ സദയം ക്ഷമിക്കണമെന്നും തിരുത്തുവാന്‍ സഹായിക്കണമെന്നും അപേക്ഷിക്കുന്നു.
സവിനയം
ഹരി കുമാര്‍
ഹരികുമാര്‍:
ഐതീഹ്യവും, പുരാണങ്ങളും ചരിത്രത്തിന്‍ ഭാഗമായി കാണരുത്. അങിനെ നോക്കിയാല്‍, പരശുരാമനും-ശ്രീരാമനും, ബലരാമനും- ശ്രീകൃഷ്ണനും ഒരെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരായിരുന്നില്ലെ?
കേരളം പരശുരാമ സൃഷ്ടി എന്നതും, മഹാബലി കേരളം ഭരിച്ചിരുന്ന രാജാവാണെന്നതും ഒരൂ കേരളസങ്കല്പം മാത്രമാണ്. അതൊക്കെ ഐതീഹ്യകഥകള്‍, ശ്രീ@ശ്രേയസ് മുകളില്‍ പറഞ മഹാബലികഥ ഒരു പുരാണമാണ്, ഭാഗവതത്തില്‍ മഹാബലിയെയും, വിഷ്ണുവിന്റെ വാമനാവതാരത്തെക്കുറിച്ചും ഉള്ള കഥകളില്‍ കേരളം ഇല്ല. അതുകൊണ്ടുതന്നെയാന്നു ഓണം കേരളത്തില്‍ മാത്രം ആഘോഷികുന്നത്. ‘താന്‍ ഭൂമിയുടെയും സ്വര്ഗ്ഗത്തിന്റെയും അധിപനാണ്, ഞാന്‍ ദാനം ചെയ്യുകയാണ് എന്ന ഒരു മിഥ്യാഭിമാനം ബലിക്കുണ്ടായിരുന്നു’ അതില്‍നിന്നും മോക്ഷം പ്രാപിക്കണം എന്നതു മാത്രമാണീ കഥയുടെ ലക്ഷ്യം, പക്ഷെ നമ്മള്‍ അതില്‍ ഭഗവാന് മഹാബലിയോടു അസൂയ, പക തൂടങിയ വികാരങള്‍ കാണുന്നു. അതു നമ്മളുടെ അറിവില്ലായ്മ അല്ലെങ്കില്‍ തെറ്റായ ദൈവസങ്കല്പം.
നന്ദി ശ്രീ ഹരികുമാര്‍, ശ്രീ നന്ദന്‍.
കേരളം സൃഷ്ടിച്ചത് പരശുരാമനാണ് എന്നത് വെറുമൊരു ഐതീഹ്യം മാത്രമാണല്ലോ. അത് പുരാണങ്ങളിലൊന്നും കാണുന്നില്ല. നാം അങ്ങനെ വിശ്വസിക്കുന്നുമില്ല എന്നതല്ലേ സത്യം. മഹാബലി കേരളം ഭരിച്ചിരുന്നുവെന്നതും അതുപോലെ തന്നെ. അതാണ് ഈ കഥയുടെ ആദ്യം പറഞ്ഞത്, നമുക്ക് ഐതീഹ്യങ്ങളെ മാറ്റി നിര്‍ത്താം എന്നത്.
പുരാണങ്ങളിലെയും ഐതീഹ്യങ്ങളിലെയും കഥാപാത്രങ്ങള്‍ക്ക് ദീര്‍ഘമായ ആയുസ്സുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. മാത്രവുമല്ല, ഒരേ സമയത്ത് ഭഗവാന്‍ പല അവതാരങ്ങളായി കാണപ്പെടുകയും ചെയ്യാമല്ലോ. അതിനാല്‍ പരശു രാമന്‍ ദീര്‍ഘകാലം ജീവിച്ചിരിക്കുകയും ചെയ്തിരിക്കാം – പരശുരാമനും ശ്രീരാമനും തമ്മിലുണ്ടായ വാഗ്വാദം ഓര്‍മ്മിക്കാം.
കഥകള്‍ എന്തായാലും, ഈ കഥകള്‍ വിരചിതമായിരിക്കുന്നത്, ധര്‍മ്മം പ്രചരിപ്പിക്കാനാണ് എന്ന് കരുതാമല്ലോ.
ഭാഗവതം പന്ത്രണ്ടാം സ്കന്ദത്തില്‍ (?) പറയുന്നുണ്ട്, ഇത്രയും നേരം ശുകമുനി പറഞ്ഞതെല്ലാം വെറും കഥകളായി മാത്രം കണ്ടിട്ട്, കഥയില്‍ ചോദ്യം ചിന്തിക്കാതെ, കഥയിലെ ആന്തരാര്‍ത്ഥം നന്നായി ഉള്‍ക്കൊണ്ടു ജീവിക്കുക എന്ന്. കഥകളും ഉപകഥകളും ഒക്കെയായി നമ്മുടെ പുരാണങ്ങള്‍ നിറഞ്ഞിരിക്കുന്നത് ധര്‍മ്മം, സത്യം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ പ്രചരിപ്പിച്ച് ശ്രേഷ്ടമായ നല്ലൊരു ആദ്ധ്യാത്മിക സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മാത്രമാണ്.
(ഈയുള്ളവന്റെ ചിന്തയില്‍ നമ്മളെല്ലാവരും തന്നെ ഓരോരോ ഈശ്വര അവതാരങ്ങള്‍ തന്നെയാണ്, പക്ഷെ അത് സ്വയം അറിയാന്‍ കഴിയാതെ നമ്മുടെ ശുദ്ധബോധം അവിദ്യയാല്‍ മൂടപ്പെട്ടിരിക്കുന്നു. )
പ്രീയപ്പെട്ട ശ്രീ / നന്ദന്‍,
ഒരിക്കലും നമ്മുടെ വിശ്വാസങ്ങളെ തെറ്റായി വ്യഖ്യാനിക്കനല്ല ആയതില്‍ എനിക്ക് അറിയാവുന്നതില്‍ കൂടുതല്‍ എന്തെങ്കിലും ഉണ്ടോ എന്ന് അറിയുവാനാണു കമന്റ് രേഖപ്പെടുത്തിയത്. ഏതെങ്കിലും തരത്തില്‍ അത് നിങ്ങളെ വേദനിപ്പിച്ചു എങ്കില്‍ സദയം ക്ഷമിക്കുക. താങ്കളുടെ വിലപ്പെട്ട മറുപടിക്ക് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.
ഹരികുമാര്‍
പ്രിയപ്പെട്ട ഹരികുമാര്‍,
തെറ്റിദ്ധരിക്കരുതേ, ചോദ്യങ്ങള്‍ ഒരിക്കലും വേദനിപ്പിക്കില്ല, മറിച്ച് കൂടുതല്‍ ചിന്തിയ്ക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. ദയവായി തുടര്‍ന്നും കൂടുതല്‍ എഴുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നന്ദി.
അതുപോലെ, കൂടുതല്‍ നിര്‍ദ്ദേശങ്ങളും ലേഖനങ്ങളും contribute ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
പ്രിയ ഹരികുമാര്‍,
വിശ്വാസങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന എന്തെങ്കിലും താങ്കളുടെ അഭിപ്രായത്തില്‍ ഉണ്ടായിരുന്നതായി ഞാന്‍ കരുതുന്നില്ല. മാത്രമല്ല, അഭിപ്രായം പങ്കുവയ്ക്കുമ്പോള്‍ നമുക്കറിയാത്ത പുതിയ അറിവുകള്‍ നേടാന്‍ ശ്രമിക്കുകയാണു ശരി എന്നാണു ഞാന്‍ കരുത്തുന്നത്. സനാതനധര്‍മ്മം എന്ന വിഷയത്തില്‍ സമ്പൂര്‍ണ്ണ ജ്ഞാനം നേടിയ ആരുമില്ലാ എന്നത് സത്യം തന്നെ. നമുക്കറിയാവുന്നതും, ശരിയെന്നു തോന്നുന്നതുമായ കാര്യങ്ങള്‍ സമാനചിന്താഗതിക്കാരുമായി പങ്കുവെയ്ക്കുന്നതിനു ഇത്തരം വേദികള്‍ നല്ലതാണെന്നു ഞാന്‍ കരുതുന്നു. ഓണം കേരളത്തില്‍ മാത്രം ആഘോഷിക്കുന്നതിന് കാരണം ഞാന്‍ മനസിലാക്കിയത് ഇവിടെ എല്ലാവരുമായി പങ്കുവെക്കുന്നു എന്നു മാത്രം.
നല്ലവനായ മഹാബലിയെ അസൂയമൂത്ത ഭഗവാന്‍ പാതാളത്തിലേക്ക് തള്ളിവിട്ടത് എന്തിനെന്ന് ഒരിക്കലും എനിക്ക് ന്യായീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഭാഗവതം കേട്ടതിനു ശേഷമാണു ഈ കഥ ശരിയായി മനസിലാക്കിയത്.
ഇതു മാത്രമല്ല, മറ്റ് പല കഥകളും. നാമെല്ലാം പഠിച്ചിരികുന്നതു ഭഗവാന്‍ പലരെയും വധിച്ചു, സുദര്‍ശനം എന്ന മാരകമായ ആയുധം, നല്ലവനായ അര്‍ജുനനെ ഗീത പറഞ്ഞു സ്വന്തവും ബന്ധവുമുള്ള എല്ലാവരെയും കൊല്ലിച്ചു. ഇതൊക്കെയാണെങ്കിലും സര്‍വശക്തനായതിനാല്‍ നാമെല്ലാം ഭഗവാനുകൂടെ എന്നുമാത്രം. ഒരു സാധാരണ ഹിന്ദു കുട്ടി നമ്മുടെ ധര്‍മത്തെക്കുറിച്ച് ഇങനെയാണു മനസിലാക്കിയിരികുന്നതു. ഈ കാഴ്ചപ്പാട് മാറണമെങ്കില്‍ ഇതുപോലുള്ള വേദികളില്‍ തുറന്ന ചര്‍ചകള്‍ നല്ലതാണ്. ഇതില്‍ ഞാന്‍ പറയുന്നതു ശരി, മറ്റെല്ലാം തെറ്റ് എന്നു ഞാന്‍ കരുതുന്നില്ല. എല്ലാവരുടെയും അഭിപ്രായം വായിച്ചിട്ടു ശരിയെന്നു തോന്നുന്നതുമാത്രം എടുക്കുന്നു.
ശ്രീ പറഞ്ഞതുപോലെ, ദയവായി തുടര്‍ന്നും കൂടുതല്‍ എഴുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നന്ദി.
പ്രീയപ്പെട്ട ശ്രീ/നന്ദന്‍,
നിങ്ങള്‍ ഇരുവരുടെയും മറുപടിയില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. നന്ദന്‍ അഭ്പ്രയപ്പെട്ടതുപോലെ ഭൂരിഭാഗം ഹിന്ദുക്കള്‍ക്കും തങ്ങളുടെ ധര്മ്മത്തെക്കുരിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ മാറേണ്ടത് തന്നെയാണ്. കാലങ്ങളായി നമ്മുടെ കുട്ടികള്‍ ഇങ്ങനെയുള്ള തെറ്റായ അറിവുകള്‍ നേടിയാണ് വളരുന്നത്. അത് അവരില്‍ ഈശ്വരനിലുള്ള വിശ്വാസത്തിന്റെ അളവ് കുറയാന്‍ കാരണമാകുകയും തന്മൂലം തെറ്റുകള്‍ ആവര്‍ത്ത്തിക്കപ്പെടുകയും ചെയ്യുന്നു. വളരെ കുറച്ചു പേര്‍ക്ക് മാത്രമേ യാഥാര്‍ത്ഥ്യം മനസ്സിലാകുന്നുള്ളൂ എന്നത് ഖേദകരം തന്നെ.
തീര്‍ച്ചയായും എഴുതാം, എന്റെ സംസയങ്ങള്‍ നിങ്ങളുമായി ചര്‍ച്ച ചെയ്തു തിരുത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
ഹരികുമാര്‍
“സുതലദ്വാരത്തില്‍ ഭഗവാന്‍ കാവല്‍ നില്‍ക്കുന്നത്, മഹാബലിയും കൂട്ടരും വീണ്ടും പുറത്തിറങ്ങി വന്നു ശല്യം ചെയ്യാതിരിക്കാനും ആവാം – വീട്ടുതടങ്കല്‍! ”
എത്രയും നല്ല ലേഖനം എയൂതിയ താങ്ങള്‍ എങ്ങനെ ഒരു തെറ്റു പറഞ്ഞത് ശെരി ആയില്ല. ലോകം മുഹുവന് കീഴദകിയ ഹിരെനൈയ കശിപുവിനെ ഭഗവാന്‍ നിശ്പ്രയാസം വധതിച്ചെങ്കില്‍ എന്താണു അദ്ദേഹത്തിനു അസാധ്യം.
@ശ്രീ പ്രവീണ്‍
ഓരോ കഥയെ പലരും പലരീതില്‍, അവര്‍ക്കിഷ്ടമുള്ള രീതിയില്‍ പറയും, അത്തരത്തില്‍ പറഞ്ഞു കേട്ട ഒരു വരിയാണ് അത്.
“അങ്ങനെ നമ്മുടെ മനോനിലയും കാല്പനികതയും ഒക്കെയനുസരിച്ചു ഏതുരീതിയിലും പുരാണങ്ങളെ വ്യാഖ്യാനിക്കാം. എന്തു തന്നെ ചെയ്താലും കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്, അതാണ് പുരാങ്ങളുടെയൊക്കെ സദുദ്ദേശ്യവും എന്നുതോന്നുന്നു.” എന്നുകൂടി ലേഖനത്തിന്റെ അവസാനം എഴുതിയിട്ടുണ്ട്. കഥയിലല്ല, തത്ത്വമാണ് കാര്യം എന്നാണ് ഉദ്ദേശിച്ചത്.
Dear brothers,
1) In the story of Parasurama, he has not created Kerala, he only reclaimed it from the sea. I have heard that the new scientific studies give indications to this, with the discovery of fossils of sea based creatures from western ghats region.
2) Parasurama and Mahabali are chiranjeevis – immortals
3) Mahabali performed his yaga, on the banks of Narmada. Recently I heard from a Samskrutham scholar Sharmaji that, there are enough indications in Puranas to say that Mahabali lived in Gujarath. The descendants of Bali migrated to Kerala through sea. The stories and memories of Bali’s period came along with these migrated people and became legends here. Over a period of time people started believing that, Bali had ruled Kerala because he was an ancestor to the early settlers of Kerala.
So there are lots of missing links. Hindu history spreads over tens of thousands of years…Not easy to dig out everything…especially without knowing Samskrutham.
ഞാന്‍ ചെയ്ത മഹാബലിയെ കുറിച്ചുള്ള ഈ ടെലി ഫിലിം കാണുക… അഞ്ചു ഭാഗങ്ങള്‍..
http://www.youtube.com/watch?v=AthvVAil_D8
http://www.youtube.com/watch?v=zOV5z5tplCc
http://www.youtube.com/watch?v=aryPFkATllk
http://www.youtube.com/watch?v=X_jA59-jxBk
http://www.youtube.com/watch?v=Jeq19j5P538
It is amazing that our Hindu lot is so ignorant about our scriptures. Most of us are learned from the schools which are intended to MAKE INDIANS A RACE OF PEOPLE WHO ARE ORIGIN AND BLOOD IN INDIAN BUT ENGLISH IN TASTES MORALS OPINION AND INTELLECT….! The festival , Onam is actually celebrated all over India in different forms. It is the “Indrolsavom” of ancient India. Mahavishnu is the protector of the 7+7 Lokas. Those who attain the power to rule any world need the good will of that patron. That good will is attained by YAJNA. In the 14 Lokas . As per the qualities people are divided into 3. And each section is allotted with The high middle and low part of earth. But against the sanction Mahabali ruled all the three parts by force,dethroning INDRA .Mahavishnu naturally intervened for the ‘statusquo’.The prayers of Indra and Mahabali got granted in a unique way. So the kings all over worship Mahavishnu for the welfare of their country.Here ‘Vamana’ is the younger brother of Indra.Originally Kerala was not as today’s, it was part of the 7 KONKANS begining from Gujarath along the coastal area. The concept of the sages can be understood from the Manuanthra details in MALSYAPURANAM.
ചന്തു ബി നായര്‍ പറഞ്ഞതു ഒരര്‍ത്ഥത്തില്‍ സത്യം തന്നെ ആണ്, മഹാബലി ചക്രവര്‍ത്തി വലിയ ദാനശീലന്‍ തന്നെ അതിനു സംശയം ഇല്ല തന്നെ. എന്നാല്‍ അദ്ദേഹം വെറും ദാനം മാത്രം ആണ് ചെയ്തത്, അല്ലാതെ ധര്‍മം അല്ല. ഭുമി മുഴുവന്‍ തന്റെ വരുതിയില്‍ ആകിയ അദ്ദേഹം അതുപോരാതെ സ്വര്‍ഗം കൂടി തന്റെ അധീനതയില്‍ ആക്കുവനുള്ള അത്യാഗ്രഹം ആയി അതിനെ എന്ത് കൊണ്ട് വ്യാകനിച്ചു കൂടാ ? അതുകൊണ്ടാണ് അദ്ദേഹം അശ്വമേധയാഗം നടത്തിയതും ദാനം ചെയ്തതും. ഇവിടെ അദ്ദേഹം ദാനം നടത്തി എന്ന് പറയാന്‍ കാരണം മറ്റൊന്നല്ല. ഒരുവന്‍ ദാനം ചെയ്യുന്നതും ധര്‍മം ചെയ്യുന്നതും രണ്ടും രണ്ടാണ്. രണ്ടിനും വ്യതസ്ത അര്‍ഥം തന്നെയാണ്. നമ്മള്‍ എന്തെങ്കിലും പ്രതീക്ഷിച്ചു ആര്കെങ്കിലും എന്തെങ്കിലും നല്‍കുന്നു എങ്കില്‍ അതിനു പറയുന്ന പേര്‍ ദാനം. എന്നാല്‍ ഒരു ഫലവും പ്രതീക്ഷികാതെ ഒരുവന് നമ്മള്‍ ഏതെങ്കിലും വസ്തു കൊടുക്കുന്നു എങ്കില്‍ അതിനു പറയുന്ന പേരാണ് ധര്‍മം. ഉദാഹരണമായി നമ്മള്‍ ഭിക്ഷകാര്ക് ധര്‍മം ചെയ്യരുണ്ടല്ലോ ? അവരില്‍ നിന്നും നമ്മള്‍ എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടാണോ നമ്മള്‍ ഭിക്ഷ കൊടുകുന്നത് ? അല്ലല്ലോ. അതാണ് യഥാര്‍ത്ഥ ധര്‍മം. ഇവിടെ നല്‍കുന്ന ധര്‍മത്തിന് മാത്രമേ മുല്യം ഉള്ളു. അല്ലാതെ ദാനതിനല്ല.
ഇവിടെ മഹാബലി ചക്രവര്‍ത്തി ഒരു ഫലവും പ്രതീക്ഷികാതെ ആണോ യാഗം നടത്തിയത് ? അല്ലേ അല്ല. സ്വര്‍ഗം കൂടി തനിക് കിട്ടുവാനുള്ള അമിതമായ ആഗ്രഹം തന്നെ ആണ് അത്. ഇവിടെ അദ്ദേഹം നടത്തിയതു ദാനം മാത്രം.
എന്റെ ചെറിയ മനസ്സില്‍ തോന്നിയ കാര്യം ഞാന്‍ അവതരിപിച്ചു എന്നെ ഉള്ളു പ്രിയ ശ്രേയസ് ജി. തെറ്റാണു എന്നറിയില്ല.
കമലഹാസന്‍
നന്ദി