ഒരിക്കല്‍ പ്രസിഡന്റ് ലിങ്കണ്‍ തന്നോടെതിര്‍പ്പുള്ള ഒരാളെക്കുറിച്ച് വളരെ നന്നായിസംസാരിക്കുകയായിരുന്നു. സമീപം ഉണ്ടായിരുന്ന ഒരു മാന്യമഹിള ഇതു കേട്ട് അത്ഭുതപ്പെട്ടു.

ആകാംഷയോടെ അവര്‍ പ്രസിഡന്റിനോട് ചോദിച്ചു; “മിസ്റ്റര്‍ പ്രസിഡന്റ്, താങ്ങളുടെ ശത്രുവിനെക്കുറിച്ച് താങ്കള്‍ വളരെ പുകഴ്ത്തി സംസ്കാരിക്കുന്നുവല്ലോ. താങ്കള്‍ ഇപ്പോള്‍ അധികാരത്തിലാണ്. എന്തുകൊണ്ട് ശത്രുവിനെ അമര്‍ച്ച ചെയ്തു കൂടാ?”

പുഞ്ചിരിയോടെ ലിങ്കണ്‍ പറഞ്ഞു “മാഡം, ശത്രുവിനെ അമര്‍ച്ചചെയ്യുവാന്‍ സമയം കളയുന്നതിനേക്കാള്‍, എനിക്ക് താത്പര്യം സുഹൃത്തുക്കളെ സമ്പാതിക്കുന്നതിലാണ്. സുഹൃത്തുക്കളുടെ എണ്ണം കൂടുമ്പോള്‍ ശത്രുക്കളുടെ ​എണ്ണം സ്വാഭാവികമായും കുറയുമല്ലോ.”

ലിങ്കണെപ്പോലുള്ള വൃക്തിത്വങ്ങള്‍ മഹാന്മാരുടെ പട്ടികയില്‍ ‍പെടുന്നത് ഇത്തരം മാനസ്സികാവസ്ഥ ഉള്ളതുകൊണ്ടാണ്. തങ്ങള്‍ ഏത് പദവിയിലായിരുന്നാലും അവര്‍ വിനയവും സ്നേഹവും കൈവിടുന്നില്ല. ഈ മഹനീയ ഗുണങ്ങള്‍ അവരെ ലോകത്തിന്റെ ദീപങ്ങളാക്കുന്നു. നമ്മുടെ ഉള്ളിലും ശത്രുതാമനോഭാവം വളരുമ്പോള്‍ ഈ മഹത്തുക്കള്‍ എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്തത് എന്നോര്‍ക്കുക. അപ്പോള്‍ നമുക്കും മെല്ലെ ഉയരങ്ങളിലേക്ക് കയറുവാനാകും. അധികാരം കൂടുന്തേറും വിനയവും വര്‍ദ്ധിക്കണം. അല്ലെങ്കില്‍ അധികാരം അപകടത്തിലേ കലാശിക്കൂ.

കടപ്പാട്: നാം മുന്നോട്ട്