അര്‍ഥേ ഹ്യവിദ്യമാനേഽപി സംസൃതിര്‍ന്ന നിവര്‍ത്തതേ
ധ്യായതോ വിഷയാനസ്യ സ്വപ്നേഽനര്‍ത്ഥാഗമോ യഥാ (3-274)
മദ്‌ ഭക്തഃ പ്രതിബുദ്ധാര്‍ത്ഥോ മത്‌ പ്രസാദേന ഭൂയസാ
നിഃശ്രേയസം സ്വസംസ്ഥാനം കൈവല്യാഖ്യം മദാശ്രയം (3-27-28)
പ്രാപ്നോതീഹാഞ്ജസാ ധീരഃ സ്വദൃശാച്ഛിന്നസംശയഃ
യദ്ഗത്വാ ന നിവര്‍ത്തേത യോഗീ ലിംഗാദ്വിനിര്‍ഗ്ഗമേ (3-27-29)

കപിലദേവന്‍ തുടര്‍ന്നുഃ

അന്ത്യരാമിയായ ആത്മാവ്‌ ശരീരത്തിലാണു നിവസിക്കുന്നുതെങ്കലും ശരീരത്തിന്റെ അനുഭവങ്ങളായ
സുഖവും വേദനയുമൊന്നും അതിനെ ബാധിക്കുന്നില്ല. അത്‌ തികച്ചും സ്വതന്ത്രമായ ഒരു സാക്ഷി മാത്രമാണ്‌. എങ്കിലും പ്രകൃതിജന്യഗുണങ്ങളുടെ മായാവലയത്തില്‍പ്പെട്ട്‌ ജീവാത്മാവിന്‌ സ്വയം താനാണ്‌ കര്‍ത്താവെന്നും ഭോക്താവെന്നുമുളള തോന്നലുകളുണ്ടാവുകയും മനഃശാന്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ വിഭ്രാന്തിമൂലം സ്വയമാര്‍ജ്ജിച്ച അജ്ഞാനാവരാണത്താല്‍ ജീവന്‍ ജനനമരണചക്രത്തില്‍ ചംക്രമണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വസ്തുവകകള്‍ (സാധനങ്ങള്‍) അതേപ്പറ്റി ചിന്തിക്കുന്നയാളുടെ ഭാവനയിലാണു സ്ഥിതിചെയ്യുന്നുത്‌. എങ്കിലും, വസ്തുക്കളില്‍ ആസക്തിപൂണ്ടുകഴിയുന്ന, ഒരാള്‍ക്ക്‌ ജനനമരണങ്ങളും നിന്നും മോചനമില്ല. സ്വപ്നത്തില്‍ നടന്ന (നടക്കാത്ത) കാര്യങ്ങള്‍ പോലും ഒരുവന്‌ വൈഷമ്യമോ, സന്തോഷമോ ഉണ്ടാക്കുമല്ലോ.

അതുകൊണ്ട്‌ ഭക്തിയോഗസാധനയിലൂടെ മനസിനെ ക്രമത്തില്‍ അടക്കിനിര്‍ത്താന്‍ ശ്രമിക്കണം. യമ (അഹിംസ തുടങ്ങിയവ), എന്നെപ്പറ്റിയുളള കഥകള്‍ കേള്‍ക്കാനുളള താത്പര്യം, സമാനദൃഷ്ടി, ആകര്‍ഷണത്തില്‍ നിന്നും വികര്‍ഷണത്തില്‍ നിന്നും വിടുതല്‍, വെറുപ്പില്‍നിന്നും മോചനം, മൗനം, അനാസക്തി, ഭഗവല്‍പ്രേമത്തോടെ സ്വധര്‍മ്മം ഭഗവാനിലര്‍പ്പിച്ചു ചെയ്യാനുളള മനസ്, ഏതിലും തൃപ്തി, ഭക്ഷണത്തില്‍ മിതത്വം, ഏകാന്തതയോടുളള താത്പര്യം, പ്രശാന്തത, സൗഹൃദഭാവം, കരുണ, ആത്മനിയന്ത്രണം, ആത്മാവും ശരീരവും (ഊര്‍ജ്ജവും ദ്രവ്യവും) തമ്മിലുളള വ്യത്യാസത്തെ മനസിലാക്കി ശരീരാസക്തിയില്‍നിന്നും വിട്ട്‌ എല്ലാത്തിലും ഈശ്വരദര്‍ശനം എന്നീ ഗുണഗണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നു ഭക്തന്‍ ഭൗതികവസ്തുക്കളില്‍ ആസക്തനാവുകയില്ല. ഇപ്രകാരം ബുദ്ധിയെ ശുദ്ധീകരിക്കുന്ന ഭക്തനില്‍ ആത്മസാക്ഷാത്ക്കാരത്തിനുളള എല്ലാ യോഗ്യതകളും തികഞ്ഞിരിക്കുന്നു. കുടത്തില്‍ പ്രതിബിംബിക്കുന്ന സൂര്യപ്രകാശം ചുവരില്‍ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തിളക്കത്തിലൂടെ പ്രകടമാകുന്നുതുപോലെ, അഹങ്കാരം നീങ്ങിയ
ആത്മപ്രകാശം മനസിന്റേയും ഇന്ദ്രിയങ്ങളുടേയും പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാവുന്നു.

ദേവഹൂതി ചോദിച്ചുഃ “പ്രകൃതിയാല്‍ ആത്മാവ്‌ വിഭ്രാന്തിയില്‍ ആണ്ടുപോവുന്നല്ലോ. പിന്നീട്‌ ആത്മബോധം വീണ്ടുകിട്ടിയാല്‍ത്തന്നെയും വീണ്ടും ആ വിഭ്രാന്തിയിലേക്ക്‌ വഴുതിവീഴാന്‍ സാധ്യതയുണ്ടല്ലോ. എങ്ങിനെയാണ്‌ ആ സാദ്ധ്യതയുടെ മൂലകാരണവുംകൂടി കളയുവാന്‍ സാധിക്കുന്നുത്‌?”

കപിലദേവന്‍ പറഞ്ഞുഃ “ഒരുവന്‍ ജന്മജന്മാന്തരങ്ങളായി ദിനരാത്രേന എന്നില്‍ ഭക്തിയുളളവനായി കഴിയുമ്പോള്‍ ലൗകീകസുഖങ്ങളില്‍ ആസക്തി ഇല്ലാത്തവനായിത്തീരുകയും സ്വര്‍ഗ്ഗലാഭമോ അതിഭൗതികസിദ്ധിയോ അവനെ ആകര്‍ഷിക്കാന്‍ പര്യാപ്തമല്ലാതാവുകയും ചെയ്യും. പേടിസ്വപ്നങ്ങളാല്‍ വിഭ്രാന്തനായ ഒരുവന്‍ ഉറക്കമുണരുന്നതോടെ എല്ലാ ഭയവും അവസാനിക്കുന്നുതുപോലെയത്രേ അത്‌. എന്റെ അനുഗ്രഹംകൊണ്ട്‌ അവന്‍ ആത്മാവിനെ കണ്ടെത്തുന്നു. അവന്റെ സംശയങ്ങള്‍ ആത്മദര്‍ശനത്തോടെ ഇല്ലാതാവുന്നു. കൈവല്യമുക്തി എന്ന അവസ്ഥയില്‍ സര്‍വ്വസ്വതന്ത്രനായി അവന്‍ വര്‍ത്തിക്കുന്നു”.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF