അമൃതാനന്ദമയി അമ്മ

മക്കളേ,

ജീവിതത്തില്‍ ചില സാഹചര്യങ്ങളെ സ്വീകരിക്കുകയും മറ്റു ചിലതിനെ തിരസ്‌കരിക്കുകയും ചെയ്യുന്നതു മനുഷ്യസഹജമായ സ്വഭാവമാണ്. അതുപോലെ, ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും ഇഷ്ടം തോന്നും. മറ്റു ചിലതിനോട് അനിഷ്ടവും വെച്ചുപുലര്‍ത്തും. ഇങ്ങനെ ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ഈ സ്വാതന്ത്ര്യം വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമാകും. ഇഷ്ടമുള്ളതാണെങ്കിലും അല്ലെങ്കിലും എല്ലാ അനുഭവങ്ങളെയും സ്വാഗതം ചെയ്യാനുള്ള മനോഭാവം കൈവരുമ്പോള്‍ മാത്രമേ നമുക്ക് സന്തോഷവും സമാധാനവും ഉണ്ടാകുകയുള്ളൂ.

മക്കളേ, ഒരു റെയില്‍പാളം പോലെ കൃത്യമായൊരു സഞ്ചാരപഥത്തിലൂടെ നീങ്ങുന്നതല്ല ജീവിതം. അതൊരു നദിപോലെയാണ്. അങ്ങനെയാകണം ജീവിതം. ഒഴുകുന്ന മാര്‍ഗത്തിലുള്ള തടസ്സങ്ങളെല്ലാം തരണം ചെയ്തുകൊണ്ടാണ് നദിയൊഴുകുന്നത്. ആ പ്രവാഹത്തിനിടയില്‍ ഒന്നിനെയും നദി തിരസ്‌കരിക്കുന്നില്ല. എല്ലാത്തിനെയും സ്വീകരിക്കുന്നു, സ്വാഗതം ചെയ്യുന്നു. അതുപോലെയാകണം ജീവിതം. അപ്പോഴാണ് ഈ വിശ്വത്തിനും പ്രകൃതിക്കും അനുസരിച്ചു ജീവിതം താളാത്മകമാകുന്നത്.

പ്രകൃതിയില്‍ മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങളും സ്വാഭാവികമായി എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്നു. അവയുടെയെല്ലാം ജീവിതത്തിനൊരു താളമുണ്ട്. മനുഷ്യന്‍ മാത്രമാണ് വിശ്വത്തിന്റെ ഈ താളാത്മകതയ്ക്ക് വിപരീതമായി നീങ്ങുന്നതും പ്രവര്‍ത്തിക്കുന്നതും. കാരണം ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാനും അല്ലാത്തതു തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം അവനുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യത്തോടൊപ്പം വലിയൊരു ഉത്തരവാദിത്വംകൂടി മനുഷ്യനുണ്ട്. അതെന്താണ്? സഹജീവികളെ, മറ്റ് ജീവജാലങ്ങളെ സ്‌നേഹപൂര്‍വം പരിഗണിച്ചുകൊണ്ട് ഈ സ്വാതന്ത്ര്യം വിനിയോഗിക്കുക.

മറ്റുള്ളവരുടെ സ്ഥാനത്തു നമ്മളെ കാണാനുള്ള കഴിവാണ് കാരുണ്യം. മറ്റുള്ളവരുടെ ദുഃഖവും സന്തോഷവും നമ്മുടെ ദുഃഖവും സന്തോഷവുമായി മാറണം. മക്കളേ, നമ്മള്‍ ഒറ്റപ്പെട്ട ദ്വീപുകളെപ്പോലെ വേറിട്ടു നില്‍ക്കുന്നവരല്ല. ഈ വിശ്വമാകുന്ന ചങ്ങലയിലെ കണ്ണികളാണ്. മറ്റുള്ളവര്‍ മാറിയിട്ട് നമ്മള്‍ മാറാന്‍ കാത്തിരുന്നാല്‍, ആര്‍ക്കും മാറ്റമുണ്ടാവില്ല. നേരെമറിച്ച്, നമ്മള്‍ മാറിയാല്‍ മറ്റുള്ളവര്‍ തനിയെ മാറും.

വിവേകബുദ്ധി നഷ്ടപ്പെട്ട മനുഷ്യന്‍ ഇന്ന് ആത്മാവിന് കൊടുക്കേണ്ടസ്ഥാനം ശരീരത്തിനും ശരീരത്തിന് നല്‍കേണ്ട സ്ഥാനം ആത്മാവിനുമാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടുള്ള ആശയക്കുഴപ്പങ്ങളാണിന്നു ലോകത്തില്‍ കാണുന്നത്. അങ്ങനെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്തോ അതിനെ നമ്മള്‍ പൂര്‍ണമായും അവഗണിച്ച മട്ടാണ്.

ഇതുപറയുമ്പോള്‍ അമ്മ ഒരു കഥയോര്‍ക്കുകയാണ്. ഒരാള്‍ക്ക് രണ്ടുതരം അസുഖങ്ങളുണ്ട്. അദ്ദേഹത്തിന് കണ്ണിനു സുഖമില്ല, കലശലായ ദഹനക്കേടുണ്ട്. ഒരു ഡോക്ടറെ കണ്ടു രോഗവിവരങ്ങള്‍ വിശദീകരിച്ചു പരിശോധിച്ചശേഷം ഡോക്ടര്‍ അയാള്‍ക്ക് കണ്ണിലൊഴിക്കാന്‍ തുള്ളിമരുന്നും ദഹനക്കേടു മാറാന്‍ മറ്റൊരു മരുന്നും നല്‍കി. നിര്‍ഭാഗ്യവശാല്‍ രോഗി ഡോക്ടറുടെ നിര്‍ദേശം തലതിരിച്ചാണ് മനസ്സിലാക്കിയത്. വീട്ടില്‍ ചെന്ന് കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്ന് ഒരു ഡോസെടുത്ത് അയാള്‍ കഴിച്ചു. ദഹനത്തിനു കഴിക്കാന്‍ കൊടുത്ത മരുന്ന് കണ്ണിലും ഒഴിച്ചു. അതുകൊണ്ടെന്തുപറ്റി? അസുഖം മാറിയില്ല എന്നു മാത്രമല്ല, രണ്ടു രോഗവും വര്‍ധിക്കുകയും ചെയ്തു. ഇതുപോലൊരു ആശയക്കുഴപ്പത്തിലാണ് മാനവരാശി ഇന്ന്. ജീവിതത്തിന്റെ എല്ലാ അംശങ്ങളെക്കുറിച്ചും മനുഷ്യനിന്ന് ആശയക്കുഴപ്പത്തിലാണ്. കാരണം, ബാഹ്യതയ്ക്ക് അമിതപ്രാധാന്യം നല്‍കുകയും ആന്തരികതയെ പരിപൂര്‍ണമായി അവഗണിക്കുകയും ചെയ്യുന്ന മനോഭാവമാണിന്നു മനുഷ്യന്‍ സ്വീകരിക്കുന്നത്.

ശാരീരിക സുഖങ്ങള്‍ അനുഭവിക്കാനും ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനുമുള്ള നമ്മുടെ ശ്രമങ്ങള്‍ അമിതമാവുകയാണ്. നമ്മുടെ ശ്രദ്ധയും ശക്തിയും സമയവുമൊക്കെ ശരീരത്തെ പോഷിപ്പിക്കാന്‍വേണ്ടി മാത്രമായിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ജീവിതത്തില്‍ ആധ്യാത്മികതയ്ക്കും ആത്മാവിനും നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് നമ്മള്‍ മറന്നുപോകുന്നു. തീര്‍ച്ചയായും ശരീരം ശ്രദ്ധിക്കണം. അതിനെ വേണ്ടവിധത്തില്‍ സംരക്ഷിക്കണം. പക്ഷേ, ആത്മശക്തിയാണ് ഇതിനെല്ലാം ആധാരം എന്ന പരമസത്യം നമ്മള്‍ വിസ്മരിക്കരുത്. ആ സത്യം മറക്കാതിരുന്നാല്‍ മാത്രമേ, നമുക്ക് യഥാര്‍ഥ മനുഷ്യരായി, മനുഷ്യത്വമുള്ളവരായി ജീവിക്കാന്‍ കഴിയൂ. എങ്കില്‍ മാത്രമേ നമുക്ക് നമ്മോടും ഈ ലോകത്തോടുമുള്ള ധര്‍മം വേണ്ടവിധത്തില്‍ അനുഷ്ഠിക്കാന്‍ കഴിയൂ.

അമ്മ

കടപ്പാട്: മാതൃഭുമി