എല്ലാവരും ദൈവമാണെന്ന് തിരിച്ചറിവിനുള്ള പ്രയാണമായിരിക്കണം ജീവിതം. അല്ലാതെങ്ങിനെയാണ് മഹാത്മാവാകുക?
ആര്‍.കെ. കരഞ്ചിയ. വളരെ പ്രസിദ്ധനായ പത്രപ്രവര്‍ത്തകന്‍ (പഴയ ബ്ലിറ്റ്സ് പത്രാധിപര്‍. കടുത്ത യുക്തിവാദിയുമായിരുന്നു അദ്ദേഹം.) ഒരിക്കല്‍ കരഞ്ചിയ സത്യസായി ബാബയെ കാണാന്‍ ചെന്നു.
സംഭാഷണമദ്ധ്യേ ബാബ പറഞ്ഞു,”സമസ്തവും ഈശ്വരചൈതന്യമാണ്. അതായത് എല്ലാം ഈശ്വരന്‍. ഞാനും, നീയും ഈശ്വരന്‍ തന്നെ.”
ഉടന്‍ കരഞ്ചിയ ഒരു ചോദ്യമെറിഞ്ഞു,”ഞാനും, താങ്കളും ഈശ്വരനാണെങ്കില്‍, പിന്നെ നമ്മള്‍ തമ്മിലുള്ള വ്യത്യാസമെന്താണ്?”
ഉടന്‍ ബാബ പറഞ്ഞു, “എനിക്ക്, ഞാന്‍ ഈശ്വരനാണെന്നറിയാം, നീയും ഈശ്വരനാണെന്നറിയാം. പക്ഷേ നിനക്ക്, നീ ആരെന്നും, ഞാന്‍ ആരെന്നും അറിയില്ല. അതുതന്നെയാണ് നമ്മള്‍ തമ്മിലുള്ള വ്യത്യാസം.
ലോകത്തെ നയിച്ച, നയിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണന്‍, രാമന്‍, ക്രിസ്തു, നബി തുടങ്ങിയ മഹാപ്രവാചകരും നമ്മളും തമ്മില്‍ ഒരേയൊരു വ്യത്യാസമേയുള്ളു. ഈ ലോകം മുഴുവനും ഈശ്വരചൈതന്യമാണെന്ന് അനുഭവത്തിലൂടെ അവര്‍ അറിഞ്ഞു. അതുകൊണ്ട് അവര്‍ എല്ലാവരേയും സ്നേഹിച്ചു സേവിച്ചു. നമുക്കാകട്ടെ അതിനാകുന്നില്ല.”
നാം വളരെ ഇടുങ്ങിയ മതില്‍ക്കെട്ടിനുള്ളില്‍ നമ്മുടെ സ്നേഹം തളച്ചിട്ടിരിക്കുന്നു. ആ മഹാപ്രവാചകരെ പോലെയാകാന്‍ ശ്രമിച്ചവരെല്ലാം ഗാന്ധിജിമാരും മദര്‍ തെരേസകളുമായി തീരുകയും ചെയ്തു. അതു കൊണ്ട് ആദ്യം നമ്മില്‍ ഈശ്വരനെ കണ്ടെത്തുക. അപ്പോള്‍ എല്ലാവരിലും ഈശ്വരനാണ് ഉള്ളതെന്ന് അറിയാന്‍ കഴിയുമത്രേ.
കടപ്പാട്: നാം മുന്നോട്ട്