ഒരിക്കലും പ്രതീക്ഷിക്കാത്തിടത്തു നിന്നും ‘അടികള്‍’ വരുമ്പോള്‍ തളര്‍ന്നു പോകുന്നു. നിരാശയില്‍ തകരുന്നതു പോലെ… എന്തുചെയ്യും?
മുന്നില്‍ തിരയ്ക്കൊപ്പം തുള്ളിച്ചാടുന്ന കോര്‍ക്കിനെ കണ്ടപ്പോള്‍ തിമിംഗലത്തിന് നീരസം. തന്നെപ്പോലെയുള്ള ഒരു ശക്തന്റെ മുന്നില്‍ ഇത്തരമൊരു നിസാരന്‍ തുള്ളിച്ചാടുന്നുവോ! തിമിംഗലം വാല്‍ ചുഴറ്റി ശക്തിയായി ഒരടികൊടുത്തു.
അടികൊണ്ട് കോര്‍ക്ക് ആഴത്തിലേയ്ക്കു പോയി. താമസിയാതെ വീണ്ടും പൊങ്ങിവന്നു. അതു കണ്ട് തിമിംഗലത്തിന് കോപം വര്‍ദ്ധിച്ചു. അവന്‍ കോര്‍ക്ക് കടിച്ചെടുത്ത് സമുദ്രത്തിന്റെ അടിത്തട്ടില്‍ കൊണ്ട് പോയിട്ടിട്ട് പൊങ്ങി വന്നു. അടുത്ത നിമിഷം കോര്‍ക്കും പൊങ്ങിവന്നു. തിമിംഗലത്തിന് കോപം കത്തിക്കാളി. അവന്‍ ആക്രോശിച്ചു കൊണ്ട് കോര്‍ക്കിനു നേരെ വീണ്ടും ചെന്നു. കോര്‍ക്ക് പുഞ്ചിരിയോടെ തിമിംഗലത്തോട് പറഞ്ഞു,
“സുഹൃത്തേ,നീ എത്ര ശ്രമിച്ചാലും എന്നെ താഴ്ത്തിക്കളയാനാവില്ല. കാരണം ഞാന്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എപ്പോഴും പൊങ്ങിക്കിടക്കുന്ന ഒരുതരം ഒരു വസ്തുകൊണ്ടാണ്. അതുകൊണ്ട് ആര്‍ക്കുമെന്നെ താഴ്ത്തിക്കെട്ടാന്‍ കഴിയില്ല.”
ജീവിതത്തില്‍ അതിഭയങ്കരങ്ങളായ പ്രശ്നങ്ങളും ആക്രമങ്ങളും ആരോപണങ്ങളും നമുക്ക് എതിരേ ഉണ്ടാകാം. പക്ഷേ നമ്മുടെ മനസ്സ് എപ്പോഴും പൊങ്ങിക്കിടക്കുന്ന വസ്തുകൊണ്ട് രൂപപ്പെടുത്തിയാല്‍ ആ പ്രശ്നങ്ങള്‍ക്ക് മുകളില്‍ എപ്പോഴും നമുക്ക് നിലകൊള്ളാന്‍ സാധിക്കും. അതിനായി സത്ചിന്തകള്‍, പ്രാര്‍ത്ഥന, സജ്ജന സംസര്‍ഗം എന്നിവകൊണ്ട് മനസ്സ് രൂപപ്പെടുത്തുക. പിന്നെ ഒരു വിഷമതകള്‍ക്കും നമ്മെ തകര്‍ക്കാനാവില്ല.
കടപ്പാട്: നാം മുന്നോട്ട്