അമൃതാനന്ദമയി അമ്മ

മക്കളേ,

കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു പറയുമ്പോള്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടിയ ഒരാളുടെ കാര്യം അമ്മ ഓര്‍മിക്കുകയാണ്. പത്രക്കാര്‍ അയാളോടു ചോദിച്ചു: ”അങ്ങളുടെ വിജയരഹസ്യം എന്താണ്?” ”രണ്ടു വാക്ക്.” ”എന്താണ് ആ രണ്ടു വാക്കുകള്‍?” ”ശരിയായ തീരുമാനങ്ങള്‍”. ”എങ്ങനെയാണ് എപ്പോഴും ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞത്?” ”ഒരു വാക്ക്.” ”ഒരു വാക്കോ, എന്താണത്?” ”അനുഭവം.” ”എങ്ങനെ ആ അനുഭവസമ്പത്തുനേടി?” ”രണ്ടു വാക്ക് – തെറ്റായ തീരുമാനങ്ങള്‍.” അയാള്‍ പറഞ്ഞുനിര്‍ത്തി.

”ദൈവത്തിന്റെ സ്വന്തം നാട്” എന്നാണ് നാം കേരളത്തെ വിളിക്കാറുള്ളത്. മലകളും കാടുകളും പുഴകളും എങ്ങും നിറഞ്ഞ പച്ചപ്പും കേരളത്തെ മനോഹരമാക്കുന്നു. എന്നാല്‍ ഇന്ന് കേരളത്തിന്റെ മുഖം വികൃതമായി വരുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെ തെറ്റായ തീരുമാനങ്ങളും പ്രവൃത്തികളും ഇന്നു നമുക്കു തിക്തഫലങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു.

പറയാറുണ്ട്, ‘ഈശ്വരന്‍ സൃഷ്ടിച്ചതാണ് ഗ്രാമങ്ങള്‍. നഗരങ്ങളാവട്ടെ മനുഷ്യന്‍ സൃഷ്ടിച്ചതും’. ഈശ്വരസൃഷ്ടിയില്‍ എല്ലാറ്റിനും ഒരു ക്രമമുണ്ട്. എല്ലാ ജിവജാലങ്ങള്‍ക്കും ഒരു സ്ഥാനമുണ്ട്. പ്രകൃതിയിലുണ്ടാകുന്ന മാലിന്യങ്ങള്‍ വീണ്ടും പ്രയോജനമുള്ളവയാക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കാനുമുള്ള മാര്‍ഗങ്ങള്‍ പ്രകൃതിയില്‍ത്തന്നെയുണ്ട്. എന്നാല്‍ മനുഷ്യന്‍ സ്വാര്‍ഥതയ്ക്കായി പ്രകൃതിസമ്പത്തുകളില്‍ ക്രമാതീതമായ മാറ്റമുണ്ടാക്കുമ്പോള്‍ പ്രകൃതിയുടെ താളംതെറ്റുന്നു. അതിന്റെ ഫലം പ്രകൃതിയിലെ മറ്റു ജീവജാലങ്ങളോടൊപ്പം മനുഷ്യനും അനുഭവിക്കേണ്ടിവരുന്നു. ശാസ്ത്രം പുരോഗമിക്കുമ്പോള്‍ നഗരങ്ങളും ഫാക്ടറികളും ഉണ്ടാകും. മാലിന്യങ്ങള്‍ കുന്നുകൂടും. എന്നാല്‍ ആ മാലിന്യങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയസംവിധാനങ്ങള്‍ കണ്ടെത്തുകയും അവ പ്രാവര്‍ത്തികമാക്കുകയും വേണം. അല്ലെങ്കില്‍ പരിസ്ഥിതി ദുഷിക്കും. രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. ആസ്​പത്രികള്‍ നിര്‍മിച്ചതുകൊണ്ടോ, പുതിയ ഔഷധങ്ങള്‍ കണ്ടെത്തിയതുകൊണ്ടോ മാത്രം ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഇന്നെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. വായുവും വെള്ളവും ആഹാരപദാര്‍ഥങ്ങളും എല്ലാം.

ഇനിയെങ്കിലും മനുഷ്യന്‍ ഒരു മാറ്റത്തിന് വിധേയനായില്ലെങ്കില്‍, പ്രകൃതി നമ്മളെ പാഠം പഠിപ്പിക്കും. അത് താങ്ങാന്‍ നമുക്കു കഴിഞ്ഞെന്നു വരില്ല. മനുഷ്യനുവേണ്ട എല്ലാ വിഭവങ്ങളും തന്നനുഗ്രഹിക്കുന്നവളാണ് പ്രകൃതിമാതാവ്. പക്ഷെ, മനുഷ്യന്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ, അവന്റെ ആഗ്രഹങ്ങളെ അഴിച്ചുവിട്ടാല്‍, പ്രകൃതി തിരിച്ചടിക്കും. അതുകൊണ്ട്, ഇനിയുമൊട്ടും വൈകിക്കൂടാ. ശരിയായ തീരുമാനങ്ങളും ശരിയായ പ്രവൃത്തികളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. അവയെല്ലാതലങ്ങളില്‍ നിന്നുമുണ്ടാകണം. ആത്മീയമായ പരിഹാരമാര്‍ഗങ്ങളും ആലോചിക്കണം. സമൂഹത്തില്‍ നിന്ന് ആത്മീയചിന്തയെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാനകാരണം. വിദേശരാജ്യങ്ങളില്‍ ശുചിത്വമുണ്ട്. പക്ഷെ, മൂല്യങ്ങളില്ല. അതാണ് അവിടുത്തെ പ്രശ്‌നം. ശുചിത്വത്തിനെ ഈശ്വത്വവുമായി ബന്ധിപ്പിക്കുമ്പോഴാണ് അതിന് പരിപൂര്‍ണത കൈവരുന്നത്.

പരിസരവൃത്തിയെ കുറിച്ചുള്ള പാഠങ്ങള്‍ ബാല്യത്തില്‍ത്തന്നെ നാം കുട്ടികള്‍ക്ക് നല്‍കണം. വീടും പരിസരവും ശുചിയായി സൂക്ഷിക്കുവാനും ചപ്പുചവറുകള്‍ വലിച്ചെറിയാതിരിക്കാനും അവര്‍ക്ക് ശിക്ഷണം കിട്ടണം. അത് വീട്ടിലും സ്‌കൂളിലും ലഭിക്കാനുള്ള സാഹചര്യം ലഭിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രകൃതിയെ സ്‌നേഹിക്കാനും അതിനെ കാരുണ്യപൂര്‍വം പരിഗണിക്കാനുമുള്ള പ്രായോഗികമായ മാര്‍ഗദര്‍ശനവും കുട്ടികള്‍ക്ക് ലഭിക്കണം.

ലോകത്തെ കുറിച്ചും ലോകകാര്യങ്ങളെ കുറിച്ചും അടിസ്ഥാനതത്വമായ സ്‌നേഹത്തെ കുറിച്ചും കാരുണ്യത്തെക്കുറിച്ചും പഠിപ്പിക്കുവാന്‍ നമ്മള്‍ മറന്നുപോകുന്നു. അറിവും ആത്മീയതയിലുറച്ച സ്‌നേഹവും കൈകോര്‍ത്തുപോയാല്‍, മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കും, അവന്‍ പ്രകൃതിയെ സംരക്ഷിക്കും, പരിസ്ഥിതിശുചിയായി സൂക്ഷിക്കും. അങ്ങനെ ഒരു നല്ല നാളെയുണ്ടാകും.

-അമ്മ

കടപ്പാട്: മാതൃഭുമി