അമൃതാനന്ദമയി അമ്മ
മക്കളേ,
മനുഷ്യനിന്ന് ഭൗതികസംസ്‌കാരത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. അവന്റെ ആഗ്രഹങ്ങള്‍ നിയന്ത്രണമില്ലാതെ വളരുകയാണ്. സ്ത്രീക്കും പുരുഷനും ധര്‍മബോധം നഷ്ടപ്പെടുന്നു. അതുകാരണം ക്ഷമയുടെയും മാതൃത്വത്തിന്റെയും ശക്തിയുപയോഗിച്ച് പുരുഷനെ സ്വാധീനിക്കാന്‍ സ്ത്രീക്ക് സാധിക്കാതെ വരുന്നു. പുരുഷനിപ്പോഴും സ്ത്രീ തനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവളാണ് എന്ന പഴയ ചട്ടക്കൂടില്‍നിന്നു പുറത്തുവരാന്‍ കഴിയാത്ത അവസ്ഥയാണ്. വിദ്യാഭ്യാസപരമായി സ്ത്രീകള്‍ സമൂഹത്തിന്റെ മുന്‍പന്തിയിലേക്കു വരുന്നു. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്നവള്‍ക്കു കഴിയുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന തോന്നല്‍ അവര്‍ക്കുണ്ടാകുന്നു. തന്റെ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്ന വിധത്തിലുള്ള സമീപനം ഭര്‍ത്താവില്‍നിന്നുണ്ടായാല്‍ അത് ക്ഷമിക്കാന്‍ ഭാര്യയ്ക്കു കഴിയുന്നില്ല. സ്ത്രീയുടെ മനസ്സും മനോഭാവവും മനസ്സിലാക്കാന്‍ പുരുഷനും കഴിയുന്നില്ല. ഇത് പരസ്പരം വിദ്വേഷത്തിനും മാത്സര്യത്തിനും സംഘര്‍ഷത്തിനും വഴിതെളിക്കുന്നു.
കുട്ടികളില്‍ നല്ല ശീലങ്ങളും സ്വഭാവവും വളര്‍ത്തേണ്ട മാതാപിതാക്കള്‍ തന്നെ അവരില്‍ സ്വാര്‍ഥതയുടെയും മാത്സര്യത്തിന്റെയും വിഷവിത്തുകള്‍ പാകുകയാണ്. ഇതില്‍നിന്ന് മോചനം വേണമെങ്കില്‍ സ്ത്രീയും പുരുഷനും കുടുംബജീവിതത്തില്‍ അവനവന്റെ പങ്ക് അറിഞ്ഞ് ജീവിക്കണം. ജീവിതത്തില്‍ തൃപ്തി കണ്ടെത്തണമെങ്കില്‍ ആത്മീയ തത്വങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കണം. ആത്മസംതൃപ്തി എന്തെന്ന് അറിയാത്ത മാതാപിതാക്കള്‍ക്ക് കുട്ടികളില്‍ സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സംസ്‌കാരം ഊട്ടിയുറപ്പിക്കാന്‍ എങ്ങനെ കഴിയും? കുടുംബജീവിതത്തിന്റെ അടിത്തറയായി ആധ്യാത്മികബോധം ഉണ്ടെങ്കില്‍ വലിയ കൊടുങ്കാറ്റിനെപ്പോലും ഇളംതെന്നലാക്കാന്‍ സാധിക്കും. മനസ്സിന്റെ താളലയം നഷ്ടമാകാതെ ജീവിക്കണമെങ്കില്‍ ആത്മീയത മനസ്സിലാക്കണം. ഇന്നത്തെ കാലഘട്ടത്തില്‍ അതൊരു അത്യാവശ്യ ഘടകമായി മാറുകയാണ്.
അമ്മ ഒരു ഉദാഹരണം പറയാം. അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു ചെറിയ കുടുംബം. അച്ഛനൊരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. അമ്മ ഒരു സാമൂഹികപ്രവര്‍ത്തകയും. മകന്‍ കോളേജില്‍ പഠിക്കുന്നു. അവന് ക്രിക്കറ്റാണ് ജീവിതം. വീട്ടില്‍ ഒരു കാറുമുണ്ട്.
ഒരു ദിവസം, അച്ഛനൊരു മീറ്റിങ്ങിനു പോകണം. അദ്ദേഹം കാറില്‍ കയറി. സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും ഭാര്യ അവിടെയെത്തി. അവര്‍ക്ക് ഒരു കല്യാണത്തിനു പോകണം. അതിനു കാര്‍ വേണം. രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. ഈ സമയം മകനും വന്നു. അവന്‍ പറഞ്ഞു: ”ഇന്ന് ക്രിക്കറ്റ് കളിയുണ്ട്. കാര്‍ എനിക്കു വേണം.” അങ്ങനെ മൂന്നുപേരും തമ്മില്‍ തര്‍ക്കമായി. സമയം കഴിഞ്ഞിട്ടും ആര്‍ക്കും എവിടെയും പോകാനായില്ല. മൂന്നുപേര്‍ക്കും യോജിപ്പുണ്ടായിരുന്നെങ്കില്‍ അവരവരുടെ സ്ഥലത്തു കാറില്‍ത്തന്നെ പോകാമായിരുന്നു. ഭര്‍ത്താവിനു ഭാര്യയെ കല്യാണസ്ഥലത്തിറക്കാം. മകനെ കളിസ്ഥലത്തും വിടാം. അവസാനം അദ്ദേഹത്തിനു മീറ്റിങ്ങിനു പോകാം. പരസ്പരം വിട്ടുവീഴ്ചയും വിനയവും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ കുടുംബ ബന്ധം നാള്‍ക്കുനാള്‍ ദൃഢപ്പെടുകയുള്ളൂ.
ആത്മീയത അറിഞ്ഞ് കുടുംബജീവിതം നയിച്ചാല്‍ പുരുഷന്‍ സ്ത്രീയെയും സ്ത്രീ പുരുഷനെയും പരസ്പരം അംഗീകരിക്കും. അവിടെ ഒരു വിശാലമായ ലോകം നമുക്ക് പടുത്തുയര്‍ത്താന്‍ കഴിയും. കുട്ടികള്‍ ജനിക്കുമ്പോള്‍ ആ ലോകം ഒന്നുകൂടി വിശാലമാകുന്നു. പക്ഷേ, അതിന്റെ അതിര്‍വരമ്പ് അവിടംകൊണ്ടും അവസാനിക്കാന്‍ പാടില്ല. അതു വലുതായിക്കൊണ്ടേയിരിക്കണം. അത് വ്യാപിച്ച് ഈ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് വളരണം. അതാണ് കുടുംബജീവിതത്തിന്റെ പരമമായ ലക്ഷ്യം. അതാണ് ശരിയായ സന്തോഷത്തിന്റെ ലോകം. അവിടെ ഇന്നലെകളെച്ചൊല്ലിയുള്ള വഴക്കും വക്കാണവുമില്ല. നാളെയെക്കുറിച്ചുള്ള അര്‍ഥശൂന്യമായ ആകുലതകളില്ല. ‘എനിക്ക്’ എന്നുള്ള ചിന്തയില്‍ നിന്നും ഓരോരുത്തരും ‘നിനക്ക്’ എന്ന ചിന്തയില്‍ ജീവിക്കുന്നു. അവിടെ, ആ അന്തരീക്ഷത്തില്‍ അകത്തും പുറത്തും ഈശ്വര തത്ത്വത്തിലുറച്ച സ്‌നേഹം എന്നും എപ്പോഴും വഴികാട്ടിയായി കൂടെയുണ്ടാകും.
അമ്മ
കടപ്പാട്: മാതൃഭുമി