അമൃതാനന്ദമയി അമ്മ

മക്കളേ,
മാതാപിതാക്കളുടെ കൂടെയാണ് ആ മോള്‍ അമ്മയുടെ ദര്‍ശനത്തിനെത്തിയത്. ആകെ കരഞ്ഞ്, വിഷമിച്ചാണ് അവര്‍ സംസാരിച്ചത്. ഡിഗ്രിപഠനം കഴിഞ്ഞ മകള്‍ ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങി. ഇന്റര്‍നെറ്റിലൂടെ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. വീട്ടുകാര്‍ ഇതൊന്നും അറിഞ്ഞില്ല. അവസാനം മകളുടെ ടെലിഫോണ്‍ ലഭിച്ചത് ഡല്‍ഹിയില്‍ നിന്നായിരുന്നു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട ചെറുപ്പക്കാരന്റെ നിര്‍ദേശമനുസരിച്ച് ഡല്‍ഹിയില്‍ എത്തി താലികെട്ടിക്കഴിഞ്ഞു എന്നാണ് വീട്ടില്‍ വിളിച്ചുപറഞ്ഞത്. ഡല്‍ഹിയിലുള്ള ബന്ധുക്കള്‍ ഇടപെട്ട് അവളെ കണ്ടുപിടിച്ച് വീട്ടില്‍ കൊണ്ടുവന്നതായിരുന്നു.

ആ മാതാപിതാക്കളുടെ സങ്കടം കണ്ട് അമ്മ ആ മോളോട് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് തിരക്കി. ”എന്നെ താലികെട്ടി അമ്മാ, ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്.” മോളുടെ മറുപടി ഇതായിരുന്നു. ഈ താലികെട്ടിന് മുന്‍പ് നീ അയാളെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ”ഇല്ല” എന്ന് അവള്‍ പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട, ജീവിതത്തില്‍ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളിനെ തേടി സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ച് പോകാന്‍ പല പെണ്‍കുട്ടികളെയും പ്രേരിപ്പിക്കുന്ന ഘടകം എന്താണ്?

മാതാപിതാക്കള്‍ക്ക് കുറഞ്ഞത് അഞ്ച് ഗുണങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്ന് അമ്മയ്ക്ക് തോന്നുന്നു. കുടുംബത്തിന് വേണ്ടിയല്ല പലരും ജീവിക്കുന്നത്. സ്വന്തം സ്ഥാനമാനങ്ങള്‍ക്കും പദവികള്‍ക്കും ജോലിയിലെ ഉയര്‍ച്ചയ്ക്കുമാണ് ശ്രദ്ധ. ഇതിനിടയില്‍ പലരും കുട്ടികളെ മറക്കുന്നു. ബാങ്ക്മാനേജരായ ഒരു മോളുടെ കഥ കേട്ടു. ഒന്ന‍ാംക്ലാസില്‍ പഠിക്കുന്ന മൂത്തമകള്‍ അറുപത് കിലോമീറ്റര്‍ ദൂരെയുള്ള ടൗണില്‍ ഭര്‍ത്താവിന്റെ കൂടെയാണ്. രണ്ടുവയസ്സുള്ള ഇളയ മകന്‍, പ്രായമായ സ്വന്തം മാതാപിതാക്കളുടെകൂടെ മറ്റൊരു ഗ്രാമപ്രദേശത്ത്. ഒരു ദിവസം കാറോടിച്ച് മകന്റെയും മാതാപിതാക്കളുടെയും അടുത്തേക്ക്. പിറ്റേദിവസം വൈകീട്ട് ജോലികഴിഞ്ഞ് മകളുടെയും ഭര്‍ത്താവിന്റേയും അടുത്തേക്കുള്ള ഓട്ടം. രാവിലെ ഒമ്പതുമണിക്ക് ബാങ്കില്‍ ജോലിക്ക് കയറിയാല്‍ വൈകീട്ട് ആറുമണിക്കു ശേഷമാണ് കുട്ടികളെ കാണാന്‍ കാറില്‍ പായുന്നത്. പ്രാര്‍ഥിക്കുന്നതുപോലും കാറിലിരുന്നാണ്. ജോലിയെ മുറുകെ പിടിക്കുന്നതിന് കാരണങ്ങള്‍ ഉണ്ടാവ‍ാം. വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, കുടുംബത്തില്‍നിന്ന് ആ മോള്‍ എത്ര അകലെയാണ് എന്ന് മറക്കുന്നു. മാതാപിതാക്കള്‍ ഉത്തമ ഗുരുക്കന്മാരെ പോലെയാകണം. മക്കള്‍ക്ക് ഉത്തമ തത്ത്വം പറഞ്ഞുകൊടുക്കണം. എങ്കിലേ അവരില്‍ നന്മ വളരൂ. പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതിനിടയില്‍, മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാനും ശ്രദ്ധവേണം.

കുട്ടികളിലെ മാലാഖമാരെ വേണം മാതാപിതാക്കള്‍ വളര്‍ത്തേണ്ടത്. കൗമാര മനസ്സിലെ ദൈവിക അംശത്തെ വളര്‍ത്തിയെടുക്കണം. എങ്കിലേ അവര്‍ വളരുമ്പോഴും ദേവ‍ാംശങ്ങള്‍ നിലനിര്‍ത്തുന്നവരാകൂ. കുട്ടികളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു കാഴ്ചപ്പാട് ഉണ്ടാവണം. ഭാവിജീവിതത്തെ നേരില്‍ കാണുന്നതുപോലെ കുട്ടികളെ പറഞ്ഞുമനസ്സിലാക്കാന്‍ മാതാപിതാക്കള്‍ സമയം ചെലവഴിക്കണം. ഒരു പ്രവാചകനെപ്പോലെയായിരിക്കണം മാതാപിതാക്കള്‍ .

കുട്ടികളെ സംരക്ഷിക്കുന്ന കടമ മാതാപിതാക്കളുടേതാണ്. സംരക്ഷകന്റെ കടമ നിങ്ങള്‍ മറക്കരുത്. ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഭഗവാന്‍ നിങ്ങളില്‍ ഏല്പിച്ച കടമയാണ്. കുട്ടികളെ നശിപ്പിക്കുന്ന പലരും ഇതൊന്നും ഓര്‍ക്കുന്നില്ല. കുട്ടികള്‍ ഇല്ലാത്ത പലരും അമ്മയുടെ അടുത്തുവന്ന് സങ്കടം പറയാറുണ്ട്. സന്താനങ്ങളെക്കൊണ്ടുള്ള ദുരിതങ്ങളെക്കുറിച്ച് പറയുന്നവരോട് ഈ വിഷമം പറഞ്ഞാല്‍ മനസ്സിലാവില്ല. ഉത്തമമൂല്യങ്ങള്‍ പകര്‍ന്ന് വളര്‍ത്തുന്ന കുട്ടികള്‍ ഉത്തമ പൗരന്മാരായിത്തീരും. ഭാരതത്തിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയുടെ മേധാവിയുടെ കഥ മക്കള്‍ ഓര്‍മിക്കണം. എന്നും രാവിലെ മാതാപിതാക്കളുടെ പാദങ്ങള്‍തൊട്ട് നമസ്‌കരിച്ചിട്ടാണ് അദ്ദേഹം ജോലിക്ക് പുറപ്പെടാറുള്ളത്. തന്റെ വിജയത്തിനു പിന്നില്‍ മാതാപിതാക്കളുടെ അനുഗ്രഹമാണ് എന്നാണ് അദ്ദേഹം പറയാറുള്ളത്.

ചില മാതാപിതാക്കള്‍ ദേഷ്യം വരുമ്പോള്‍ കുട്ടികളെ ശപിക്കാറുണ്ട്. പരീക്ഷയുടെ റിപ്പോര്‍ട്ട്കാര്‍ഡുമായി എത്തുന്ന കുട്ടികളെ വഴക്കുപറയുന്നവരോട് അമ്മയ്ക്ക് പറയാന്‍ ഒന്നേയുള്ളൂ. മാതാപിതാക്കളുടെ മാര്‍ക്ക്കാര്‍ഡ് ആണ് മക്കള്‍ . മക്കള്‍ വഴിതെറ്റുന്നതിന് അര്‍ഥം നിങ്ങളുടെ മാര്‍ക്ക് കുറഞ്ഞു എന്നാണ്.

രണ്ടുവയസ്സുള്ള കുട്ടിയെ ടി.വി.യുടെ മുന്‍പില്‍ ഇരുത്തിയിട്ട് അടുക്കളജോലിക്ക് പോകുന്നവര്‍ ശ്രദ്ധിക്കണം. പിന്നീട് വിദ്യാഭ്യാസകാലത്ത് അവര്‍ പഠിക്കാതെയിരുന്ന് ടി.വി. കാണുന്നതിനുള്ള പ്രേരണ നിങ്ങള്‍ ഇപ്പോള്‍ത്തന്നെ നല്‍കുകയാണ്. ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് മൊബൈല്‍ഫോണ്‍ നല്‍കുന്നത് സ്‌നേഹം നല്‍കാന്‍ വേണ്ടിയല്ല, അവനെ വഴിതെറ്റിക്കാന്‍ മാതാപിതാക്കള്‍ തന്നെ നടത്തുന്ന ആദ്യശ്രമമാണ് അത്. നിങ്ങളുടെ പെണ്‍മക്കളെ സ്‌നേഹിക്കേണ്ടത് നിങ്ങളാണ്. ഇല്ലെങ്കില്‍ മറ്റുപലരും നിങ്ങളുടെ കുട്ടികളെ സ്‌നേഹം നടിച്ച് നാശത്തിലേക്ക് നയിക്കും. സമാധാനമുള്ള കുടുംബങ്ങളില്‍ സ്‌നേഹം നല്‍കി വളര്‍ത്തുന്ന കുട്ടികള്‍ ലോകത്ത് ശാന്തിയും സമാധാനവും പരത്തും.
അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി