പ്രചോദന കഥകള്‍

മഹത്തുക്കളെ എങ്ങനെ തിരിച്ചറിയാന്‍ കഴിയും ?

കാക്കയ്ക്കും കറുപ്പ്, കുയിലിനും കറുപ്പ്. കാഴ്ചയില്‍ ഒരു വ്യത്യാസവുമില്ല. പിന്നെ ഇവയ്ക്കുതമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? വസന്തകാലം വരുമ്പോള്‍ ഇരുവരുടേയും വ്യത്യാസം തിരിച്ചറിയാം. അപ്പോള്‍ കാക്ക, കാക്ക തന്നെയായിരിക്കും, കുയില്‍ കുയിലും.

പൂക്കളും ഫലങ്ങളും നിറഞ്ഞ വസന്തകാലത്തില്‍ കുയിലിന് പാടാതിരിക്കാന്‍ സാധ്യമല്ല. കുയിലിന്റെ പാട്ടുകേട്ട് പ്രകൃതിപോലും അപ്പോള്‍ പുളകം കൊള്ളും. പക്ഷേ വസന്തകാലത്തും, തന്റെ പരുക്കന്‍ ശബ്ദത്തില്‍ കലപിലകൂട്ടാനേ കാക്കയ്ക്കു കഴിയൂ. അതുകൊണ്ട് ഇരുവരും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കുന്നത് വസന്തകാലം വരുമ്പോഴായിരിക്കും.

പ്രതികൂല സാഹചര്യത്തിലേ ഒരുവന്റെ യഥാര്‍ത്ഥ ഭാവം അറിയാന്‍ സാധിക്കൂ. മഹത്തുക്കള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇളകാറില്ല. അവര്‍ ഉറച്ചു തന്നെ നില്‍ക്കും. പ്രശ്നങ്ങളെ സമചിത്തതയോടെ ധീരമായി നേരിടും. പ്രശ്നങ്ങള്‍ അവരില്‍ തട്ടി തകരുന്നത് നമുക്ക് കാണാം. ദുര്‍ബ്ബലരാകട്ടെ പ്രശ്നങ്ങളില്‍ തട്ടി തകരുന്നു.

കുയിലിനെ വസന്തകാലത്ത് തിരിച്ചറിയുമ്പോലെ മഹത്തുക്കളെ പ്രതികൂല സാഹചര്യത്തില്‍ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാം.

കടപ്പാട്: നാം മുന്നോട്ട്

Back to top button