ചില വേര്‍പാടുകള്‍ ഉമിത്തീപ്പോലെ മനം നീറ്റുന്നു.

മകളുടെ മരണം ആ പിതാവിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. പെട്ടെന്നുണ്ടായ പനി കുഞ്ഞിനെ മരണത്തിലേക്ക് നയിച്ചു. ആറ്റുനോറ്റുണ്ടായ ഒരേയൊരു സന്താനം, ഒരുകൊച്ചു മാലാഖ.

മാസങ്ങള്‍ കഴിഞ്ഞിട്ടും അയാളുടെ ദുഃഖം ഒട്ടും ശമിച്ചില്ല. ഒരു അര്‍ദ്ധരാത്രി അസ്വസ്ഥനായ പാതിമയക്കത്തില്‍ അയാളൊരു സ്വപ്നം കണ്ടു.

ആകാശച്ചെരുവിലൂടെ, മെല്ലെ നടന്നു പോകുന്ന മാലാഖമാര്‍. അവരുടെ കൈയ്യിലെല്ലാം പ്രഭചൊരിയുന്ന തൂവെള്ള മെഴുകുതിരി. ആ വെട്ടത്തില്‍ മാലാഖമാരുടെ മുഖം പരിശോഭിതമായിരുന്നു.

ഏറ്റവും പുറകില്‍ ഒരു കുഞ്ഞുമാലാഖ, അവളുടെ മെഴുകുതിരി പെട്ടെന്ന്‍ ഒന്നാളി, കെട്ടുപോയി. ആ വെളിച്ചത്തില്‍ അയാള്‍ക്ക് കുഞ്ഞു മാലാഖയെ തിരിച്ചറിയാന്‍ സാധിച്ചു. തന്റെ പൊന്നുമോള്‍. അയാള്‍ ഗദ്ഗദത്തോടെ തിരക്കി. “മോളേ,, എന്തേ നിന്റെ മെഴുകുതിരി കെട്ടുപോയത്?”

“ഞാന്‍ പലവട്ടം കത്തിച്ചതാ. പക്ഷേ അച്ചന്റെ കണ്ണുനീര്‍ വീണ് അത് വീണ്ടും കെട്ടുപോകുന്നു.”

പെട്ടന്ന് അയാള്‍ സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. മനസ്സ് പ്രാര്‍ത്ഥനാ നിര്‍ഭരമായി. അയാളുടെ മനം മന്ത്രിച്ചു.

“ദൈവമേ, ഞാനിനി ദുഃഖിക്കില്ല. എന്റെ കുഞ്ഞിനെ വിഷമിപ്പിക്കില്ല.”

മരണം അതീവ ദുഃഖകരം തന്നെ. പ്രിയപ്പെട്ടവരുടെ വേര്‍പാട് വലിയമുറിവ് സൃഷ്ടിക്കും. പക്ഷേ മരണം സത്യമാണ്. മരണത്തോടെ എല്ലാം തീരുന്നില്ല. പൂവില്‍ നിന്നും വായു, പൂവിന് കേടുവരുത്താതെ മണം കവര്‍ന്ന് കൊണ്ടുപോകും പോലെ, കാലം നമ്മിലെ ജീവചൈതന്യം കവര്‍ന്ന് മറ്റൊരു ദിക്കിലേക്ക് കൊണ്ടുപോകുന്നു. നമ്മുടെ ദുഃഖം ആ ആത്മാവിന് ക്ലേശമേ ഉളവാക്കൂ. അതുകൊണ്ട് നാം ദുഃഖം നിയന്ത്രിക്കുകതന്നെ വേണം. മരിച്ചുപോയ പ്രിയപ്പെട്ടവരെ അങ്ങനെ സ്നേഹിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ നാം അവരെ സങ്കടപ്പെടുത്തുകയായിരിക്കും.

ഗീത അരുളുന്നു, “അര്‍ജുനാ, ശരീരമേ നഷ്ടപ്പെടുന്നുള്ളു. ഈ ശരീരത്തില്‍ ഞാന്‍ എന്നറിയപ്പെടുന്ന സത്ത ഒരിക്കലും ഇല്ലാതാകുന്നില്ല. ശരീരം ഒരിക്കലും നഷ്ടപ്പെടാതിരിക്കുകയുമില്ല. പരിഹാരമില്ലാത്ത ഇക്കാര്യത്തില്‍ ദുഃഖിക്കുന്നത് ശരിയോ?”

കടപ്പാട്: നല്ലൊരു നാളെ