അമൃതാനന്ദമയി അമ്മ

മക്കളേ,

പ്രതീക്ഷകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അക്രമവും സംഘര്‍ഷവും കുറഞ്ഞ് അല്പമെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമെന്ന് പട്ടിണിപ്പാവങ്ങള്‍ പ്രതീക്ഷിക്കുന്നു. ദിനംപ്രതി കുതിച്ചുകയറുന്ന ഇന്ധനത്തിന്റെയും ഭക്ഷ്യോത്പന്നങ്ങളുടെയും വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഇങ്ങനെ എണ്ണമറ്റ പ്രതീക്ഷകളിലാണ് മനുഷ്യനിന്ന് ജീവിക്കുന്നത്. എന്നാല്‍, ഒരു പ്രതീക്ഷയ്ക്കും വകനല്‍കാത്ത സംഭവങ്ങളാണ് ദിവസവും നമുക്കുചുറ്റും നടക്കുന്നത്.

വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മനസ്സിന്റെ പിരിമുറുക്കവും അതുമൂലമുണ്ടാകുന്ന മനോരോഗങ്ങളും ആത്മഹത്യാ പ്രവണതയും മുതിര്‍ന്നവരെയും യുവാക്കളെയും ഒരുപോലെ വേട്ടയാടുന്നു. മദ്യപാനവും ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതും യുവാക്കള്‍ക്കിടയില്‍ കണക്കില്ലാതെ പെരുകുന്നു.

മറ്റു പലതിലും ഏറ്റവും പിന്നിലാണെങ്കിലും മദ്യപാനത്തിന്റെ കാര്യത്തില്‍ കേരളീയര്‍ വളരെ മുന്നിലാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. ഒളിമ്പിക്‌സില്‍ മദ്യപാന മത്സരം നടത്തിയാല്‍ കേരളം എല്ലാ വിഭാഗങ്ങളിലും തീര്‍ച്ചയായും സ്വര്‍ണം നേടും. റെക്കോഡും സ്ഥാപിക്കും. എത്രയെത്ര മദ്യദുരന്തങ്ങള്‍ ഈ മണ്ണിലുണ്ടായി? എത്രയെത്ര കുടുംബങ്ങള്‍ അനാഥമായി? എന്നിട്ടും ഈ മഹാവിപത്തിനെ വീണ്ടും നാം വിളിച്ചുവരുത്തുന്നല്ലോ!

അമിതവേഗത്തില്‍ വണ്ടിയോടിച്ചാല്‍ പിഴയടയ്ക്കണം. വിദേശരാജ്യങ്ങളില്‍ മൂന്നുതവണ ഒരാള്‍ പിടിക്കപ്പെട്ടാല്‍ വണ്ടിയോടിക്കാനുള്ള ലൈസന്‍സ് തന്നെ റദ്ദാക്കും. അതുപോലെ, അനാശാസ്യ കാര്യങ്ങള്‍ക്കായി സെല്‍ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ ദ്രോഹംചെയ്യുന്ന അമിതമദ്യപാനവും ശിക്ഷാര്‍ഹമാക്കണം. മദ്യപാനത്തെപ്പോലെ മനുഷ്യനെ നശിപ്പിക്കുന്ന ശീലങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണം.

അതുപോലെ തട്ടിപ്പുസംഘങ്ങളും ക്വട്ടേഷന്‍സംഘങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം സൈ്വരവിഹാരം നടത്തുന്നു. പട്ടാളത്തില്‍ ആെള എടുക്കുന്നതുപോലെ ഭീകരവാദം പ്രചരിപ്പിക്കാന്‍ ഇവിടെ ആളുകളെ തിരഞ്ഞെടുക്കുന്നു. യുവാക്കളുടെ ജീവിതമാണ് ഇവിടെയും ഹോമിക്കപ്പെടുന്നത്.

ഇത്ര ഭീകരമാണ് നമ്മുടെ ലോകം എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. പക്ഷേ, അതാണ് സത്യം. ഈ അവസ്ഥ എങ്ങനെയുണ്ടായി? ഇതിനുത്തരവാദികള്‍ മനുഷ്യര്‍ തന്നെയാണോ? ഇപ്പോഴത്തെ ഈ അവസ്ഥയുടെ പൂര്‍ണ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്. അതിന് മറ്റൊന്നിനെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പ്രകൃതിനിയമങ്ങളും സദാചാരമൂല്യങ്ങളും പാലിക്കാതെയുള്ള മനുഷ്യന്റെ ജീവിതമാണ് ഇതിന്റെ അടിസ്ഥാന കാരണം.

അമ്മ ഒരു കഥ ഓര്‍ക്കുന്നു: ഒരു രാജാവിന് രണ്ട് മക്കളുണ്ടായിരുന്നു. ധര്‍മിഷ്ഠനും നീതിമാനുമായിരുന്നു രാജാവ്. പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ സമയമായപ്പോള്‍, രാജകുമാരന്മാരില്‍ ആരെ രാജ്യഭാരം ഏല്്പിക്കും എന്ന ചിന്തയിലായി അദ്ദേഹം. തന്റെ മക്കളില്‍ ആരാണ് രാജാവാകാന്‍ യോഗ്യന്‍ എന്ന് കണ്ടുപിടിക്കണം. അതിന് ഒരു പരീക്ഷണം നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. രാജാവ് മക്കളെ അടുത്തുവിളിച്ച് അവര്‍ക്ക് രണ്ടുപേര്‍ക്കും ചെറിയൊരു തുക നല്‍കി പറഞ്ഞു: ”ഈ പണം ഉപയോഗിച്ച് നിങ്ങള്‍ നിങ്ങളുടെ കൊട്ടാരങ്ങള്‍ നിറയ്ക്കണം. നിങ്ങളില്‍ ആരാണോ ഈ ജോലി ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നത് അവരെ അനന്തരാവകാശിയായി വാഴിക്കും.”

മൂത്ത മകന്‍ ചിന്തിച്ചു: ”ഇത് കുറച്ച് പണമേയുള്ളൂ. ഇതുകൊണ്ട് എന്റെ കൊട്ടാരം മുഴുവന്‍ നിറയ്ക്കാനുള്ള സാധനങ്ങള്‍ ഞാനെങ്ങനെ വാങ്ങും? എത്ര ചിന്തിച്ചിട്ടും അയാള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല. അവസാനം നഗരത്തിലുള്ള ചപ്പുചവറുകള്‍ വാങ്ങി അയാള്‍ തന്റെ കൊട്ടാരം നിറച്ചു. ചേട്ടനെപ്പോലെ അനുജനും ആദ്യം ഉത്തരംകിട്ടാതെ വിഷമിച്ചു. പക്ഷേ, അയാള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിരുത്തി ചിന്തിച്ചു. ഒടുവില്‍ ആ പണം കൊണ്ട് അയാള്‍ നല്ല മണമുള്ള ഒരു പെര്‍ഫ്യൂം (സുഗന്ധദ്രവ്യം) വാങ്ങി തന്റെ കൊട്ടാരത്തിലെ മുറികളിലെല്ലാം അടിച്ചു. അതിന്റെ നറുമണം കൊണ്ട് കൊട്ടാരത്തിലെ മുറികളെല്ലാം നിറച്ചു.

മക്കളേ, ഇത് നമ്മുടെ ഓരോരുത്തരുടെയും കഥയാണ്. ഈ കഥയിലെ കൊട്ടാരം നമ്മുടെ ഹൃദയമാണ്. പണം നമ്മുടെ ജീവിതമാണ്. നമുക്ക് രണ്ട് കാര്യങ്ങള്‍ ചെയ്യാം. ഒന്നുകില്‍ അവിവേകത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കാം. പക്ഷേ, ഇത് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുര്‍ഗന്ധം വമിപ്പിക്കുന്നതാക്കും. അല്ലെങ്കില്‍ വിവേകത്തിന്റെയും ഈശ്വരേച്ഛയുടെയും മാര്‍ഗത്തിലൂടെ സഞ്ചരിച്ച് നമ്മുടെയും മറ്റുള്ളവരുടെയും ജിവിതം സുഗന്ധപൂരിതമാക്കാം. ഏത് മാര്‍ഗം തിരഞ്ഞെടുക്കണമെന്ന് നമുക്ക് നിശ്ചയിക്കാം.

അമ്മ.

കടപ്പാട്: മാതൃഭുമി