അമൃതാനന്ദമയി അമ്മ

മക്കളേ,

മതസൗഹാര്‍ദത്തിനും ഐക്യതയ്ക്കും സനാതനധര്‍മ മൂല്യങ്ങളെ ലോകം മുഴുവന്‍ ഉയര്‍ത്തിക്കാട്ടുന്നതിനും സ്വാമി വിവേകാനന്ദന്റെ പേരില്‍ ന്യൂഡല്‍ഹിയില്‍ വിവേകാനന്ദ അന്തര്‍ദേശീയ സെന്റര്‍ നിര്‍മിച്ചിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിനു സംഘാടകര്‍ അമ്മയെയാണ് ക്ഷണിച്ചത്.

‘വിവേകാനന്ദ സ്വാമികള്‍’ എന്ന പേരിനുതന്നെ ഒരു ശക്തിയും ആകര്‍ഷണവുമുണ്ട്. അതു കേള്‍ക്കുമ്പോള്‍ത്തന്നെ ഒരുണര്‍വും ഊര്‍ജസ്വലതയും കൈവരും. കാരണം, അദ്ദേഹം തേജസ്വിയായിരുന്നു. ഗുരുഭക്തിയുടെ ഉത്തമോദാഹരണമായിരുന്നു അദ്ദേഹം. തികഞ്ഞ ജ്ഞാനിയും ഉത്കൃഷ്ടനായ കര്‍മയോഗിയും ഉജ്ജ്വലനായ വാഗ്മിയുമായിരുന്നു. ശ്രീരാമകൃഷ്ണദേവന്റെ ആത്മീയശക്തിയില്‍ വിടര്‍ന്ന്, വിശ്വം മുഴുവന്‍ നറുമണം പരത്തിയ ദിവ്യ കുസുമമായിരുന്നു വിവേകാനന്ദ സ്വാമികള്‍.

ആത്മീയത എന്നാല്‍ വനാന്തരത്തിലോ ഗുഹയിലോ കണ്ണുമടച്ച് ഏകാന്തമായിരുന്നു തപസ്സു ചെയ്യുന്നതു മാത്രമായിരുന്നില്ല, അദ്ദേഹത്തിന്. ഇവിടെ ഈ ലോകത്തില്‍, എല്ലാതരത്തിലുമുള്ള മനുഷ്യരോടൊപ്പം ജീവിച്ച്, എല്ലാ സാഹചര്യങ്ങളെയും ജീവിതവെല്ലുവിളികളെയും ധീരതയോടും സമചിത്തതയോടും നേരിട്ട് പ്രാവര്‍ത്തികമാക്കേണ്ട ജീവിതചര്യയായിരുന്നു. ‘ആത്മീയത’ ജീവിതത്തിന്റെ അടിസ്ഥാനവും ശക്തിയുടെയും ബുദ്ധിയുടെയും ഉറവിടവുമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.

വിവേകാനന്ദ സ്വാമികളുടെ ‘ആത്മീയത’ സഹജീവികളോടുള്ള കാരുണ്യത്തിലധിഷ്ഠിതമായിരുന്നു. പട്ടിണി കിടക്കുന്നവന്റെ വിശപ്പ് ശമിപ്പിക്കാത്ത, വിധവയുടെ കണ്ണീരൊപ്പാത്ത, ഒരു മതത്തിലും ഒരു ഈശ്വരനിലും തനിക്കു വിശ്വാസമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലോകസേവനവും ജീവകാരുണ്യപ്രവര്‍ത്തനവും സന്ന്യാസത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങളാകണമെന്ന് അദ്ദേഹം പഠിപ്പിച്ചു. അങ്ങനെ ഭാരതീയ സന്ന്യാസത്തിന് അദ്ദേഹം പുതിയ മാനം നല്‍കി.

മഹാത്മാക്കളുടെ ജീവിതംതന്നെയാണ് അവരുടെ സന്ദേശം. അതുതന്നെയാവണം സമൂഹത്തിന് ഉള്‍ക്കൊള്ളാനുള്ള ഏറ്റവും ഉത്തമ മാതൃകയും. സമൂഹത്തിന്റെ താളലയം നിലനിര്‍ത്തുന്നതും അതാണ്. ഭാരതത്തില്‍ ഇന്നും കുടുംബബന്ധങ്ങളും മൂല്യങ്ങളും നിലനില്‍ക്കുന്നത് ഇത്തരം മഹാത്മാക്കളുടെ ജീവിതം നമുക്കു പ്രചോദനമായതുകൊണ്ടാണ്. ‘സത്യം വദ, ധര്‍മം ചര’, ‘മാതൃദേവോ ഭവഃ, പിതൃദേവോ ഭവഃ, ആചാര്യദേവോ ഭവഃ, അതിഥി ദേവോ ഭവഃ’ എന്നൊക്കെ അവര്‍ ഉപദേശിക്കുക മാത്രമല്ല, സ്വയം ജീവിച്ചുകാട്ടുകയും ചെയ്തു. ജനങ്ങള്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടത് ഈ മഹാത്മാക്കളെ കണ്ടാണ്. അല്ലാതെ, ഭരണാധികാരികളെ കണ്ടല്ല. ഭരണാധികാരികള്‍ക്കുപോലും മാതൃകയും മാര്‍ഗദര്‍ശനവും നല്‍കിയത് മഹാത്മാക്കളായിരുന്നു. ആ മൂല്യങ്ങളുടെ ആധാരം ആത്മീയതയാണ്. മൂല്യങ്ങള്‍ നഷ്ടപ്പെട്ടാല്‍ ജീവിതം ഭൂമിയില്‍നിന്ന് ആകര്‍ഷണം വിട്ട ഉപഗ്രഹംപോലെയാകും.

വിവേകാനന്ദസ്വാമികളെപ്പോലെയുള്ള മഹാത്മാക്കള്‍ കേവലം വ്യക്തികളല്ല. പരമതത്ത്വത്തിന്റെ പ്രത്യക്ഷരൂപങ്ങളാണ്. കാന്തം ഇരുമ്പിനെ ആകര്‍ഷിക്കുന്നപോലെ അവര്‍ ലോകത്തെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. മമതാബന്ധവും സ്വാര്‍ഥതയുമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അവരുടെ കര്‍മങ്ങള്‍ ലോകത്തില്‍ എളുപ്പം മാറ്റം സൃഷ്ടിക്കുന്നു.

യുവാക്കള്‍ ഉണരേണ്ടതിന്റെ ആവശ്യം സ്വാമി ചൂണ്ടിക്കാട്ടി. ”യൗവനകാലം എങ്ങനെ ഫലവത്തായി നിങ്ങള്‍ ഉപയോഗിക്കുന്നുവോ അതിനനുസരിച്ചായിരിക്കും നിങ്ങളുടെ ഭാവിജീവിതം” എന്നും സ്വാമി യുവാക്കളെ ഓര്‍മിപ്പിച്ചു. നനഞ്ഞ കളിമണ്ണുകൊണ്ട് കളിമണ്‍പാത്രക്കാരന്‍ പാത്രങ്ങളും ശില്പങ്ങളും നിര്‍മിക്കുന്നതിനു സമമായിരിക്കും ഇക്കാലത്തെ ജീവിതം. യുവാക്കളെ അദ്ദേഹം ആകര്‍ഷിച്ചതിനു പല കാരണങ്ങളുണ്ടായിരുന്നു. ബുദ്ധിയുടെ ഭാഷ മാത്രമായിരുന്നില്ല അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാര്‍ഥത യുവാക്കളെ ആകര്‍ഷിച്ചു. 1893-ല്‍ അദ്ദേഹം അമേരിക്കയില്‍ ചെയ്ത പ്രസംഗം ഇതിനുദാഹരണമാണ്. ”അമേരിക്കയിലെ സഹോദരിസഹോദരന്മാരെ” എന്ന് അദ്ദേഹം അഭിസംബോധന ചെയ്തപ്പോള്‍ കേള്‍വിക്കാര്‍ എല്ലാവരും കരഘോഷം മുഴക്കി. അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാര്‍ഥതയായിരുന്നു അതിനുകാരണം. മക്കള്‍ ഇതു പാഠമാക്കേണ്ടതുണ്ട്. നമ്മുടെ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍, തീര്‍ച്ചയായും മറ്റുള്ളവരെ ഉണര്‍ത്താനും ശാക്തീകരിക്കാനും നമുക്ക് കഴിയും. അങ്ങനെ സ്വാര്‍ഥത തീണ്ടാത്ത പ്രവര്‍ത്തനങ്ങളിലേക്ക് മറ്റുള്ളവരെ നയിക്കാന്‍ നമുക്കു കഴിയും.

-അമ്മ

കടപ്പാട്: മാതൃഭുമി