അമൃതാനന്ദമയി അമ്മ
മക്കളേ,
ആദ്ധ്യാത്മികജീവിതം വളരെ വിഷമമുള്ളതാണെന്ന് പലരും അമ്മയോട് പറയാറുണ്ട്. ‘ധ്യാനവും മനോനിയന്ത്രണവുമൊന്നും ഞങ്ങള്‍ക്ക് പറ്റില്ല. ചെറിയ ദുഃശീലങ്ങളെപ്പോലും ത്യജിക്കാന്‍ കഴിയാത്ത ഞങ്ങള്‍ എങ്ങനെയാണ് മനോനിയന്ത്രണം ശീലിക്കുക’ എന്നൊക്കെയാണ് അവര്‍ വാദിക്കുന്നത്. കേള്‍ക്കുമ്പോള്‍ അവര്‍ പറയുന്നത് ശരിയാണെന്നു തോന്നുമെങ്കിലും വാസ്തവം അതല്ല. എന്തു നേടണമെങ്കിലും, അത് ആത്മീയമോ ഭൗതികമോ ആയിക്കൊള്ളട്ടെ, ഒരുപാട് കാര്യങ്ങളില്‍ നിയന്ത്രണം പാലിക്കാതെ ജീവിതത്തില്‍ നേട്ടമോ വിജയമോ സന്തോഷമോ കൈവരിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ പോലും അറിഞ്ഞും അറിയാതെയും നമ്മള്‍ പലതും നിയന്ത്രിക്കുന്നുണ്ട്. ബിസിനസ് ചെയ്യുന്ന ഭര്‍ത്താവിന് പല സ്ഥലങ്ങളിലും പല രാജ്യങ്ങളിലും യാത്രചെയ്യേണ്ടതായി വരാറുണ്ട്. ചിലര്‍ അമ്മയോട് പറയാറുണ്ട്, ”അമ്മേ മാസത്തില്‍ ഇരുപത് ദിവസവും യാത്രയാണ്.” അതുപോലെ ഭാര്യ മാദ്ധ്യമപ്രവര്‍ത്തകയാണെങ്കില്‍, യുദ്ധവും പ്രക്ഷോഭവും പ്രകൃതിദുരന്തവുമുള്ള ദൂരസ്ഥലങ്ങളില്‍ അപ്രതീക്ഷിതമായി പോകേണ്ടി വരും. അസമയങ്ങളില്‍ ജോലിചെയ്യേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യയും ഭര്‍ത്താവും അകന്നിരിക്കുന്നില്ലേ? മക്കളെ പിരിഞ്ഞിരിക്കുന്നില്ലേ? പല സുഖങ്ങളും ത്യജിക്കേണ്ടി വരുന്നില്ലേ? സ്ഥിരമായുള്ള ശീലങ്ങള്‍ മുടങ്ങിപ്പോകാറില്ലേ? സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ടാണെങ്കിലും പലപ്പോഴും മനോനിയന്ത്രണം പാലിക്കേണ്ടി വരാറില്ലേ? യഥാര്‍ഥത്തില്‍ ഇതൊന്നും നമ്മള്‍ക്ക് ഇഷ്ടമുണ്ടായിട്ട് ചെയ്യുന്നതല്ല. അങ്ങനെ ചെയ്യാതിരിക്കാന്‍ സാധിക്കില്ല. പക്ഷെ, ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. വേണമെങ്കില്‍ പലതും നിയന്ത്രിക്കാനും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതമായി പോകാനുമുള്ള കഴിവ് നമുക്കുണ്ട് എന്നാണ്. മാത്രമല്ല, എന്തു നേടണമെങ്കിലും അതിനൊരു വില നല്‍കണം. നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ അതിന് നമ്മള്‍ നല്‍കുന്ന വിലയാണ് ത്യാഗവും മനോനിയന്ത്രണവും. അത് കൊടുത്തേ മതിയാകൂ.
അകലെയിരിക്കുമ്പോള്‍ കാമുകീകാമുകന്മാര്‍ പരസ്പരം ഓര്‍ക്കുന്നതും സ്വപ്നം കാണുന്നതും എങ്ങനെയാണ്? കണ്ണുകളടച്ച് ഒരുതരം ധ്യാനനിമഗ്‌നമായ അവസ്ഥയില്‍, തന്റെ പ്രേമഭാജനത്തിനെ മാത്രം ചിന്തിച്ചിരിക്കും. ആ സമയം ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ല. അപ്പോള്‍, വേണമെന്നു വിചാരിച്ചാല്‍ മനസ്സിനെ നിയനന്ത്രിക്കാനും ധ്യാനിക്കാനുമൊക്കെ നമുക്ക് സാധിക്കും.
ഒരിക്കല്‍ മെഡിസിനു പഠിക്കുന്ന ഒരു മോന്‍ അമ്മയെ കാണാന്‍ വന്നപ്പോള്‍, മുടി പറ്റെ വെട്ടിയിരിക്കുന്നത് കണ്ടു. അല്പം നീളത്തില്‍ മുടി വളര്‍ത്തി, ആധുനികരീതിയില്‍ അത് ചീകി ഭംഗിയായി സൂക്ഷിച്ച്, പരിഷ്‌കാരിയായാണ് അവനെ എപ്പോഴും അമ്മ കണ്ടിട്ടുള്ളത്. പതിവില്ലാതെ തലമുടി പറ്റെ വെട്ടിയിരിക്കുന്നതു കണ്ട് അമ്മ അവനോടു ചോദിച്ചു, ”എന്തു പറ്റി?” ആ മോന്റെ മറുപടി ഇതായിരുന്നു, ”പരീക്ഷയാണമ്മെ. ധാരാളം പഠിക്കാനുണ്ട്. മുടി വലിയ മെനക്കേടാണ്. അത് മാനേജ് ചെയ്യാന്‍ ഒരുപാട് സമയം വേണം. കുളിച്ചാല്‍ മുടി തോര്‍ത്താനും അത് ഉണങ്ങാനും സമയം പിടിക്കും. അത് ചീകി ഇഷ്ടമുള്ള വിധത്തില്‍ ഭംഗിയാക്കാന്‍ പിന്നെയും സമയമെടുക്കും. ദിവസത്തില്‍ കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും കണ്ണാടിയുടെ മുന്‍പില്‍ ചിലവഴിക്കും. ഇപ്പോള്‍ അതൊന്നും ആവശ്യമില്ല. അത്രയും സമയം പഠിക്കാമല്ലോ എന്നു കരുതിയാണ് മുടിയിങ്ങനെ വെട്ടിയത്.” സുന്ദരനായും പരിഷ്‌കാരിയായും നടക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു ചെറുപ്പക്കാരനാണിതു പറഞ്ഞത്. പരീക്ഷ അടുത്തു, നന്നായി പഠിക്കണം, നല്ല മാര്‍ക്കു വാങ്ങി വിജയിക്കണം എന്നൊക്കെയുള്ള ചിന്ത വന്നപ്പോള്‍ ഫാഷനും സൗന്ദര്യവും ഒന്നും ഒരു പ്രശ്‌നമല്ലാതായി. ആ സമയം അവനെ സംബന്ധിച്ചിടത്തോളം സൗന്ദര്യം മുടിയിലല്ല. പരീക്ഷയ്ക്കു നല്ല റാങ്കോടെ വിജയിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ സൗന്ദര്യം. കാഴ്ചപ്പാടിനു മാറ്റമുണ്ടായപ്പോള്‍ സൗന്ദര്യത്തെ കുറിച്ചുള്ള വീക്ഷണം മാറി. പരീക്ഷയ്ക്ക് നല്ല വിജയം നേടണം എന്ന ലക്ഷ്യബോധം കൈവന്നതോടെ, വളരെ ഇഷ്ടത്തോടെ ഒരു പ്രത്യേക തരത്തില്‍ വളര്‍ത്തിയ മുടിയോടും അതിന്റെ ഭംഗിയോടുമൊക്കെയുള്ള മമത ഇല്ലാതെയായി. അത് ഉപേക്ഷിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല.
ജീവിതത്തിലുടനീളം എല്ലാ മനുഷ്യരും പ്രിയപ്പെട്ട പലതും ത്യജിക്കുന്നുണ്ട്. പലതും മറക്കുകയും പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുണ്ട്. പല സന്ദര്‍ഭങ്ങളിലും മനോനിയന്ത്രണം പാലിക്കുന്നുണ്ട്. ഇതൊന്നുമില്ലെങ്കില്‍ ജീവിതമില്ല. ചിലര്‍ സന്തോഷിക്കുന്നെങ്കില്‍ അത് മറ്റ് ചിലരുടെ ത്യാഗത്തിന്റെ ഫലമാണ്. ഇന്ന് സന്തോഷിക്കുന്നവര്‍ നാളെ പലതും ത്യജിക്കേണ്ടി വരും. മാതാപിതാക്കള്‍ മക്കള്‍ക്കു വേണ്ടി പലതും ത്യജിക്കുന്നു. മക്കള്‍ വളര്‍ന്ന് അച്ഛനമ്മമാരാകുമ്പോള്‍ അവര്‍ അവരുടെ മക്കള്‍ക്കു വേണ്ടി ആ ത്യാഗം തുടരുന്നു. പ്രകൃതിയില്‍ കാണുന്നതു മുഴുവന്‍ ത്യാഗത്തിന്റെ മഹത്തായ ഉദാഹരണങ്ങളാണ്. പക്ഷിമൃഗാദികളും വൃക്ഷലതാദികളും മനുഷ്യനു വേണ്ടി ത്യാഗമനുഷ്ഠിക്കുമ്പോള്‍, മനുഷ്യന്‍ പ്രകൃതിക്കു വേണ്ടിയും ത്യാഗമനുഭവിക്കണം. അങ്ങനെ അന്തമില്ലാത്ത ത്യാഗത്തിന്റെ കഥയാണ് ജീവിതം. ലക്ഷ്യം ഭൗതികവിജയമോ ആത്മീയ ഉന്നതിയോ ആയിക്കൊള്ളട്ടെ, ഒരോരുത്തരും അനുഷ്ഠിക്കുന്ന ത്യാഗത്തിന്റെ ആഴമാണ് ജീവിതത്തെ സഫലതയിലെത്തിക്കുന്നത്.
അമ്മ.
കടപ്പാട്: മാതൃഭുമി