അമൃതാനന്ദമയി അമ്മ

വിദേശരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഭാരതത്തിലെ സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷം. അതിനാല്‍ വിദേശസംസ്കാരത്തെ അനുകരിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. അവരിലെ പല നല്ല അംശങ്ങളും നമുക്ക് സ്വീകരിക്കാം. അവ സ്വാംശീകരിക്കുന്നതിലൂടെ നമുക്ക് വികസിക്കാന്‍ കഴിയണം. ഏതു സ്വീകരിക്കണം,ഏതു തള്ളിക്കളയണം എന്നതു നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സാംസ്കാരിക അടിത്തറയില്‍ ഉറച്ചുനിന്നു വേണം തീരുമാനിക്കേണ്ടത്. പെട്ടെന്നുള്ള ആകര്‍ഷണത്തില്‍പ്പെട്ട് വിദേശികളുടെ ദുര്‍ശ്ശീലങ്ങള്‍ നമ്മള്‍ സ്വീകരിച്ചാല്‍ വലിയകുഴപ്പങ്ങളില്‍ എത്തിച്ചേരും.

ഈയിടെ ഉണ്ടായ ഒരു സംഭവംകൊണ്ടാണ് അമ്മ ഇതു പറയുന്നത്. മദ്യശാലയില്‍ ഇരുന്ന് മദ്യപിച്ചിരുന്ന സ്ത്രീകളെ കുറച്ചുപേര്‍ ശാരീരികമായി ആക്രമിച്ചു. നമ്മുടെ ഭാരതത്തില്‍ തന്നെയാണ് ഇതു നടക്കുന്നത്. സ്ത്രീകളെ ആക്രമിച്ചത് തെറ്റാണ് എന്ന് അമ്മ ഉറച്ചു വിശ്വസിക്കുന്നു. വാസ്തവത്തില്‍ മദ്യപാനം എന്ന ദുശ്ശീലത്തിന് അടിമകളായ സ്ത്രീകളെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ വേണ്ടിയാകണം അവര്‍ അത് ചെയ്തത്. അതിനു ബോധവത്കരണമാണ് അത്യാവശ്യം വെണ്ടത്. അല്ലാതെ ശാരീരികമായി സ്ത്രീകളെ ആക്രമിക്കുന്നതിനോട് അമ്മയ്ക്ക് ഒരിക്കലും യോജിപ്പില്ല. കുട്ടി അമ്മയെക്കണ്ടാണ് വളരുന്നത്. മാതാവിന്റെ മദ്യപാനമല്ല കുട്ടി കണ്ട് വളരേണ്ടത്. ആരോഗ്യമുണ്ടാവാന്‍ പാലുകുടിക്കട്ടെ. ഇപ്പോഴത്തെ ലഹരിയില്‍ കൃത്രിമ വിഷവസ്തുക്കള്‍ കൂടുതലാണ്. ലഹരി വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ വിഷം ചേര്‍ക്കുന്നു. അധികലഹരി ഉള്ള മദ്യമാണ് ഇപ്പോള്‍ കൂടുതല്‍. പണ്ട് തെങ്ങില്‍നിന്ന് ഉണ്ടാവുന്ന കള്ള് കുടിച്ചിരുന്നവര്‍ നമ്മുടെ നാട്ടില്‍ പുരുഷന്മാരായിരുന്നു. ശുദ്ധമായ തെങ്ങിന്‍ കള്ളായിരുന്നു അവര്‍ കുടിച്ചിരുന്നത്. ഇപ്പോള്‍ അതിലും വിഷവസ്തുക്കള്‍ ചേര്‍ത്ത് വീര്യം വര്‍ധിപ്പിക്കുന്നു. അതു കരളിനെയും ഹൃദയത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും കാര്‍ന്നുതിന്നും. പണം നല്കി വാങ്ങിക്കഴിക്കുന്ന മദ്യം നിങ്ങളുടെ ആരോഗ്യത്തെയും നശിപ്പിക്കുന്നു. ചായയും കാപ്പിയും കുടിക്കുമ്പോള്‍പ്പോലും ഉന്മേഷം കിട്ടുന്നുണ്ട്. എങ്കിലും കാപ്പിയും ചായയും കൂടുതലായി കുടിക്കുന്നത് നന്നല്ല.

മദ്യപാനത്തിന് എതിരെ ബോധവത്കരണം ശക്തമാക്കണം അതായത് ഈകാലഘട്ടത്തിന്റെ ആവശ്യം. സാമ്പത്തികമായ തകര്‍ച്ചയും അമിത മദ്യപാനം മൂലം ഉണ്ടാകും. വിദേശരാജ്യങ്ങളില്‍ ഇതൊക്കെ ഉപയോഗിക്കുന്നതിനു കാലാവസ്ഥ ഒരു കാരണമാണ്. പിന്നെ അവര്‍ക്ക് മികച്ച സാമ്പത്തിക അടിത്തറയുണ്ട്. അവിടെ ഒരാള്‍ക്ക് ഒന്നിലേറെ കാറുകളും വീടുകളും ഒത്തിരി വളര്‍ത്തു മൃഗങ്ങളും ഉണ്ട്. ഇവയൊക്കെ പരിപാലിക്കാന്‍ ഉള്ള ധനം ആ രാജ്യങ്ങളില്‍ ഉണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ആണുങ്ങളുടെ ഒപ്പം ഇരുന്ന് മദ്യപിക്കാന്‍ സമരം ചെയ്ത ഒരു മകള്‍ ഓസ്ട്രേലിയയില്‍ നിന്ന് അമ്മയുടെ ആശ്രമത്തില്‍ എത്തിയിരുന്നു. ആ മകള്‍ പറഞ്ഞത് ഇപ്പോള്‍ അവരൊക്കെ മദ്യപാനത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നാണ്. മദ്യത്തിന്റെ ദൂഷ്യവശങ്ങളെക്കുരിച്ച് ഇപ്പോള്‍ ബോധവത്കരണം അവര്‍ തുടങ്ങിക്കഴിഞ്ഞു.

അതുതന്നെയാണ് നമ്മളും തുടങ്ങേണ്ടത്. അക്രമം ഒന്നിനും പരിഹാരമല്ല. സ്ത്രീകള്‍ തന്നെ സ്ത്രീകളെ മദ്യപാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കണം. പുരുഷന്മാര്‍ സ്ത്രീകളെ ആക്രമിക്കുന്നതിനോട് അമ്മയ്ക്ക് യോജിപ്പില്ല.

പാശ്ചാത്യരാജ്യങ്ങളിലെ ദുശ്ശീലങ്ങളെ കണ്ണുമടച്ച് അനുകരിക്കുന്നതു കൊണ്ടാണ് നമ്മുടെ നാട്ടിലും മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും വര്‍ധിക്കുന്നത്. ബോധവത്കരണത്തിലൂടെ നമ്മുടെ യുവതലമുറയെ ഈ ദുശ്ശീലങ്ങളില്‍ നിന്ന് നമുക്ക് മോചിപ്പിക്കണം. ഇതിനു മക്കള്‍ മുന്‍കൈ എടുക്കണം.

കടപ്പാട്: മാതൃഭുമി