MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

അത്ര്യാശ്രമപ്രവേശം

അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ
ഭക്ത്യാ നമസ്കരിച്ചു രഘുനാഥനും.
‘രാമോഹമദ്യ ധന്യോസ്മി മഹാമുനെ!
ശ്രീമല്‍പദം തവ കാണായ കാരണം.’
സാക്ഷാല്‍ മഹാവിഷ്ണു നാരാ‍യണന്‍ പരന്‍
മോക്ഷദനെന്നതറിഞ്ഞു മുനീന്ദ്രനും
പൂര്‍ജിച്ചിതര്‍ഗ്ഘ്യപാദ്യാദികള്‍ കൊണ്ടു തം
രാജീവ ലോചനം ഭാതൃഭാര്യാന്വിതം.
ചൊല്ലിനാന്‍ ഭൂപാലനന്ദനന്മാരോടു:
‘ചൊല്ലെഴുമെന്നുടെ പത്നിയുണ്ടത്രെ കേള്‍.
എത്രവും വൃദ്ധതപസ്വിനിമാരില്‍ വ-
ച്ചുത്തമയായ ധര്‍മ്മജ്ഞാ തപോധനാ
പര്‍ണ്ണശാലാന്തര്‍ഗൃഹേ വസിക്കുന്നിതു
ചെന്നുകണ്ടാലും ജനകനൃപാത്മജേ!
എന്നതു കേട്ടു രാമാജ്ഞയാ ജാനകി
ചെന്നനസൂയാപദങ്ങള്‍ വണങ്ങിനാള്‍
‘വത്സേ! വരികരികേ ജനകാത്മജേ!
സത്സംഗമം ജന്മസാഫല്യമോര്‍ക്ക നീ.’
വത്സേ പിടിച്ചു ചേര്‍ത്താ‍ലിംഗനം ചെയ്തു
തത്സ്വഭാവം തെളിഞ്ഞു മുനിപത്നിയും,
വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായൊരു
വിശ്വമോഹനമായ ദുകുലവും
കുണ്ഡലവുമംഗരാഗവുമെന്നിവ
മണ്ഡനാര്‍ത്ഥമനസൂയ നല്‍കീടിനാള്‍.
‘നന്നു പാതിവ്രത്യമാശ്രിത്യ രാഘവന്‍-
തന്നോടു കൂടെ നീ പോന്നതുമുത്തമം
കാന്തി നിനക്കു കുറകായ്കൊരിക്കലും,
ശാന്തനാകും തവ വല്ലഭന്‍ തന്നൊടും
ചെന്നു മഹാരാജധാനിയകം പുക്കു
നന്നായ് സുഖിച്ചു സുചിരം വസിക്ക നീ.’
ഇത്ഥമനുഗ്രഹവും കൊടുത്താദരാല്‍
ഭര്‍ത്തുരഗ്രേ ഗമിക്കെന്നയച്ചീടിനാള്‍.
മൃഷ്ടമായ് മൂവരേയും ഭുജിപ്പിച്ചഥ
തുഷ്ടികലര്‍ന്നു തപോധനനത്രിയും.
ശ്രീരാമനോടരൂള്‍ ചെയ്തു, ‘ഭവാനഹോ
നാരായണനായതെന്നറിഞ്ഞേനഹം.
നിന്മഹാമായ ജഗത്ത്രയവാസിന‍ാം
സമ്മോഹകാരിണിയായതു നിര്‍ണ്ണയം.’
ഇത്തരമത്രി മുനീന്ദ്രവാക്യം കേട്ടു
തത്ര രത്രൌ വസിച്ചു രഘുനാഥനും.

ദേവനുമാദേവിയോടരുളിച്ചെയ്തി-
തേവമെന്നാള്‍ കിളിപ്പൈതലക്കാലമേ.

ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വര സംവാദേ അയോദ്ധ്യാകാണ്ഡം സമാപ്തം.