അമൃതാനന്ദമയി അമ്മ

പല മക്കളും അമ്മയോട് പറയാറുണ്ട്: ”അമ്മേ, മറ്റുള്ളവരുടെ വിമര്‍ശം അല്പം പോലും എനിക്ക് ക്ഷമിക്കാന്‍ സാധിക്കുന്നില്ല. പെട്ടെന്ന് ദേഷ്യംവരും. ഞാന്‍ എതിര്‍ത്ത് സംസാരിക്കും. പിന്നീടത് വാക്കുതര്‍ക്കവും വഴക്കുമാവും.” മക്കളെ, ഇവിടെ, ഇഷ്ടപ്പെടാത്തത് കേള്‍ക്കുമ്പോള്‍ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണല്ലോ ചെയ്യുന്നത്. കുടുംബജീവിതത്തിലും സംഘടനകളിലും സമൂഹത്തിലുമെല്ലാം ഇത്തരം സംഭവങ്ങളാണ് നടക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള പല കലഹങ്ങള്‍ക്കും പിന്നിലുള്ള കാരണവും ഇതുതന്നെയാണ്.

പ്രതികരിക്കരുതെന്നോ വിമര്‍ശിക്കുന്നവരോട് മറുപടി പറയരുതെന്നോ അല്ല അമ്മ പറയുന്നത്. നമ്മുടെ പ്രതികരണം അക്ഷമയില്‍നിന്നും അഹങ്കാരത്തില്‍നിന്നും ഉടലെടുക്കുന്നതാകരുത്. ഒരാള്‍ നമ്മെ വിമര്‍ശിച്ചു സംസാരിച്ചു എന്നിരിക്കട്ടെ. പകരത്തിനു പകരമായി അതേപോലെ തിരിച്ചുപറഞ്ഞാല്‍ അവിടെ സംഘര്‍ഷം മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം? നമുക്കുള്ള അല്പം ശാന്തിയും നഷ്ടപ്പെടും. വിമര്‍ശിച്ച വ്യക്തിക്ക് നമ്മോട് വൈരാഗ്യവും കൂടും. എന്നു മാത്രമല്ല, ചിലപ്പോള്‍ സ്വയം തിരുത്താനുള്ള ഒരവസരംകൂടി നമുക്ക് ഇല്ലാതായേക്കും. കാരണം, ചിലപ്പോള്‍ വിമര്‍ശിക്കുന്ന വ്യക്തി ചൂണ്ടിക്കാണിക്കുന്ന കുറവുകള്‍ നമുക്ക് വാസ്തവത്തില്‍ ഉള്ളതാകും. അതുകൊണ്ട് ക്ഷമയോടും വിവേകബുദ്ധിയോടും ആ സാഹചര്യത്തെ നേരിടാന്‍ കഴിഞ്ഞാല്‍ അത് നമുക്ക് പ്രയോജനപ്പെടും. മാത്രമല്ല, വിമര്‍ശിക്കുന്ന വ്യക്തിയിലും ഒരുപക്ഷേ നമ്മുടെ ക്ഷമ ഒരു നല്ല മാറ്റം സൃഷ്ടിച്ചേക്കാം.

അതുകൊണ്ട്, ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ കുറഞ്ഞപക്ഷം, ”നിങ്ങള്‍ എന്റെ കുറ്റങ്ങളും കുറവുകളും പറഞ്ഞതിനെക്കുറിച്ച് ഞാനൊന്നു ചിന്തിച്ചുനോക്കട്ടെ. എനിക്ക് കുറച്ചുസമയം തരൂ. ശരിയാണെങ്കില്‍ ഞാന്‍ സ്വീകരിക്കാം. തെറ്റാണെങ്കില്‍ തക്കതായ മറുപടി തരും” എന്നെങ്കിലും പറയാന്‍ കഴിഞ്ഞാല്‍, എല്ലാവരുടെയും ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകും. കിഴക്കും പടിഞ്ഞാറുമുള്ള ഋഷീശ്വരന്മാരും മഹാന്മാരായ സദ്ഗുരുക്കന്മാരും എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിച്ചിട്ടുണ്ട്. അവര്‍ ഒരിക്കലും മനസ്സിന്റെ നിയന്ത്രണംവിട്ട് പെരുമാറിയതായി കേട്ടിട്ടില്ല.

യേശുദേവന്‍ ഇക്കാര്യത്തില്‍ നല്ലൊരു മാതൃകയാണ്. ശത്രുക്കളില്‍നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് വിധേയനായപ്പോഴും അദ്ദേഹം ശാന്തനായിരുന്നു. അവസാനം കുരിശിലേറ്റപ്പെടുമ്പോഴും അദ്ദേഹം പ്രാര്‍ഥിച്ചത് എതിര്‍ത്തവര്‍ക്ക് വേണ്ടിയായിരുന്നു. ”അവരുടെ പാപങ്ങളും തെറ്റുകളും പൊറുക്കണമേ” എന്നാണ് അദ്ദേഹം പ്രാര്‍ഥിച്ചത്. ഏറ്റവും ദുര്‍ഘടങ്ങളായ പ്രതിസന്ധികളില്‍പ്പോലും മക്കള്‍ക്ക് ശാന്തമായി പ്രതികരിക്കാന്‍ കഴിയണം. ഇതിനും എത്രയോ ഉദാഹരണങ്ങള്‍ ശ്രീരാമന്റെ ജീവിതത്തില്‍ത്തന്നെയുണ്ട്.
കൈകേയിക്ക് ദശരഥന്‍ നല്‍കിയ വരത്തിന്റെ ഫലമായി ശ്രീരാമന് 14 വര്‍ഷം വനവാസം അനുഭവിക്കേണ്ടി വന്നു. വനത്തിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് ശ്രീരാമന്‍ കൈകേയിയെ നമസ്‌കരിക്കാന്‍ മറന്നില്ല. അത്യന്തം ആദരവോടുകൂടിത്തന്നെയാണ് അദ്ദേഹം കൈകേയിയെ നമസ്‌കരിച്ചത്. എന്നാല്‍ ലക്ഷ്മണനാകട്ടെ കൈകേയിയെ വധിക്കാന്‍പോലും തുനിഞ്ഞു. പിതാവായ ദശരഥനെ തുറുങ്കിലടയ്ക്കാന്‍ രാമന്റെ അനുമതിയും ലക്ഷ്മണന്‍ തേടി. ഒരേ സംഭവത്തില്‍ രാമന്റെയും ലക്ഷ്മണന്റെയും പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. ശ്രീരാമന്റെ പ്രതികരണം സൗമ്യവും ശാന്തവുമായിരുന്നു. രാമന്റെ ശാന്തത ലക്ഷ്മണനെ ദുഷ്‌കൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുവാന്‍ സഹായിക്കുകയും ചെയ്തു.

സീതാദേവിയെ അപഹരിച്ച രാവണനോട് പോലും ധര്‍മയുദ്ധം ചെയ്ത ശ്രീരാമന്റെ പ്രതികരണത്തെയാണ് മക്കള്‍ മാതൃകയാക്കേണ്ടത്. രാവണനെ നേരിടാന്‍ ശ്രീരാമന്‍ വാനരപ്പടയുടെ സഹായത്തോടെ കടലില്‍ ചിറകെട്ടി ലങ്കയിലെത്തി യുദ്ധം തുടങ്ങി. ഒടുവില്‍ നന്മയുടെ പ്രതിപുരുഷനായ ശ്രീരാമനും തിന്മയുടെ മൂര്‍ത്തീഭാവമായ രാവണനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. രാമബാണമേറ്റ് രാവണന്റെ തേരും കുതിരയും ആയുധങ്ങളും തകര്‍ന്നു. രാവണന്‍ നിരായുധനായി യുദ്ധഭൂമിയില്‍ മരണം പ്രതീക്ഷിച്ച് നില്‍ക്കുമ്പോള്‍ ശ്രീരാമന്‍ സൗമ്യനായി രാവണനോട് പറഞ്ഞു: ”രാവണാ, അങ്ങ് നിരായുധനാണ്. ഇപ്പോള്‍ അങ്ങയെ വേണമെങ്കില്‍ എനിക്ക് നിഗ്രഹിക്കാം. പക്ഷേ, നിരായുധനും മുറിവേറ്റവനുമായ ശത്രുവിനെ ഞാന്‍ വധിക്കില്ല. അത് ധര്‍മമല്ല. അതുകൊണ്ട് അങ്ങ് പോയി വിശ്രമിച്ച് നാളെ വീണ്ടും യുദ്ധത്തിനു വരിക.” ഇത്രയും ശ്രേഷ്ഠനായ ഒരു എതിരാളിയെ വേറെ എവിടെ കാണാനാവും?

മക്കളെ, ഈ രീതിയില്‍ വെറുപ്പും വിദ്വേഷവും കൂടാതെ പ്രതികരിക്കുവാനാണ് നിങ്ങള്‍ പഠിക്കേണ്ടത്. ഇത്തരം ഒരു മനോഭാവം മക്കള്‍ വളര്‍ത്തിയെടുക്കണം. ചില ആളുകള്‍ മറ്റുള്ളവരോട് ക്ഷമിക്കുമെങ്കിലും ഉള്ളില്‍ പക സൂക്ഷിക്കും. അത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. ഉള്ളില്‍ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാന്‍ പഠിക്കണം. അപ്പോള്‍ മനഃശാന്തി കൈവരും. മക്കള്‍ക്ക് നന്മ ഉണ്ടാവട്ടെ.

അമ്മ

കടപ്പാട്: മാതൃഭുമി