ഈശ്വരന്‍ എന്തിനിത്ര ദുരന്തങ്ങളും, ദുഃഖങ്ങളും ഭൂമിയില്‍ നിറച്ചു?

ഒരു രംഗം.

ഒരു ബാലന്‍ വളഞ്ഞു പിരിഞ്ഞ കാലുകള്‍. കുറിയ കൈയുകള്‍. കണ്ണ് ഉന്തി നില്‍ക്കുന്നു. കണ്ടവരൊക്കെ സഹതാപത്തില്‍ പറഞ്ഞു പോയി, ‘ഈശ്വരാ എന്തിന് ഇതുങ്ങളെയൊക്കെ ഇങ്ങനെ സൃഷ്ടിച്ചു വിടുന്നു. കുറച്ച് കരുണ ഇതിനോട് കാണിച്ചുകൂടേ.’

മറ്റൊരു രംഗം.

മദ്യപിച്ച് ഭാര്യയെ നടുറോഡിലിട്ട് തല്ലുന്ന ക്രൂരന്‍. അവര്‍ കുഞ്ഞിനെ മാറത്തോടുടുക്കി വാവിട്ടു നിവവിളിക്കുകയാണ്. അയാള്‍ ഭാര്യയേയും കുഞ്ഞിനേയും മാറി മാറി തല്ലുന്നു. കണ്ടു നിന്നവര്‍ അറിയാതെ പറ‍ഞ്ഞു പോയി. “ദൈവമേ നീ ഇതു കാണുന്നില്ലേ… ഇതെന്തൊരു നീതി. കൈയും കാലും ഒടിച്ച് കളയിന്‍… ദുഷ്ടന്‍.”

ഈ രണ്ടു രംഗത്തും നാം കുറ്റം ചുമത്തിയത് ഈശ്വരനില്‍ തന്നെ. ഒരു ഭാഗത്ത് ഈശ്വരനോട് കൃപ ചൊരിയാനായി ആവശ്യപ്പെട്ടു. മറ്റൊരിടത്ത് ശിക്ഷ നടപ്പാക്കാന്‍ പ്രാര്‍ത്ഥിച്ചു. ഇനി ഈ രണ്ടു രംഗവും കൂട്ടിച്ചേര്‍ത്ത് നോക്കൂ. അപ്പോള്‍ ഈശ്വരന്‍ പറയുന്നതു കേള്‍ക്കാം. ഇന്നത്തെ അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ഒരിക്കല്‍ അവര്‍ ചെയ്ത തെറ്റിന്റെ ഫലമാണ്. നിന്റെ മുന്നില്‍ കാണുന്ന ഈ അവസ്ഥകള്‍ക്ക് നിനക്കു കഴിയുന്ന പരിഹാരം നീ ചെയ്യൂ. കാരണം നിന്നിലൂടെ അവരെ സഹായിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ ആഗ്രഹമാണ് നിന്നില്‍ സഹതാപരൂപത്തില്‍ പ്രകടമായത്.

ദൈവം ആരേയും ശിക്ഷിക്കുന്നില്ല. നാം ഇന്നനുഭവിക്കുന്ന സുഖത്തിനും ദുഃഖത്തിനും കാരണം നാം തന്നെയായതു കൊണ്ട് നല്ലൊരു നാളേക്കായി ഇന്നു മുതല്‍ ഈശ്വരസ്മരണയോടെ നന്നായി ജീവിക്കാന്‍ തുടങ്ങുക. ക്ലേശിക്കുന്നവരെ കാണുമ്പോള്‍ നിന്റെ കര്‍മ്മഫലമാണ് നീ അനുഭവിക്കുന്നത് എന്നു പറയുന്നത് നോവിക്കാതെ അവന്റെ വേദനയെ, ക്ലേശങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുക. എങ്കിലേ നമ്മുടെ ക്ലേശങ്ങളിലും അത്തരമൊരു സഹായം നമുക്കും പ്രതീക്ഷിക്കാന്‍ അര്‍ഹതയുണ്ടാകൂ.

കടപ്പാട്: നാം മുന്നോട്ട്