അമൃതാനന്ദമയി അമ്മ

കായലും തോടും പാടവുമൊക്കെയുള്ള ഒരു പ്രദേശത്തുകൂടി ബോട്ടില്‍ പോയ ഒരു കുടുംബത്തിന്റെ കഥ മക്കള്‍ ‍കേള്‍ക്കേണ്ടതാണ്. കായലിനു തൊട്ടടുത്തുള്ള പാടശേഖരം വിളവെടുത്തുകഴിഞ്ഞ് വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുടുംബനാഥനും ഭാര്യയും മക്കളും ബന്ധുക്കളും എളുപ്പവഴിയായ പാടശേഖരത്തിലൂടെ പോകാന്‍ തീരുമാനിച്ചു. അവരുടെ ചെറിയ ബോട്ടിന്റെ ഡ്രൈവര്‍ വര്‍ഷങ്ങളായി ആ പ്രദേശത്തുകൂടി ബോട്ട് ഓട്ടിച്ചിരുന്ന ആളാണ്. പക്ഷേ, അന്ന് കായലില്‍ നിന്ന് പാടശേഖരത്തിലേക്ക് കയറുന്നതിനിടയില്‍ ഒരപകടം പിണഞ്ഞു. കായലും പാടശേഖരവും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ബണ്ട് മുറിഞ്ഞു കിടക്കുകയായിരുന്നു. ആ വഴിയിലൂടെയാണ് ബോട്ട് ഓട്ടിച്ചുകയറ്റാന്‍ ശ്രമിച്ചത്. പക്ഷേ, തകര്‍ന്നുപോയ പഴയ ബണ്ടിന്റെ അവശിഷ്ടങ്ങളായി മരക്കുറ്റികള്‍ ജലനിരപ്പിനിടയില്‍ ഉണ്ടായിരുന്നത് ബോട്ടിന്റെ ഡ്രൈവര്‍ കണ്ടില്ല. അയാള്‍ ബോട്ട് വേഗത്തില്‍ ഓട്ടിച്ചുകയറ്റിയത് കുര്‍ത്തുമൂര്‍ത്ത ഈ മരക്കുറ്റികളിലൂടെയായിരുന്നു. ബോട്ടിന്റെ ചുവട്ടിലെ പലകകള്‍ പൊളിഞ്ഞ് കായല്‍ ജലം ഉള്ളിലേക്ക് ഇടിച്ചു കയറി. ബോട്ട് ആടിയുലഞ്ഞ് മുങ്ങാന്‍ തുടങ്ങി. കുട്ടികളും സ്ത്രീകളും ഉറക്കെ കരഞ്ഞു. ബോട്ടുടമ ആകെ കോപിഷ്ഠനായി ഡ്രൈവറുടെ നേരെ വഴക്കു തുടങ്ങി. ദേഷ്യവും ഭയവും കാരണം അദ്ദേഹം രക്ഷാനടപടികളെക്കുറിച്ചുപോലും ആലോചിക്കാതെ ഡ്രൈവറെ ഉച്ചത്തില്‍ കുറ്റം പറഞ്ഞു തുടങ്ങി നിസ്സഹായനായി ബോട്ട് ഡ്രൈവര്‍ നിന്നു. പെട്ടെന്ന് അകലെ ബണ്ടില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന കുറേയാളുകള്‍ നാടന്‍ വള്ളത്തില്‍ തുഴഞ്ഞെത്തി ഈ കുടുംബാഗങ്ങളെ മുഴുവന്‍ അപകടത്തില്‍നിന്നു രക്ഷിച്ചു.

തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷിച്ച ഈ പണിക്കാരോട് വീട്ടുകാരനു വലിയ മതിപ്പു തോന്നി. കാഴ്ചയില്‍ കറുത്തിരുണ്ട്, ഒറ്റത്തോര്‍ത്തുമാത്രം ഉടുത്ത അവര്‍ ഈ കുടുംബത്തിന്റെ രക്ഷകനായി. ഗൃഹനാഥന്‍ അവരോടു നന്ദിപറഞ്ഞു. അവരുടെ പെരൊക്കെ തിരക്കി. അതിനുശേഷം രക്ഷകരായെത്തിയവര്‍ തിരിച്ചു നടന്നു. അപ്പോള്‍ ഗൃഹനാഥന്‍ അവരോടു ചോദിച്ചു: ‘ഞാനാരാണെന്ന് നിങ്ങള്‍ക്കറിയാമോ?’ ആ കുടുംബത്തെ രക്ഷപ്പെടുത്തിയ ശേഷം പണി സ്ഥലത്തേക്കു തിരിച്ചു പോവുകയായിരുന്ന അവര്‍ പറഞ്ഞു: ‘നിങ്ങളാരാണെന്ന് ഞങ്ങള്‍ക്കറിയില്ല. അറിയേണ്ട കാര്യവുമില്ല.’ ഗൃഹനാഥന്‍ അമ്പരന്നു പോയി. കാരണം, അക്കാലത്ത് സ്വന്തമായി ഒരു പത്രം നടത്തുന്ന, വലിയ പത്രാധിപരായിരുന്നു. കേരളം മുഴുവന്‍ അറിയപ്പെടുന്നതന്നെ, ഈ പാടത്തു പണിയെടുക്കുന്നവര്‍ തിരിച്ചറിഞ്ഞു കാണുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ഇദ്ദേഹത്തിന്റെ പേരും പെരുമയുമൊന്നും അറിഞ്ഞിട്ടല്ല അവര്‍ ആ കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തുനിഞ്ഞത്. ഈ പത്രാധിപരുടെ മകനും അറിയപ്പെടുന്ന പത്രാധിപരാണ്, പത്രഉടമയാണ്. തന്റെ കുട്ടിക്കാലത്ത് നടന്ന ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ ഉണര്‍ത്തിയതായി പറഞ്ഞു കേട്ടിട്ടുണ്ട്.

ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ മക്കള്‍ക്കും ഉണ്ടായിട്ടില്ലേ എന്ന് ഒരു നിമിഷം ചിന്തിക്കൂ.

സമൂഹത്തിലെ സ്വന്തം സ്ഥാപനങ്ങളെക്കുറിച്ചും കുലമഹിമയെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും വീമ്പുപറയുന്ന പലരും നമുക്കു ചുറ്റുമുണ്ട്. പക്ഷേ, അത്തരം ആളുകള്‍ക്കുപോലും ഏറ്റവും വലിയ സഹായങ്ങള്‍ നല്കുന്നത് നിസ്സാരന്മാര്‍ എന്നു മറ്റുള്ളവര്‍ കരുതുന്ന ആളുകളായിരിക്കും. ഇത്തരം ‘നിസ്സാരക്കാരു’ടെ സഹായമാണ് ഈ ലോകത്തെ നിലനിര്‍ത്തുന്നത്.

ഉന്നത നിലവാരവും വേഷഭൂഷാദികളും സമ്പത്തുമുള്ളവരായിരിക്കണമെന്നില്ല നിങ്ങളെ സഹായിക്കുന്നത്. ചെറിയ മനുഷ്യര്‍ അവരുടെ മനസ്സിന്റെ അടിത്തട്ടിലെ നന്മകൊണ്ട് വലിയ സഹായങ്ങള്‍ ചെയ്യും. അതു മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്നതായിരിക്കും.

സ്വന്തമായി വിമാനത്തിലുള്ളവര്‍, ആകാശത്തു പറക്കുന്നവര്‍- ചെറിയ യന്ത്രത്തകരാറുമൂലം സ്വന്തം ജീവിതം ബലികൊടുക്കേണ്ടിവരുന്നത് മക്കള്‍ കണ്ടിട്ടില്ലേ?

ആരെയും നിസ്സാരന്മാരായി വിചാരിക്കരുത് വീണ്ടെടുക്കാന്‍ കടലിനു കുറുകെ ചിറ കെട്ടാന്‍ ശ്രീരാമന് അണ്ണാരക്കണ്ണന്റെ സഹായവുമുണ്ടായിരുന്നു. മാത്രമല്ല, നമ്മുടെ സമ്പത്തിനെക്കുറിച്ചും സമൂഹത്തിലെ സ്ഥാനത്തെക്കുറിച്ചും ഒന്നും അഹങ്കരിക്കേണ്ട കാര്യമില്ല. എല്ലാവരെയും തുല്യമായിക്കണ്ട് സ്നേഹിക്കാനും ബഹുമാനിക്കാനും മക്കള്‍ പഠിക്കണം.

കടപ്പാട്: മാതൃഭുമി