രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയം. ജര്‍മ്മന്‍ പട്ടാള വിഭാഗത്തിലെ ഒരു സംഘം കൂട്ടം വിട്ടു പോയി. അവര്‍ ചെന്നു പെട്ടന്ന് മരുഭൂമിയില്‍. ആഹാരവും കുടിവെള്ളവും കിട്ടാതെ അവര്‍ വലഞ്ഞു.
മണലാരണ്യത്തില്‍ അലഞ്ഞു തിരിയവേ അവര്‍ ബ്രിട്ടീഷുകാരുടെ ഒരു താവളം കണ്ടെത്തി. അതില്‍ ആരുമില്ല ജര്‍മ്മന്‍ പട്ടാള സംഘം അതില്‍ പാഞ്ഞു കയറി. ബ്രിട്ടീഷുകാര്‍ ജലം കൊണ്ടുപോകാന്‍ പണിത പൈപ്പുലൈനുകളായിരുന്നു അതിനകത്ത്.
അവര്‍ അത് വെടിവച്ച് തകര്‍ത്തു. ജലം കുത്തിയൊഴുകി. ആര്‍ത്തിയോടെ അവരത് കുടിച്ചു…. സത്യം തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു. ദാഹം വര്‍ദ്ധിക്കാനായി രാസവസ്തു ചേര്‍ന്ന ജലമായിരുന്നു അതിലൂടെ ബ്രിട്ടീഷുകാര്‍ ഒഴുക്കിയിരുന്നത്. ആ ജലം കുടിച്ചതോടെ അവരുടെ ദാഹം കലശലായി. അങ്ങനെ ബ്രിട്ടീഷു പട്ടാളം ഒരുക്കിയ കെണിയില്‍ ജര്‍മന്‍ പടവീണു നശിച്ചു…
മിന്നുന്നതെല്ലാം പൊന്നല്ല. ക്ലേശങ്ങളില്‍ വലയുമ്പോള്‍ കിട്ടുന്ന ഏതിലും നാം എത്തിപ്പിടിക്കാന്‍ ശ്രമിക്കും. അതരുത്. ഇത്തരം അവസരങ്ങളിലാണ് കൂടുതല്‍ വിവേചനാശക്തിയും,ബുദ്ധിയും ഈശ്വരവിശ്വാസവും പ്രാവര്‍ത്തികമാക്കേണ്ടത്. പെട്ടെന്നു തുറന്നു കിട്ടുന്ന സുഖങ്ങള്‍ക്കടിയില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ടോ എന്ന് തിരയണം. എന്നിട്ട് കരുതലോടെ സ്വീകരിക്കണം.
കടപ്പാട്: നാം മുന്നോട്ട്