അമൃതാനന്ദമയി അമ്മ

കഴിഞ്ഞ ദിവസമാണ് എന്‍ജിനീയറിങ് കോളേജില്‍ പഠിച്ചിരുന്ന ഒരു മോനും മാതാപിതാക്കളും കുടിവന്ന് അവരുടെ വിഷമം പറഞ്ഞ്. കേരളത്തിന് വെളിയിലുള്ള കോളേജില്‍ അഡ്മിഷന്‍ ലഭിച്ച ആ കുട്ടിയെ അതേ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. മനസ്സിന്റെ സമനില തെറ്റിയ മട്ടിലുള്ള ആ കുട്ടിയെയും മാതാപിതാക്കളെയും കണ്ടപ്പോള്‍ അമ്മയ്ക്ക് വളരെ വിഷമം തോന്നി. റാഗിങ് എന്നൊക്കെ വിളിക്കുന്ന ഇത്തരം തോന്ന്യാസങ്ങള്‍ എന്തിനാണ് കുട്ടികള്‍ ചെയ്യുന്നത്? അവിടെ നിന്നും കുട്ടിയെ തിരിച്ചുകൊണ്ടുവന്ന മാതാപിതാക്കള്‍ ആകെ തകര്‍ന്ന മട്ടായിരുന്നു. ഇത്തരം ക്രൂരവിനോദങ്ങള്‍ മറ്റൊരാളിന്റെ മേല്‍ പ്രയോഗിക്കരുത്.

നമ്മുടെ സംസ്കാരത്തിന് തീരെ ചേര്‍ന്നതല്ല ഇവയൊന്നും. അന്യനെ വേദനിപ്പിക്കാതിരിക്കാനും മറ്റുള്ളവരെ സ്നേഹിക്കാനും നമ്മള്‍ കുട്ടികളെ പഠിപ്പിക്കണം. അതില്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അമ്മയ്ക്ക് തോന്നുന്നു. അമ്മയുടെ ബ്രഹ്മചാരി മക്കള്‍ നേതൃത്വം നല്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എല്ലാദിവസവും മൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കാനും ചിന്തിക്കാനും ഉള്ള പ്രേരണ കുട്ടികള്‍ക്ക് നല്കുന്നു. നമ്മുടെ സംസ്കാരം ഉന്നതമാണ്. ആര്‍ഷഭാരതസംസ്കാരത്തില്‍ ഗുരുകുല വിദ്യാഭ്യാസം ആണ് നിലനിന്നിരുന്നത്. ശിഷ്യനും ഗുരുവും ഒരുമിച്ച് താമസിച്ച് അധ്യയനം നടത്തിയിരുന്നു. എല്ലാദിവസവും അധ്യയനാരംഭത്തില്‍ ഗുരുവും ശിഷ്യനും ചേര്‍ന്നു പ്രാര്‍ത്ഥിച്ചിരുന്ന ചില മന്ത്രങ്ങള്‍ ഉണ്ടായിരുന്നു. പഠിച്ച് മിടുക്കനാകണം ഡോക്ടറാവണം, ഒത്തിരി പണം സമ്പാദിക്കണം, എന്നൊന്നും ആയിരുന്നില്ല ആ പ്രാര്‍ഥതനകള്‍. അത്തരം പ്രര്‍ഥനകള്‍ ശിഷ്യനിലും ഗുരുവിലും സ്നേഹത്തിന്റെയും കരുണയുടേയും വിത്തുകള്‍ നിറയ്ക്കാനുള്ള പ്രാര്‍ഥനകള്‍ ആയിരുന്നു.

അതിലെ പ്രധാന പ്രാര്‍ഥനയെക്കുറിച്ച് അമ്മ പറയാം.’ഈശ്വരന്‍ ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചു രക്ഷിക്കട്ടെ (ഗുരുവും ശിഷ്യനുമാണ് ഈ രണ്ടുപേര്‍.) എന്റെ അജ്ഞാനത്തെ നീക്കി എന്നെ ജ്ഞാനിയാക്കിത്തീര്‍ത്ത് എന്നെക്കണ്ട് ആനന്ദിക്കുംവിധം എന്റെ ഗുരുവിനെയും ആ ബ്രഹ്മചൈതന്യം രക്ഷിക്കട്ടെ. വിദ്യാഭ്യാസം കൊണ്ടും അതിന്റെ ഫലം കൊണ്ട് ഉണ്ടാകുന്ന സാമര്‍ഥ്യവും ഞങ്ങള്‍ക്ക് ഒരുമിച്ച് ഉണ്ടാകട്ടെ. ഞങ്ങള്‍ അധ്യയനം ചെയ്ത ഉപനിഷത്ത് അല്ലെങ്കില്‍ ബ്രഹ്മവിദ്യ തേജസ്സുള്ളതായിത്തീരട്ടെ. ഗുരു ഉപദേശിക്കുന്നതും ശ്രവിക്കുന്നതുമായ ബ്രഹ്മവിദ്യാ തത്ത്വം എപ്പോഴും ഞങ്ങളുടെ ഹൃദയത്തില്‍ പ്രകാശിക്കേണമേ. ഞങ്ങളെ രണ്ടുപേരെയും പരസ്പരം വിദ്വേഷിപ്പിക്കാതിരിക്കട്ടെ’ എന്നായിരുന്നു ആ പ്രാര്‍ഥന. മനുഷ്യന് മൂന്നുതരം കാരണങ്ങളില്‍ നിന്നാണ് ദുഃഖം ഉണ്ടാകുന്നത്. ആധ്യാത്മികം, ആധിഭൗതികം, ആദിദൈവികം എന്നിവയാണ് മൂന്നു തരം ദുഃഖങ്ങള്‍. ഈ മൂന്ന് ദുഃഖങ്ങളും ശമിക്കാന്‍ ‘ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’ എന്നും പ്രാര്‍ഥിക്കണം.

ഓം സഹനാവവതു, സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ദിവസത്തിന്റെ തുടക്കത്തില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അമ്മ ആദ്യം അര്‍ത്ഥം വിവരിച്ച ഈ മന്ത്രം ചൊല്ലണം. അന്യോന്യം വെറുക്കാത്ത, വിദ്വേഷം പുലര്‍ത്താത്ത ഗുരുവും ശിഷ്യനും അപ്പോഴാണ് ഉടലെടുക്കുന്നത്. അപ്പോള്‍ ലോകത്ത് ശാന്തി പരക്കുകയും ചെയ്യും.

കടപ്പാട്: മാതൃഭുമി