നാലാം സ്കന്ദം ആരംഭം
ത ഏതേ മുനയഃ ക്ഷത്തര്‍ല്ലോകാന്‍ സര്‍ഗൈ്ഗരഭാവയന്‍
ഏഷ കര്‍ദ്ദമദൌഹിത്രസന്താനഃ കഥിതസ്തവ
ശൃണ്വതഃ ശ്രദ്ദധാനസ്യ സദ്യഃ പാപഹരഃ പരഃ (4-1-46)
മൈത്രേയന്‍പറഞ്ഞുഃ
വിദുരരേ, ഞാന്‍ മനുവിന്റെ പുത്രിമാരിലൊരാളായ ദേവഹൂതിയുടെ കഥ പറഞ്ഞുവല്ലോ. മറ്റു രണ്ടു പുത്രിമാരായ ആകൂതി, പ്രസൂതി എന്നിവരില്‍ ആകൂതിയെ രുചിക്കു കൊടുത്തു. അവര്‍ ഭഗവല്‍ഭക്തിനിരതരായതിനാല്‍, ഭഗവാന്‍ പ്രസന്നനായി സ്വയം അവര്‍ക്കു പുത്രനായി ലക്ഷ്മീസമേതം പിറന്നു. വിഷ്ണു യജ്ഞമായും, ലക്ഷ്മി ദക്ഷിണയായും പിറന്നു. അവര്‍ക്ക് പന്ത്രണ്ടു പുത്രന്മാരുണ്ടായി. തോഷ, പ്രതോഷ, സന്തോഷ, ഭദ്ര, ശാന്തി, ഇഡസ്പതി, ഇദമ, കവി, വിഭു, സ്വഹ്നന്ദ സുദേവ, രേചന. തുസീതഃ എന്നറിയപ്പെടുന്ന ഇവര്‍ ധര്‍മ്മദാനസമ്മാനങ്ങളോടെ വേണ്ടപോലെ ചെയ്യുന്ന യജ്ഞത്തിന്റെ ഫലങ്ങളത്രേ.
ദേവഹൂതിയുടെ ഒന്‍പതു പുത്രിമാരില്‍ കല, കശ്യപനും പൂര്‍ണ്ണിമയ്ക്കും ജന്മം നല്‍കി. പൂര്‍ണ്ണിമയ്ക്ക് വിരാജ, വിസ്വഗ, ദേവകുല്യ, എന്നീ മക്കളുണ്ടായി. ദേവകുല്യ, ഗംഗ എന്ന പേരില്‍ പിന്നീടറിയപ്പെട്ടു. അനസൂയയെ വിവാഹം ചെയ്ത അത്രിമുനി, ഒറ്റക്കാലില്‍ ഒരു നൂറുവര്‍ഷം അതികഠിനമായ തപസ്സിലേര്‍പ്പെട്ടു. ഭഗവല്‍രൂപത്തിലുളള മക്കള്‍ ഉണ്ടാവാനായിട്ടാണ് അത്രിമുനി ഒറ്റകാലില്‍ തപസനുഷ്ടിച്ചതു്. ത്രിമൂര്‍ത്തികള്‍- സൃഷ്ടി, സ്ഥിതി, സംഹാരമൂര്‍ത്തികള്‍ , പ്രത്യക്ഷരായി മുനിയോട് പറഞ്ഞു. “മാമുനേ, നിങ്ങളുടെ ആഗ്രഹമെന്തോ അതു നടക്കും. ഞങ്ങള്‍ മൂവരും അങ്ങയുടെ പുത്രന്മാരായി പിറക്കുന്നതാണ്. അങ്ങയുടെയും തങ്ങളുടേയും മഹിമ പ്രസരിപ്പിച്ചുകൊണ്ട് അവര്‍ ജീവിക്കും.”ബ്രഹ്മപ്രഭയാല്‍ ചന്ദ്രദേവതയും, വിഷ്ണുമഹിമയാല്‍ ദത്താത്രേയനും, ശിവശക്തിയില്‍നിന്നും ദുര്‍വ്വാസാവും അത്രിപുത്രന്മാരായി പിറന്നു. ആഗിരനും ശ്രദ്ധയ്ക്കും നാലു പുത്രിമാരും, ഉതസ്യ, ബ്രഹസ്പതി എന്നീ രണ്ടു പുത്രന്മാരും ഉണ്ടായി. പുലസ്ത്യമുനിക്കും ഹവിര്‍ഭുവിനും കൂടി രണ്ടു പുത്രന്മാര്‍. ഒരാള്‍ അഗസ്ത്യമുനി. മറ്റേയാള്‍ മാമുനിയായ വിശ്രവന്‍. വിശ്രവന്റെ പുത്രനാണ് കുബേരന്‍. മറ്റൊരു ഭാര്യയില്‍, വിശ്രവപുത്രന്‍മാരാണ് രാവണന്‍, കുംഭകര്‍മ്മന്‍, വിഭീഷണന്‍ എന്നിവര്‍. പുലഹനും ഗതിക്കും കൂടി കര്‍മ്മശ്രേഷ്ഠ, വാരീയാന്‍, സഹിഷ്ണു എന്നിവരും കൃതുവിനും ക്രിയക്കും കൂടി വാലഖില്യാ എന്നറിയപ്പെടുന്ന അറുപതിനായിരം ഋഷികളും ഉണ്ടായി. വസിഷ്ടനും ഊര്‍ജ്ജക്കും കൂടി ഏഴു പുത്രന്മാര്‍ -ചിത്രകേതു, സുരോചി, വിരാജ, മിത്ര, ഉല്‍ബന, വസുഭ്രദ്യാന,ദ്യുമന്‍ എന്നിവര്‍. അഥര്‍വനും ശാന്തിക്കും കൂടി ദദീചി. ഭൃഗുവിനും ഖ്യാതിക്കും കൂടി ധാതാ, വിധാതാ എന്നീ പുത്രന്മാരും ശ്രീ, കവി എന്നീ പുത്രിമാരും ഉണ്ടായി. കര്‍ദ്ദമന്റെ കുലത്തിലെ പരമ്പരയെപ്പറ്റി കേള്‍ക്കുന്നുവരില്‍ നിന്നും പാപങ്ങള്‍ ഒഴിയുന്നു.
മനുവിന്റെ പുത്രി പ്രസൂതിയെ ദക്ഷനു കൊടുത്തു. അവര്‍ക്ക് പതിനാറ് പുത്രിമാര്‍. ദക്ഷന്‍ തന്റെ പതിമൂന്ന് പുത്രിമാരെ ധര്‍മ്മദേവനു കൊടുത്തു, ശ്രദ്ധ, മൈത്രി, ദയ, ശാന്തി, തുഷ്ടി, പുഷ്ടി, ക്രിയ, ഉന്നതി, ബുദ്ധി, മേധ, തിതിക്ഷ, ഹ്രി, മൂര്‍ത്തി. അവര്‍ക്ക് ശുഭ, പ്രസാദ, അഭയ, സുഖ, മദ, സ്മയ, യോഗ, ദര്‍പ്പ, അര്‍ദ്ധ,സ്മൃതി, ക്ഷേമ, പ്രാശ്രയ എന്നിവരും നരനാരായണന്മാരും മക്കളായി ജനിച്ചു. ഈ നരനാരായണന്‍മാരാണല്ലോ ദ്വാപരയുഗത്തില്‍ അര്‍ജ്ജുനനും ശ്രീകൃഷ്ണനുമായി അവതരിച്ചതു. ദക്ഷന്റെ മറ്റൊരു പുത്രി സ്വാഹയെ അഗ്നിക്ക് കൊടുത്തു. ഇനിയുമൊരു പുത്രിയെ പിതൃക്കന്മാര്‍ക്കും ഏറ്റവും ഇളയമകളായ സതിയെ ശിവനും കൊടുത്തു. സതി ചെറുപ്പത്തിലേതന്നെ മരിച്ചുപോയി.
ഈ പേരുകളെല്ലാം മനഃശാസ്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നുവയാണ്. ഈ അദ്ധ്യായം മുഴുവനും ധ്യാനയോഗ്യമത്രെ .
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF