അമൃതാനന്ദമയി അമ്മ
മക്കളേ,
അന്യോന്യം യുദ്ധംചെയ്യുന്ന, കലഹിക്കുന്ന മൂന്ന് രാജ്യങ്ങളുണ്ടായിരുന്നു. ഈ മൂന്ന് രാജ്യങ്ങളിലെ ഭരണാധിപന്മാര്‍ക്കിടയില്‍ മാത്രമായിരുന്നില്ല ശത്രുത. മൂന്ന് രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലും കലഹമായിരുന്നു. ഇവര്‍ മറ്റൊരു രാജ്യത്തുവെച്ച് തമ്മില്‍ കണ്ടാല്‍പ്പോലും വഴക്കുകൂടിയിരുന്നു. ഒരിക്കല്‍ ജഗദീശ്വരന്‍ മൂന്ന് രാജ്യത്തെയും ഭരണാധികാരികളെ വിളിച്ചുകൂട്ടി. അന്യോന്യം യുദ്ധം ചെയ്ത് മറ്റേ രാജ്യത്തെ നശിപ്പിക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്ന മൂന്ന് രാഷ്ട്രത്തലവന്മാര്‍ ഒരുമേശയ്ക്കു ചുറ്റുമെത്തി.
”രാഷ്ട്രത്തലവന്മാരെ, നിങ്ങളുടെ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. അന്യോന്യം കൊന്നും തീവെച്ചും നിങ്ങള്‍ സ്വയം നശിക്കുന്നു. എന്തിനാണ് ഈ ക്രൂരത. യുദ്ധത്തിനുള്ള കാരണം എന്താണ്? നിങ്ങള്‍ തമ്മിലുള്ള ശത്രുതയ്ക്കുള്ള കാരണം എന്നോട് പറയൂ” എന്ന് ആമുഖമായി ജഗദീശ്വരന്‍ അവരോട് പറഞ്ഞു. തുടര്‍ന്ന് ഒന്നാമത്തെ രാഷ്ട്രത്തലവനോട് അദ്ദേഹം ചോദിച്ചു: ”എന്താണ് നിങ്ങളുടെ പ്രശ്‌നം? നിങ്ങള്‍ക്ക് എന്തു വേണം?”
ദൈവവിശ്വാസമില്ലാതിരുന്ന നാസ്തികന്മാരുടെ രാജ്യമായിരുന്നു ആദ്യത്തേത്. അവിടത്തെ ഭരണാധികാരി പറഞ്ഞു: ”ദൈവമേ, അങ്ങയുടെ നിലനില്പില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ദൈവം എന്നൊരാള്‍ ഉണ്ട് എന്നും ഞങ്ങള്‍ക്ക് വിശ്വാസമില്ല. അങ്ങയുടെ ശക്തിയില്‍ ഞങ്ങള്‍ വിശ്വസിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് ഒരു തെളിവ് വേണം.” ”എന്തു തെളിവാണ് നിങ്ങള്‍ക്ക് വേണ്ടത്?”-ജഗദീശ്വരന്‍ ചോദിച്ചു.
”ഞങ്ങളുടെ എതിര്‍രാജ്യത്തെ നശിപ്പിച്ച് നാമാവശേഷമാക്കുക. എങ്കില്‍ അങ്ങയുടെ ബലത്തിലും ശക്തിയിലും ഞങ്ങള്‍ വിശ്വസിക്കാം. തുടര്‍ന്ന് അങ്ങയുടെ പേരില്‍ പള്ളിയും അമ്പലവും ഒക്കെ ഞങ്ങള്‍ പണികഴിപ്പിക്കാം. ഞങ്ങളുടെ ജനങ്ങള്‍ അങ്ങയെ ആരാധിച്ചു തുടങ്ങും.” ഈ മറുപടി കേട്ട് ജഗദീശ്വരന്‍ നിശ്ശബ്ദനായിപ്പോയി. തുടര്‍ന്ന് അദ്ദേഹം രണ്ടാമത്തെ രാഷ്ട്രത്തലവനോട് യുദ്ധത്തിന്റെ കാരണത്തെക്കുറിച്ച് ആരാഞ്ഞു. ”അങ്ങയില്‍ പരിപൂര്‍ണ വിശ്വാസമുള്ളവരാണ് ഞങ്ങള്‍. ജഗദീശ്വരന്റെ ശക്തിയിലും ബലത്തിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് ഞങ്ങളുടെ ഒരു ചെറിയ ആഗ്രഹം അങ്ങ് സാധിച്ചുതരണം. ഞങ്ങളുടെ ശത്രുരാജ്യത്തെ ഭൂപടത്തില്‍നിന്ന് അങ്ങ് തുടച്ചുനീക്കണം. ഇല്ലെങ്കില്‍ അവരെ നശിപ്പിക്കുവാന്‍ ഞങ്ങളെ അനുവദിക്കണം”- രണ്ടാമത്തെ രാഷ്ട്രത്തലവന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഈശ്വരന് മറുപടിയുണ്ടായില്ല. തന്നെ വിശ്വസിക്കുന്നവരുടെ മനോഭാവം കൂടി ഇങ്ങനെ ആയിപ്പോയതില്‍ ജഗദീശ്വരന്‍ വളരെ വിഷമിച്ചു. അപ്പോഴാണ് സൗമ്യതയുടെ പ്രതിരൂപമായ മൂന്നാമത്തെ രാഷ്ട്രത്തലവന്‍ സംസാരിക്കാന്‍ തുടങ്ങിയത്. ജഗദീശ്വരനെ ഇരുകൈകളും കൂപ്പി തൊഴുതതിനുശേഷമാണ് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയത്. ”ലോകത്തിന്റെ മുഴുവന്‍ ഉടമയായ അങ്ങേയ്ക്ക് നമസ്‌കാരം. ഈ രണ്ട് രാജ്യങ്ങളുടെയും ആഗ്രഹം പൂര്‍ത്തീകരിച്ചുകൊടുക്കണം എന്ന് ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഭൂമഖത്തുനിന്ന് ഞങ്ങളുടെ രണ്ടു ശത്രുക്കളും ഇല്ലാതാകും.”
ഈ മറുപടി കേട്ട ജഗദീശ്വരന്റെ അവസ്ഥയിലാണ് നമ്മള്‍. രാഷ്ട്രങ്ങള്‍ തമ്മില്‍ പോരടിക്കുന്നു. രാജ്യങ്ങള്‍ തമ്മില്‍ ആക്രമിക്കുന്നു. ദേശങ്ങള്‍ തമ്മില്‍ കലഹിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്കുവേണ്ടി വഴക്കുകൂടുന്നു. എന്തിനേറെ, തൊട്ടടുത്ത ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ ശത്രുക്കളാണ്. നഗരത്തിലെ മാലിന്യങ്ങള്‍ ഗ്രാമങ്ങളില്‍ കുമിഞ്ഞുകൂടുന്നു. വ്യക്തികള്‍ തമ്മില്‍ മത്സരവും ശത്രുതയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍പ്പോലും മിണ്ടാട്ടം കുറയുന്നു. മക്കളെ, ഈ അക്രമവാസനയില്‍നിന്ന് മാറാന്‍ നിങ്ങള്‍ സ്വയം ഒരു തീരുമാനം എടുക്കണം. മറ്റുള്ളവര്‍ക്ക് കരുണയും സ്‌നേഹവും നിറഞ്ഞ ഒരുവാക്ക്, ഒരു പുഞ്ചിരി നല്‍കാന്‍ നിങ്ങള്‍ ഓരോരുത്തരും ശ്രമിക്കണം. ഉള്ളിലെ സ്‌നേഹത്തിന്റെ നീരുറവ മറ്റുള്ളവരിലേക്ക് നിങ്ങള്‍ പകര്‍ന്നുനല്‍കണം. അതിന് മക്കള്‍ ഒത്തിരി ബുദ്ധിമുട്ടേണ്ട കാര്യമില്ല. ഒരു പുഞ്ചിരികൊണ്ട് വിദ്വേഷത്തിന്റെ മഞ്ഞുമലകളെ നമുക്ക് അലിയിച്ചുകളയാന്‍ സാധിക്കും. ഇന്ന് മക്കള്‍ ഒരു തീരുമാനമെടുക്കണം. ഏറ്റവും കൂടുതല്‍ ശത്രുതയുള്ള ആളെ കാണുമ്പോള്‍ ഹൃദയം തുറന്ന് ഒരു പുഞ്ചിരി ഞാന്‍ അയാള്‍ക്ക് സമ്മാനിക്കും. പുച്ഛിച്ച് കളിയാക്കിച്ചിരിക്കുകയല്ല, സ്‌നേഹത്തോടെ, ഹൃദയപൂര്‍വം ഒരു പുഞ്ചിരി. ഏത് ശിലാഹൃദയന്റെയും ഉള്ളില്‍ നന്മയുടെ പൂക്കള്‍ വിരിയിക്കാന്‍ നിങ്ങളുടെ ഹൃദയം തുറന്ന പുഞ്ചിരിക്ക് കഴിയും. ഒരു പിഞ്ചുകുട്ടിയുടെ മോണകാട്ടിയുള്ള ചിരി നമ്മളില്‍ സന്തോഷം നിറയ്ക്കുന്നു. അതുപോലെ നന്മനിറഞ്ഞ, ഹൃദയപൂര്‍വമുള്ള നിങ്ങളുടെ പുഞ്ചിരിയും പ്രവൃത്തിയും ലോകത്ത് സമാധാനം നിറയ്ക്കും.
അമ്മ
കടപ്പാട്: മാതൃഭുമി