ചിത്തേന ഹൃദയം ചൈത്യഃ ക്ഷേത്രജ്ഞഃ പ്രാവിശദ്യദാ
വിരാട് തദൈവ പുരുഷസ്സലിലാദുദതിഷഠത (3-26-70)
തമസ്മിന്‍ പ്രത്യഗാത്മാനം ധിയാ യോഗപ്രവൃത്തയാ
ഭക്ത്യാ വിരക്ത്യാ ജ്ഞാനേന വിവിച്യാത്മനി ചിന്തയേത് (3-26-72)
കപിലദേവന്‍ തുടര്‍ന്നുഃ
ആകാശത്തില്‍ നിന്നു് വായു, വായുവില്‍ നിന്നു് അഗ്നി, അഗ്നിയില്‍ നിന്നും ജലം, ജലത്തില്‍ നിന്നു് ഭൂമി എന്നിവയുണ്ടായി. ഓരോ കാര്യത്തിലും കാരണം അന്തര്‍ലീനമാകുന്നു. ഈ ഓരോ ധാതുക്കളിലും കാരണധാതുക്കളുടെ സ്വഭാവവിശേഷം കൂടി അടങ്ങിയിരിക്കുന്നു. എല്ലാ ധാതുക്കളുടെ സ്വഭാവവിശേഷങ്ങളും ഭൂമിയില്‍ ഒന്നുചേര്‍ന്നിരിക്കുന്നു.
പഞ്ചഭൂതങ്ങളും, മഹത്തും, അഹങ്കാരവും വേര്‍പ്പെട്ടിരുന്നു. അതുകൊണ്ട് ഭഗവാന്‍ നാരായണന്‍ സ്വയം കാലരൂപത്തില്‍ അവയില്‍ പ്രവേശിച്ചു. പൂര്‍വ്വസൃഷ്ടിചക്രത്തില്‍ മുക്തി ലഭിച്ചിട്ടില്ലാത്ത ആത്മാക്കളുടെ കര്‍മ്മഭാരവും പ്രകൃതിയുടെ സ്വഭാവവിശേഷതകളും അവയില്‍ ചേര്‍ത്തുവെച്ചു. ഏഴുതത്വങ്ങളും അങ്ങിനെ പ്രവര്‍ത്തനോന്മുഖമായി. വിശേഷന്‍ എന്ന പേരുളള അണ്ഡമായിമാറി അതില്‍നിന്നും വിരാട് എന്ന വിശ്വജീവി പുറത്തുവന്നു.
ഈ അണ്ഡത്തില്‍ ജീവനുണ്ടായിരുന്നില്ല. പഞ്ചഭൂതങ്ങളാലും മഹത്ത്, അഹങ്കാരം, എന്ന തത്വങ്ങളാലും അത് ചുറ്റപ്പെട്ടിരുന്നു. ഭഗവാന്‍ അതില്‍ പ്രവേശിച്ച് സൃഷ്ടിപരിണാമത്തിന് തുടക്കമിട്ടു. സൂക്ഷ്മങ്ങളായ ഇന്ദ്രിയങ്ങള്‍ അണ്ഡത്തിലെ പഞ്ചഭൂതങ്ങളില്‍ നിന്നും പരിണമിച്ച് ഒറ്റക്കെട്ടായി വിശ്വജീവിയുടെ ഭാഗമായി. അവനില്‍ വദനവും, രസനയും, സംസാരശേഷിയും, അഗ്നിദേവനും ആവിര്‍ഭവിച്ചു. ഘ്രാണശക്തിയോടെ നാസികയും, പ്രാണനും പിന്നീടുണ്ടായി. ഒരുജോടി കണ്ണുകളും കാഴ്ചശക്തിയും സൂര്യദേവനും അതിനുശേഷം കര്‍മ്മങ്ങളും കേള്‍വിശക്തിയും ആകാശദേവതകളും ഉണ്ടായി. പിന്നീടാ വിശ്വജീവിയില്‍ ത്വക്കും രോമങ്ങളും ഉണ്ടായി. സസ്യലതാദികളും, വൃക്ഷങ്ങളും അവയുടെ ദേവതകളും അങ്ങിനെ ഉണ്ടായി. ജലദേവതകളും പുനരുല്‍പ്പാദനാവയവങ്ങളും ഉല്‍പ്പാദനശേഷിയും പിന്നീടുണ്ടായി. വിസര്‍ജ്ജനാവയവങ്ങളും ഗുദദ്വാരവും അവയെ നിയന്ത്രിക്കുന്ന ദേവതകളും ഉണ്ടായി. അതുപോലെ കൈകളും അവയെ നിയന്ത്രിക്കാന്‍ ഇന്ദ്രനും ഉത്ഭവിച്ചു. കാലുകളും ചലനങ്ങളും വിഷ്ണുദേവനും പിന്നീടുണ്ടായി. രക്തധമനികളും, നദികളും, കുടലും, വയറും, വിശപ്പും എല്ലാം ഉണ്ടായി. പിന്നീട് ഹൃദയവും, മനസും, ചന്ദ്രനും ബുദ്ധിയും, ബ്രഹ്മാവും, അഹങ്കാരവും, രുദ്രനും അവസാനമായി ചിത്തവും അന്തര്യാമിയായി അതിനെ നിയന്ത്രിക്കുന്ന ദേവതയും ഉണ്ടായി. എല്ലാ ഇന്ദ്രിയങ്ങളും ഈ വിശ്വജീവിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതു വൃഥാവിലായി. ചിത്തത്തെ നിയന്ത്രിക്കുന്നു അന്തര്യാമി ശ്രമിച്ചപ്പോള്‍മാത്രമേ വിശ്വപുരുഷന്‍ ഉണര്‍ന്നുളളൂ. അതുകൊണ്ടാണ് യോഗമാര്‍ഗ്ഗങ്ങളിലൂടെ ആത്മജ്ഞാനവും വിരക്തിയും നേടി ഒരുവന്‍ ഈ അന്തര്യാമിയെ പൂജിക്കുന്നുത്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF