വിദ്യാഭ്യാസം നേടിയിട്ടും നമ്മുടെ യുവതലമുറ പലപ്പോഴും നാടിന് പ്രയോജനകരമാകുന്നില്ല, കാരണം?

മറ്റൊരു സംഭവം ശ്രദ്ധിക്കൂ. രണ്ടാം ലോകമഹായുദ്ധത്തിലെ തടങ്കല്‍ പാളയത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ ലോകത്തിനെഴുതിയ കത്ത്. കത്തില്‍ ഇങ്ങനെ പറയുന്നു, “ഞാന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ടവനാണ്. ഒരുവനും ഒരിക്കലും കാണരുതാത്ത ദൃശ്യങ്ങള്‍ എന്റെ മിഴികള്‍ കണ്ടു. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കൊല്ലാനുള്ള ഗ്യാസ് ചേമ്പര്‍ പണിതത് മിടുമിടുക്കന്‍ന്മാരായ എന്‍ജിനിയര്‍മാരാണ്.

നവജാതശിശുക്കളെ വിഷം കുത്തിവെച്ച് കൊന്നത് വിദഗ്ദ്ധരായ ഡോക്ടര്‍ന്മാരും, നേഴ്സുമാരുമാണ്. തടവിലാക്കപ്പെട്ടവരെ വെടിവെച്ചുകൊന്നത് കോളേജ് പഠനം കഴിഞ്ഞ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളാണ്.

പഠനം കൊണ്ട് ഇതാണ് സംഭവിക്കുന്നതെങ്കില്‍ എന്തിനീ വിദ്യാഭ്യാസം? കുറഞ്ഞത്, മനുഷ്യനെ സ്നേഹിക്കുവാനുള്ള മനുഷ്യരെ സൃഷ്ടിക്കാനായെങ്കിലും നമ്മുടെ വിദ്യാഭ്യാസം പരിഷ്ക്കരിക്കൂ. അല്ലെങ്കില്‍ ഈ വിദ്യാഭ്യാസം നമ്മുടെ ലോകം മുടിക്കും.”

സ്വഭാവമഹിമ നല്കാത്ത വിദ്യാഭ്യാസം വീടിനും നാടിനും ലോകത്തിനും ഒരു പോലെ അപകടകരം. ആദ്ധ്യാത്മിക, ഭൗതിക ആധുനിക വിദ്യാഭ്യാസങ്ങളുടെ ശരിയായ സംയോജനമാണ് ഇതിനുള്ള ഒരേയൊരു പരിഹാരം.

പഠനത്തിലൂടെ ബുദ്ധി വളരും. ആദ്ധ്യാത്മിക വിദ്യാഭ്യാസത്തിലൂടെ ഹൃദയം വളരും. ഈ രണ്ടുവളര്‍ച്ചയും ഒരുപോലെ സംഭവിച്ചില്ലെങ്കില്‍ മാനവ കുലത്തിന്റെ ഭാവി അത്യന്തം ദയനീയമായിരിക്കും. ഇന്നത്തെ പഠനത്തില്‍ ഈ സംയോജനം ഇല്ല. അതാണ് പ്രശ്നങ്ങളുടെ മൂലകാരണം.

കടപ്പാട്: നാം മുന്നോട്ട്