അമൃതാനന്ദമയി അമ്മ
അര്‍ജുനനും കൃഷ്ണനും ഒന്നിച്ചു കഴിഞ്ഞവരാണ്, സുഹൃത്തുക്കളെപ്പോലെ. അക്കാലത്തൊന്നും ഭഗവാന്‍ അര്‍ജുനന് ഗീത ഉപദേശിചച്ചിട്ടില്ല. കുരുക്ഷേത്രത്തില്‍, യുദ്ധാരംഭത്തില്‍ ആകെ പതറിയാണ് അര്‍ജുനന്‍ നിന്നിരുന്നത്. ശിഷ്യഭാവം ഉണര്‍ന്നു, അര്‍ജുനന്‍ തന്റെ സാരഥിയായ കൃഷ്ണഭഗവാനെ ഗുരുവായി കണ്ടു. അര്‍ജുനനില്‍ ശിഷ്യഭാവം ഉണര്‍ന്നപ്പോഴാണ് ഭഗവാന്‍ ഗീതോപദേശം നല്കിയത്. ഇതില്‍ നിന്ന് മക്കള്‍ മനസ്സിലാക്കേണ്ട കാര്യം ഇതാണ്. ശിഷ്യഭാവം ആണ് നമ്മളില്‍ ഉണര്‍ത്തിയേടുക്കേണ്ടത്. ശിഷ്യഭാവം എന്നാല്‍ ശരണാഗതിയാണ്. ആ സമയം പ്രപഞ്ചത്തിലുള്ളതെല്ലാം നമ്മുടെ ഗുരുവായി മാറുന്നു. ഓരോ അനുഭവവും ഗുരുവായി മാറുന്നു. ഈ ഒരു ഭാവമില്ലെങ്കില്‍, എത്ര അനുഭവമുണ്ടായാലും നമ്മള്‍ ഒന്നും പഠിക്കുകയില്ല.
മക്കള്‍ ഇന്ന് അനേകം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നവരാണ് എന്ന് അമ്മയ്ക്കറിയാം. കൈ മുറിഞ്ഞാല്‍, മുറിവു നോക്കിയിരുന്നു വിഷമിച്ചതുകൊണ്ടോ, കരഞ്ഞതുകൊണ്ടോ മുറിവുണങ്ങുകയില്ല. സെപ്റ്റിക്കാകാതെയിരിക്കാന്‍ മുറിവ് കഴുകി മരുന്ന് വെക്കണം. പല കാര്യങ്ങളെക്കുറിച്ചും ചിന്തിച്ച് മനസ്സിന്റെ ഭാരം വര്‍ധിപ്പിക്കുന്നതാണ് എല്ലവരുടെയും സ്വഭാവം. ടെന്‍ഷന്‍ നമ്മുടെ മനസ്സിനെ മാത്രമല്ല ശരീരത്തെയും ഉലയ്ക്കും. പല രോഗങ്ങള്‍ക്കും കാരണം ടെന്‍ഷനാണ്. മാനസിക പരിമുറുക്കം ഉള്ളവരില്‍ ശാരീരിക അസ്വസ്ഥതകളും വര്‍ധിക്കും.
ഇതില്‍ നിന്നുമുള്ള മോചനം ശരണാഗതിയിലൂടെ മാത്രമേ സാധ്യമാകൂ. അവിടത്തോടുള്ള സമര്‍പ്പണം നമ്മുടെ എല്ലാ ഭാരങ്ങളും കുറച്ചു തരും. വാസ്തവത്തില്‍ കാര്യങ്ങള്‍ ഒന്നും നമ്മുടെ ഇച്ഛയ്ക്കനുസരിച്ചല്ല നടക്കുന്നത്. അടുത്ത ശ്വാസം പോലും നമ്മോടൊപ്പം ഉണ്ടാകുമെന്നുള്ളതിന് യാതൊരു ഉറപ്പുമില്ല. അതിനാല്‍, എല്ലാം അവിടത്തേക്കു സമര്‍പ്പിച്ചുകൊണ്ട് കര്‍മം ചെയ്യുക എന്നതു മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. പക്ഷേ, ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഉണ്ടാവാന്‍ പാടില്ല. അവിടുത്തെ ശക്തി കൊണ്ടു കര്‍മം ചെയ്യുന്നു എന്നുള്ള ഭാവമാണ് വേണ്ടത്. കര്‍മം അവിടത്തെ പൂജയായി കണ്ടു ചെയ്യണം ഈ ഒരു സമര്‍പ്പണ ഭാവത്തെയാണ് നാം വളര്‍ത്തേണ്ടത്.
ഈശ്വരന്‍ സകലരുടെയും ഉള്ളില്‍ അന്തര്യാമിയായി വസിക്കുന്നുണ്ട്. അവിടുന്ന് ഓരോ നിമിഷവും നമ്മളോടു പ്രേമപുസ്സരം മൃദുവായി, സരളതയോടെ സംസാരിക്കുന്നുമുണ്ട്. പക്ഷേ, അതിനു ചെവി കൊടുക്കുവാനുള്ള ക്ഷമ നമുക്കില്ല. കേള്‍ക്കുവാനുള്ള കാതും നമുക്കില്ല. അതിനാല്‍ വീണ്ടും വീണ്ടും നാം തെറ്റുകള്‍ ചെയ്യുന്നു. ദുഃഖം അനുഭവിക്കുന്നു. അനുസരിക്കുവാനുള്ള ശിഷ്യഭാവം നാം ഉണര്‍ത്തിയെടുക്കണം. അപ്പോള്‍ നമ്മളില്‍ ഈ ശിഷ്യഭാവം ഉണരുന്നുവോ അവിടത്തെ അനുസരിക്കാന്‍ തയ്യാറായി ശ്രദ്ധയോടും ഭക്തിയോടും പ്രേമത്തോടും വിനയത്തോടും അവിടുത്തെ സമീപിക്കുന്നുവോ, അപ്പോള്‍ അവിടുന്ന് ഗുരുഭാവം കൈക്കൊണ്ട് നമ്മെ നയിക്കാന്‍ തയ്യറാവും. ഇതാണ് അര്‍ജുനന്റെ കാര്യത്തില്‍ നടക്കുന്നത്.
ശരണാഗതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രാധയുടെ കാര്യവും ഓര്‍മിക്കണം. വൃന്ദാവനത്തില്‍ നിന്നും ഭഗവാന്‍ മഥുരയ്ക്കുപോയ സമയം, ഗോപികകളെയോ, രാധയെയോ കൂടെ കൊണ്ടു പോയില്ല. അതിനാല്‍ അവര്‍ വളരെ ദുഃഖിതരായിരുന്നു. ഈ സമയം മധുരയില്‍ നിന്നു വൃന്ദാവനത്തിലെത്തിയ ഉദ്ധവന്‍ രാധയോടു ചോദിച്ചു:’ഭഗവാന്‍ തിരിച്ചു വരണമെന്നോ അല്ലങ്കില്‍ ഞങ്ങളെക്കൂടി മഥുരയിലേക്കു കൊണ്ടുപോകണമെന്നോ ഒക്കെയുള്ള സന്ദേശങ്ങള്‍ ഗോപികകള്‍ ഭഗവാന് അയച്ചു കാണുന്നു. രാധമാത്രം അങ്ങനെയുള്ള സന്ദേശമൊന്നും നല്‍കിക്കണ്ടില്ല. എന്താണ്?’
രാധ പറഞ്ഞു:’വീട്ടിലെ യജമാനന്‍ പുറത്തു പോകുമ്പോള്‍ ജോലിക്കാരനെ കൊണ്ടുപോവുകയോ കൊണ്ടുപോകാതിരിക്കുകയോ ചെയ്യും. കൊണ്ടു പോയില്ലെങ്കില്‍ സേവകന്‍ എന്തുചെയ്യും? വീടും പരിസരവും എല്ലാം വൃത്തിയാക്കി, അദ്ദേഹം ഏല്പിച്ചിരിക്കുന്ന ജോലികളെല്ലാംചെയ്ത് അദ്ദേഹത്തെയും കാത്തിരിക്കും. ഞാന്‍ ഭഗവാന്റെ ദാസിയാണ്. അതു പോലെ എന്നെ കൊണ്ടുപോകാനോ കൊണ്ടുപോകാതിരിക്കാനോ ഉള്ള അധികാരം ഭഗവാനുണ്ട്. അവിടുന്നെന്നെ കൊണ്ടുപോയിരുന്നെങ്കില്‍ അതില്‍പ്പരം സന്തോഷം എനിക്കു വേറെയില്ല. അതേസമയം കൊണ്ടു പോകാത്തതില്‍ ഞാന്‍ ദുഃഖിച്ചു തളര്‍ന്നുമില്ല. ഞാന്‍ എന്റെ ഹൃദയമാകുന്ന ശ്രീകോവില്‍ വൃത്തിയാക്കി പ്രേമമാകുന്ന ദീപം തെളിയിച്ചു കാത്തിരിക്കുകയാണ് ഒരു ദാസി എന്ന നിലയില്‍ അതാണെന്റെ കടമ. അതുകൊണ്ടാണ് ഭഗവാന് ഞാന്‍ പ്രത്യേക സന്ദേശം അയയ്ക്കാത്തത്.’
രാധയുടെ മനോഭാവമാണ് ഈശ്വരനോട് നമുക്ക് ഉണ്ടാകേണ്ടത്. ഇതാണ് ശരിയായ ഒരു ഭക്തന്റെ ഭാവം- ദാസഭാവം. ഈ ഒരു ശരണാഗതിയില്‍ക്കൂടിയേ നമുക്ക് ആത്മതത്ത്വത്തെ പ്രാപിക്കാന്‍ കഴിയൂ.
കടപ്പാട്: മാതൃഭുമി