യോഽന്തഃ പ്രവിശ്യ മമ വാചമിമാം പ്രസുപ്താം
സംജീവയത്യഖിലശക്തിധരഃ സ്വധാമ്നാ
അന്യാംശ്ച ഹസ്തചരണശ്രവണത്വഗാദീന്‍
പ്രാണാന്നമോ ഭഗവതേ പുരുഷായ തുഭ്യം (4-9-6)

മൈത്രേയന്‍ തുടര്‍ന്നുഃ

ധ്രുവന്‍ തന്റെ ഹൃദയകമലത്തില്‍ ധ്യാനിച്ചാരാധിച്ച ആ ഭഗവല്‍രൂപം അവന്റെ മുന്നില്‍ വന്നുനിന്നു. ഉള്‍ക്കണ്ണിലുണ്ടായ ദര്‍ശനം കഴിഞ്ഞപ്പോള്‍ ധ്രുവന്‍ കണ്ണുതുറന്നു. ഭഗവല്‍ മഹിമകളെ വാഴ്ത്താന്‍ അവന്‌ വാക്കുകളില്ലാതെപോയി. ഭഗവാന്‍ തന്റെ ശംഖിന്റെ അഗ്രംകൊണ്ട്‌ അവന്റെ കവിളില്‍ ഒ‍ന്ന് തട്ടിയപ്പോഴേക്കും മഹിമകള്‍ സങ്കീര്‍ത്തനമായി പുറത്തുവന്നു. “എന്റെ ഉളളിലിരുന്ന് എനിക്ക്‌ ജീവനേകി എന്റെ സംസാരശേഷി, കൈകാലുകള്‍, ഇന്ദ്രിയങ്ങള്‍ ഇവയ്ക്കെല്ലാം അര്‍ത്ഥമേകി വാഴുന്ന ഭഗവാന് എന്റെ നമോവാകം. അങ്ങയുടെ സ്ഥൂലരൂപമായ ഇഹലോകം എന്ന നിലയില്‍ അവിടുത്തെ ഞാനറിയുന്നു. വസ്തുപ്രപഞ്ചങ്ങളും ചരാചരവസ്തുക്കളും അവിടുത്തെ പ്രതിരൂപങ്ങളെന്നും ഞാനറിയുന്നു. എങ്കിലും അവിടുത്തെ അതീന്ദ്രിയഭാവം അളക്കാന്‍ വയ്യാത്തത്ര സങ്കീര്‍ണ്ണമത്രെ. വിവരണാതീതവുമാണത്‌. വിരോധഭാവത്തിലുള്‍പ്പടെയുളള എല്ലാ കഴിവുകളുടേയും സ്രോതസ്സ്‌ അവിടുന്നുതന്നെ. അങ്ങുതന്നെ എല്ലാം.ഞാന്‍ അങ്ങയില്‍ അഭയം തേടുന്നു.”

ഭഗവാന്‍ അവനെ അനുഗ്രഹിച്ചു. ” മറ്റാരും ഇരുന്നിട്ടില്ലാത്ത ഒരിടത്ത്‌ നിനക്ക്‌ സ്ഥാനമുണ്ടാവും. ബ്രഹ്മദിനാന്ത്യത്തില്‍ ലോകങ്ങള്‍ നശിക്കുമ്പോഴും സൗരയൂഥങ്ങള്‍ക്കും നക്ഷത്രപംക്തികള്‍ക്കും നെടുംതൂണായി ചിരഞ്ജീവിയായി നീ നിലകൊളളും. ഭൂമിയില്‍ രാജാവായി ഏറെക്കാലം വാഴാനും നിനക്ക്‌ സാധിക്കട്ടെ.” ഇത്രയും പറഞ്ഞ് ഭഗവാന്‍ അപ്രത്യക്ഷനായി. ധ്രുവന്‍ ഭഗവദനുഗ്രഹത്തില്‍ അതീവസന്തുഷ്ടനായെങ്കിലും നിര്‍വ്വാണമെന്ന പരമപദം കിട്ടിയില്ലല്ലോ എന്ന് സങ്കടപ്പെട്ടു. അനിയന്‌ സിംഹാസനം ലഭിച്ചതില്‍ താന്‍ അല്‍പമെങ്കിലും അസൂയാലുവായിരുന്നതുകൊണ്ടാണ്‌ അജ്ഞാനാവരണം മുഴുവനായി നീങ്ങാതെ പോയതെന്ന് അവന്‍ പശ്ചാത്തപിച്ചു. ഇങ്ങനെ ചിന്തിച്ച്‌ ധ്രുവന്‍ നാട്ടിലേക്ക്‌ മടങ്ങി.

ധ്രുവന്റെ തിരിച്ചുവരവ്‌ നാരദമുനിയില്‍നിന്നും ഗ്രഹിച്ച ഉത്താനപാദരാജാവ്‌ സന്തോഷത്തോടെ അവനെ എതിരേല്‍ക്കാന്‍ തിരിച്ചു. മരണത്തില്‍ നിന്നു മടങ്ങിവന്ന മകനെപ്പോലെയായിരുന്നു ധ്രുവന്റെ മടക്കം.സ്വര്‍ണ്ണത്തേരില്‍ ബ്രാഹ്മണരോടും മന്ത്രിമാരോടും സുഹൃത്തുക്കളോടുമൊപ്പം ധ്രുവനെ വരവേല്‍ക്കാന്‍ ‍എല്ലാവരും ഉണ്ടായിരുന്നു. രണ്ട്‌ അമ്മമാരും ഉത്തമനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മഹാരാജാവ്‌ മകനെ കണ്ടയുടന്‍ രഥത്തില്‍ നിന്നും ചാടിയിറങ്ങി അവനെ ആലിംഗനം ചെയ്തു. ധ്രുവന്‍ അമ്മമാരെ നമസ്കരിച്ചു.ഭഗവദനുഗ്രഹം നേടിയ, സകലജീവികള്‍ക്കും സുഹൃത്തായ ഒരുവനെ ഏവര്‍ക്കും പ്രിയമാണല്ലോ. സുരുചി സന്തോഷാശ്രുക്കള്‍ പൊഴിച്ചു. സുനീതി കണ്ണീരോടെ മകനെ ആലിംഗനം ചെയ്തു. ജനം രാജാവിനെ പ്രകീര്‍ത്തിച്ചു. രാജകുമാരന്റെ തിരിച്ചുവരവില്‍ അവര്‍ ആഹ്ലാദിച്ചു. ഉത്സവപ്രതീതിയോടെ രാജഘോഷയാത്ര നഗരത്തിലൂടെ കൊട്ടാരത്തിലെത്തി. കാലക്രമത്തില്‍ രാജാവ്‌ ധ്രുവനെ രാജ്യഭാരമേല്‍പ്പിച്ചു. മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും ധ്രുവനെ പ്രിയമായിരുന്നു. ഉത്താനപാദന്‍ വനവാസത്തിനും ഭഗവല്‍ധ്യാനത്തിനുമായി കൊട്ടാരം വിട്ടുപോയി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF