മോശക്കാരായ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ എന്തു ചെയ്യണം?
ഒരിക്കല്‍ അമേരിക്കക്കാര്‍ ഒരുമിച്ച് അമേരിക്ക മുഴുവനും വിളക്കണച്ചു. ഒരു തോമസ്സിനുവേണ്ടി. അങ്ങനെ ഒരുനിമിഷം അമേരിക്കയില്‍ ഒരു തിരിവെട്ടം പോലുമില്ലാതായി. ആ സംഭവം ഇങ്ങനെയാണ് നടന്നത്.
തോമസിന് എട്ടു വയസ്സേയുള്ളൂ. പഠിത്തത്തില്‍ കെങ്കേമനല്ല. പലവട്ടം പറഞ്ഞാലേ തോമസ്സിന് വല്ലതും തലയില്‍ കയറൂ. അദ്ധ്യാപകര്‍ ശാസിച്ചു. കൂട്ടുകാര്‍ പരിഹസിച്ചു. ദാക്ഷിണ്യമില്ലാത്ത ലോകമായിരുന്നു തോമസ്സിനു ചുറ്റും.
അങ്ങനെയിരിക്കെ ഒരു ദിവസം കരഞ്ഞുകൊണ്ട് തോമസ്സ് വീട്ടിലെത്തി. ബുദ്ധി കുറവായതുകൊണ്ട് തോമസ്സിനെ സ്കുളില്‍ നിന്നും പുറത്താക്കിയെന്ന് അറിയിച്ചുകൊണ്ടുള്ള പ്രധാന അദ്ധ്യാപകന്റെ ഒരു കത്തും കൈയ്യില്‍ ഉണ്ടായിരുന്നു.
അമ്മ തോമസിനെ സമാധാനിപ്പിച്ചു. അമ്മയ്ക്ക് ഒരു കാര്യം ഉറപ്പായിരുന്നു. തോമസ് മിടുക്കനാണ്. ഒരു കാര്യം പലപ്രവശ്യം പറഞ്ഞു കൊടുത്താല്‍ മതി, അവനത് ഉറപ്പാകും. അങ്ങനെ അമ്മ തോമസിനെ പഠിപ്പിക്കുന്ന കാര്യം ഏറ്റെടുത്തു. അമ്മയുടെ കീഴില്‍ തോമസ് പഠിച്ചു. മെല്ലെ മെല്ലെ അവന്‍ മുന്നേറി. പലതും കണ്ടുപിടിക്കുന്നതില്‍ അവന് താല്‍പര്യം ജനിച്ചു. അമ്മ പ്രോത്സാഹിപ്പിച്ചു.
അമ്മയുടെ സഹായത്തോടെ തോമസ് മിടുക്കനായി വളര്‍ന്നു. മിടുക്കനായപ്പോള്‍ അമേരിക്കക്കാര്‍ തോമസ്സിനെ അംഗീകരിച്ചു. തോമസ് അന്തരിച്ചപ്പോള്‍, അദ്ദേഹത്തെ ആദരിക്കാനായി അമേരിക്കക്കാര്‍ ഒരു നിമിഷം ആ രാജ്യം മുഴുവനും വൈദ്യുതദീപങ്ങള്‍ കെടുത്തി. ആ തോമസ് ആരെന്ന് അറിയാമോ?
വൈദ്യുതദീപം (ബള്‍ബ്) കണ്ടുപിടിച്ച തോമസ് ആല്‍വാ എഡിസനായിരുന്നു ആ തോമസ്. അന്ന് തോമസിനെ പുറത്താക്കിയ പ്രധാന അദ്ധ്യാപകനും കളിയാക്കിയ സുഹൃത്തുക്കളും എങ്ങും എത്തിയതായി ചരിത്രം പറയുന്നില്ല. മിടുക്കനായ വിദ്യാര്‍ത്ഥിയെ മിടുക്കനാക്കുന്നതില്‍ അദ്ധ്യാപകര്‍ക്ക് മിടുക്ക് എവിടെ? മോശക്കാരനായ വിദ്യാര്‍ത്ഥിയെ ക്ഷമയോടെ ഒരുക്കി എടുക്കുന്നതിലല്ലേ അദ്ധ്യാപകരുടെ മിടുക്ക്?
കടപ്പാട്: നല്ലൊരു നാളെ