“ഗോവിന്ദ… ഗോവിന്ദ… അമ്മേ വിശക്കുന്നു ആഹാരം നല്കിയാലും.” ശബ്ദം കേട്ട് വീട്ടമ്മ കതകു തുറന്നു. ചെറുപ്പക്കാരനായ ഒരു സംന്യാസവേഷധാരി. കുളിച്ചിട്ട് രണ്ടു ദിവസമെങ്കിലും ആയിക്കാണും. കണ്ടാലറിയാം മടിയന്‍. അത് പുറത്തു കാണിക്കാതെ വീട്ടമ്മ പറഞ്ഞു “സ്വാമീ, വീടിനു പുറകില്‍ കുളമുണ്ട് പോയി കുളിച്ച്, ജപവും കഴിഞ്ഞ് ഉഷാറായി വന്നോളൂ. അപ്പോഴേക്കും ഞാന്‍ ആഹാരം ഒരുക്കാം.”

തെല്ല് പരിഹാസച്ചിരിയോടെ സന്യാസി ചോദിച്ചു. “കുളിക്കാനോ അമ്മേ…? ഞാന്‍ എന്തിന് കുളിക്കണം? ഗോവിന്ദേതി സദാസ്നാനം…” അതായത് “ഞാന്‍ ഗോവിന്ദ നാമജപത്തില്‍ സദാ കുളിച്ചു ശുദ്ധനാണ്.”

വീട്ടമ്മയ്ക്ക് യുവസന്യാസിയുടെ അലസതയുടെ ആധിക്യം വ്യക്തമായി. അവര്‍ പുഞ്ചിരിയോടെ പറഞ്ഞു.”അങ്ങനെയോ സ്വാമി…. എങ്കില്‍ ‘പിബരേ രാമ രസം’ എന്നും കേട്ടിട്ടുണ്ടല്ലോ. അങ്ങ് സദാ രാമ രസം കുടിച്ച് വിശപ്പടക്കിയാലും.”

ആദ്ധ്യാത്മികത അലസന്റെ ഒളിത്താവളമല്ല. ശരിയായ സന്യാസി ലൗകികനേക്കാള്‍ കൂടുതല്‍ ശാരീരിക, മാനസിക അദ്ധ്വാനത്തിലും കഠിനാദ്ധ്വാനത്തിലും മുഴുകേണ്ടവനാണ്. കാരണം അവര്‍ ലോകത്തിന് മാതൃകയാകേണ്ടവരാണല്ലോ.

പണിയെടുക്കാത്തവന്‍ ആഹാരം കഴിക്കാന്‍യോഗ്യനല്ല എന്ന് മഹാത്മജി ഉപദേശിച്ചതും ഓര്‍ക്കുക. കാമ്യകര്‍മ്മങ്ങളെ ത്യജിക്കുന്നതാണ് ശരിയായ സന്യാസം.

കടപ്പാട്: നാം മുന്നോട്ട്